ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ ജലധാരയായി ദുബായിലെ നഖീല്‍ മാളിലെ പാം ഫൗണ്ടന് ഗിന്നസ് റെക്കോര്‍ഡ്. മനോഹരമായ വര്‍ണ്ണങ്ങള്‍ ചുറ്റും ചിതറിത്തെറിപ്പിച്ചു കൊണ്ട് ആകാശത്തേക്ക് ഉയരുന്ന ജലധാര കാണാന്‍ നിരവധി പേരാണ് എത്തുന്നത്.

പാം ജുമൈറയിലെ ദി പോയിന്റിൽ സ്ഥിതിചെയ്യുന്ന ഈ ജലധാര ലോകത്തിലെ പലയിടങ്ങളില്‍ നിന്നുള്ള ഗാനങ്ങള്‍ക്കൊത്ത് നൃത്തം ചെയ്യുന്നത് കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്. ആകെ 7,327 ച.മീ വിസ്തൃതിയുള്ള മാളില്‍ സ്ഥാപിച്ച ജലധാരയില്‍ 7,500 നോസിലുകളില്‍ നിന്നായി 105 മീറ്റര്‍ ഉയരത്തില്‍ വരെ വെള്ളം ചീറ്റിത്തെറിക്കുന്നു. പല നിറങ്ങളിലുള്ള മൂവായിരത്തിലധികം എൽഇഡി ലൈറ്റുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഓരോ 30 മിനിറ്റിലും മൂന്ന് മിനിറ്റ് നേരത്തേക്ക് ജലനൃത്തം കാണാം.

ദുബായിലെ ഒരേയൊരു ബഹുവര്‍ണ്ണ ജലധാരയാണ് പാം ഫൗണ്ടന്‍. ഇത് വർഷം മുഴുവനും പൊതുജനങ്ങൾക്കായി തുറന്നിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ദുബായിലെ വാസ്തുവിദ്യാ നേട്ടങ്ങളിലെ മറ്റൊരു നാഴികക്കല്ലാണ് ഈ ജലധാരയെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സിലെ സീനിയർ മാർക്കറ്റിംഗ് മാനേജർ ഷാഡി ഗാഡ് പറഞ്ഞു.

Palm-FountainDubai1

ദക്ഷിണ കൊറിയയിലെ ബാൻപോ മൂൺലൈറ്റ് റെയിൻബോ ജലധാരയ്ക്കായിരുന്നു ഇതുവരെ ലോകത്തിലെ ഏറ്റവും വലിയ ജലധാരയ്ക്കുള്ള ഗിന്നസ് റെക്കോർഡ്. പാം ഫൗണ്ടന്‍റെ ഉദ്ഘാടനം കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് ഡിജെ, ഡാന്‍സ് ഷോ, വെടിക്കെട്ട്‌ എന്നിവയോടുകൂടി കഴിഞ്ഞയാഴ്ചയാണ് നടന്നത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയും ഏറ്റവും വേഗതയേറിയ പൊലീസ് കാറായ ബുഗാട്ടി വെയ്‌റോണും ദുബായില്‍ നിന്ന് ഗിന്നസ് റെക്കോര്‍ഡ് നേടിയ മറ്റു ചില ആകര്‍ഷണങ്ങളാണ്. കഴിഞ്ഞ മാസം 1,595 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഏറ്റവും വലിയ ആർട്ട് ക്യാൻവാസിനുള്ള റെക്കോർഡ് ബ്രിട്ടീഷ് ആർട്ടിസ്റ്റ് സച്ച ജാഫ്രി നേടിയതും ദുബായില്‍ വച്ചാണ്.

എണ്ണ സമ്പന്നമായ ഗൾഫ് മേഖലയിലെ ഏറ്റവും വൈവിധ്യമാർന്ന സമ്പദ്‌വ്യവസ്ഥയുള്ള രാജ്യമായ ദുബായിയെയും കൊറോണ വൈറസ് മൂലമുള്ള മാന്ദ്യം സാരമായി ബാധിച്ചിരുന്നു. ആദ്യപാദത്തില്‍ ജിഡിപി 3.5 ശതമാനം ചുരുങ്ങി. കഴിഞ്ഞ വർഷം 16 ദശലക്ഷത്തിലധികം സഞ്ചാരികളെ സ്വാഗതം ചെയ്ത എമിറേറ്റിന്‍റെ പ്രധാന ആകർഷണവും സാമ്പത്തിക സ്രോതസ്സുമാണ് ടൂറിസം. ഈ വർഷം ഇത് 20 ദശലക്ഷത്തിലെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം.

സാമ്പത്തികസ്ഥിതി കണക്കിലെടുത്ത് ദുബായില്‍ ബിസിനസ്, ടൂറിസം മേഖലകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കൊറോണ വൈറസ് ബാധയ്ക്ക് കുറവുണ്ടായിട്ടില്ല.

English Summary: Palm Fountain Dubai makes world record for largest fountain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com