പട്ടുനൂല്‍പ്പുഴുക്കള്‍ക്കായി ബഹുനില വീടുകള്‍; മലകള്‍ക്കിടയിലെ മഞ്ഞു പൊഴിയും നാട്ടില്‍

Gassho-Zukuri-Architecture
SHARE

ജപ്പാനിലെ യുനെസ്കോ ലോകപൈതൃക കേന്ദ്രങ്ങളില്‍പ്പെടുന്നവയാണ് ഷിരാകാവ ഗോ, ഗോകയാമ എന്നിവിടങ്ങളിലെ മനോഹരങ്ങളായ മലയോര ഗ്രാമങ്ങള്‍. ഇരുനൂറോളം ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ഷോഗാവ നദീതട താഴ്‌വരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശം ലോകപ്രശസ്തമായത്‌ തനതു സംസ്കാരവും വാസ്തുരീതിയും കൊണ്ടാണ്. ജപ്പാനില്‍ ഏറ്റവും കുറവ് പര്യവേഷണം ചെയ്യപ്പെട്ട പ്രദേശം എന്നാണ് ഇവിടം അറിയപ്പെടുന്നത്. 

കടുത്ത മഞ്ഞുകാലത്തെ അതിജീവിക്കുന്നതിനായി കുത്തനെയുള്ള മേല്‍ക്കൂരകളോടു കൂടിയ വീടുകള്‍ നിർമിക്കുന്ന ഗാസ്ഷോ-സുകുരി എന്ന വാസ്തുരീതിയാണ് പരമ്പരാഗതമായി ഇവിടെ പിന്തുടരുന്നത്. മാത്രമല്ല, നഗരജീവിതവുമായി അകലം സൂക്ഷിക്കുന്നതിനാൽ ഈ വിദൂരപ്രദേശത്തെ സംസ്കാരവും ജീവിതരീതികളും തനതായിത്തന്നെ നിലനിൽക്കുന്നുമുണ്ട്.

പര്‍വതവും ബുദ്ധനും ദൈവങ്ങള്‍

പണ്ടുമുതല്‍ക്കേ പര്‍വതാരാധന നിലനിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഇത്. പ്രധാന പർവതമായ മൗണ്ട് ഹകുസൻ പുരാതന കാലം മുതൽക്കെ പുണ്യകേന്ദ്രമായി കണക്കാക്കപ്പെടുന്നു. എട്ടാം നൂറ്റാണ്ടിൽ മൗണ്ട് ഹകുസനെ കേന്ദ്രീകരിച്ച് ആരാധന നടത്തിയിരുന്ന ഷിരാകാവ-ഗോ, ഗോകയാമ പ്രദേശം മതപരമായ ആചാരങ്ങൾക്കുള്ള സ്ഥലമായി മാറി. 

പിന്നീട് വളരെക്കാലം ഈ പ്രദേശം ജപ്പാനിലെ ടെൻഡായ് വിഭാഗത്തിന്‍റെ നിയന്ത്രണത്തിലായിരുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ ജോണ്ടോ ഷിൻ വിഭാഗം ടെൻഡായ് വിഭാഗത്തെ തുരത്തുകയും ഇന്നും പ്രധാന സ്വാധീനശക്തിയായി തുടരുകയും ചെയ്യുന്നു. 

വീടുകളിലെ ഗാസ്ഷോ-സുകുരി സ്റ്റൈല്‍

കുത്തനെയുള്ള ചരിഞ്ഞ മേൽക്കൂരയാണ് ഗാസ്ഷോ-സുകുരി ശൈലിയുടെ പ്രധാന സവിശേഷത. കൈകള്‍ കൂപ്പി പ്രാര്‍ഥിക്കുന്നതിനു സമാനമായാണ് ഇത് കരുതപ്പെടുന്നത്. അസാധാരണമാംവിധം ശക്തമാണ് എന്നു മാത്രമല്ല, ശൈത്യകാലത്ത് ഈ പ്രദേശത്തുണ്ടാവുന്ന കനത്ത മഞ്ഞുവീഴ്ചയുടെ ഭാരം മൂലം നശിച്ചു പോവാതിരിക്കാനും ഈ രൂപകൽപന വീടുകളെ പ്രാപ്തമാക്കുന്നു.

