മാലദ്വീപ് മുതൽ ലണ്ടൻ വരെ ലോക്ഡൗണിന് ശേഷം അവധി ആഘോഷിച്ച് സൂപ്പർതാരങ്ങൾ

celebrity-travel
SHARE

കോവി‍ഡ് 19 എന്ന മഹാമാരി ലോകം മുഴുവൻ ആഞ്ഞടിച്ചപ്പോൾ ഏറ്റവുമധികം കഷ്ടപ്പെട്ടത് അല്ലെങ്കിൽ കഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത് യാത്രാ പ്രേമികൾ ആയിരിക്കും. എവിടെയും പോകാനാവാതെ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിപോയവരാണ് നമ്മളിൽ പലരും. ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ മിക്കവരും സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് യാത്ര നടത്താനും തുടങ്ങി. സെലിബ്രിറ്റികളടക്കമുള്ള സഞ്ചാരികള്‍ ഇപ്പോൾ യാത്രയിലാണ്. 

ബോളിവുഡ് മോളിവുഡ് ടോളിവുഡ് വ്യത്യാസമില്ലാതെ ഇന്ത്യന്‍ ചലചിത്രലോകത്തെ താരങ്ങളുടെ ഇഷ്ട ഡെസ്റ്റിനേഷനാണ് മാലദ്വീപ്. സമാനതകളില്ലാത്ത ഭംഗിയും അതിശയകരമായ വെള്ളമണല്‍ കടല്‍ത്തീരങ്ങളും അമ്പരപ്പിക്കുന്ന സമുദ്ര കാഴ്ച്ചകളുമാണ് മാലദ്വീപിനെ മറ്റേതൊരു വിനോദ സഞ്ചാരകേന്ദ്രത്തില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളുടെ കേന്ദ്രമാണ് മാലദ്വീപ്. കടലും കരയും കൈകോര്‍ത്തിരിക്കുന്ന മാലദ്വീപിലേക്ക് വര്‍ഷാവര്‍ഷം എത്തുന്നത് ലക്ഷക്കണക്കിന് സഞ്ചാരികളാണ്. 

travel4

അറബികടലിൽ സ്ഥിതി ചെയ്യുന്ന കൊച്ചു ദ്വീപുകളുടെ സംഗമമായ മാലദ്വീപിലേക്കുള്ള യാത്ര ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സുഗമമാണ്. സങ്കീർണമായ വീസ നടപടികളൊന്നും ഇല്ലാതെ ചെന്നെത്താനും വളരെ കുറഞ്ഞ ചെലവിൽ ആസ്വദിക്കാനും കഴിയുന്ന ഒരു രാജ്യമാണിത്. പവിഴപ്പുറ്റുകളുടെ ഇടയിലൂടെ കടലിന്റെ നീലിമയില്‍ ലയിക്കാന്‍ മാലദ്വീപിലേക്ക് യാത്രതിരിക്കുന്ന സിനിമാതാരങ്ങള്‍ നിരവധിയാണ്. തങ്ങളുടെ മാലദ്വീപ് യാത്രകളുടെ വിശേഷങ്ങളും ചിത്രങ്ങളും അവര്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. മാലദ്വീപിന്റെ സൗന്ദര്യവും സുഗമമായ യാത്രയും സുരക്ഷിതത്വവുമൊക്കെയാണ് ഇവരെ അവിടേക്ക് മാടിവിളിക്കുന്നത്.

