ADVERTISEMENT

കൊറോണയുടെ പിടിയിൽപെട്ട് നട്ടംതിരിയുന്ന ടൂറിസം മേഖലയെ തിരിച്ചുപിടിക്കാനായി മിക്കരാജ്യങ്ങളും ഇപ്പോൾ പലതരം ഒാഫറുകളും ഒരുക്കിയിട്ടുണ്ട്. ചില രാജ്യങ്ങൾ യാത്രക്കാർക്ക് ഗിഫ്റ്റ് വൗച്ചറുകളും ഡിസ്കൗണ്ടുകളും തുടങ്ങി നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. അത്തരം ആനുകൂല്യങ്ങൾ നൽകുന്ന ചില രാജ്യങ്ങൾ ഇതാ.

മാലദ്വീപ്

ദ്വീപിലേക്കു പതിവായി സന്ദർശനം നടത്തുന്ന യാത്രക്കാർക്ക് പ്രതിഫലം നൽകുന്ന ലോയൽറ്റി പ്രോഗ്രാം “മാലദ്വീപ് ബോർഡർ മൈൽസ്” എന്ന പദ്ധതി മാലദ്വീപ് പ്രഖ്യാപിച്ചു.ഡിസംബർ ഒന്നു മുതലാണിത്. മാലദ്വീപിലേക്കുള്ള ഓരോ യാത്രയ്ക്കും ടൂറിസ്റ്റ് പോയിന്റുകൾ ലഭിക്കും.

sunset

ആകർഷകമായ ആനുകൂല്യങ്ങൾ, പ്രത്യേകാവകാശങ്ങൾ എന്നിങ്ങനെ നിങ്ങളുടെ പോയിന്റുകൾ വർധിപ്പിക്കും. ചില പ്രത്യേക അവസരങ്ങളിലെ സന്ദർശനം അധിക പോയിന്റുകൾ ലഭിക്കാൻ കാരണമാകുമെന്നും പ്രോഗ്രാമിന്റെ വെബ്‌സൈറ്റ് പറയുന്നു. കൂടുതൽ കാലം താമസിക്കുന്നത് കൂടുതൽ പോയിന്റുകൾ നൽകും.

ജപ്പാൻ

സമ്പദ്‌വ്യവസ്ഥയെ കരകയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി ജപ്പാൻ ജൂലൈയിൽ ഗോ ടു ട്രാവൽ ടൂറിസം പ്രമോഷൻ പ്രോഗ്രാം ആരംഭിച്ചിരുന്നു. ടോക്കിയോ നിവാസികളെ മുമ്പ് ക്യാംപെയ്നിൽനിന്ന് ഒഴിവാക്കിയിരുന്നു, എന്നാൽ ഇപ്പോൾ ഒക്ടോബർ മുതൽ പ്രമോഷൻ അവർക്കും പ്രയോജനപ്പെടുത്താം. ടോക്കിയോയിലേക്കും പുറത്തേക്കും ഒഴികെയുള്ള എല്ലാ ആഭ്യന്തര യാത്രകളും ഉൾക്കൊള്ളുന്ന സംസ്ഥാന സബ്‌സിഡി ആനുകൂല്യങ്ങളിലൂടെ  കൊറോണ വൈറസ് പ്രതിസന്ധി മൂലം തകർന്ന ടൂറിസം മേഖലയെ ഉയർത്തുന്നതിനുള്ള പരിപാടിയാണിത്. ഇത് യാത്രാ ചെലവിന്റെ 35% ന് തുല്യമായ കിഴിവുകൾ നൽകുന്നു.

