ADVERTISEMENT

മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം നമ്മുടെ രാജ്യത്തെ പല മതങ്ങളുടെയും അടിത്തറയാണ്. ചൈനയിലാകട്ടെ, ഇത്തരം വിശ്വാസങ്ങള്‍ക്കായി പണിതുയര്‍ത്തിയ ഒരു നഗരം തന്നെയുണ്ട്‌. ചോംഗ്ക്വിംഗ് മുനിസിപ്പാലിറ്റിയിലെ ഫെംഗ്ഡു കൗണ്ടിയില്‍ മിംഗ് പര്‍വ്വതനിരയിലായി സ്ഥിതിചെയ്യുന്ന ഈ നഗരത്തിന്‍റെ പേര് തന്നെ ഫെംഗ്ഡു ഗോസ്റ്റ് സിറ്റി എന്നാണ്. മരണാനന്തര ജീവിതത്തിനായി സമര്‍പ്പിച്ചിരിക്കുന്ന ധാരാളം ആരാധനാലയങ്ങള്‍ ഇവിടെ കാണാം.

കെട്ടിടങ്ങൾ, ഡയോറമകൾ, ചൈനീസ് വിശ്വാസമനുസരിച്ച് നരകത്തെ  പ്രതിനിധാനം ചെയ്യുന്ന ദിയു, നരക എന്നിവയുമായി ബന്ധപ്പെട്ട പ്രതിമകൾ, ചൈനീസ് പുരാണങ്ങളിൽ നിന്നും ബുദ്ധമതത്തിൽ നിന്നുമുള്ള ആശയങ്ങൾ തുടങ്ങിയവയെല്ലാം ഈ നഗരത്തിലെങ്ങും കാണാം. 

സമീപ വർഷങ്ങളിൽ ഫെങ്‌ഡു ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറിയിട്ടുണ്ട്. ചൈനീസ് വിശ്വാസങ്ങളുടെ ഉള്ളറകള്‍ തേടി നിരവധി പേരാണ് ഇവിടെ എത്തുന്നത്.

രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഉദയം

ഐതിഹ്യങ്ങള്‍ അനുസരിച്ച് ഈ നഗരത്തിന് രണ്ടായിരം വര്‍ഷം പഴക്കമുണ്ട് എന്നാണ് കാണുന്നത്. ഇത് മരണാനന്തര ജീവിത വിശ്വാസത്തോടൊപ്പം കൺഫ്യൂഷ്യനിസം, താവോയിസം, ബുദ്ധമതം എന്നിവയുടെ വിശ്വാസങ്ങളെ സമന്വയിപ്പിക്കുകയാണ് ചെയ്യുന്നത്. ചൈനീസ് സാഹിത്യത്തിലെ നിരവധി ക്ലാസിക് കൃതികളിൽ ഈ പ്രദേശത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം.

പേര് വന്ന വഴി

കിഴക്കൻ ഹാൻ രാജവംശക്കാലത്താണ് ഫെങ്‌ഡുവിന് ഗോസ്റ്റ് സിറ്റി എന്ന പേര് ലഭിച്ചതെന്നാണ് ഐതിഹ്യം. സാമ്രാജ്യത്തിലെ ഉദ്യോഗസ്ഥരായിരുന്ന യിൻ ചാങ്‌ഷെങും വാങ് ഫാങ്‌പിംഗും താവോയിസം അഭ്യസിക്കാൻ മിംഗ് പർവതത്തിൽ വന്നുവെന്നും അവര്‍ മരണമില്ലാത്തവരായി മാറിയെന്നുമാണ് പറയപ്പെടുന്നത്. അവരുടെ പേരുകള്‍ ഒരുമിച്ചു ചേര്‍ത്താല്‍ കിട്ടുന്ന യിൻവാങ് എന്ന പദത്തിന് "നരകത്തിന്‍റെ രാജാവ്" എന്നാണ് അര്‍ത്ഥം. മരണാനന്തര ജീവിതത്തെ കുറിച്ചുള്ള ചിന്തകളുടെ തുടക്കമായിരുന്നു അത്. ഇവിടത്തെ പല ആരാധനാലയങ്ങളിലും പാപികള്‍ പീഡിപ്പിക്കപ്പെടുന്നത് കാണിക്കുന്ന ചിത്രങ്ങളും ശില്പങ്ങളുമുണ്ട്. 

