ADVERTISEMENT

രാജ്യം ഒരു ചെറിയ വൈറസിന്റെ മുന്നിൽ മുട്ടുകുത്തേണ്ടി വന്നത് ഏറെ വിഷമകരമാണ്. മുട്ടുമടക്കാതെ രക്ഷയില്ല അത്രത്തോളം വലിയ പണിയല്ലേ കൊറോണ എല്ലാവർക്കും നൽകിയത്. ജാതിമത വിവേചനമില്ലാതെ എല്ലാവരെയും ഒാടി നടന്നു ചേർത്തു പിടിക്കുകയാണ് കൊറോണ. ഇൗ വൈറസിനെ പേടിച്ച് യാത്ര പോകാതെയും കാഴ്ചകൾ ആസ്വദിക്കാതെയും എല്ലാവരും വീട്ടിൽ തന്നെയായിരുന്നു. പിന്നെ സന്തതസഹചാരിയായി സാനിറ്റൈസർ കൂടെയുള്ളതാണ് ഇപ്പോഴത്തെ ആശ്വാസമെന്നും നസീര്‍  സംക്രാന്തി. നർമലഹരിയിലൂള്ള സംസാരശൈലിയിലൂടെ പ്രേക്ഷകരുടെ കയ്യടിനേടിയ ഹാസ്യതാരമാണ് നസീർ.

vagamon-trip6

 

nazeer-travel

മഴവിൽ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന തട്ടീംമുട്ടീം ഹാസ്യപരിപാടിയിലെ കമലാസനൻ തമാശയും തനിനാടൻ‌ വർത്തമാനവും അഭിനയവും കൊണ്ടാണ് പ്രേക്ഷകശ്രദ്ധ നേടിയത്. അതോടെ നസീർ കുടുംബപ്രേക്ഷകർക്കു പ്രിയങ്കരനായി. കോമഡി സ്‌കിറ്റുകളിലെ പെണ്‍വേഷക്കാരൻ എന്ന ലേബലില്‍നിന്ന് പേരെടുത്ത ഹാസ്യതാരം എന്ന പദവിയിലേക്കുള്ള യാത്ര ആരംഭിച്ചത് ഇൗ ഹാസ്യപരമ്പരയിലൂടെയാണ്. കൊറോണ വൈറസ് പണി തന്നെങ്കിലും ഷൂട്ടും സ്കിറ്റുമൊക്കെയായി ‘കമലാസനന്റെ’ ജീവിതം സന്തോഷം നിറഞ്ഞ പാതയിലൂടെയാണ് നീങ്ങുന്നത്. ഇൗ അവസരത്തിൽ പഴയയാത്രകളും രസകരമായ നിമിഷങ്ങളും മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുകയാണ് നസീർ.

 

വീടും നാടും

 

ഞാനൊരു കോട്ടയംകാരനാണ്. നാടും വീടും നാട്ടുകാരും– അതാണെന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്. യാത്രകൾ ഇഷ്ടമാണോ എന്ന് ചോദിച്ചാൽ ഇഷ്ടമാണ്. കൂടുതൽ ഇഷ്ടം കാടും കാട്ടാറുമൊക്കെയായി പ്രകൃതിയോട് ചേർന്നിരിക്കുന്ന സ്ഥങ്ങളാണ്. ബഹളവും തിരക്കുമൊക്കെയായുള്ള നഗരങ്ങളിലേക്കു യാത്ര പോകാൻ ഒട്ടും ഇഷ്ടമല്ല. കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും യാത്ര പോയിട്ടുണ്ട്. ഏറ്റവും ഇഷ്ടം ഹിൽസ്റ്റേഷനാണ്. വാഗമൺ കിടു സ്ഥലമാണ്. മിക്കപ്പോഴും സുഹൃത്തുക്കളുമായി അവിടെ പോകാറുണ്ട്. 

 

കാഴ്ചകൾ നടന്ന് ആസ്വദിക്കാനുള്ളതാണ്. ഞാൻ വാഗമണ്ണിന് പോകുമ്പോൾ വാഹനം എവിടെയെങ്കിലും ഒതുക്കി നിർത്തി വാഗമണ്ണിൽ നിന്ന് ഏലപ്പാറ വരെ നടക്കും. തേയിലത്തോട്ടങ്ങളുടെ സൗന്ദര്യം ആസ്വദിച്ച് ശുദ്ധവായു ശ്വസിച്ചുള്ള ആ നടത്തം നൽകുന്ന ഉന്മേഷവും എനർജിയും ഒന്നുവേറെയാണ്. എവിടെപ്പോയാലും തിരിച്ച് വീട്ടിലെത്തണം, കഴിവതും അന്നുതന്നെ. അതാണെനിക്കിഷ്ടം. സിനിമയിലും സീരിയലിലും എത്ര തിരക്കാണെങ്കിലും ഞാന്‍ സംക്രാന്തി വിട്ടുപോകില്ല. പറ്റുമെങ്കില്‍ വൈകിട്ട് വീട്ടിലെത്തണം നിവൃത്തിയില്ലെങ്കില്‍ മാത്രമേ പോകുന്നിടത്ത് തങ്ങാറുള്ളൂ. സ്വന്തം നാടിനോടുള്ള  പ്രണയം എനിക്കങ്ങനെയാണ്.

 

nazeer-travel0

ഭയമുണ്ട്

nazeer-travel5

 

ഇത്തിരി പേടിയുള്ള ആളാണ് ഞാൻ. ബീച്ചും കാഴ്ചകളുമൊക്കെ നേരത്തേ ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷേ സുനാമി വന്നതോടുകൂടി ബീച്ചിൽ പോകുന്നത് എനിക്ക് പേടിയാണ്. എപ്പോൾ എന്തു സംഭവിക്കും എന്ന് പറയാന്‍ പറ്റില്ലല്ലോ. അതുപോലെ തന്നെ ഉത്സവങ്ങൾക്കു പോകാനും ഭയമാണ്, ആനയിടഞ്ഞതു കേട്ടിട്ടുള്ളതുകൊണ്ടാണത്. ക്ഷേത്രങ്ങളിൽ പ്രോഗ്രാം ബുക്കിങ് ഉണ്ടെങ്കിൽ അവിടുത്തെ വെടിക്കെട്ട് നടക്കുന്നതിനു മുമ്പ് ഞാൻ സ്കൂട്ടാകും. അതും പേടിയാണ്. അപ്പോൾ എല്ലാവരും ചിന്തിക്കും ഹിൽസ്റ്റേഷനുകളിലേക്കു പോകുമ്പോൾ ഭയമില്ലെയെന്ന്. ഞാനൊരിക്കലും മഴക്കാലത്ത് ഹിൽസ്റ്റേഷനിലേക്ക് പോകാറില്ല. അപകടം എപ്പോൾ വേണമെങ്കിലും എങ്ങനെയും വരാം. പക്ഷേ എന്റെയുള്ളിലെ ഭയമാണ് വില്ലൻ.

nazeer-travel3

 

nazeer-travel7

കേരളം പോലെ വിദേശം

 

വിദേശയാത്രയ്ക്കുള്ള അവസരവും കിട്ടി. പോയതിൽ കേരളവുമായി ഏറെ സാദൃശ്യം തോന്നിയത് സലാല ആയിരുന്നു. ഒമാനിലെ പച്ചപുതച്ച, മൺസൂൺ പെയ്യുന്ന സ്വർഗം എന്നു തന്നെ പറയാം. കണ്ണെത്താ ദൂരത്തോളം പുൽമേടുകൾ. കുന്നിൻ ചെരുവുകളിൽ മേഞ്ഞു നടക്കുന്ന കാലിക്കൂട്ടങ്ങൾ. കള്ളിമുണ്ടുമുടുത്ത് തലയിൽ തോർത്തു ചുറ്റിയ കർഷകർ. തെങ്ങിൻ തോപ്പും കാട്ടരുവിയും വാഴത്തോട്ടവുമായി കേരളംപോലെ വേറൊരു നാട്. അതും മരുഭൂമിയുടെ നടുവിൽ..! സലാല ഞമ്മന്റെ നാടു പോലെയാണ്.

 

അക്ഷരാർഥത്തിൽ കേരളത്തിന്റെ ഫോട്ടോസ്റ്റാറ്റാണ് സലാല. മരുഭൂമിയിൽ ചൂട് 42 ഡിഗ്രി കടക്കുന്ന കാലത്ത് സലാലയിൽ പെരുമഴക്കാലമാണ്. ഗൾഫ് മേഖല മുഴുവൻ പൊരിവെയിലിൽ ഉരുകുമ്പോൾപോലും സലാലയിൽ ചൂട് 30 ഡിഗ്രി കടക്കാറില്ല. ഒമാന്റെ തലസ്ഥാന നഗരമായ മസ്കറ്റ് ചുട്ടുപൊള്ളുന്ന ജൂൺ – ജൂലൈ മാസങ്ങളിൽ‌ സലാല മൺസൂൺ മഴയിൽ തണുത്തുറയും. 

 

പ്രോഗ്രാമിന്റെ ഭാഗമായുള്ള മിക്ക വിദേശയാത്രകളിലും ഷോ കഴിഞ്ഞുള്ള സമയം ഞാൻ അന്നാട്ടിലെ കാഴ്ചകൾ കാണാനായി പോകാറില്ല. മറ്റൊന്നുമല്ല അതു തിരക്കിന്റെ ലോകമല്ലേ. ഒരിക്കൽ അമേരിക്കയിൽ ഷോ ഉണ്ടായിരുന്നു.വലിയ പ്രോഗാം ആയിരുന്നു. അന്ന് എല്ലാവരും ഷോ കഴിഞ്ഞ് അവിടുത്തെ കാഴ്ചകളിലേക്കിറങ്ങി. ഞാൻ മാത്രം റൂമിൽ തന്നെ ഇരുന്നു. കൂടെയുള്ള സുഹൃത്ത് നിർബന്ധിച്ച് ഒരു ദിവസം എന്നെയും കൂടെക്കൂട്ടി. സത്യത്തിൽ ആ യാത്ര ഒരിക്കലും നഷ്ടമായില്ല. യൂണിവേഴ്സൽ സ്റ്റുഡിയോയും ലിബർട്ടി സ്റ്റാച്യുവുമൊക്കെ കാണാൻ സാധിച്ചു. ഇനിയും പോകാനുള്ളത് സൗത്ത് ആഫ്രിക്കയാണ്. അവിടേക്ക് ഒരിക്കൽ പോകണം.

 

മറക്കാനാവാത്ത യാത്രയും അനുഭവവും

 

മറക്കാനാവാത്ത യാത്ര എന്നു പറയുമ്പോൾ മനസ്സിലേക്ക് ഒാടിയെത്തുന്നത് രണ്ടു ദുരന്ത അനുഭവങ്ങളാണ്. ആദ്യത്തേത്, ഒരിക്കൽ ഞാനും സുഹൃത്തുക്കളും കൊല്ലത്തുനിന്നു രാത്രി ഷോ കഴിഞ്ഞ് നാട്ടിലേക്കു മടങ്ങുകയായിരുന്നു. എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. പെട്ടെന്ന് എന്തോ ശബ്ദം കേട്ട് നോക്കിയപ്പോൾ വാഹനം റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചു കയറി. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. നിലത്തുവീണിരുന്നെങ്കിൽ പാണ്ടിലോറി കയറി മരിച്ചേനെ. ആ സംഭവത്തിനു ശേഷം ഇന്നുവരെ രാത്രി പ്രോഗ്രാം കഴിഞ്ഞുള്ള യാത്രയിൽ വാഹനത്തിലിരുന്നു ഉറങ്ങിയിട്ടില്ല. വർത്തമാനം പറഞ്ഞ് ഡ്രൈവറുടെ സീറ്റിനടുത്തിരിക്കും.

 

മറ്റൊരു സംഭവം വാർത്തകളിലൊക്കെ പണ്ട് വന്നിട്ടുള്ളതാണ്. ഞാനും സുഹൃത്തുക്കളും പുണെയിൽ ഷോ കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കം ട്രെയിനിലായിരുന്നു. അവിടെ ഭയങ്കര മഴയായിരുന്നു. രാത്രി 2 മണി ആയപ്പോഴേക്കും ട്രെയിൻ കട്ടറിലൂടെ പോകുന്നപോലെ തോന്നി, എല്ലാവരും നല്ല ഉറക്കമാണ്. ഞാൻ അടുത്തിരുന്ന സുഹൃത്തിനെ വിളിച്ചു. സംഗതി ശരിയായിരുന്നു. കാളവണ്ടിയിൽ യാത്ര പോകുന്ന പോലെയായിരുന്നു. പെട്ടെന്ന് ട്രെയിൻ നിന്നു. നോക്കിയപ്പോൾ ട്രാക്കിന്റെ അടിയിലെ പാലം മഴവെള്ളത്തിൽ ഒലിച്ചുപോയി.

 

ഞങ്ങൾ മൂന്നാമത്തെ കോച്ചിലായിരുന്നു. കാഴ്ച ഭയാനകരമായിരുന്നു. ട്രെയിന്‍ മൂക്കും കുത്തി നിൽക്കുന്നതുപോലെയായിരുന്നു. മുന്നിലുള്ള കോച്ചിലെ എല്ലാവരെയും രക്ഷപ്പെടുത്തി. അതിലെ ഒരാൾ എന്താണെന്ന് നോക്കാൻ ഇറങ്ങിയതും ആ വെള്ളത്തിൽവീണ് മരിച്ചു. പിന്നീട് മറ്റൊരു എൻജിൻ ഘടിപ്പിച്ച് ട്രെയിൽ വലിച്ച് അടുത്ത സ്റ്റേഷനിലെത്തിച്ചു. മണിക്കൂറുകളോളം ആഹാരവും വെള്ളവും ഇല്ലാതെ വിഷമിച്ചു. മരണം ഭയന്നിരുന്ന നിമിഷങ്ങളായിരുന്നു. രണ്ടുദിവസം കഴിഞ്ഞാണ് വീട്ടിൽ തിരിച്ചെത്തിയത്. ജീവിതത്തിൽ ഒരിക്കലും ആ യാത്ര മറക്കാനാവില്ല..

English Summary: Celebrity Travel Nazeer Sankranthi 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com