Himeji Castle, Osaka, Japan
Himeji Castle, Osaka, Japan

ഈ പദ്ധതി പ്രകാരം, യാത്രാചെലവിന്റെ 15% വരുന്ന തുകയ്ക്കുള്ള കൂപ്പണുകൾ സുവനീർ ഷോപ്പുകൾ, ഭക്ഷണശാലകൾ, യാത്രാ സ്ഥലങ്ങളിലെ മറ്റ് സ്റ്റോറുകൾ എന്നിവയിൽ ഉപയോഗിക്കാം. നിലവിൽ, രാജ്യത്തൊട്ടാകെയുള്ള ഒരു ലക്ഷത്തോളം സ്റ്റോറുകൾ കൂപ്പണുകൾ സ്വീകരിക്കും. സർക്കാർ ഇപ്പോഴും സ്റ്റോറുകളുടെ അപേക്ഷ സ്വീകരിക്കുന്നതിനാൽ ഈ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇറ്റലി

ജിഡിപിയുടെ 15 ശതമാനത്തോളം വരുന്ന ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിൽ, രാജ്യത്തിന്റെ ചില ഭാഗങ്ങൾ ഈ വേനൽക്കാലത്ത്  അവധിക്കാലം പ്രോത്സാഹിപ്പിക്കാനൊരുങ്ങുകയാണ്. ആഭ്യന്തര, വിദേശ സന്ദർശകർക്ക് ഇത് പ്രയോജനപ്പെടുത്താം.

venice-in-italy-trip

ചില സ്ഥലങ്ങളിൽ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്ക്, 500 യൂറോ വരെ ചെലവുവരുന്ന അവധിയാഘോഷത്തിന് സർക്കാർ സഹായത്തോടെ സബ്സിഡി നൽകുന്നുണ്ട്. മ്യൂസിയം പ്രവേശന ഫീസ് ഒഴിവാക്കും, അല്ലെങ്കിൽ ഗൈഡഡ് ടൂറുകളിൽ കിഴിവുകൾ നൽകും.

ന്യൂ ബ്രൺ‌സ്വിക്ക്, കാനഡ

ഒക്ടോബർ 1 നും 30 നും ഇടയിൽ ന്യൂ ബ്രൺ‌സ്വിക്ക് യാത്രാ പ്രോത്സാഹന പരിപാടിക്ക് അപേക്ഷിക്കാം. അവധിക്കാല ചെലവിൽ 20% ഇളവ് ലഭിക്കും. ഓരോ അപേക്ഷകനും 20% റിബേറ്റിന്റെ ഭാഗമായി 1,000 ഡോളർ വരെ ക്ലെയിം ചെയ്യാൻ അർഹതയുണ്ട്. ഈ വർഷം തന്നെ ന്യൂ ബ്രൺ‌സ്വിക്ക് നിവാസികൾക്കായി പ്രവിശ്യയ്ക്കുള്ളിൽ യാത്ര ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനും ടൂറിസം വ്യവസായത്തെ ഉത്തേജിപ്പിക്കുന്നതിനുമായി എക്സ്പ്ലോർ എൻ‌ബി ട്രാവൽ ഇൻസെന്റീവ് പ്രോഗ്രാമും ഇവിടെ നടപ്പിലാക്കുന്നുണ്ട്.

കാൻ‌കൺ, മെക്സിക്കോ

തങ്ങളുടെ പുതിയ ക്യാംപെയ്നുമായി വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യാനുള്ള ഒരുക്കത്തിലാണ് മെക്സിക്കോയും. രണ്ടു രാത്രി ചെലവിടാൻ പണം മുടക്കിയാൽ രണ്ടു രാത്രിയിലെ താമസം സൗജന്യം, പണമടച്ച ഓരോ രണ്ടു ദിവസത്തിനും സൗജന്യ കാർ സർവീസ്, രണ്ട് മുതിർന്നവർക്കായി ബുക്ക് ചെയ്യുമ്പോൾ രണ്ടു കുട്ടികൾക്കു സൗജന്യ താമസം തുടങ്ങിയവ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്. തീം പാർക്കുകൾ, ഗോൾഫ് കോഴ്‌സുകൾ, സ്‌പാകൾ എന്നിവിടങ്ങളിലും ഡിസ്കൗണ്ടുകളുണ്ട്.

English Summary: These countries will pay you to travel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com