നിഗൂഢതകള്‍ ഒളിപ്പിച്ച് റൊറൈമ മലനിരകള്‍, യഥാര്‍ത്ഥ ജുറാസിക് പാര്‍ക്കിലേക്ക്!

Mount-Roraima
sunsinger/Shutterstock
SHARE

ജുറാസിക് പാര്‍ക്ക് സിനിമ കണ്ടിട്ടില്ലേ? ചരിത്രാതീത കാലത്തെ ഭീമാകാരന്മാരായ ദിനോസറുകളുടെ കാലത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന ആ സിനിമ കണ്ട് ത്രില്ലടിച്ച ഒരു കുട്ടിക്കാലം മിക്കവര്‍ക്കും ഇപ്പോഴും ഓര്‍മ കാണും. ആ കാലഘട്ടത്തിന്‍റെ ഓര്‍മകള്‍ ഉണര്‍ത്തുന്ന പുരാതന പ്രദേശങ്ങള്‍ ഇന്നും ഭൂമിയില്‍ ഭൗതികമായ പരിക്കുകള്‍ ഒന്നുമേല്‍ക്കാതെ തന്നെ നിലനില്‍ക്കുന്നുണ്ട്. ചരിത്രകുതുകികള്‍ക്കും പ്രകൃതിസ്നേഹികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതും ഒട്ടനവധി കഥകള്‍ ഉറങ്ങുന്നതുമായ അത്തരമൊരു പ്രദേശമാണ് റൊറൈമ പര്‍വ്വതനിരകള്‍. 

മേഘങ്ങളില്‍ നിന്നും നേരിട്ടെന്ന പോലെ തുള്ളിത്തെറിക്കുന്ന മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങള്‍. പരലുകൾ കൊണ്ട് പരവതാനി വിരിച്ച താഴ്‌വരകൾ. മാംസഭോജികളായതും അല്ലാത്തതുമായ, അപൂര്‍വ്വ ഇനത്തില്‍പ്പെട്ട ഓര്‍ക്കിഡുകള്‍ അടക്കമുള്ള സസ്യവൈവിധ്യം. ചുറ്റും കിഴുക്കാംതൂക്കായ പാറക്കെട്ടുകള്‍. മേശയുടെ മുകള്‍വശം പോലെ പരന്ന മകുടപ്രദേശം. ഇങ്ങനെ നാഗരികതയില്‍ നിന്നെല്ലാമകന്ന് മൂന്നു രാജ്യങ്ങളിലായി പരന്നുകിടക്കുന്ന റൊറൈമ പർവ്വതത്തിന് സവിശേഷതകള്‍ ഏറെയുണ്ട്. സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഓരോ രോമകൂപത്തിലും അവ അനുഭവിച്ചറിയാം.

തെക്കേ അമേരിക്കയിലെ തെപൂയി പീഠഭൂമി പ്രദേശത്ത് പകരൈമ ശൃംഖലയില്‍ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പർവ്വതമാണ് റൊറൈമ പർവ്വതം. വെനിസ്വലയിലും (85 ശതമാനം) ഗയാനയിലും (10 ശതമാനം) ബ്രസീലി(5 ശതമാനം)ലുമായാണ് ഈ പര്‍വ്വതം വ്യാപിച്ചു കിടക്കുന്നത്. വെനിസ്വേലയിലെ കനൈമ ദേശീയോദ്യാനത്തിലുള്ള ഗയാന ഷീൽഡിൽ സ്ഥിതിചെയ്യുന്ന റൊറൈമ പർവ്വതഭാഗം ഗയാനയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്. ബ്രസീലിയൻ സംസ്ഥാനമായ റോറൈമയില്‍ ഏറ്റവും ഉയര്‍ന്ന ഭൂപ്രദേശമായി കണക്കാക്കപ്പെടുന്നതും ഈ പര്‍വ്വതത്തിന്‍റെ ഭാഗമായുള്ള പീഠഭൂമിയാണ്‌.

sunsinger
sunsinger/Shutterstock

ഏതാണ്ട് രണ്ടു ബില്യൺ വർഷങ്ങൾക്ക് മുൻപ് പ്രീകാബ്രിയൻ കാലഘട്ടത്തിലുള്ളതും ഭൂമിയിലെ ഏറ്റവും പഴക്കമുള്ളതുമായ ഭൂമിശാസ്ത്ര രൂപീകരണങ്ങളാണ്  കനൈമ ദേശീയോദ്യാനത്തിലെ ഈ ടേബിള്‍ടോപ്പ് പർവ്വതങ്ങൾ. സമുദ്രത്തില്‍ നിന്നും ഉയര്‍ന്നു വന്ന മണല്‍ക്കല്ലുകള്‍ കാലക്രമേണ  വരണ്ട ഭൂമിയായി രൂപാന്തരം പ്രാപിച്ചു. വശങ്ങളില്‍ ഉള്ള കല്ലുകള്‍ മണ്ണൊലിപ്പ് മൂലം നശിച്ചതോടെ ഇതിന് ഒരു പീഠഭൂമിയുടെ ആകൃതി കൈവന്നു. ഏകദേശം 14 കിലോമീറ്റർ നീളവും 2,772 മീറ്റർ ഉയരവുമുള്ള പര്‍വ്വതം ഗയാനയിലെ പല നദികളുടെയും ആമസോൺ, ഒറിനോകോ നദികളുടെയും ഉറവിടമാണ് എന്നതാണ് മറ്റൊരു പ്രാധാന്യം.

പുറമേ നിന്ന് നോക്കുന്ന ഒരാള്‍ക്ക് ഒരിക്കലും ഊഹിക്കാന്‍ കഴിയാത്തത്ര നിഗൂഢതകളാണ് ആമസോൺ കാടുകള്‍ക്ക് മുകളിലായി ഉയര്‍ന്നു നില്‍ക്കുന്ന ഈ പീഠഭൂമി കാത്തുസൂക്ഷിച്ചു വച്ചിരിക്കുന്നത്. മനുഷ്യരാശിയുടെ കയ്യെത്താത്തതും മറവിയില്‍പ്പെട്ടു പോയതുമായ കന്യാപ്രദേശം. 

പ്രാദേശികമായി തെപൂയി എന്നാണ് റോറൈമയ്ക്ക് പേര്. ഈ പ്രദേശങ്ങളില്‍ വസിക്കുന്ന പെമന്‍ ഗോത്രവംശത്തിന്‍റെ മാതൃഭാഷയിൽ “ദേവന്മാരുടെ ഭവനം” എന്നാണ് ഈ വാക്കിന്‍റെ അർത്ഥം. ദൈവകോപം ഭയന്നും ഈ പ്രദേശത്ത് വിചിത്രജീവികള്‍ ഉണ്ടെന്ന കഥകള്‍ കേട്ടും നൂറ്റാണ്ടുകളോളം ഈ പ്രദേശത്തേക്ക് കാലെടുത്തു വയ്ക്കാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല. 

1884-ൽ സർ എവറാർഡ് ഇം തർണിന്‍റെ നേതൃത്വത്തില്‍ ഉള്ള പര്യവേഷണ സംഘമാണ് പീഠഭൂമിയിലേക്കുള്ള വനപാത ആദ്യമായി കണ്ടെത്തുന്നത്. കഥകളില്‍ കേട്ടതുപോലെയുള്ള അപകടകാരികളായ ജീവികള്‍ ഒന്നും അവിടെയില്ലെന്ന് അവര്‍ മനസിലാക്കി. ഈ പ്രദേശത്തിന്‍റെ ജീവശാസ്ത്രപരമായ പ്രാധാന്യവും അവര്‍ ലോകത്തെ അറിയിച്ചു. മൗണ്ട് റോറൈമയിലെ 35 ശതമാനം സ്പീസീസുകളും വംശനാശം സംഭവിക്കുന്ന അപൂര്‍വ്വ ഇനങ്ങളാണ്. തെക്കേ അമേരിക്കയിലെ ടെപ്യൂയിസിൽ കാണപ്പെടുന്ന അപൂര്‍വ്വജീവജാലങ്ങളുടെ  70 ശതമാനവും ഈ പീഠഭൂമിയിലാണ്.  

ജീവിച്ചിരിക്കുന്ന ഫോസിലുകൾ എന്നു വിളിക്കാവുന്ന ഇത്തരം ജീവജാലങ്ങള്‍ക്ക് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും അനേകം വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ വംശനാശം സംഭവിച്ചു കഴിഞ്ഞു. ദശലക്ഷക്കണക്കിന് വർഷങ്ങളായി, നാഗരികതയുടെ ഒളികണ്ണുകളിൽ നിന്നകന്നു മാറി സ്ഥിതിചെയ്യുന്ന മൂടൽമഞ്ഞണിഞ്ഞ പർവതശിഖരങ്ങളിൽ അവയുടെ ജീവിതം പൂർണ്ണമായും സ്വതന്ത്രമായും ഭീഷണിരഹിതമായും നിലനിൽക്കുന്നു.

എങ്ങനെ എത്താം?

ഒറ്റയ്ക്ക് പോകാമെന്ന് കരുതിയാല്‍ നടക്കില്ല, റോറൈമ ട്രെക്കിംഗിനായി ടൂര്‍ ഗ്രൂപ്പുകള്‍ ഉണ്ട്. ഒരേസമയം ഒരുപാട് ആളുകള്‍ക്ക് യാത്ര ചെയ്യാനുള്ള അനുമതിയില്ല. വെനസ്വേലയിൽ നിന്ന് ആറു ദിവസം നീണ്ടുനില്‍ക്കുന്ന കഠിനമായ ട്രെക്കിംഗാണ് ഇത്. അതിർത്തി പട്ടണമായ സാന്താ എലീന ഡി യുറീനില്‍ നിന്നാണ് ഗൈഡഡ് ടൂറുകള്‍ക്കായുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.

സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം

ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള കാലമാണ് റോറൈമ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. വർഷത്തില്‍ മിക്കവാറും എല്ലാ ദിവസവും മഴ പെയ്യുന്ന പ്രദേശമാണിത്. ഈ സമയത്ത് മഴ അല്‍പ്പമൊന്നു മാറി നില്‍ക്കുന്നതിനാല്‍ യാത്ര അത്ര ബുദ്ധിമുട്ടേറിയതാവില്ല.

English Summary: Know More About Mount Roraima

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA