ADVERTISEMENT

ബാലി യാത്ര:2

ഉറക്കത്തിനിടെ ആരോ കട്ടിൽ പിടിച്ചു കുലുക്കുന്നത് പോലെ ഒരു തോന്നൽ. പെട്ടെന്ന് കണ്ണ് തുറന്നു. മങ്ങിയ വെളിച്ചം.നോക്കുമ്പോൾ വീട്ടിൽ, കട്ടിലിലല്ല. വിമാനത്തിലാണ്. സിംഗപ്പൂരിലേക്ക് കൊച്ചിയിൽ നിന്നുള്ള സിൽക്ക് എയർ വിമാനം. നല്ല ഉറക്കത്തിനിടെ നാം പരിസരം മറക്കുക പതിവാണ്.അതിൽ നിന്ന് ഞെട്ടിയുണരുമ്പോൾ സ്ഥിരമായി ഉറങ്ങുന്നിടത്താണ് എന്ന തോന്നലാണുണ്ടാവുക. ആ അവസ്ഥയിലായിരുന്നു ഞാൻ.

മെല്ലെ പരിസരബോധം വീണ്ടു കിട്ടി. പറക്കുന്നതിനിടെ വിമാനം പെട്ടെന്ന് ഒരു ആകാശച്ചുഴിയിൽ വീണതാണ്. ഫ്ലൈറ്റ് യാത്രയിൽ പലപ്പോഴും ഇതു പതിവാണ്. പതിനായിരക്കണക്കിനടി മുകളിൽ യാത്ര ചെയ്യുമ്പോൾ പെട്ടെന്ന് അന്തരീക്ഷത്തിലെ വായു ശൂന്യമായ ചിലയിടങ്ങളിൽ വിമാനം പെട്ടു പോകും. ഉടനെ മുന്നോട്ട് പോകാനാകാതെ തെല്ലിട ഒന്നാടിയുലയും. താഴേക്ക് പതിക്കുന്ന പോലൊക്കെ തോന്നും. പക്ഷേ കുഴപ്പമൊന്നുമുണ്ടാകില്ല. താമസിയാതെ വീണ്ടും അന്തരീക്ഷ വായുവിൽ പ്രവേശിച്ച് വിമാനം പ്രയാണം തുടരും. വിമാനം എയർ ഗട്ടറിൽ വീണു എന്നാണ് പലരും ഇതേ പറ്റി പറയാറ്. എയർ പോക്കറ്റിൽ പെട്ടു എന്നും പറയും. സീറ്റ് ബെൽറ്റ് മുറുക്കിയിട്ടുണ്ടെങ്കിൽ സാധാരണ ഗതിയിൽ യാത്രക്കാർക്ക് അപകടമൊന്നും പിണയില്ല.

എങ്കിലും ആ കുലുക്കത്തിൽ ഫ്ലൈറ്റിലെ പലരും ഞെട്ടിയുണർന്നിരുന്നു. എന്റെ തൊട്ടരികിൽ ഒരപരിചിതനാണ്. വിമാനം കുഴപ്പമില്ലാതെ പ്രയാണം തുടർന്നപ്പോൾ കക്ഷിയൊക്കെ ബ്ലാങ്കറ്റ് പുതച്ച് വീണ്ടും ഉറങ്ങിത്തുടങ്ങി. ഞെട്ടിയുണർന്നവരേവരും വീണ്ടും ഉറക്കത്തിലേക്ക് മടങ്ങി. എനിയ്ക്കെന്തോ ഉറക്കം വന്നില്ല. ജാലകപ്പഴുതിലൂടെ പുറത്ത് ആകാശം നോക്കിയിരുന്നു. നേരം പുലരാറായിരിക്കുന്നു. പുറത്ത് ഇരുട്ട് മാറിത്തുടങ്ങി.വെളിച്ചത്തിന്റെ നേരിയ പ്രസരണം.ഭൂമിയിൽ നിന്ന് പതിനായിരം അടിയിലേറെ മുകളിലായിരിക്കെ സൂര്യോദയത്തിന് മുന്നേ നേരിയ വെളിച്ചം അന്തരീക്ഷത്തിൽ ഉണ്ടാകും. ആ ഒരവസ്ഥയാണിപ്പോൾ.

bali-travel7

വിമാനം മേഘപാളിയ്ക്കും മുകളിലാണ്. താഴെ മേഘത്തിന്റെ ഒരടര്. ഭൂമിയ്ക്കും വിമാനത്തിനും ഇടയിൽ അങ്ങനെ ഒരടര് ഉള്ളതിനാൽ ഭുമിയിലെ കാഴ്ചകളൊന്നും കാണുക വയ്യ. കൊച്ചിയിൽ നിന്ന് ഫ്ലൈറ്റ് പുറപ്പെട്ടപ്പോഴുള്ള കാഴ്ചകളോർത്തു. വിമാനം ഉയർന്നുപൊങ്ങിയപ്പോൾ  അങ്കമാലി നഗരം പ്രകാശത്തിൽ കുളിച്ചു കിടപ്പായിരുന്നു. വീടുകളിലും കടകളിലും സ്ട്രീറ്റുകളിലും എല്ലാം വെളിച്ചം. ഇരുട്ടുള്ള രാത്രിയിലെ നക്ഷത്രം നിറഞ്ഞ ആകാശം പോലെ തോന്നി താഴത്തെ ആ കാഴ്ച.

വിമാനം പശ്ചിമഘട്ടം കടന്ന് മധുരയ്ക്ക് മീതെ കൂടി പറന്ന് ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിൽ എത്തിയപ്പോഴാണ് താഴത്തെ കാഴ്ചകള്‍ പ്രത്യക്ഷമായത്. അപ്പോഴേക്കും വിമാനത്തിൽ ഭക്ഷണം വിളമ്പിത്തുടങ്ങിയിരുന്നു. പാതിരാ പിന്നിട്ട നേരത്ത് ഒരത്താഴം. അതു കഴിച്ച് താഴോട്ട് നോക്കിയപ്പോൾ ജനാലയ്ക്കപ്പുറം ഇരുട്ട് മാത്രം. വിമാനച്ചിറകിൽ ഇടയ്ക്കിടെ വെളിച്ചത്തിന്റെ പൊട്ട് തെളിയുന്നതു മാത്രമായി പിന്നത്തെ കാഴ്ച.

കടലിന് മീതെയാണ് വിമാനം.ഇരുട്ടായതിനാൽ ഇനിയൊന്നും കാണാനില്ലെന്ന് വന്നതോടെ ഞാനും  ഉറക്കത്തിലേക്ക് പോയി. അങ്ങനെ ഏതാനും മണിക്കൂർ നേരത്തെ ഉറക്കം. ഫ്ലൈറ്റ് ആകാശച്ചുഴിയിൽ വീണപ്പോൾ ഞെട്ടിയുണർന്നതോടെ അത് പോയിക്കിട്ടി. എങ്കിലും കണ്ണടച്ച് ഇരിപ്പ് തുടർന്നു.പല തരത്തിലുള്ള ശബ്ദങ്ങളുണ്ട് വിമാനത്തിനകത്ത്. കൂർക്കം വലിയ്ക്കുന്നതിന്റെയും ശ്വാസോച്ഛാസത്തിന്റെയും ചുമക്കുന്നതിന്റെയും ഒക്കെ ശബ്ദങ്ങൾ. അതൊക്കെ കേട്ട് ഗാഢനിദ്രയിലാഴാനായില്ല. എങ്കിലും കണ്ണടച്ചു തന്നെ ഇരുന്നു. അങ്ങനെ കുറേ നേരം. ശേഷം, ഉറക്കമില്ലായ്മയുടെ അസ്വസ്ഥതയോടെ  കണ്ണുതുറന്നു.

bali-travel2-image-845-440

മൊബൈൽ എടുത്തു സമയം നോക്കി. ആറര മണിയോടടുക്കുന്നു. സിംഗപ്പൂർ ടൈം സോണിലെ ആറര മണി. നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ചേ മൊബൈൽ ഫോണിലെ ക്ലോക്ക് രണ്ടര മണിക്കൂർ മുന്നോട്ടാക്കി സെറ്റ് ചെയ്തു വച്ചിരുന്നു. കാരണം ചെന്നിറങ്ങുന്ന സിംഗപ്പൂരും ബാലിയും ഒരേ ടൈം സോണിലാണ്. നമ്മെക്കാൾ രണ്ടര മണിക്കൂർ മുന്നിൽ. ഇന്ത്യയെക്കാൾ രണ്ടര മണിക്കൂർ നേരത്തേ അവർക്ക് സൂര്യൻ ഉദിക്കും. 

വിദേശത്തേക്കുള്ള വിമാനയാത്രയിലെ കൗതുകമുള്ള ഒരു കാര്യമാണ്, ഇത്തരത്തിൽ വിവിധ ടൈം സോണുകളിലൂടെയുള്ള കടന്നു പോകൽ. നേരം വെളുത്തു കഴിഞ്ഞു. ആകാശത്ത് നല്ല വെളിച്ചം പരന്നിരിക്കുന്നു.എങ്കിലും ചാംഗി എയർപോർട്ടിലെത്താൻ ഇനിയുമുണ്ട് ഒരു മണിക്കൂറിലധികമുള്ള പറക്കൽ. മേഘങ്ങൾക്കും മീതെയായി പറക്കുകയാണ് വിമാനം. താഴെ മേഘപടലങ്ങളുടെ ചിത്രം നന്നായി തെളിഞ്ഞു കാണാം. പഞ്ഞിക്കെട്ടു പോലെ അവ ആകാശത്ത് നിരന്ന് പരന്ന് കിടപ്പാണ്. കുറേ ദൂരം പിന്നിട്ടപ്പോൾ മേഘങ്ങൾ ഒഴിഞ്ഞു. ഇപ്പോൾ ,താഴെ, അങ്ങഗാധതയിൽ സമുദ്രനീലിമ. സൂക്ഷിച്ചു നോക്കിയാൽ പച്ചപ്പിന്റെ ചില തുരുത്തുകൾ കാണാം. സമുദ്രം മുറിച്ചു നീന്തുന്ന കപ്പലുകളും അവ തീർത്ത വെൺനുരച്ചാലുകളും. വല്ലാത്ത വിസ്മയം തോന്നി. കാഴ്ചകളെല്ലാം നൂറ്റി എൺപത് ഡിഗ്രിയിൽ കാണാവുന്ന പൈലറ്റുമാരോട് അസൂയയും തോന്നി.

കുറേക്കൂടി പറന്നപ്പോൾ കടലും അതിൽ തെളിയുന്ന പച്ചത്തുരുത്തുകളും എണ്ണമറ്റ കപ്പലുകളും ക്രൂയിസുകളും കൂടുതൽ കൂടുതൽ തെളിഞ്ഞു കാണാറായി. വിമാനം താഴ്ന്നു പറക്കയാണ്. മെല്ലെ മെല്ലെ അത് സിംഗപ്പൂരിനോടടുക്കുകയാണ്. ഇപ്പോൾ താഴെ നിരവധി ദ്വീപുകൾ അവയുടെ തീരത്ത് നങ്കൂരമിട്ട നിരവധി ജലയാനങ്ങൾ. എയർപോർട്ടടുക്കാറായപ്പോൾ ക്യാപ്റ്റന്റെ അനൗൺസ്മെന്റ് മുഴങ്ങി. അതോടെ മിക്കവരും ഉറക്കം വിട്ടു. ജനാലപ്പഴുതിലൂടെ നോക്കുമ്പോൾ താഴെ നന്നായി ലേ ഔട്ട്  ചെയ്ത ഗാർഡനുകൾ, ഹൗസിംഗ് കോളനികൾ.

നേരം എട്ടാവുന്നു. താഴെ വാഹനങ്ങൾ നിരന്ന് പായുന്ന റോഡുകൾ. നഗരവീഥിയ്ക്കിരുപുറവുമായി ഉയർന്നു നിൽക്കുന്ന അംബരചുംബികൾ. സിംഗപ്പുർ നഗരം അതിന്റെ പ്രൗഢിയോടെ കാണാം. സിംഗപ്പൂർ, ഞാൻ നേരത്തേ സന്ദർശിച്ച രാജ്യമാണ്. അന്ന് മലേഷ്യയിൽ നിന്ന് റോഡുമാർഗമായിരുന്നു എത്തിയത്. താമസിയാതെ ഫ്ലൈറ്റ് ചാംഗിയുടെ റൺവേ തൊട്ടു. വിശാലമായ റൺവേ. സുരക്ഷിതമായ ലാന്റിംഗ്. ചാംഗി എയർപോർട്ടിൽ നിന്ന് നേരത്തേ വിമാനം കയറിയിട്ടുണ്ടെങ്കിലും ചാംഗിയിൽ ഇറങ്ങുന്നതിതാദ്യമാണ്.

bali-travel-image-845-440

വിമാനം നിലം തൊടുമ്പഴേ സീറ്റു ബെൽറ്റഴിക്കുക മലയാളികളുടെ ശീലമാണ്. ഒരിക്കലും ചെയ്യരുതാത്ത കാര്യമാണത്. ഇവിടെയും അതു തന്നെ കണ്ടു. ബെൽറ്റഴിച്ചും കാബിൻ തുറന്ന് കാരിയർ ബാഗ് കൈക്കലാക്കിയും പലരും ഇറങ്ങാനുള്ള ധൃതിയിലാണ്. മലയാളികളെപ്പോലെ ഇങ്ങനെ ധൃതി കൂട്ടുന്ന മറ്റൊരു ജനതയില്ല എന്ന് പലരും പറയാറുണ്ട്. വിമാനം ലാന്റ് ചെയ്ത് കഴിഞ്ഞാൽ ജെറ്റ് ബ്രിഡ്ജ്  കൂടി ഘടിപ്പിച്ചാലേ യാത്രക്കാരെ ഇറക്കാനാവൂ. അതിന് വേണ്ടി കുറച്ച് കാത്തിരിക്കേണ്ടിവരും. പക്ഷേ മലയാളികൾ അതിനൊന്നും കാത്തിരിക്കാതെ തിരക്ക് കൂട്ടും. താമസിയാതെ ജെറ്റ് ബ്രിഡ്ജ് സജ്ജമായി.യാത്രക്കാർ ഇറങ്ങിത്തുടങ്ങി. ഇനി ഇവിടുന്ന് കണക്ഷൻ ഫ്ലൈറ്റ് കയറി വേണം ബാലിയിലെത്താൻ. അതിന് ഒരു മണിക്കൂറോളം സമയമുണ്ട്.

കണക്ഷൻ ഫ്ലൈറ്റ് ആയതിനാൽ കൊച്ചിയിൽ നിന്നേ അതിന്റെ ബോർഡിംഗ് പാസ് കിട്ടിയിരുന്നു.എങ്കിലും സെക്യൂരിറ്റി ചെക്കിംഗ് പോലെ ചില കടമ്പകൾ ബാക്കിയുണ്ട്. മാത്രമല്ല, പ്രാഥമിക ആവശ്യങ്ങൾ കൂടി നിർവഹിക്കണം. ടൂർ മാനേജരായ അനോഷ് അതിന് സൗകര്യങ്ങൾ ചെയ്യാൻ ശ്രമം തുടങ്ങി. ഇരുപത് പേരുള്ള ഗ്രൂപ്പാണ്. അനോഷ് അടക്കം ഇരുപത്തൊന്ന് പേർ. ശ്രദ്ധിച്ചൊരു കാര്യം എല്ലാവരുടെയും പ്രായമാണ്. ഞാനടക്കം മിക്കവരും അമ്പത് കഴിഞ്ഞവർ. കുട്ടികളാരുമില്ല. എല്ലാവരും മുതിർന്നവർ. അവരവരുടെ പ്രൊഫഷനിൽ ഉന്നത സ്ഥാനത്തുള്ളവർ. കൂട്ടത്തിൽ ഏറ്റവും പ്രായക്കുറവ് അനോഷിന് തന്നെ. അതിന്റെ ഊർജ്വസ്വലത അനോഷിനുണ്ട്. 2019 ജനുവരിയിൽ സാന്റാ മോണിക്കക്കൊപ്പം നടത്തിയ ദുബായ് -- അബുദാബി യാത്രയിൽ അനോഷ് ആയിരുന്നു മാനേജർ. അന്നേ ഉള്ളൊരടുപ്പമുണ്ട് ഞങ്ങൾ തമ്മിൽ. ഈ യാത്രയിൽ കക്ഷിയാണ് എന്റെ സഹമുറിയൻ.

കണക്ഷൻ ഫ്ലൈറ്റ് കൃത്യ സമയത്ത് തന്നെ പുറപ്പെടും എന്ന് ഡിസ്പ്ലേ ബോർഡിൽ കണ്ടു. അതിനാൽ കാര്യങ്ങൾ സ്പീഡിലാക്കാൻ അനോഷിന്റെ അഭ്യർത്ഥന. ലോകത്തിൽ ഏറ്റവും കൂടുതൽ യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിൽ പതിനാറാം സ്ഥാനത്താണ് ചാംഗി എയർപോർട്ട്. അത്രയേറെ സൗകര്യങ്ങളുള്ള, യാത്രക്കാരുടെ തിക്കിതിരക്കുള്ള എയർ പോർട്ട്. ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട് എന്ന റേറ്റിംഗ് കഴിഞ്ഞ അഞ്ചു വർഷമായി, തുടർച്ചയായി ചാംഗിയുടെ ക്രെഡിറ്റിലുണ്ട്. വലിയൊരു പട്ടണത്തെ ഓർമിപ്പിക്കുന്ന ഷോപ്പിംഗ് നിരകൾ. കണ്ണഞ്ചിപ്പിക്കുന്ന ആഢംബര ശില്പങ്ങൾ, ചാംഗി മണിക്കൂറുകൾ നടന്നു കാണാൻ വക തരുന്നൊരിടമാണ്. കഴിഞ്ഞ സിംഗപ്പുർ സന്ദർശ്നത്തിനിടെ ഓടി നടന്ന് കുറേയൊക്കെ കണ്ടതുമാണ്. ഇനിയും കാണാനേറെ. പക്ഷേ അതിനുള്ള സമയമില്ല.

വേഗം ഒരു വാഷ് റൂമിൽ കയറി പല്ല് തേച്ചെന്ന് വരുത്തി. പിന്നെ ടീമംഗങ്ങൾക്കൊപ്പം സെക്യൂരിറ്റി ചെക്കിംഗ്. താമസിയാതെ സിൽക്ക് എയറിന്റെ കണക്ഷൻ ഫ്ലൈറ്റിലേക്ക്. ഒരു നിരയിൽ ഒമ്പതു സീറ്റുള്ള വലിയ വിമാനമാണ്.എസ് ക്യു 942. ബോയിംഗ് 787 - 10  ഡ്രീംലൈനർ കാറ്റഗറിയിൽ പെടുന്നത്. ബിസിനസ് ക്ലാസ്സിൽ 36 ഉം ഇക്കണോമിയിൽ 301 മായി 337 യാത്രക്കാരെ കയറ്റാൻ പറ്റുന്ന വൈഡ് ബോഡി എയർക്രാഫ്റ്റാണ്. 68 മീറ്ററിലേറെ നീളമുണ്ട്.. സിംഗപ്പൂരിന്റെ വിമാനക്കമ്പനിയായ സിൽക്ക് എയറിന് ഇത്തരത്തിൽ ഒട്ടേറെ വിമാനങ്ങളുണ്ട്. പക്ഷേ നിർഭാഗ്യം. വിൻേറാ സീറ്റ് ലഭിച്ചില്ല. എയർഹോസ്റ്റസ്മാർ വന്ന് മുഖം തുടക്കാനുള്ള ടവൽ തന്നു. നന്നായി സ്റ്റെറിലൈസ് ചെയ്തത്. അത് മുഖത്തുരസിയപ്പോൾ   ഒരുന്മേഷം തോന്നി .ഹൃദ്യമായ ചൂട്.

മുന്നിൽ മോണിട്ടർ ഉണ്ട്. സിനിമയോ ടെലിവിഷൻ ഷോയോ കാർട്ടൂണോ കാണാം. ഹോളിവുഡ്. ചൈനീസ്, ൊറിയൻ. ഏതാനും ഇന്ത്യൻ സിനിമകൾ എന്നിവ പ്ലേ ലിസ്റ്റിലുണ്ട്. ഒരു ചൈനീസ് സിനിമ പ്ലേ ചെയ്തു. നാളിതു വരെയായി വളരെ കുറച്ചേ ചൈനീസ് സിനിമകൾ കണ്ടിട്ടുള്ളൂ. അതും ഫിലിം ഫെസ്റ്റിൽ വച്ച്. ഇതിന് ഇംഗ്ലീഷ് സബ്‌ടൈറ്റിലും ഉണ്ട്. അതിനാൽ ഭാഷ തടസ്സമായില്ല. വിഷയ സ്വീകരണത്തിലും ടെക്നിക്കൽ സൈഡിലും ഹോളിവുഡ് നിലവാരമുണ്ട് ചൈനീസ് സിനിമകൾക്ക്. വിമാനം ഉയർന്നുപൊങ്ങിയ ഉടൻ  ബ്രേക്ഫാസ്റ്റ് വിതരണം. രാത്രി വൈകിയാണെങ്കിലും, കൊച്ചിയിൽ നിന്ന് വന്ന ഫ്ലൈറ്റിൽ നിന്ന് ആഹാരം കഴിച്ചതാണ്.എങ്കിലും നല്ല വിശപ്പുണ്ട്.

ചിക്കൻ ചേരാത്ത ഒരു വിഭവമാണ് പറഞ്ഞത്. യാത്രാവേളകളിൽ നോൺ വേജ് ഒഴിവാക്കുന്ന ശീലമുണ്ടെനിയ്ക്ക്. കുടിക്കാൻ കോക്കകോളയും പറഞ്ഞു.ഫ്രൂട്ട് ജ്യൂസ് എന്ന പേരിൽ തരുന്ന ഫ്ലേവേർഡ് ഡ്രിങ്ക്സിനെക്കാൾ നല്ലത് കോള തന്നെയാണ്. പ്രാതൽ നന്നായി. സാധാരണ മറ്റു ഫ്ലൈറ്റുകളിൽ നിന്ന് കിട്ടുന്നതിനേക്കാൾ രുചികരമായ ആഹാരം. ഇളം ചൂടുമുണ്ട്. മദ്യം വേണ്ടവർക്ക് അതുമുണ്ട്.

വിൻഡോ സീറ്റല്ലാത്തതിനാൽ പുറങ്കാഴ്ചകൾ കാണാനാവില്ല.അതിനാൽ ആഹാരം കഴിഞ്ഞയുടൻ ചൈനീസ് സിനിമയിലേക്ക് തന്നെ പോയി. ബാലിയിൽ ഡെൻപസാർ എയർപോർട്ടിലാണ് ഇറങ്ങേണ്ടത്. തിരക്കേറിയ എയർ പോർട്ടാണതും. നല്ല സൗകര്യങ്ങളുള്ള വിമാനത്താവളം. ഏഷ്യയിൽ,റിനവേറ്റ് ചെയ്ത് സൗകര്യങ്ങൾ വർദ്ധിപ്പിച്ച ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള  പുരസ്കാരം നേടിയിട്ടുണ്ട് എൻ ഗുരാ റായ് (Ngurah Rai) എന്ന പേരിലറിയപ്പെടുന്ന  ഡെൻപസാർ എയർപോർട്ട്.

ചാംഗിയിൽ നിന്ന് 1537 കിലോമീറ്ററകലെയാണ് ഡെൻ പസാർ എയർപോർട്ട്.രണ്ടര മണിക്കൂറിലേറെ പറക്കാനുണ്ട് .ബാലിയുടെ തലസ്ഥാന നഗരി കൂടിയാണ് ഡെൻ പസാർ. ലാന്റ് ചെയ്യേണ്ട സമയത്തു തന്നെ അവിടെ പറന്നെത്തിയെങ്കിലും റൺവേ തുറന്നു കിട്ടാത്തതിനാൽ ബാലിയുടെ ആകാശത്ത് കുറച്ച് നേരം കൂടി വിമാനം വട്ടം കറങ്ങി.ഏതാണ്ട് 15 മിനിറ്റ് നേരത്തെ അധികപ്പറക്കൽ. അതു നന്നായെന്ന് തോന്നി. കണ്ടു കൊണ്ടിരുന്ന ചൈനീസ് സിനിമ പൂർത്തിയാക്കാൻ സാധിച്ചു.

ബാലിയിൽ നേരത്തേ ചെന്നിറങ്ങിയിട്ടും കാര്യമില്ല. എയർപോർട്ടിലിറങ്ങി, എമിഗ്രേഷൻ പൂർത്തിയാക്കി, ലഞ്ചും കഴിച്ച് രണ്ടരയോടെ മാത്രമേ ഹോട്ടലിലെത്തി ചെക്കിൻ ചെയ്യാനാകൂ. ആദ്യ ദിവസത്തെ ടൂർ പരിപാടികളെല്ലാം അതിന് ശേഷമാണ്. ഫ്ലൈറ്റിൽ നിന്നാഹാരം കഴിച്ചതിനാൽ  ലഞ്ച് കഴിക്കാനുള്ള വിശപ്പുമില്ല. ബാലി സമയം പകൽ പതിനൊന്നരയോടെ വിമാനം റൺവേ തൊട്ടു. പിന്നെ ടീമംഗങ്ങൾക്കൊപ്പം പുറത്തേക്ക്.

ടൂർ മാനേജരായ അനോഷിന് നേരത്തേ ഒരു ടീമിനെ നയിച്ച് ബാലിയിൽ വന്ന പരിചയമുണ്ട്. അതിനാൽ ഞങ്ങളെ ഗൈഡ് ചെയ്യാൻ പ്രയാസമുണ്ടായില്ല. ആദ്യം എമിഗ്രേഷൻ. കൗണ്ടറിൽ നല്ല ആൾക്കൂട്ടമുണ്ട്.

വിവിധ രാജ്യങ്ങളിലെ ആൾക്കാർ.തൊട്ടു മുമ്പെ വന്ന വിമാനങ്ങളിലെ യാത്രക്കാരാണ്. ടൂറിസ്റ്റുകൾ തന്നെ. ആഫ്രിക്കൻ വംശജർ. മംഗോളിയൻ മുഖമുള്ളവർ. ഓസ്ടേലിയൻ സായിപ്പന്മാർ. കുറച്ച് ഉത്തരേന്ത്യക്കാരും. മലയാളികൾ വളരെ കുറവ്. ഇന്ത്യക്കാർക്ക് ഫ്രീ വീസയാണ്. വലിയ നടപടി ക്രമങ്ങളൊന്നുമില്ല. പാസ്പോർട്ട് നോക്കി ,സ്ക്രീനിൽ ഒന്ന് ഫിംഗർ ടച്ച് കൂടി ചെയ്യിച്ചതോടെ പ്രവേശനാനുമതി കിട്ടി. എത്ര എളുപ്പം.

bali-travel2

ഇനി വേണമെങ്കിൽ മുപ്പത് ദിവസം ബാലിയിൽ ഞങ്ങൾക്ക് താമസിക്കാം. അത്രയും ദിവസത്തേക്കുള്ള ഫ്രീ വിസയാണ്. ഞാനപ്പോൾ ഓർത്തത് ബാലിയിലെത്തിയ ആദ്യ മലയാളി ടൂറിസ്റ്റായ എസ്.കെ.പൊറ്റെക്കാടിനെയാണ്. അന്ന് ബാലിയിലേക്ക് വരാനായി ബോട്ട് കിട്ടാൻ തൊട്ടടുത്ത ദ്വീപായ ജാവയിലെ ബഞ്ചാംഗി തുറമുഖത്ത് ഒരു ദിവസം കാത്തുകെട്ടി കിടക്കേണ്ടി വന്നിട്ടുണ്ടദ്ദേഹത്തിന്. വളരെ കർശനമായ ഇമിഗ്രേഷൻ - കസ്റ്റംസ് പരിശോധനകളും നേരിടേണ്ടി വന്നിരുന്നു. എഴുത്തുകാരൻ എന്ന ഒറ്റ പരിഗണനയിലാണ് അദ്ദേഹത്തിനന്ന് ബാലിയിൽ ഇറങ്ങാനായത്. ഇന്തോനേഷ്യൻ ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ കത്തിന്റെ ബലത്തിലാണ് അന്നദ്ദേഹത്തിന് ആ പരിഗണന പോലും  കിട്ടിയത്. ഇന്നിപ്പോൾ എത്ര സുഗമം.

ഇമിഗ്രേഷൻ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ മുന്നിലാദ്യം ഡ്യുട്ടി ഫ്രീ ഷോപ്പ്. പിന്നാലെ ഉണ്ടായിരുന്ന രമേശേട്ടനും നൗഷിയും ഓടി  ഒപ്പമെത്തി. ബാലിയിൽ മദ്യത്തിന്റെ ലഭ്യത, വില, ഒരാൾക്ക് എത്ര ലിറ്റർ കൊണ്ടു പോകാം തുടങ്ങി കുറച്ച് കാര്യങ്ങൾ അവർക്കറിയണം. എയർപോർട്ടിൽ എത്തിയ ഉടൻ ഫ്രീ വൈഫൈ കിട്ടിയതിനാൽ നെറ്റിൽ കേറി അക്കാര്യം നോക്കി. ബാലിയിൽ മദ്യത്തിന് വിലക്കുകളൊന്നും ഇല്ല. പക്ഷേ ഒരാൾക്ക് എയർപോർട്ടിൽ നിന്ന് കൊണ്ടുപോകാവുന്നത് ഒരു ലിറ്റർ മാത്രം. അത് കൊച്ചിയിൽ നിന്നേ കൊണ്ടുപോന്നിട്ടുണ്ട്. മൂന്ന് പേരുടെ പാസ്പോർട്ടിലായി മൂന്ന് ലിറ്റർ ഷിവാസ് റീഗൽ. മൂന്ന് കുപ്പി കൈയ്യിലുള്ളതിനാൽ, ഇനി വാങ്ങാനാവില്ല എന്നറിഞ്ഞപ്പോൾ. രണ്ടു പേരുടെയും മുഖത്ത് പടർന്ന നിരാശ വർണിക്കാനാവില്ല. നാട്ടിലും വീട്ടിലും ഒരു തുള്ളി മദ്യപിക്കാൻ പറ്റാത്തതിനാൽ നാടു വിട്ടു പോന്ന പോലുണ്ട് രണ്ടു പേരുടെയും മുഖഭാവം.

എന്തായാലും ബാലി എയർപോർട്ടിലെ മദ്യത്തിന്റെ വില നോക്കി. കൊച്ചിയിലേതിനേക്കാൾ കൂടുതലാണ്. അക്കാര്യം അവരെ അറിയിച്ചു. കൊണ്ടു പോകാൻ നിയന്ത്രണമുള്ളതിനാൽ കുപ്പിയൊന്നും വാങ്ങാതെ അവർക്കൊപ്പം പുറത്തിറങ്ങി. പിന്നെ ലഗേജ് കലക്ടുചെയ്തു. ഒന്നു വാഷ്റൂമിലും പോയി വന്നു. സംഘത്തിലെ മറ്റ് ആൾക്കാരുടെ ലഗേജ് കലക്ഷനു വേണ്ടിയും  അവർക്ക് വാഷ്റൂമിൽ പോയി വരാനുമായി കുറച്ച് കൂടി സമയം വേണം. കാത്തിരിപ്പിന്റെ ആ സമയത്ത് നാട്ടിലേക്ക് ഒരു വാട്സാപ്പ് വീഡിയോ കാൾ ചെയ്തു. വാട്സാപ്പ് വന്നതിൽ പിന്നെ വിദേശയാത്രയ്ക്കിടെ അതാതു രാജ്യത്തെ സിം എടുക്കുന്ന പരിപാടിയില്ല. എയർപോർട്ടിലൊ ഹോട്ടലിലൊ ഉള്ള ഫ്രീ വൈ ഫൈ ഉപയോഗിച്ചുള്ള കമ്യൂണിക്കേഷൻ മാത്രം.

ഭാര്യയെയും മകളെയും ഫോണിൽ കണ്ടു കൊണ്ട് സംസാരിച്ചു. ബാലിയിൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയാകുന്നു. നാട്ടിൽ രാവിലെ ഒമ്പതരയും.ഞായറാഴ്ചയായതിനാൽ അല്പം വൈകി അവർ ബ്രേക്ഫാസ്റ്റ് കഴിക്കുന്നതേയുള്ളൂ. ടീമംഗങ്ങൾ പുറത്തേക്കിറങ്ങാൻ  റെഡിയായിട്ടില്ല. അവരെ കാത്തിരിക്കാതെ മെല്ലെ പുറത്തേക്കിറങ്ങി. വിമാനത്താവളത്തിന്റെ സൗകര്യങ്ങളെല്ലാം നോക്കിക്കാണുകയായിരുന്നു ലക്ഷ്യം. ഒപ്പം രമേശേട്ടനും നൗഷിയും വന്നു.

വഴിയിൽ കസ്റ്റംസ് ചെക്കിംഗ്. സ്കാനിംഗ്‌ യന്ത്രത്തിൽ കയറിയിറങ്ങിയ രമേശേട്ടന്റെ ബാഗിലെ മൂന്ന് മദ്യക്കുപ്പിയെ പറ്റി ചോദ്യം വന്നു. ഞങ്ങൾ മൂന്നു പേരുടേയും കുപ്പികളാണ് ആ ബാഗിൽ  എന്നറിയിച്ചപ്പോൾ പോകാനനുവദിച്ചു. ടൂറിസ്റ്റുകളെ അങ്ങനെ ഉപദ്രവിക്കുന്ന പരിപാടിയൊന്നും അവർക്കില്ല. അവിടുന്ന് പുറത്തിറങ്ങിയപ്പോൾ മുന്നിൽ നെയിംബോർഡുമായി ഡസൻ കണക്കിന് ടൂറിസ്റ്റ് ഗൈഡുമാർ. അക്കൂട്ടത്തിൽ ഞാൻ സാന്റാ മോണിക്കയുടെ പേര് തിരഞ്ഞു. കുറേ നോക്കിയപ്പോൾ കണ്ടു ആ ബാനറുമായി ഒരാൾ.

പരമ്പരാഗത ബാലി വേഷം ധരിച്ച ,കാഴ്ച്ചയിൽ ഒരു റെഡ് ഇന്ത്യൻ മുഖച്ഛായ ഉള്ള ഒരു മദ്ധ്യവയസ്കൻ. പേര് തിരക്കി. പ്രത്യേക ശൈലിയിലുള്ള ഇംഗ്ലീഷിൽ മറുപടി. സുമന്ത് എന്നാണ് പറഞ്ഞത് എന്ന് ഞാൻ ഊഹിച്ചു. ബാലിയിൽ ഇനി ഉള്ള ദിവസങ്ങളിൽ ഞങ്ങൾക്ക് വഴികാട്ടി ഇയാളാണ്.

....... തുടരും.........

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com