കാജല്‍ അഗർവാൾ താമസിച്ചത് 37 ലക്ഷം രൂപ വരെ നിരക്കുള്ള മുറിയിൽ; കടലിനടിയിലെ വിസ്മയം ഈ റിസോർട്ട്

kajal
SHARE

അടുത്തിടെ വിവാഹിതരായ നടി കാജല്‍ അഗര്‍വാളും ഭര്‍ത്താവ് ഗൗതം കിച്ച്ലുവും ഹണിമൂണ്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സമുദ്രത്തിന്റെ അടിയിലെ ചില്ലുമുറിയിൽ ഇരുവരും ഇരിക്കുന്ന മനോഹരമായ ചിത്രമാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയത്. മാലദ്വീപിലെ മുറാക റിസോര്‍ട്ടിലെ അണ്ടർവാട്ടർ റൂമില്‍ നിന്നുള്ള ചിത്രങ്ങളാണിത്. ലോകത്തിലെ തന്നെ ആദ്യത്തെ അണ്ടർവാട്ടർ ഹോട്ടലാണ് മുറാക. സഞ്ചാരികള്‍ക്ക് എക്കാലത്തും കൗതുകം പകരുന്ന മുറാക ദശലക്ഷം ഡോളർ ചെലവഴിച്ചാണ് കടലിനടിയില്‍ നിർമിച്ചത്. 2018 ലാണ് ഈ റിസോർട്ട് പ്രവർത്തനം ആരംഭിക്കുന്നത്. അന്ന് ഒരു രാത്രി തങ്ങുന്നതിന് ഏകദേശം 50000 ഡോളറായിരുന്നു (37.33 ലക്ഷം രൂപ) നിരക്ക്.

ലോകത്തെ പ്രതിസന്ധിയിലാക്കിയ കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ സഞ്ചാരികൾക്കായി നിരക്കുകളിൽ വ്യത്യാസം വരുത്തിയിട്ടുണ്ട്. കോണ്‍റാഡ് മാലദ്വീപ് രംഗാലി ദ്വീപിലാണ് ജലത്തിനടിയില്‍ രണ്ടു നിലകളിലായി പണിതിരിക്കുന്ന റിസോര്‍ട്ടാണ് മുറാക. ചില്ലു ചുവരുകള്‍ ഉള്ള മുറിക്കുള്ളില്‍ മെത്തയില്‍ ഇരിക്കുകയാണ് കാജലും ഗൗതമും. മനോഹരമായി അലങ്കരിച്ച മുറിയുടെ മുകളിലും വശങ്ങളിലുമെല്ലാം മീനുകള്‍ നീന്തി നടക്കുന്നത് കാണാം. ഒരു ജലകന്യകയെ ഓര്‍മിപ്പിക്കുന്ന നീല ഉടുപ്പണിഞ്ഞ്, മറ്റു മധുവിധു ചിത്രങ്ങളിലെന്നപോലെത്തന്നെ അതിമനോഹരിയായാണ്‌ കാജല്‍ ഈ ചിത്രത്തിലും പ്രത്യക്ഷപ്പെടുന്നത്. 

അറിയാം ഇൗ ആഢംബര റിസോർട്ടിനെ

മാലദ്വീപിലെ അണ്ടര്‍വാട്ടര്‍ റിസോര്‍ട്ടുകളില്‍ ആദ്യത്തേതാണ് മുറാക. ഇന്ത്യന്‍ മഹാസമുദ്രത്തിലായി നിര്‍മിച്ച പതിനാറടി താഴ്ചയിലുള്ള മാസ്റ്റര്‍ ബെഡ്റൂമാണ് ഈ ആഡംബര റിസോര്‍ട്ടിന്‍റെ പ്രധാന ആകര്‍ഷണം. കര്‍ദാഷിയന്‍സ് അടക്കമുള്ള സൂപ്പര്‍ സെലിബ്രിറ്റികള്‍ താമസിച്ച് പ്രശസ്തമാക്കിയ ഇടമാണ് ഇത്.

THE-MURAKA

പ്രധാന റിസോര്‍ട്ടില്‍ നിന്നും സീപ്ലെയ്ന്‍ വഴിയാണ് അതിഥികളെ മുറാകയിലേക്ക് ആനയിക്കുന്നത്. താമസിക്കുന്ന അത്രയും ദിവസം ഇതിന്‍റെ സേവനം ഉപയോഗപ്പെടുത്താം. സഹായത്തിനും മറ്റു ആവശ്യങ്ങള്‍ക്കുമായി ഒരു വ്യക്തിഗത ആതിഥേയനും ഓരോ അതിഥിക്കുമൊപ്പം ഉണ്ടാകും.

റിസോര്‍ട്ടിന്‍റെ മുകള്‍നിലയില്‍ ഡൈനിങ് ഏരിയയാണ്. ഇവിടെ രണ്ട് കിടപ്പുമുറികളും സമുദ്രത്തെ അഭിമുഖീകരിക്കുന്ന ഒരു ബാത്ത് ടബ്ബുമുണ്ട്. കൂടാതെ, ഇൻഫിനിറ്റി പൂളുള്ള ഔട്ട്‌ഡോർ ഡെക്ക്, 24 മണിക്കൂറും സ്വകാര്യ ബട്ട്‌ലറും സ്വകാര്യ ഷെഫും ഓൺ-കോൾ ഫിറ്റ്നസ് പരിശീലനം, സ്പാ, ജെറ്റ് സ്കീയിംഗ് മുതലായവയും ലഭ്യമാക്കിയ ചിലതാണ്.

രാജകീയ കിടപ്പറ

THE-MURAKA3

കടലിനടിയിലെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് അതിഥികൾക്ക്  രാത്രി ചിലവഴിക്കാൻ സാധിക്കുന്ന ഹോട്ടലുകളും റിസോർട്ടുകളും നിരവധി ഉണ്ടെങ്കിലും. സാങ്കേതികമികവിലും ദൃശ്യഭംഗിയിലും ലോകത്തിലെ തന്നെ ആദ്യത്തെ റിസോർട്ടായി മുന്നിട്ടു നിൽക്കുന്നത് മുറാക്കാ തന്നെയായിരിക്കും. പവിഴ ദ്വീപിലെ അദ്ഭുതകാഴ്ചകൾ തേടിയെത്തുന്ന സഞ്ചാരികളെ പ്രതീക്ഷിച്ചാണ് ഇൗ സ്വപ്ന കൊട്ടാരം പണിതുയർത്തിയിരിക്കുന്നത്. സഞ്ചാരികൾക്ക് താമസിക്കാൻ തക്കവണ്ണം എല്ലാ അത്യാധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 

THE-MURAKA1

സ്പൈറല്‍ ആകൃതിയിലുള്ള ഗോവണി വഴിയാണ് അക്വേറിയം പോലെ സജ്ജീകരിച്ചിരിക്കുന്ന, ജലത്തിനടിയിലെ മുറിയിലേക്ക് ഇറങ്ങുന്നത്. 180 ഡിഗ്രി കാഴ്ചകള്‍ കാണാനാവുന്ന രീതിയില്‍ സജ്ജീകരിച്ച, ചില്ലുചുവരുകളോട് കൂടിയ മാസ്റ്റർ കിടപ്പുമുറിയില്‍ വാക്ക്-ഇൻ ക്ലോസറ്റും ഫ്ലോർ-ടു-സീലിംഗ് വിൻഡോകളുള്ള ബാത്ത്റൂമുമെല്ലാമുണ്ട്.

നാലു മുതിർന്നവർക്കുള്ള പാക്കേജിൽ പ്രഭാതഭക്ഷണം, പരിധിയില്ലാത്ത ഒരു സിഗ്നേച്ചർ ബാർ, സ്വകാര്യ സീപ്ലെയിൻ യാത്രകള്‍ മുതലായവയാണ് നല്‍കുന്നത്. സഞ്ചാരികള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ഇവയില്‍ മാറ്റങ്ങള്‍ വരുത്താനും സൗകര്യമുണ്ട്.

English Summary: Kajal Aggarwal Gautam Kitchlus Honeymoon Suite Costs rs 37 Lakh per Night

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA