ADVERTISEMENT

കോവിഡ് മൂലം ലോകമാകെ പ്രതിസന്ധിയിലാണ്. എല്ലാ മേഖലയും തിരിച്ചുവരവിന്റെ പാതയിലാണ്. വേഗത കുറഞ്ഞെങ്കിലും പഴയതിനേക്കാള്‍ വര്‍ണ്ണാഭമായ സംഭവവികാസങ്ങളിലൂടെ കടന്നുപോവുകയാണ് രാജ്യം. കൊറോണയുടെ പിടിയിൽ നിന്നും രക്ഷനേടാനായി മിക്കവരും വീടിനുള്ളിൽ സുരക്ഷിതരായിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം ഇപ്പോൾ മിക്കവരും സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് യാത്രകൾ നടത്താൻ തുടങ്ങി.കൊറോണയും ഇപ്പോഴത്തെ അവസ്ഥയുമൊക്കെ മാറും.എല്ലാം പഴയ നിലയിലാകും.

alasandrajohnson-travel3

മോഡലായും എയര്‍ഹോസ്റ്റസായും അഭിനേത്രിയായും തിളങ്ങുന്ന അലസ്സാന്‍ഡ്ര യാത്രാ അനുഭവങ്ങളെക്കുറിച്ചും ഇഷ്ടപ്പെട്ട സ്ഥലങ്ങളെക്കുറിച്ചുമുള്ള വിശേഷങ്ങള്‍ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

ജോലിയുടെ ഭാഗമായി നടത്തിയ യാത്രകള്‍ എങ്ങനെയായിരുന്നു?

ജോലിയുടെ ഭാഗമായിത്തന്നെ ഇന്ത്യക്കകത്തും പുറത്തുമായി ഒരുപാട് സ്ഥലങ്ങളില്‍ യാത്ര ചെയ്യാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. യാത്ര ഇഷ്ടമായതു കൊണ്ടല്ല, പകരം ഒരു ഗ്ലാമറസ് ജോബ്‌ എന്ന നിലയ്ക്കാണ് ഞാന്‍ ആ ജോലി തെരഞ്ഞെടുത്തത്. പക്ഷേ, അതോടെ യാത്ര ചെയ്യാനുള്ള ഒരുപാട് അവസരങ്ങള്‍ ലഭിച്ചു. 

alasandrajohnson-travel5

വിമാനയാത്രകളുടെ ഇടവേളകളില്‍ ഉണ്ടായിരുന്ന ലേ ഓവര്‍ സമയത്ത് വേറെ ഏതെങ്കിലും സംസ്ഥാനത്ത് ആയിരിക്കും താമസിക്കുക. അങ്ങനെ എനിക്ക് കിട്ടിയ പരമാവധി അവസരങ്ങള്‍ ഞാന്‍ യാത്ര ചെയ്യാനായി ഉപയോഗിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റായിരുന്നു മറ്റൊരു സ്ഥലം. ദുബായില്‍ ഉള്ള സ്വാതന്ത്ര്യം നമുക്ക് ഒരിക്കലും സൗദിയിലും കുവൈറ്റിലും കിട്ടില്ല. ഓരോ നാടിനും അതിന്‍റേതായ നിയമങ്ങൾ ഉണ്ട്. ഓരോ സ്ഥലത്തും ചെല്ലുമ്പോള്‍ അവിടത്തെ രീതികളും കാഴ്ചപ്പാടുകളും വ്യത്യസ്തമാണ്. 

ഇതുവരെയുള്ള യാത്രകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഏതാണ്?

ഇതുവരെ യാത്ര ചെയ്തതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം കേരളം ആണ്. കേരളം പോലെ മനോഹരമായ മറ്റൊരു സ്ഥലം വേറെയില്ല. എല്ലാ ഇടങ്ങള്‍ക്കും അതിന്‍റേതായ പ്രത്യേകതകളുണ്ട് എന്ന കാര്യം സത്യമാണ്. മുംബൈയുടെ നൈറ്റ് ലൈഫും കാഴ്ചകളും ജീവിതരീതിയുമൊക്കെ  ഇഷ്ടമാണ്. കൂടുതല്‍ സന്തോഷമുള്ള നഗരമാണ് മുംബൈ. 

alasandrajohnson-travel2

മൂന്നുമാസം ട്രെയിനിംഗ് ചെയ്തത് ഡല്‍ഹിയിൽ ആണെങ്കിലും അവിടെ എനിക്ക് കൂടുതൽ യാത്ര ചെയ്യാനുള്ള അവസരം ലഭിച്ചിട്ടില്ല. കയ്യിലുള്ള പഴ്സ് തട്ടിപ്പറിച്ചു കൊണ്ടുപോയതു പോലെയുള്ള ദുരനുഭവങ്ങള്‍ അവിടെ ഉണ്ടായിട്ടുണ്ട്. എനിക്ക് ബീച്ചുകളും കുന്നും മലകളും നിറഞ്ഞ സ്ഥലങ്ങളുമൊക്കെ ഒരുപാട് ഇഷ്ടമാണ്. വര്‍ക്കലയൊക്കെ ഒരു പ്രത്യേക വൈബ് ആണ്. മാരാരി ബീച്ച് റിസോര്‍ട്ട് മറ്റൊരു മനോഹര അനുഭവമായിരുന്നു. പ്രൈവറ്റ് ബീച്ച് ആയതു കൊണ്ട് അധികം ആളുകള്‍ ഒന്നും കാണില്ല. അവിടെ പ്രകൃതിക്ക് ഒരു പ്രത്യേക ഭംഗിയാണ്. അതേപോലെ പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തിൽ  വയനാട് കിടുവാണ്. ചെന്നൈയില്‍ ഏഴു വര്‍ഷം ജീവിച്ചിരുന്നപ്പോള്‍ പോലും ഇടയ്ക്കിടെ കേരളത്തിലേക്ക് വരുന്നത് എന്‍റെ പതിവായിരുന്നു.  യാത്ര ചെയ്യുമ്പോള്‍ ഏറെ സമാധാനം ആഗ്രഹിക്കുന്ന ആളാണ്‌ ഞാന്‍. 

കോഴിക്കോട് ആണല്ലോ സ്വദേശം. നാട്ടില്‍ യാത്രകളൊക്കെ പോകാറുണ്ടോ?

ഇവിടെ അത്രയധികം സുഹൃദ വലയങ്ങൾ ഒന്നും ഇല്ലാത്തത് കാരണം കൂട്ടുകാരോടൊപ്പം പുറത്തു പോയി സമയം ചെലവിടാറില്ല. പിന്നെ തൊട്ടടുത്ത് പോകാന്‍ കഴിയാവുന്ന ഇടങ്ങളില്‍ ഒക്കെ പോകും. വീടിനടുത്ത് കരിയാത്തന്‍ പാറ എന്നൊരു സ്ഥലമുണ്ട്.

alasandrajohnson-travel4

അടുത്തൊരു പുഴയോക്കെയായി അടിപൊളി സ്ഥലമാണ്. അവിടെ. കുറെ സിനിമാഷൂട്ടുകളും നടക്കാറുണ്ട്. പിന്നെ കക്കയം ഡാമും പെരുവണ്ണാമൂഴി ഡാമും ഒക്കെ അടുത്താണ്. കോഴിക്കോട് ബീച്ചും അടിപൊളിയാണ്. ഇപ്പോള്‍ കുറേക്കൂടി ഭംഗിയും വൃത്തിയുമൊക്കെയായി.

ഇനിയും പോകാന്‍ ഇഷ്ടമുള്ള സ്ഥലങ്ങളെക്കുറിച്ച്?

ലാസ്‌‌വേഗസില്‍ പോകണം എന്നൊരു ആഗ്രഹമുണ്ട്. അതൊരു വേറെ ലോകം തന്നെയാണ്. യാത്ര പോകാനായി പ്ലാൻ ചെയ്തിരുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ഇനിയെപ്പോള്‍ പോകാന്‍ കഴിയും എന്നറിയില്ല.

യാത്ര വരുത്തിയ മാറ്റങ്ങള്‍ എന്തൊക്കെയാണ്?

ഓരോ സ്ഥലത്ത് പോകുമ്പോഴും അവിടുത്തെ സംസ്കാരവും നിയമങ്ങളും സ്വഭാവസവിശേഷതകളും ഒക്കെ വ്യത്യസ്തമാണല്ലോ. പഠിക്കാന്‍ താൽപര്യം ഉള്ളവര്‍ക്ക് മികച്ച ഒരു അവസരമാണ് യാത്രകൾ.

ഒരിക്കല്‍ ഒരു യാത്രക്കിടെ ട്രെയിനില്‍ അടുത്തിരുന്ന ഒരു ചേച്ചിയുമായി സംസാരിക്കാന്‍ ഇടയായി. എന്നെപ്പോലെ യാത്ര ചെയ്യാന്‍ അവര്‍ക്ക് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു എന്നു  അവരുടെ സംസാരത്തില്‍ നിന്നും മനസിലായി. നല്ല വിദ്യാഭ്യാസം ഉണ്ടെങ്കിലും നേരത്തെ തന്നെ വിവാഹം കഴിഞ്ഞ് വീട്ടമ്മയായി ഒതുങ്ങിക്കൂടിയ ഒരു സ്ത്രീയായിരുന്നു അവര്‍. ഇറങ്ങാന്‍ നേരത്ത് അവര്‍ ഒരു മാതാവിന്‍റെ രൂപം എനിക്കു തന്നു. 'ഒറ്റക്കല്ലേ യാത്ര, ഇത് സുരക്ഷ നല്‍കും' എന്ന് പറഞ്ഞാണ് അതവര്‍ എനിക്ക് നേരെ നീട്ടിയത്.

alasandrajohnson-travel1

അപ്പോള്‍ ഞാന്‍ ഓര്‍ത്തു, ജീവിതത്തില്‍ ഒരിക്കലും നമ്മള്‍ പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ നിന്നാണ് പലപ്പോഴും നമുക്ക് സ്നേഹവും പരിഗണനയുമൊക്കെ ലഭിക്കുന്നത്. ആളുകളെ കൂടുതല്‍ കരുതലോടെയും സ്നേഹത്തോടെയും സമീപിക്കേണ്ടതിന്‍റെ ആവശ്യകത എനിക്കു മനസ്സിലാക്കിത്തന്ന ഒരു അനുഭവമായിരുന്നു അത്.

alasandrajohnson-travel

വര്‍ക്കലയില്‍ ഒരിക്കല്‍ ഒറ്റക്ക് പോയപ്പോള്‍ ഒരു ഡോര്‍മിറ്ററിയില്‍ നിൽക്കേണ്ട അനുഭവവും ഞാന്‍ ഓര്‍ക്കുന്നു. ഫോറിനേഴ്സ് ആയിരുന്നു അന്ന് കൂടെ ഉണ്ടായിരുന്നത്. എന്തൊരു കൂള്‍ ആണ് അവര്‍ എന്നോര്‍ത്ത് എനിക്ക് അദ്ഭുതം തോന്നി. ഇത്രയും രാജ്യങ്ങള്‍ താണ്ടി ഇവിടെയെത്തുന്ന അവരെ കാണുമ്പോള്‍  നമുക്ക് ലഭിക്കുന്ന ഒരു ഉന്മേഷം വേറെ ലെവലാണ്. അവരുടെ കൂടെ സമയം ചെലവഴിക്കുമ്പോള്‍ ആ സന്തോഷവും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുമെല്ലാം നമ്മളിലേക്ക് കൂടി പ്രസരിക്കുന്നതായി തോന്നും. ജീവിതത്തില്‍ ഭാവിയില്‍ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് ഓര്‍ത്ത് ഞാന്‍ വിഷമിക്കാറില്ല. ഈ സമയം എങ്ങനെ സന്തോഷപൂര്‍വ്വം ചെലവഴിക്കാം എന്ന് മാത്രമേ ഞാന്‍ ശ്രദ്ധിക്കാറുള്ളൂ. അത് യാത്രകളില്‍ നിന്ന് ഞാന്‍ പഠിച്ച ഒരു കാര്യമാണ്. 

ഒറ്റക്ക് യാത്ര ചെയ്യുന്നതാണോ അതോ കൂട്ടുകാര്‍ക്കൊപ്പമുള്ള യാത്രയാണോ ഇഷ്ടം?

ഒറ്റയ്ക്കുള്ള യാത്രകൾ ‌സമാധാനം നിറഞ്ഞതാണ്. അധികം ബഹളങ്ങളും ഒന്നുമില്ല സ്വസ്ഥമായി അവരവരുടെ ഇഷ്ടത്തിനനുസരിച്ച് യാത്ര പ്ലാൻ ചെയ്യാം. സുഹൃത്തുക്കളുടെ കൂടെ ഒരുപാട് യാത്രകള്‍ ചെയ്തിട്ടുണ്ട്. എപ്പഴും നമ്മുടെ അതേ വൈബ് ഉള്ള ആളുകളുടെ കൂടെ യാത്ര ചെയ്യുന്നത് നല്ലതാണ്.

യാത്രകളില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട ഭക്ഷണം എന്താണ്?

കേരളം കഴിഞ്ഞാല്‍ എനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള സ്ഥലം ഗോവ. സീഫുഡ് എന്‍റെ ഫേവറൈറ്റ് ആണ്. ഗോവയിലെ ഭക്ഷണം എല്ലാം വേറെ ലെവലാണ്. എനിക്ക് അത് ഭയങ്കര ഇഷ്ടമാണ്. ഞാന്‍ ഒരു ഫുഡി അല്ല പൊതുവേ. 

മറ്റെന്തൊക്കെയാണ് ജീവിതത്തിലെ വിശേഷങ്ങള്‍?

ഭയങ്കര പതിയെയാണ് ജീവിതം ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. ആളുകള്‍ ഒക്കെ എന്നെ മറന്നുതുടങ്ങി എന്ന് തോന്നുന്നു! മാസ്ക് ഒക്കെ ധരിച്ച് പുറത്തിറങ്ങുമ്പോള്‍ അധികം പേരൊന്നും എന്നെ തിരിച്ചറിയുന്നില്ല. ആളുകള്‍ ഞാന്‍ ആരാണെന്ന് തിരിച്ചറിയുന്നത് എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. ഒരു വെബ്സീരീസ് ഷൂട്ട്‌ കഴിഞ്ഞു, മറ്റൊന്ന് ഡബ്ബ് കഴിഞ്ഞു. ഒരു സിനിമയുടെ ഡിസ്കഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്. പിന്നെ സ്വന്തം യുട്യൂബ് ചാനലും ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. അതിലൂടെ എന്‍റെ ജീവിതത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും പ്രേക്ഷകരെ കാണിക്കണം എന്നാണു ആഗ്രഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com