9000 വർഷത്തെ ചരിത്രം, പ്രകൃതി തീർത്ത വിസ്മയ രൂപങ്ങൾ

Paint-Mines-Interpretive-Park
SHARE

എൽ പാസോ കൗണ്ടിയിലെ കിഴക്കൻ സമതലങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ഭൂമിശാസ്ത്ര വിസ്മയമാണ് പെയിന്‍റ് മൈൻസ് ഇന്റർപ്രെറ്റീവ് പാർക്ക്. യുഎസിലെ കല്‍ഹാനില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തിന് 9,000 വര്‍ഷത്തെ ചരിത്രമുണ്ട്. ബഹുവര്‍ണ്ണത്തിലുള്ള കളിമണ്ണും മണലും ചേര്‍ന്നുണ്ടായതും മനോഹരമായ നിറങ്ങളില്‍ കാണപ്പെടുന്ന മണല്‍പ്പാറകളാണ് ഇവിടത്തെ പ്രത്യേകത. ഒരു ചിത്രകാരന്‍റെ ചായപ്പലക പോലെ പരന്നു കിടക്കുന്ന ഈ പ്രദേശം വര്‍ഷംതോറും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. 

പല നിറത്തിലുള്ള പാത്രങ്ങള്‍ നിര്‍മിക്കുന്നതിനായി സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് ഇവിടെ ജീവിച്ചിരുന്ന നേറ്റീവ് അമേരിക്കന്‍സ് കളിമണ്ണ് ശേഖരിച്ചിരുന്ന പ്രദേശമായിരുന്നു ഇവിടം. യുദ്ധസമയങ്ങളില്‍ തങ്ങളുടെയും കുതിരകളുടെയും ദേഹത്ത് ചായം പൂശുന്നതിനും അവര്‍ ഇവിടത്തെ കളിമണ്ണ് ഉപയോഗിച്ചു. ജലം, കാറ്റ്, മണ്ണൊലിപ്പ് എന്നിവയുടെ നൂറ്റാണ്ടുകളായുള്ള പ്രവര്‍ത്തനങ്ങള്‍ മൂലം വിചിത്രരൂപങ്ങള്‍ കൈക്കൊണ്ട പാറകളും ഇവിടെ കാണാം. പ്രകാശത്തിനനുസരിച്ച് ഇവയുടെ നിഴലുകള്‍ വ്യത്യസ്ത ആകൃതികള്‍ കൈക്കൊള്ളുന്നത് കൗതുകകരമായ കാഴ്ചയാണ്.

Paint-Mines-Interpretive-Park1

ക്രീം വൈറ്റ് മുതൽ ഓറഞ്ച്, പർപ്പിൾ, ഗ്രേ, തുരുമ്പ്, ചോക്ലേറ്റ് ബ്രൗണ്‍ മുതലായ നിറങ്ങളിലെല്ലാം ഇവിടെ പാറകള്‍ കാണാം. ഇവ വളരെ ദുര്‍ബലവും പെട്ടെന്ന് പൊട്ടിപ്പോകുന്നതുമായതിനാല്‍ ഈ പ്രദേശം നിയമപ്രകാരം പരിരക്ഷിക്കപ്പെട്ടിരിക്കുന്നു 

അപിഷാപ സംസ്കാരം, കോഡി കോംപ്ലക്സ്, ഡങ്കൻ കോംപ്ലക്സ് തുടങ്ങിയവയെ പ്രതിനിധീകരിക്കുന്ന പുരാവസ്തുക്കള്‍ ഈ പ്രദേശത്ത് നിന്നു കണ്ടെടുത്തിട്ടുണ്ട്. 1800 കളിൽ യൂറോ-അമേരിക്കൻ വിഭാഗക്കാര്‍ ഈ പ്രദേശത്തേക്ക് കുടിയേറി. മാസ്റ്റർ പ്ലാനിംഗിനായുള്ള സ്റ്റേറ്റ് ഹിസ്റ്റോറിക്കൽ ഫണ്ട് ഉപയോഗിച്ച് എൽ പാസോ കൗണ്ടി പാർക്ക്സ് ഡിപ്പാർട്ട്മെന്റാണ് ഈ പ്രദേശം സംരക്ഷിക്കുന്നത്.

സഞ്ചാരികള്‍ക്ക് അവസരമുണ്ട്

മണല്‍ക്കല്ലുകള്‍ രൂപാന്തരപ്പെട്ടുണ്ടായ വിചിത്രരൂപങ്ങളില്‍ നിന്നും മാറി പാര്‍ക്കിനു ചുറ്റും കാഴ്ചകള്‍ കണ്ടുകൊണ്ട്‌ 150 മീറ്റർ ഉയരത്തിലുള്ള നടപ്പാതകളിലൂടെ മൂന്നു മൈല്‍ ദൂരം ചുറ്റി നടക്കാന്‍ സഞ്ചാരികള്‍ക്ക് അവസരമുണ്ട്. ഷോപ്പുകള്‍, സന്ദര്‍ശക കേന്ദ്രങ്ങള്‍ എന്നിവയൊന്നും ഇല്ല. സന്ദര്‍ശകര്‍ക്കായി ബാത്ത്റൂം സൗകര്യം ലഭ്യമാണ്. സൂര്യോദയത്തിനു മുന്‍പുള്ള 2-4 മണിക്കൂര്‍ സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ലത്.

പ്രദേശത്തെ അതിലോലമായ പ്രകൃതിയുടെ സന്തുലിതാവസ്ഥ കാത്തു സൂക്ഷിക്കുന്നതിനായി ഇവിടെയെത്തുന്നവര്‍ നിരവധി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. നായ്ക്കളെയും മറ്റ് വളർത്തു മൃഗങ്ങളെയും ഇവിടെ കൊണ്ടുവരാന്‍ പാടില്ല. മോട്ടോർ വാഹനങ്ങള്‍ക്കും ക്യാമ്പിങ്ങിനും അനുവാദമില്ല. ഇവിടെയെത്തുന്നവര്‍ പാർക്കിലെ ഒരു വസ്തുക്കളും നീക്കംചെയ്യാനോ വികലമാക്കാനോ പാടില്ല.

English Summary: Paint Mines Interpretive Park Calhan, Colorado

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA