ADVERTISEMENT

ഇന്ത്യൻ മഹാസമുദ്രത്തില്‍ ജാവയ്ക്ക് തൊട്ട് തെക്കായി ഓസ്ട്രേലിയൻ പ്രദേശത്ത് കിടക്കുന്ന അതിമനോഹരമായ ഒരു ദ്വീപാണ് ക്രിസ്മസ് ദ്വീപ്. ഒരു നായയുടെ ആകൃതിയിലുള്ള ഈ ദ്വീപിന് 1643 ക്രിസ്മസ് ദിനത്തില്‍ ക്യാപ്റ്റന്‍ വില്ല്യം മൈനേഴ്സ് ആണ് ആ പേരിട്ടത്. ഗുഹകൾക്കും പവിഴപ്പുറ്റുകൾക്കും ഏറെ പേരുകേട്ട വിനോദസഞ്ചാരകേന്ദ്രമാണ് ഇവിടം. 

 

christmas-island

ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടക്കുന്നതും മനുഷ്യന്‍റെ പരിമിതമായ ഇടപെടലുകളും മൂലം ഒട്ടനവധി അപൂര്‍വ്വ സസ്യജന്തുജാലങ്ങൾ ഇവിടെ ഇന്നുമുണ്ട്. അതുകൊണ്ടുതന്നെ ശാസ്ത്രജ്ഞർക്കും പ്രകൃതിശാസ്ത്രജ്ഞർക്കും ഏറെ പ്രിയപ്പെട്ട ഒരു പഠനകേന്ദ്രം കൂടിയാണ് ഇവിടം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഗാലപ്പഗോസ് ദ്വീപ്‌ എന്ന് ഇതിനെ വിളിക്കുന്നതും ഇക്കാരണം കൊണ്ടു തന്നെയാണ്.

 

ദ്വീപിന്‍റെ ഭൂരിഭാഗവും ക്രിസ്മസ് ദ്വീപ് ദേശീയ ഉദ്യാനത്തിന്‍റെ പരിധിയില്‍പ്പെട്ട പ്രദേശങ്ങളാണ്. സമൃദ്ധമായി പരന്നുകിടക്കുന്ന മൺസൂൺ വനപ്രദേശവും ഫോസ്ഫേറ്റ് നിക്ഷേപവുമാണ് ദ്വീപിന്‍റെ മറ്റൊരു പ്രത്യേകത. 

crabs-on-road-credit-wondrous-world-images-h-1366x410
Image Courtesy parks australia.gov.official site

ചുവപ്പന്‍ ഞണ്ടുകള്‍

ക്രിസ്മസ് ദ്വീപില്‍ എല്ലാ വര്‍ഷവും കാണപ്പെടുന്ന ഒരു മനോഹര പ്രതിഭാസമാണ് ഞണ്ടുകളുടെ കുടിയേറ്റം. ഏകദേശം 60 ദശലക്ഷം ചുവന്ന കര ഞണ്ടുകൾ തീരത്തേക്ക് വരുന്ന ഒരു പ്രകൃതി വിസ്മയമാണിത്.

ക്രിസ്മസ് ദ്വീപിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ചുവപ്പന്‍ ഞണ്ടുകളെ ഒക്ടോബർ, നവംബർ മാസങ്ങളിലാണ് കാണാന്‍ കഴിയുക. ഞണ്ടുകളുടെ ദ്വീപ്‌ എന്നും ക്രിസ്മസ് ദ്വീപ്‌ അറിയപ്പെടുന്നുണ്ട്.

ഡൈവിങും സ്‌നോർക്കെലിങ്ങും

ജലകായികവിനോദങ്ങള്‍ക്ക് ഏറെ പേരു കേട്ടതാണ് ക്രിസ്മസ് ദ്വീപ്‌. ഇവിടത്തെ ഡൈവിംഗും സ്‌നോർക്കെലിംഗും ജനപ്രിയമാണ്. ഏകദേശം 60 ലധികം ഡൈവ് സൈറ്റുകള്‍ ഉള്ള ദ്വീപില്‍ വർഷം മുഴുവൻ ഇവയ്ക്കുള്ള സൗകര്യം കാണും. അപൂര്‍വ്വ ഇനത്തില്‍പ്പെട്ടവയടക്കം 575 ലധികം ഉഷ്ണമേഖലാ മത്സ്യങ്ങളെ കാണാനുള്ള അവസരം കൂടിയാണിത്. 

ക്രിസ്മസ് ഐലന്‍ഡ്  നാഷണൽ പാർക്കിലൂടെയുള്ള നടത്തവും സഞ്ചാരികള്‍ക്ക് പരീക്ഷിക്കാം. 

 

അപൂര്‍വ്വ പക്ഷികളെ കാണാം

ഗോള്‍ഡന്‍ ബോസണുകൾ, ഫ്രിഗേറ്റ് പക്ഷികൾ, ചുവപ്പ്, തവിട്ട് നിറമുള്ള പാദങ്ങളോടു കൂടിയ ബൂബീസ് തുടങ്ങി മനോഹരവും അപൂർവവുമായ നിരവധി പക്ഷികളെ ഇവിടെ കാണാൻ കഴിയും. പക്ഷി പ്രേമികള്‍ക്കായി എല്ലാവര്‍ഷവും സെപ്റ്റംബറില്‍ ബേർഡ് നേച്ചർ വീക്ക് നടത്തിവരുന്നു. ലോകമെമ്പാടുമുള്ള നിരവധി പക്ഷിനിരീക്ഷകര്‍ ഇക്കാലത്ത് ദ്വീപിലെത്തുന്നു. മാർഗരറ്റ് നോൾ ആണ് പക്ഷി നിരീക്ഷണത്തിനുള്ള മറ്റൊരു മികച്ച ഇടം.

കഥപറയും തീരങ്ങള്‍

ക്രിസ്മസ് ദ്വീപിൽ ഏകദേശം 80 കിലോമീറ്റർ നീളത്തില്‍ തീരപ്രദേശമുണ്ടെങ്കിലും കുറച്ചു ഭാഗങ്ങളില്‍ മാത്രമേ എളുപ്പത്തില്‍ എത്തിച്ചേരാനാവൂ. ചുറ്റുമുള്ള മലഞ്ചെരിവുകളാണ് ഇതിനു കാരണം.

ഫ്ലൈയിംഗ് ഫിഷ് കോവ് (പ്രധാന ബീച്ച്), ലില്ലി ബീച്ച്, എഥേൽ ബീച്ച്, ഇസബെൽ ബീച്ച് എന്നിവ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ബീച്ചുകളിൽ ഉൾപ്പെടുന്നു. അതേസമയം, ഗ്രെറ്റ ബീച്ച്, ഡോളി ബീച്ച്, വിനിഫ്രഡ് ബീച്ച്, മെരിയൽ ബീച്ച്, വെസ്റ്റ് വൈറ്റ് ബീച്ച് എന്നീ ബീച്ചുകളില്‍ എത്താന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. 

എങ്ങനെ എത്താം?

പശ്ചിമ ഓസ്‌ട്രേലിയയിലെ പെർത്തിൽ നിന്ന് ക്രിസ്മസ് ദ്വീപ് വിമാനത്താവളത്തിലേക്ക് വിർജിൻ ഓസ്‌ട്രേലിയ റീജിയണൽ എയർലൈൻസിന്‍റെ രണ്ട് വിമാന സർവീസുകൾ ആഴ്ചതോറുമുണ്ട്. ക്രിസ്മസ് ഐലന്റ് ട്രാവൽ എക്സ്ചേഞ്ച് വഴി ഗരുഡ ഇന്തോനേഷ്യ ജക്കാർത്തയിൽ നിന്ന് ആഴ്ചതോറും ഓപ്പൺ ചാർട്ടർ ഫ്ലൈറ്റുകൾ ലഭ്യമാക്കുന്നുണ്ട്. എവർക്രോൺ എയർ സർവീസസ് വഴി മാലിൻഡോ എയർ ക്വാലാലംപൂരിൽ നിന്ന് ഒന്നിടവിട്ട ദിനങ്ങളില്‍ ഓപ്പൺ ചാർട്ടർ വിമാന സര്‍വീസും ലഭ്യമാക്കിയിട്ടുണ്ട്

വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്ക് കാറുകൾ വാടകയ്ക്ക് കിട്ടും.

English Summary: Christmas Island - Tourism Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com