ADVERTISEMENT

ഏറെക്കാലമായി കാത്തിരുന്ന ജമ്മു റോപ്‌വേ പ്രോജക്ടിന്‍റെ, ഉദ്ഘാടനം ചെയ്യപ്പെട്ട ആദ്യഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് -19 മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ടാണ് പ്രവര്‍ത്തനമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പദ്ധതിയുടെ രണ്ടാംഘട്ടം ഈ വര്‍ഷം അവസാനത്തോടെ പ്രതീക്ഷിക്കുന്നു.

പദ്ധതി പൂര്‍ത്തിയായാല്‍ സഞ്ചാരികള്‍ക്ക് ബാവെ വാലി മാതാ, മഹാമയ, പിയർ ഖോ എന്നീ മൂന്നു പുരാതന ക്ഷേത്രങ്ങളിലേക്ക് ഈ റോപ്‌വേയില്‍ കയറി പോകാം. നിരവധി ഭക്തര്‍ വര്‍ഷംതോറും തീര്‍ത്ഥാടനം നടത്തുന്ന ഇടങ്ങളാണ് മൂന്നും. ക്ഷേത്രങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ജമ്മു സന്ദര്‍ശിക്കുന്ന ഭൂരിപക്ഷം വിനോദ സഞ്ചാരികളുടെയും ബക്കറ്റ് ലിസ്റ്റില്‍ ഉള്ള ഇടങ്ങള്‍ കൂടിയാണ് ഇവ.

ബാഹുവിൽ നിന്ന് മഹാമയയിലേക്കുള്ള പ്രവർത്തനങ്ങളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. മഹാമയ മുതൽ പിയർ ഖോ വരെയുള്ള ഭാഗത്തെ രണ്ടാം ഘട്ട ജോലികൾ അവസാന ഘട്ടത്തിലാണ്. നവംബർ അവസാന വാരമോ അല്ലെങ്കിൽ ഡിസംബർ ആദ്യമോ ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് പ്രോജക്റ്റ് മാനേജര്‍ രാകേഷ് ഭട്ട് ഒരു പ്രമുഖ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

1995ൽ ഈ പദ്ധതി ആദ്യമായി നിർദ്ദേശിക്കപ്പെട്ട സമയത്ത് ബാഹു കോട്ട മുതൽ മുബാറക് മണ്ഡി കോംപ്ലക്സ് വരെയുള്ള ഭാഗത്ത് പദ്ധതി നടപ്പാക്കാനായിരുന്നു പ്ലാന്‍. പിന്നീട് ഈ രണ്ട് സ്ഥലങ്ങളും സംരക്ഷിത സ്മാരകങ്ങളായി പ്രഖ്യാപിച്ചതിനാല്‍ റൂട്ട് മാറ്റുകയായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ കേബിൾ കാർ കോർപ്പറേഷൻ പദ്ധതിയുടെ ആദ്യ ഘട്ട ട്രയൽ റൺ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

ആകെ 1.66 കിലോമീറ്റർ ദൂരം നീളുന്ന കേബിൾ കാർ പദ്ധതിക്ക് ബാഹു കോട്ട മുതൽ മഹാമയ പാർക്ക് വരെ, മഹാമയ മുതൽ തവി നദിക്ക് മുകളിലൂടെ പിയർ ഖോ വരെ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളാണ് ഉള്ളത്. സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഈ യാത്ര മികച്ച ഒരു അനുഭവമായിരിക്കും.ബാഹു കോട്ട മുതൽ മഹാമയ വരെയുള്ള റോപ്‌വേയിൽ എട്ടും മഹാമയ മുതൽ പിയർ ഖോ വരെ പതിനാലും കാബിനുകളാണ് ഉള്ളത്. രണ്ടു ഭാഗങ്ങളിലുമായി ആകെ ഒന്‍പതോളം ടവറുകളും ഉണ്ട്.

ആകെ 75 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ നടത്തിപ്പ് 2016 ലാണ് ആരംഭിച്ചത്. ആദ്യ ഘട്ടം കഴിഞ്ഞ വർഷത്തോടെ പൂർത്തിയാക്കിയെങ്കിലും ഈ വർഷം ജൂലൈ 27 നായിരുന്നു ഉദ്ഘാടനം. കൊറോണ ബാധ മൂലം പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകി. പദ്ധതിക്ക് പൊതുജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നാണു റിപ്പോര്‍ട്ടുകള്‍. 

കോവിഡ് -19 പ്രതിരോധ നടപടികളുടെ ഭാഗമായി സാമൂഹിക അകലം പാലിക്കല്‍, യാത്രക്കാർ കയറുന്നതിനു മുമ്പും ഇറങ്ങിയ ശേഷവും ക്യാബിനുകളുടെ ശുചിത്വം ഉറപ്പാക്കല്‍, മാസ്ക്, ശരീര താപനില പരിശോധന എന്നിവ നിർബന്ധമാക്കിയിട്ടുണ്ട്. 70 കോടി രൂപയാണ് ഇതുവരെ പദ്ധതിക്കായി ചെലവഴിച്ചിട്ടുള്ളത്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com