ADVERTISEMENT

‘എന്തൊരു പൊളി കാലങ്ങളായിരുന്നു, ഡ്രസ് പായ്ക്ക് ചെയ്യുന്നു, ബാഗ് തോളിലേറ്റുന്നു, വണ്ടിയെടുക്കുന്നു ഒറ്റപ്പോക്ക്. യാത്രകളോടു യാത്രയായിരുന്നു. ഇപ്പോൾ ഒന്നു പുറത്തേക്കിറങ്ങണമെങ്കിൽ മൂക്കുംമൂടി ഇറങ്ങേണ്ട അവസ്ഥയായി. എന്റെ കൊറോണ, നീ ആളു നിസ്സാരക്കാരനല്ല, ലോകം മുഴുവനും നിന്നെ ഭയന്ന് വിറങ്ങലിച്ച് കഴിയുകയാണ്. ഇൗ വില്ലൻ കാരണം വീടിന്റെ പടിവാതിലിനു പുറത്തേക്ക് കടക്കണമെങ്കിൽ മാസ്ക് വേണം. ഒപ്പം സാനിറ്റൈസറും. കാലം പോയ പോക്കേ, ഞങ്ങൾ ഒറ്റക്കെട്ടായി നിന്നോടു പൊരുതും.’– നർമം കലർന്ന വാക്കുകളിലൂടെ പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുന്ന കോമഡി സൂപ്പർ സ്റ്റാർ ഷൈജു അടിമാലിയുടെ വാക്കുകളാണ്.

സ്വീകരണമുറിയിലേക്ക് ചിരിയുടെ മാലപ്പടക്കവുമായി എത്തുന്ന ഇൗ താരത്തിന്റെ ഒാരോ വാക്കിലുമുണ്ട് ചിരിക്കാനേറെ. കൊറോണ കാരണം എവിടേക്കും യാത്ര പോകാനാവാതെ പഴയ യാത്രാനുഭവങ്ങളും ഒാർമകളും അയവിറക്കി കഴിയുകയാണ് ഷൈജുവും. യാത്രകളും വിശേഷങ്ങളും ഷൈജു മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുന്നു.

ഇവളാണ് എനിക്ക് എന്നും പ്രിയപ്പെട്ടവൾ

ഇടുക്കിയോളം സൗന്ദര്യം മറ്റെവിടെയും ഉണ്ടാകില്ലെന്നു തന്നെ ഞാൻ പറയും കാരണം എന്റെ നാട് ഇടുക്കിയാണ്. പച്ചപ്പും മലകളും കോടമഞ്ഞും വ്യുപോയിന്റുകളും കുളിരുമൊക്കെയുള്ള ഇടുക്കിയിലെ കാഴ്ച ആർക്കും മടുക്കില്ല. പ്രോഗ്രാമിന്റെ തിരക്ക് ഒഴിഞ്ഞാൽ സുഹൃത്തുക്കളുമായി അടിച്ചുപൊളിച്ചൊരു യാത്ര എപ്പോഴും പ്ലാൻ ചെയ്യുന്നത് ഇടുക്കിയുടെ ഹൃദയത്തിലേക്കാണ്.

Take a refreshing trip to the heady Elappara village in Idukki

സഞ്ചാരികൾക്കിടയിൽ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായി നിരവധിയിടങ്ങൾ ഇവിടെയുണ്ട്. സത്യത്തിൽ  ഇടുക്കിയുടെ മുക്കുമൂലയും വരെ ഞങ്ങൾക്ക് കാണാപ്പാഠമാണ്. ഇടുക്കിയിലെ ഒാരോ സ്ഥലത്തിനും സൗന്ദര്യം നൂറിരട്ടിയാണ്. കാഴ്ചയിൽ മാത്രമല്ല ഇടിവെട്ട് രുചിയിലും ഇടുക്കി സൂപ്പറാണ്. ഇടുക്കിയുടെ ഹൈറേഞ്ച് ഹൈക്ലാസ് രുചി ഒന്നറിയേണ്ടതു തന്നെയാണ്. ഇടുക്കി മിടുമിടുക്കിയാണ്.

കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചിട്ടുണ്ടെങ്കിലും പ്രകൃതിയുടെ സുന്ദരകാഴ്ചകൾ കൊണ്ട് പിന്നെയും യാത്ര പോകണം എന്നു തോന്നിയിട്ടുള്ള സ്ഥലങ്ങൾ കാസർകോടും വയനാടും കുട്ടനാടുമൊക്കെയാണ്.

ചിത്രങ്ങളിലൂടെ ഇഷ്‍ടപ്പെട്ട സ്ഥലങ്ങൾ

ഇന്ത്യക്കകത്തും പുറത്തും നിരവധിയിടങ്ങളിലേക്ക് യാത്ര പോയിട്ടുണ്ട്. ഡൽഹി, മുംബൈ, ഹൈദരബാദ്, മംഗലാപുരം എന്നിങ്ങനെ ഒരുപാട് സ്ഥലങ്ങളിൽ പോയിട്ടുണ്ട്. സമയപരിമതിയും കാലാവസ്ഥാ വ്യതിയാനവും കാരണം മിക്ക ടൂറിസ്റ്റ് സ്ഥലങ്ങളിലേക്കും പോകാന്‍ സാധിച്ചിട്ടില്ല.

shyju-trip1

എന്റെ ഏറ്റവും വലിയ വിഷമം, ഡൽഹിയിൽ പലതവണ പോയിട്ടുണ്ടെങ്കിലും താജ്മഹൽ സന്ദർശിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല എന്നതാണ്. പലപ്പോഴും പലകാരണങ്ങൾ കൊണ്ടും പോകാൻ സാധിച്ചിട്ടില്ല. എന്റെ സുഹൃത്തുക്കൾ മനോഹരമായ പല സ്ഥലങ്ങളുടെയും ചിത്രങ്ങൾ കാണിക്കുമ്പോൾ  ആഗ്രഹം തോന്നാറുണ്ട് ആ സ്ഥലങ്ങളിലേക്ക് യാത്ര തിരിക്കാന്‍. അതുപോലെ ചരിത്രങ്ങളും നിഗൂഢതയും നിറഞ്ഞ ഒരുപാട് സ്ഥലങ്ങൾ ഇൗ ലോകത്തിലുണ്ട് അവിടേക്ക് ഒരിക്കലെങ്കിലും പോകണമെന്നുണ്ട്.

shyju-trip4

ജഗതിച്ചേട്ടനൊടൊപ്പമുള്ള യാത്രയും അനുഭവവും

ജഗതിച്ചേട്ടന്റെ ടീമിലെ അംഗമായി പ്രോഗ്രാം ചെയ്യുവാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. റമസാൻ സമയത്ത് ഗൾഫിൽ പ്രോഗ്രാം അവതരിപ്പിക്കുവാനായി 1999ൽ എനിക്ക് അവസരം ലഭിച്ചു. ബഹ്റൈനില്‍ ആയിരുന്നു ആദ്യ പ്രോഗ്രാം. പിന്നെ ദോഹയിൽ. ടീമിലെ മറ്റെല്ലാ അംഗങ്ങളും ആദ്യം പോയി. എന്നോട് സ്പോൺസർ പറഞ്ഞു ജഗതിച്ചേട്ടനോടൊപ്പം പോകാമെന്ന്. കേട്ടതും എനിക്ക് വളരെ സന്തോഷം േതാന്നി. ഇത്രയും വലിയ കലാകാരനോടൊപ്പം യാത്ര ചെയ്യാനും വേദി പങ്കിടാനുമുള്ള ഭാഗ്യം ദൈവത്തിന്റെ അനുഗ്രഹം തന്നെയാണ്. യാത്രയിലുടനീളം ജഗതിച്ചേട്ടന്റെ തമാശകളായിരുന്നു. ചിരിച്ച് ചിരിച്ച് മണ്ണുകപ്പും. അങ്ങനെ ഞങ്ങൾ ദോഹ എയർപോർട്ടിലെത്തി. ഞാനാണ് അദ്യം ചെക്കിങ്ങിനായി എത്തിയത്. പക്ഷേ എന്നെ അവി‍‍ടെ മാറ്റി നിർത്തി. ജഗതിച്ചേട്ടനെ ചെക്കിങ്ങിനു ശേഷം കടത്തിവിട്ടു. എന്നോട് എയർപോർട്ടിലുണ്ടായിരുന്ന മലയാളി ഉദ്യോഗസ്ഥർ, ഇപ്പോൾ എല്ലാം ശരിയാക്കാമെന്നും വെയിറ്റ് ചെയ്യാനും പറഞ്ഞു. അപ്പോഴാണ് എന്തോ പ്രശ്നമുണ്ടെന്നു മനസ്സിലാകുന്നത്. 

shyju-trip

എനിക്ക് ടെൻഷനും വിഷമവുമൊക്കെ തുടങ്ങി. അതിനിടയിൽ ജഗതിച്ചേട്ടൻ അവിടെയുള്ള ഒരാളോട് ചൂടാകുന്നതും കണ്ടു. എന്നോട് ആഗ്യത്തിൽ എന്തോ പറയുന്നുണ്ടായിരുന്നു. ഞാൻ തലയാട്ടി. അന്ന് മൊബൈൽ ഫോണൊന്നും കൈയിൽ ഉണ്ടായിരുന്നില്ല. ഞാനാകെ വല്ലാത്ത അവസ്ഥയിലായി . എയര്‍പോർട്ടിലെ ഉദ്യോഗസ്ഥൻ വന്നിട്ട് പറഞ്ഞു, ഷൈജുവിന്റെ പേരിനു പകരം ഒരു പെണ്‍കുട്ടിയുടെ പേരാണ് വന്നിരിക്കുന്നതെന്നും, ആ പെണ്‍കുട്ടി ട്രിപ്പിലുണ്ടായിരുന്നെന്നും എന്തോ കാരണം കൊണ്ട് വന്നിട്ടില്ലെന്നും അതാണ് പ്രശ്നമെന്നും. അതുകൊണ്ട് ഷൈജു തിരികെ പോകണമെന്നും പറഞ്ഞു. അങ്ങനെ ഞാൻ നാട്ടിലേക്കു തിരിച്ചുപോയി.

shyju-trip2

അക്കാലത്ത് ഗൾഫിൽ പോകുക എന്നു പറയുന്നത് നാട്ടുകാർക്കും വീട്ടുകാർക്കുമടക്കം വളരെ സന്തോഷമുള്ള കാര്യമാണ്. നാട്ടിൽ തിരികെ എത്തുമ്പോൾ പെട്ടിനിറയെ ഗൾഫ് ചോക്ലേറ്റും അത്തറുമൊക്കെയാണ് എല്ലാവരുടെയും മനസ്സിൽ. വീട്ടിലേക്ക് ഒന്നുമില്ലാതെ മടങ്ങുന്നത് എനിക്ക് വളരെ വിഷമമായി തോന്നി.  കൂടാതെ ഇത്ര ദിവസം ക‌ഴിഞ്ഞേ മടങ്ങി വരൂ എന്നു പറഞ്ഞിട്ട് ഇത്ര വേഗം മടങ്ങാനും പ്രയാസമായിരുന്നു. അതുകൊണ്ടു ഞാൻ മൂവാറ്റുപുഴയിലെ ബന്ധുവീട്ടിലേക്കാണ് പോയത്. അവിടെ സംഭവിച്ചത് മറ്റൊന്നായിരുന്നു. പ്രോഗ്രാം നടക്കുന്ന‌യിടത്ത് ജഗതിച്ചേട്ടൻ പ്രശ്നം ഉണ്ടാക്കിയിരുന്നു. 

എന്നെ തിരികെ നാട്ടിലേക്കു പറഞ്ഞയച്ചതിൽ അദ്ദേഹത്തിന് വളരെ ദേഷ്യവും സങ്കടവുമായിരുന്നു. ഷൈജു നല്ലൊരു ആർട്ടിസ്റ്റാണ്. പ്രോഗ്രാമിനായി വിളിച്ചുവരുത്തിയിട്ട് തിരിച്ചയച്ചത് വളരെ മോശമായെന്നും പറഞ്ഞു. അടുത്ത വീക്കൻഡിലും അവിടെ ഇൗ ടീമിന് പ്രോഗ്രാം ഉണ്ടായിരുന്നു. ഷൈജുവിനെ അടുത്ത ഷോയിലേക്ക് തിരികെ വിളിച്ചില്ലെങ്കില്‍ ഇനി ആ ഷോയിൽ ജഗതി ശ്രീകുമാർ ഉണ്ടാവില്ലെന്നും ജഗതിച്ചേട്ടൻ പറഞ്ഞു. സ്പോൺസറെ ശകാരിക്കുകയും ചെയ്തു.

ചൂട് കുറഞ്ഞതോടെ സീലൈനിലെ സന്ദർശക തിരക്ക്. 	(ചിത്രം– ദ് പെനിന്‍സുല)
ചൂട് കുറഞ്ഞതോടെ സീലൈനിലെ സന്ദർശക തിരക്ക്. (ചിത്രം– ദ് പെനിന്‍സുല)

നാട്ടിലെത്തിയ എന്നെ തിരക്കി ആളുകൾ മൂവാറ്റുപുഴയിലെത്തി. അടുത്ത ഷോയിലേക്ക് ഷൈജു വരണമെന്നു പറഞ്ഞു. എനിക്ക് വളരെ സന്തോഷം തോന്നി. എല്ലാം പെട്ടെന്നായിരുന്നു. ടിക്കറ്റും വീസയും എല്ലാം റെഡിയാക്കി, ദോഹ വഴി ദുബായിലേക്കായിരുന്നു എന്റെ യാത്ര. ആ ഫ്ളൈറ്റിൽ എന്നോടോപ്പം ഷോയിൽ പങ്കെടുക്കേണ്ട എല്ലാവരും ഉണ്ടായിരുന്നു. സത്യത്തിൽ സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞ അവസ്ഥയിലായിരുന്നു. ജഗതി എന്ന മഹാനടന്റെ വാശിയും കലയോടും കലാകാരന്‍മാരോടുള്ള  സ്നേഹവും മാത്രമാണ് എന്നെ തിരികെ എത്തിച്ചത്. ആ യാത്രയും അനുഭവവും ജഗതിച്ചേട്ടനോടുള്ള ബഹുമാനവും ഒരിക്കലും എനിക്ക് മറക്കാനാവില്ല. ഇന്നും എന്റെ പ്രാർഥനയിൽ ജഗതിച്ചേട്ടനുമുണ്ട്.

ഡ്യൂട്ടിഫ്രീ ഷോപ്പ് കുത്തിതുറന്നുള്ള മോഷണം

രസകരമായ അനുഭവമാണ്. വർഷങ്ങൾക്കുമുമ്പ് സിംഗപ്പൂരിലേക്കു പ്രോഗ്രാമിനായി പോയിരുന്നു. മോഹൻലാൽ സാറും പ്രിയദർശൻ സാറും സുരാജേട്ടനുമൊക്കെയുള്ള വലിയ ഷോ ആയിരുന്നു. പ്രോഗ്രാമൊക്കെ അടിപൊളിയായി കഴിഞ്ഞു. മടങ്ങുന്നതിനുമുമ്പ് സ്പോൺസർ എന്റെ കൈയിൽ ഡ്യൂട്ടിപെയ്ഡ് ഷോപ്പിലെ ഒരു കിറ്റു നൽകി. എന്തോ ഗിഫ്റ്റ് ആണെന്നു മനസ്സിലായി. ലാലേട്ടൻ അടുത്തുണ്ടായിരുന്നതുകൊണ്ട് എങ്ങനെയാണ് തുറന്നു നോക്കുന്നത് എന്നു കരുതി നോക്കിയില്ല. അങ്ങനെ നാട്ടിൽ തിരികെ എത്തി. എയര്‍പോർട്ടിൽനിന്നു വീട്ടിലേക്കുള്ള യാത്രയായിരുന്നു. രാത്രിയായതിനാൽ കട്ടപ്പനയ്ക്ക് ബസുണ്ടായിരുന്നു. ഞാൻ ആലുവായിൽ നിന്നു ബസിൽ കോതമംഗലത്ത് എത്തി. അവിടെ എന്തോ പ്രശ്നമായിരുന്നു. മൂന്നു ഡ്യൂട്ടിഫ്രീ ഷോപ്പ് കുത്തിതുറന്ന് മോഷണം നടത്തിയിരുന്നു അതിന്റെ തിരച്ചിലിലായിരുന്നു പൊലീസ്. 

shyju-trip5

ആ സമയത്താണ് എന്റെ വരവ്. ഞാനാണെങ്കിൽ സിംഗപ്പൂരിൽ ലാലേട്ടനോടൊപ്പമൊക്കെ ചെലവഴിച്ച നിമിഷങ്ങളും ആലോചിച്ച് നടക്കുകയായിരുന്നു. അപ്പോഴാണ് എസ്.െഎ അടുത്ത് വന്നു ചോദിച്ചത് എവിടെ പോയതാടാ എന്ന്, ഞാൻ പറഞ്ഞു സാർ സിംഗപ്പൂർ വരെ പോയതാണെന്ന്. ആരുടെ കൂടെയെന്ന് പൊലീസ് ചോദിച്ചു. മോഹൻലാലിന്റെ കൂടെയാണെന്നും പറഞ്ഞു, അതുകേട്ടതും പൊലീസുകാർ പരസ്പരം നോക്കാൻ തുടങ്ങി. ഇവൻ ഭ്രാന്താണ് സാറെ എന്നും പറഞ്ഞു. കൈയിലെ കവറിലെന്താണെന്നായിരുന്നു അടുത്ത ചോദ്യം. കൃത്യമായി അറിയില്ലെന്നു ഞാൻ മറുപടി നല്‍കി. കവറിന്റെ ഉള്ളിലേക്ക് അവർ ‍ടോർച്ച് അടിച്ചു നോക്കി. പിന്നെ കുറേ ചോദ്യങ്ങൾ ചോദിച്ചു ഇനി ഞാനാണോ മോഷാടാവ് എന്നു അവർ കരുതുമോ എന്നായി ചിന്ത. സംഗതി വഷളാകുമെന്ന സ്ഥിതി ആയപ്പോൾ ഞാൻ വേഗം എന്റെ പാസ്പോർട്ടും െഎഡിയും കാണിച്ചു രക്ഷപ്പെട്ടു. വളരെ രസകരമായ അനുഭവമായിരുന്നു ആ യാത്രയും സമ്മാനിച്ചത്.

shyju-trip3

ഞാനൊരു കലാകാരനായതിനാൽ ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കാൻ സാധിച്ചിട്ടുണ്ട്. പല നാടുകൾ, ഭാഷകൾ, സംസ്കാരങ്ങൾ, രുചിനിറഞ്ഞ വിഭവങ്ങൾ, പ്രകൃതിയുടെ സൗന്ദര്യം, അങ്ങനെ ഒരുപാട് എല്ലാം ഇശ്വരന്റെ അനുഗ്രഹം മാത്രമാണ്.

സ്വപ്നയാത്ര

സ്വപ്നയാത്ര എന്നൊന്ന് എന്റെ ജീവിതത്തിൽ ഇല്ല. എനിക്ക് എന്റെ നാടും വീടും തന്നെയാണ് എപ്പോഴും ഇഷ്ടം. ഇടുക്കിയിലെ കാഴ്ചകളോളം വരില്ല മറ്റെവിടെയും എന്നാണ് ഞാൻ എപ്പോഴും കരുതുന്നത്. പിന്നെ ചരിത്രം കഥപറയുന്ന സ്ഥലങ്ങളൊക്കെ സന്ദർശിക്കണമെന്നുണ്ട്. ഇൗശ്വരൻ അനുഗ്രഹിച്ചാൽ എല്ലാം സാധിച്ചുതരും.

English Summary: Celebrity Travel Experience Shyju Adimali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com