മരിച്ചാല്‍ മൂന്നു തരം പരീക്ഷകള്‍

ചൈനീസ് വിശ്വാസപ്രകാരം, മരിച്ചു പോയ ആളുകള്‍ അടുത്ത ജീവിതത്തിലേക്ക് കടക്കുന്നതിന് മുമ്പ് മൂന്ന് പരീക്ഷണങ്ങള്‍ വിജയിക്കണം. ഇതിനായുള്ള നിര്‍മ്മിതികളും നഗരത്തിലുണ്ട്. ടൂറിസ്റ്റുകള്‍ക്ക് ഇവിടം സന്ദര്‍ശിക്കാം.

red-pagoda-on-Fengdu-Ghost-Island-

ആദ്യമായി അവർ യാങ്‌സി നദിക്ക് മുകളിലായി നിര്‍മ്മിച്ച "നിസ്സഹായതയുടെ പാലം" കടക്കണം. മിംഗ് രാജവംശക്കാലത്ത് ശിലകള്‍ കൊണ്ട് നിർമ്മിച്ച ഈ പാലം മനുഷ്യരുടെ നന്മയും തിന്മയും തമ്മിലുള്ള അന്തരമാണ് അളക്കുന്നത്. ലൈംഗികത, പ്രായം, വൈവാഹിക അവസ്ഥ എന്നിവയ്ക്കനുസരിച്ച് പാലം കടക്കുന്നതിന് വ്യത്യസ്ത പ്രോട്ടോക്കോളുകള്‍ ആണ് ഉള്ളത്. പാപികള്‍ പാലത്തിനടിയിലേക്ക് വീണുപോകും എന്ന് അവര്‍ വിശ്വസിക്കുന്നു, നന്മയുള്ളവര്‍ക്ക് മാത്രമേ പാലം കടക്കാനാവൂ. ഇന്ന് ഇവിടം ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. ചെകുത്താന്മാരായി വേഷം കെട്ടിയ കലാകാരന്മാരെ ഇവിടെയെങ്ങും കാണാം. 

ഗോസ്റ്റ്-ടോർച്ചറിംഗ് പാസ് ആണ് രണ്ടാമത്തെ പരീക്ഷണം. അവിടെയാണ് മരിച്ചവര്‍ നരക രാജാവായ യമയുടെ മുമ്പാകെ ന്യായവിധിക്കായി ഹാജരാകുന്നത്. ഈ പ്രദേശത്ത് അസുരന്മാരുടെ വലിയ ശില്പങ്ങളുണ്ട്.

മുന്നൂറു വര്‍ഷം പഴക്കമുള്ള ടിയാന്‍സി കൊട്ടാര കവാടത്തിലാണ് മൂന്നാം പരീക്ഷണം. ഇവിടെയുള്ള ഒരു പ്രത്യേക കല്ലില്‍, രണ്ടാം ഘട്ടം കഴിഞ്ഞെത്തുന്നവരെല്ലാം മൂന്നു മിനിറ്റ് നേരം ഒറ്റക്കാലില്‍ നില്‍ക്കണം. നന്മയുള്ളവര്‍ക്ക് മാത്രമേ ഇങ്ങനെ നില്‍ക്കാനാവൂ എന്നും അല്ലാത്തവര്‍ നരകത്തിലേക്ക് പോകുന്നു എന്നുമാണ് വിശ്വാസം.

മരിച്ചവര്‍ക്ക് കുടുംബത്തെ കാണാന്‍

മരിച്ചുപോയവര്‍ക്ക് സ്വന്തം കുടുംബത്തെ കാണാനായി ഹോം വ്യൂവിങ്ങ് പവലിയന്‍ എന്നൊരു ടവറും ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്. 1985- ലാണ് ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായത്. 

എങ്ങനെ എത്താം?

കര മാര്‍ഗ്ഗം എത്താമെങ്കിലും യാങ്‌സി നദിയിലൂടെയുള്ള യാത്രയാണ് മിക്ക സഞ്ചാരികളും തിരഞ്ഞെടുക്കുന്നത്. "നിസ്സഹായതയുടെ പാല"ത്തിന്‍റെ മൂന്നു കമാനങ്ങള്‍ ഈ യാത്രയില്‍ കാണാം. നഗരത്തെ സ്വർഗ്ഗം, നരകം എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഓരോന്നിനും പ്രത്യേകം ടിക്കറ്റ് വേണം.

English Summary: Fengdu Ghost City Chongqing, China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com