travel3

മാലദ്വീപിലെ അതിശയകരമായ ബീച്ചുകളിൽ സ്വയം മറന്നുല്ലസിക്കുന്ന തപ്‌സി പന്നുവിന്റെ ചിത്രങ്ങളാണ് ഏറ്റവും പുതിയതായി സൈബർലോകത്ത് തിരയടിച്ചുകൊണ്ടിരിക്കുന്നത്. സഹോദരങ്ങൾക്കൊപ്പമായിരുന്നു തപ്‌സിയുടെ  മാലദ്വീപ് സന്ദർശനം. അതിമനോഹരമായ ബീച്ചുകൾ, അത്യാകർഷകമായ റിസോർട്ടുകൾ, സ്വർണ്ണ സൂര്യാസ്തമയങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന അവധിക്കാല ചിത്രങ്ങളിലൂടെ തപ്സി എല്ലാവരേയും അസൂയപ്പെടുത്തുന്നു. “ഈ യാത്ര എനിക്ക് ഒരിക്കലും മതിയാകില്ലെന്ന് തോന്നുന്നു,” എന്നാണ് തന്റെ ചിത്രങ്ങൾക്ക് താരം ഇൻസ്റ്റാഗ്രാമിൽ അടിക്കുറിപ്പ് നൽകിയത്.

തപ്‌സി മാത്രമല്ല ഈ കൊറോണക്കാലത്ത് മാലദ്വീപിലേക്ക് രക്ഷപ്പെട്ടത്. മന്ദിര ബേഡിയും കഴിഞ്ഞ മാസം അവിടേയ്ക്ക് പറന്നിരുന്നു. ലക്ഷ്വറി റിസോർട്ടായ സോനെവ ഫുഷിയിലേക്കുള്ള 15 മണിക്കൂർ യാത്ര പൂർണമായും വിലമതിക്കുന്നതാണെന്ന് താരം പറഞ്ഞു. മാർച്ച് ആദ്യം മൗനി റോയും മാലദ്വീപിലേക്ക് തന്റെ അവധിക്കാലം ആഘോഷിക്കാൻ പോയിരുന്നു. അവിടെ നിന്നുള്ള മൗനിയുടെ ചിത്രങ്ങൾ ഹിറ്റാവുകയും ചെയ്തിരുന്നു. 

താരങ്ങളുടെ ഇഷ്ട അവധിക്കാല ലൊക്കേഷനായി മാലദ്വീപ് മാറിയതിൽ ഒട്ടും അതിശയിക്കാനൊന്നുമില്ല. കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതി രമണീയതക്കൊപ്പം പഞ്ചാര മണൽ വിരിച്ച കടൽത്തീരങ്ങളും സ്വകാര്യ റിസോർട്ടുകളും ആരുടെയും മനസ്സുകൾ കീഴടക്കും. ഒരൽപ്പസമയം സ്വകാര്യതയിൽ അവധിക്കാലം ചെലവഴിക്കാൻ ഇതിലേറെ മനോഹരമായ ഇടമില്ലെന്ന് ഈ താരങ്ങൾ നിസ്സംശയം പറഞ്ഞുതരും. 

എന്നാൽ മറ്റു താരങ്ങൾ മാലദ്വീപ് ആണ് തെരഞ്ഞെടുത്തതെങ്കിൽ  ഭർത്താവ് ആനന്ദ് അഹൂജയ്‌ക്കൊപ്പം ഈ വർഷം ആദ്യം ലണ്ടനിലേയ്ക്കാണ്  സോനം കപൂർ പോയത്. നഗരത്തിലെ ആളൊഴിഞ്ഞ തെരുവുകളെ സ്വകാര്യ റൺവേയാക്കി മാറ്റുന്ന തിരക്കിലായിരുന്നു താരമെന്ന് ചിത്രങ്ങൾ കണ്ടാൽ  അറിയാം. നിരവധി ബോളിവുഡ് താരങ്ങൾ  കൊറോണയുടെ ടെൻഷൻ ഒഴിവാക്കാനും അതേസമയം വീണുകിട്ടിയ ഒഴിവുസമയം പരമാവധി പ്രയോജനപ്പെടുത്തുവാനും അവധിക്കാല യാത്രകൾ നടത്തിയിട്ടുണ്ട്. 

English Summary: Celebrities Favorite Holiday Destinations

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA