ADVERTISEMENT

സമുദ്രയാത്രകളോട് അതിയായ താല്‍പര്യം സൂക്ഷിക്കുന്ന ഒട്ടനവധിപ്പേര്‍ സഞ്ചാരികള്‍ക്കിടയിലുണ്ട്. മനുഷ്യന്‍ ലോകസഞ്ചാരം ആരംഭിച്ച കാലം മുതല്‍ക്കേയുള്ള ഒരു യാത്രാമാര്‍ഗമാണ് കപ്പൽ യാത്ര. യാത്രകളെ ക്ലാസിക് ആയിക്കരുതി ഒരിക്കലെങ്കിലും അത് അനുഭവിക്കണം എന്ന് ആഗ്രഹിക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാല്‍, കരയിലൂടെയുള്ള സഞ്ചാരത്തെ അപേക്ഷിച്ച് കടല്‍യാത്ര അല്‍പം അപകടമേറിയതാണ്. കാലാവസ്ഥാ മാറ്റങ്ങളും കടലിന്‍റെ ഭാവവ്യത്യാസങ്ങളുമെല്ലാം ആ അപകട സാധ്യത പലപ്പോഴും കൂട്ടുകയും ചെയ്യും.

യാത്ര മാത്രമല്ല, ലക്ഷ്യസ്ഥാനങ്ങളും അപകടം പിടിച്ചതാണെങ്കിലോ? പോയാല്‍ ജീവനോടെ തിരിച്ചുവരാന്‍ പറ്റുമോ എന്നറിയാത്ത നിരവധി സ്ഥലങ്ങള്‍ സപ്തസമുദ്രങ്ങളുടെ വിവിധ ഭാഗങ്ങളിലുണ്ട്. ഇന്നത്തെ കാലത്ത് വിനോദയാത്രകളുടെ ഭാഗമായി പല കമ്പനികളും ആ റിസ്ക്‌ ഏറ്റെടുത്ത് സഞ്ചാരികളെ അത്തരം ഇടങ്ങളില്‍ കൊണ്ടുപോകുന്നുണ്ട്‌. അങ്ങനെയുള്ള ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.

1. എല്‍ സാല്‍വഡോര്‍

പറഞ്ഞറിയിക്കാനാവാത്തത്ര ഭംഗിയുള്ള പ്രദേശമാണ് മധ്യ അമേരിക്കയിലെ ഏറ്റവും ചെറിയ രാജ്യമായ എല്‍ സാല്‍വഡോര്‍. കരീബിയൻ കടലിന്‍റെ തീരപ്രദേശമില്ലാത്ത മധ്യ അമേരിക്കയിലെ ഏക രാജ്യമാണിത്. ശാന്തസമുദ്രം, ഗ്വാട്ടിമാല, ഹോണ്ടുറാസ് എന്നിവയുമായി അതിർത്തി പങ്കിടുന്ന ഇവിടം പർ‌‌വതനിരകൾ, അഗ്നിപർ‌‌വതങ്ങൾ, സമതലങ്ങൾ, നദീതാഴ്‌വരകൾ, തടാകങ്ങൾ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാല്‍ അനുഗ്രഹീതമാണ്.

'അഗ്നിപർവ്വതങ്ങളുടെ നാട്' എന്നറിയപ്പെടുന്ന എൽ സാൽവഡോറിൽ പതിവായി ഭൂകമ്പങ്ങളും അഗ്നിപർവ്വത പൊട്ടിത്തെറികളും ഉണ്ടാവാറുണ്ട്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കൊലപാതകനിരക്ക് ഉള്ള രാജ്യങ്ങളില്‍ ഒന്നു കൂടിയാണ് എല്‍ സാല്‍വഡോര്‍. സുരക്ഷിതമാണ് എന്ന് അധികൃതര്‍ ആണയിട്ടു പറയുന്നുണ്ടെങ്കിലും സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ദുരനുഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെ കൂടുതലാണ് ഇവിടെ.

2. മിന്ദനാവോ

ഫിലിപ്പീൻസിലെ രണ്ടാമത്തെ വലിയ ദ്വീപ സമൂഹമാണ് മിന്ദനാവോ. രാജ്യത്തിന്‍റെ ഏറ്റവും തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന ദ്വീപുകളെ മൊത്തത്തിൽ വിളിക്കുന്ന പേരാണിത്. മിന്ദനാവോയിലും സുലു കടലിന്‍റെ പരിസര പ്രദേശങ്ങളിലും സായുധ കവർച്ചയ്ക്ക് പുറമേ തീവ്രവാദവും ക്രിമിനല്‍ പ്രവൃത്തികളും മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകലുമെല്ലാം പതിവാണ്. വ്യാപകമായ ദാരിദ്ര്യവും മതപരമായ ഭിന്നതകളും മൂലം സംഘര്‍ഷമുഖരിതമായ അന്തരീക്ഷമാണ് ഇവിടെ നിലനില്‍ക്കുന്നത്.

3. ടൂണിസ്

ആഫ്രിക്കൻ വൻ‌കരയുടെ ഉത്തരഭാഗത്തായി സ്ഥിതിചെയ്യുന്ന പുരാതന അറബ് റിപ്പബ്ലിക്ക് രാജ്യമായ ടുണീഷ്യയുടെ തലസ്ഥാനമാണ്‌ ടൂണിസ്. മെഡിറ്ററേനിയൻ കടലുമായി ഇടുങ്ങിയ ഒരു കനാല്‍ വഴി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന ഈ പ്രദേശം പ്രകൃതിമനോഹരമാണ്. മരുഭൂമികളും തീരപ്രദേശങ്ങളും പീഠഭൂമികളുമെല്ലാമായി അങ്ങേയറ്റം വൈവിധ്യമാര്‍ന്ന പ്രദേശമാണിത്. മനോഹരമായ വാസ്തുവിദ്യയും ആകർഷകമായ തെരുവുകളും ഷോപ്പുകളും രുചികരമായ ഭക്ഷണവുമെല്ലാം ടുണിസ് നഗരത്തിന്‍റെ മുഖമുദ്രകളാണ്. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ആണ് ഇവിടെ സഞ്ചാരികളുടെ ജീവന് ഭീഷണിയുയര്‍ത്തുന്ന ഒരു ഘടകം. യാത്ര ചെയ്യും മുന്‍പേ സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണം.

4. മാർഗരിറ്റ ദ്വീപ്

വെനസ്വേലൻ സംസ്ഥാനമായ ന്യൂവ എസ്പാർട്ടയിലെ ഏറ്റവും വലിയ ദ്വീപായ മാർഗരിറ്റ ദ്വീപ് കരീബിയൻ കടലിൽ ആണ് സ്ഥിതിചെയ്യുന്നത്. ന്യൂവ എസ്പാർട്ടയുടെ തലസ്ഥാന നഗരമായ ലാ അസുൻസിയോൺ ഈ ദ്വീപിലാണ്. ഏകദേശം എഴുപതോളം ബീച്ചുകളും നിരവധി മലമ്പ്രദേശങ്ങളും ഉള്ള ഉള്ള ഈ ദ്വീപ്‌ കാഴ്ചയില്‍ അതിസുന്ദരമാണ്. അതുകൊണ്ടുതന്നെ 'ലോകത്തിലെ ഏറ്റവും സുന്ദരമായ ദ്വീപ്‌' എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. വെനസ്വേലയിലെ പ്രതിസന്ധിയുടെ തുടക്കം മുതൽക്കേ സംഘടിത കുറ്റകൃത്യങ്ങളും അനധികൃത മയക്കുമരുന്ന് വ്യാപാരവും സജീവമാണ് ഇവിടെ. സഞ്ചാരികളെയാണ് ക്രിമിനലുകള്‍ കൂടുതലും ലക്‌ഷ്യം വയ്ക്കുന്നത്. അതുകൊണ്ടുതന്നെ 2010 നും 2020 നും ഇടയിൽ ടൂറിസം വ്യവസായത്തിന്‍റെ പുരോഗതിയില്‍ 90% കുറവുണ്ടായി.

5. ഐവറി കോസ്റ്റ്

പശ്ചിമ ആഫ്രിക്കയില്‍ സ്ഥിതിചെയ്യുന്ന ഒരു രാജ്യമാണ് ഐവറി കോസ്റ്റ്. പടിഞ്ഞാറു ഭാഗത്ത് ലൈബീരിയയും ഗിനിയയും വടക്ക് മാലിയും ബർക്കിന ഫാസോയും കിഴക്ക് ഘാനയും തെക്ക് ഗിനിയ ഉൾക്കടലുമാണ് അതിരുകൾ. 'പടിഞ്ഞാറന്‍ ആഫ്രിക്കയുടെ കവാടം' എന്നറിയപ്പെടുന്ന ഈ രാജ്യം കൊക്കോ ഉത്പാദനത്തിൽ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്താണ്.

പ്രകൃതിസൗന്ദര്യവും സസ്യജന്തുജാലങ്ങളുടെ വൈവിധ്യവുമെല്ലാം ചേര്‍ന്ന് ഏറെ സുന്ദരമാണ് ഇവിടം. ഒരു കാലത്ത് ആഫ്രിക്കയിലെ തന്നെ ഏറ്റവും സമ്പന്നമായ രാജ്യമായിരുന്ന ഐവറികോസ്റ്റ് ഇന്ന് രാഷ്ട്രീയ അസ്ഥിരതയും ആഭ്യന്തര യുദ്ധസ്ഥിതിയും കാരണം തകര്‍ച്ചയിലാണ്. സായുധ സംഘടനകളുടെയും സർക്കാരിന്‍റെയും നിയന്ത്രണത്തിലാണ് പല ഭാഗങ്ങളും. ലോകത്തിലെ ഏറ്റവും മോശം സ്ഥലങ്ങളുടെ 2016 വര്‍ഷത്തെ പട്ടികയിൽ 23-ാം സ്ഥാനത്താണ് ഐവറി കോസ്റ്റിന്‍റെ തലസ്ഥാന നഗരമായ അബിജാൻ.

English Summary: Most Dangerous Places To Cruise To In The World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com