Gassho-Zukuri-Architecture1

വലിയ കുടുംബങ്ങൾക്കു പാർക്കാവുന്ന വിധത്തില്‍ മൂന്നോ നാലോ നിലകളോടു കൂടിയ വലിയ വീടുകളാണ് ഇവ. വാസ്തുശാസ്ത്രപരമായി ജപ്പാനിലെ ഏറ്റവും പ്രധാനപ്പെട്ടതും അപൂർവവുമായ ഒന്നാണ് ഗാസ്ഷോ ശൈലിയിലുള്ള വീടുകള്‍. 

പട്ടുനൂല്‍പ്പുഴുക്കളുടെ വീട്

പർവതപ്രദേശമായതിനാല്‍ പരന്ന ഭൂമിയുടെ അഭാവം മൂലം പരമ്പരാഗത നെൽകൃഷിക്ക് പണ്ട് ഇവിടെ അവസരമുണ്ടായിരുന്നില്ല.  ഉപജീവനത്തിനു വേണ്ടിയുള്ള വിളകള്‍ മാത്രം അവര്‍ കൃഷി ചെയ്തു. ജാപ്പനീസ് പേപ്പർ (വാഷി), വെടിമരുന്ന് നിർമ്മാണത്തിനുള്ള നൈട്രെ, സെറികൾച്ചർ അഥവാ പട്ടുനൂല്‍പ്പുഴു വളര്‍ത്തല്‍ എന്നിവയിലൂടെ ജീവിതമാര്‍ഗം കണ്ടെത്തി.

ഗാസ്ഷോ വീടുകളുടെ മുകളിലത്തെ നിലകൾ സെറികൾച്ചറിനായി നീക്കി വെച്ചിട്ടുള്ളവയായിരുന്നു. താഴത്തെ ഭാഗങ്ങൾ നൈട്രേയുടെ ഉൽ‌പാദനത്തിനായി ഉപയോഗിച്ചു.  

പതിനാറാം നൂറ്റാണ്ട് മുതലുള്ള ചരിത്രമുണ്ട് ഇവിടത്തെ പട്ടുനൂൽ ഉൽ‌പാദനത്തിന്. പതിനേഴാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ഇത് ഒരു ഉപവ്യവസായമായി മാറി. പിന്നീട് 1970 കളോടെ വീണ്ടും അഭിവൃദ്ധി പ്രാപിച്ചെങ്കിലും പിന്നീട് അത് പൂർണ്ണമായും അപ്രത്യക്ഷമായി. പട്ടുനൂൽപ്പുഴുക്കള്‍ക്കായി പ്രത്യേക ഇടം ഒരുക്കുന്നതിനും അവയുടെ ഭക്ഷണാവശ്യത്തിനായി മൾബറി ഇലകൾ സംഭരിക്കുന്നതിനുമായാണ് ബഹുനിലകളുള്ള കെട്ടിടങ്ങള്‍ ഗാസ്ഷോ ശൈലിയില്‍ നിർമിക്കാന്‍ തുടങ്ങിയത്.

സംരക്ഷിക്കപ്പെട്ട പൈതൃകകേന്ദ്രം

ഗാസ്ഷോ ശൈലിയിലുള്ള വീടുകള്‍ ഉള്‍ക്കൊള്ളുന്ന പർതഗ്രാമങ്ങളായ ഒഗിമാച്ചി, ഐനോകുര, സുഗാനുമ എന്നിവ ഉൾപ്പെടുന്ന പ്രദേശമാണ് യുനെസ്കോ ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചത്. മധ്യ ജപ്പാനിലെ ചുബു മേഖലയിലെ കൊടുംവനങ്ങളുള്ളതും കുത്തനെയുള്ളതുമായ പർവതങ്ങളാൽ ഇവ ചുറ്റപ്പെട്ടിരിക്കുന്നു. 

0.68 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശമാണ് ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ഗ്രാമങ്ങളിലെ ഓരോ പ്രദേശവും പ്രത്യേകം ബഫർ സോണിനുള്ളിലാക്കി പരിരക്ഷിച്ചിരിക്കുകയാണ് ഇപ്പോള്‍. തീയണയ്ക്കാനും പെട്ടെന്നുള്ള അപകടങ്ങളെ നേരിടുന്നതിനുമായി ഗ്രാമവാസികള്‍ക്ക് പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്.

English Summary: Slanted Roofs and Silkworms: Japan's Gassho-Zukuri Architecture

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA