ADVERTISEMENT

പണ്ടൊക്കെ ജോലി തേടി മറ്റു രാജ്യങ്ങളില്‍ പോവുകയെന്നു പറഞ്ഞാല്‍ ഒരു വന്‍ ചടങ്ങായിരുന്നു. ബന്ധുക്കളോ പരിചയക്കാരോ വഴി എവിടെയെങ്കിലും ജോലി ഒപ്പിച്ചാല്‍ പിന്നെ വീസ വരുന്നത് നോക്കി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കണം. യാത്രാമാര്‍ഗങ്ങള്‍ കുറവും ചെലവേറിയതുമായിരുന്നു. ഇനി എല്ലാം കഴിഞ്ഞ് മറുനാട്ടില്‍ എത്തിപ്പെട്ടാലോ, എന്നിനി പ്രിയപ്പെട്ടവരെ കാണാന്‍ കഴിയുമെന്നോര്‍ത്ത് ആവലാതിയൊഴിഞ്ഞ ഒരു ദിനം പോലും കാണില്ല. എന്നാല്‍ ഇന്ന് ഈയൊരവസ്ഥ എവിടെയുമില്ല എന്നുതന്നെ പറയാം. അടുത്തുള്ള ജില്ലയില്‍ പോയി വരുന്ന ലാഘവത്തിലാണ് പലരും മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത്! 

കൊറോണക്കാലം നമ്മളെ പരിചയിപ്പിച്ച ഒരുപാട് കാര്യങ്ങളില്‍ ഒന്നാണ് വര്‍ക്ക് ഫ്രം ഹോം. ഓഫീസില്‍ പോകാതെ വീട്ടിലിരുന്ന് ജോലി ചെയ്‌താല്‍ ഉല്‍പ്പാദനക്ഷമത കൂടുമെന്ന് പഠനഫലങ്ങള്‍ തെളിയിച്ചുകഴിഞ്ഞു. പല കമ്പനികളും സ്ഥിരമായിത്തന്നെ ഇങ്ങനെ വിദൂരമായി ജോലി ചെയ്യുന്ന ആളുകളെ നിയമിച്ചു. ഇങ്ങനെ വീട്ടിലിരുന്ന് ജോലി ചെയ്ത് മടുത്തവര്‍ക്ക് ഇപ്പോള്‍ അല്‍പ്പം വ്യത്യസ്തമായി, മറ്റു രാജ്യങ്ങളില്‍ പോയിരുന്ന് ജോലി ചെയ്യാം. 

ഇത്തരത്തിലുള്ള ഒരുപാട് സാദ്ധ്യതകളാണ് ഇപ്പോള്‍ നിലവിലുള്ളത്. കയ്യില്‍ ഒരു ജോലിയുണ്ടെങ്കില്‍ യാത്ര ചെയ്ത് പോയി താമസിക്കാനായി നിരവധി രാജ്യങ്ങള്‍ റിമോട്ട് വീസ നല്‍കുന്നുണ്ട്.  പ്രത്യേക മേഖലകളില്‍ നൈപുണ്യമുള്ളവര്‍ക്ക് ഇത്തരം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം. ഒരു ലാപ്ടോപുമായി ഇവിടങ്ങളിലെ മലനിരകള്‍ക്കിടയിലും ബീച്ചിലുമെല്ലാം പോയിരുന്ന് സമാധാനമായി ജോലി ചെയ്യാം. യാത്രയും നടക്കും ഒപ്പം ജോലിക്ക് ശമ്പളവും കിട്ടും! ടൂറിസം വികസനവും ഒപ്പം നടക്കും എന്നതാണ് ഇത്തരം രാജ്യങ്ങള്‍ക്ക് ഇതില്‍ നിന്ന് കിട്ടുന്ന പ്രധാന ലാഭം. ഇങ്ങനെ സഞ്ചാരികളുടെ മനസ്സില്‍ ലഡ്ഡു പൊട്ടിക്കുന്ന കിടുക്കന്‍ റിമോട്ട് വിസ ഓഫറുകള്‍ നല്‍കുന്ന ചില രാജ്യങ്ങള്‍ പരിചയപ്പെടാം.

1. എസ്തോണിയ

വടക്കൻ യൂറോപ്പിലെ പ്രകൃതിഭംഗി തുളുമ്പുന്ന എസ്തോണിയയില്‍ ഡിജിറ്റല്‍ നോമാഡ് വിസ നല്‍കാന്‍ ആരംഭിച്ചത് ഇക്കഴിഞ്ഞ ആഗസ്റ്റ്‌ മാസത്തിലാണ്. യൂറോപ്യന്‍ യൂണിയനില്‍ ആദ്യമായി ഇത്തരത്തില്‍ ഒരു സംവിധാനം നടപ്പിലാക്കിയ രാജ്യവും എസ്തോണിയ തന്നെയാണ്. ജോലി ചെയ്യാന്‍ പ്രത്യേക സ്ഥലം ആവശ്യമില്ലാത്തവര്‍ക്ക് ഒരു വർഷം വരെ രാജ്യത്ത് താമസിക്കാം.

estonia

ഇതിനായി എസ്തോണിയയ്ക്ക് പുറത്ത് റജിസ്റ്റർ ചെയ്തിട്ടുള്ള ഒരു കമ്പനിയുമായി നിങ്ങൾക്ക് തൊഴിൽ കരാർ ഉണ്ടെന്നോ അല്ലെങ്കിൽ എസ്റ്റോണിയയില്‍ നിന്നല്ലാത്ത ആര്‍ക്കെങ്കിലും വേണ്ടി നിങ്ങൾ ഒരു ഫ്രീലാൻസറായി ജോലി ചെയ്യുന്നുവെന്നോ കാണിക്കേണ്ടതുണ്ട്. അപേക്ഷയ്ക്ക് തൊട്ടുമുൻപുള്ള ആറുമാസത്തിനുള്ളിൽ പ്രതിമാസ മിനിമം വരുമാനം 3,504 യൂറോ (ഏകദേശം 3,08,042 രൂപ) ആയിരിക്കണം. അപേക്ഷയുടെ പ്രിന്‍റ് എടുത്ത് ആവശ്യമായ രേഖകള്‍ക്കൊപ്പം എസ്തോണിയൻ എംബസിയിലോ കോൺസുലേറ്റിലോ സമര്‍പ്പിക്കണം.

യൂറോപ്യൻ യൂണിയനിൽ പ്രവേശിക്കാന്‍ അനുവാദമില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള ഒരു രാജ്യത്ത് താമസിക്കുന്നയാളാവര്‍ക്ക് ഈ വിസക്കായി അപേക്ഷിക്കാനാവില്ല.

2. ജോര്‍ജിയ

കിഴക്കൻ യൂറോപ്പിന്‍റെയും വടക്കന്‍ ഏഷ്യയുടെയും സംഗമസ്ഥാനത്ത്, കരിങ്കടലിനരികില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു രാജ്യമാണ് ജോര്‍ജിയ. ആറു മാസമോ അതില്‍ കൂടുതലോ കാലയളവിലേക്ക് ഡിജിറ്റല്‍ നോമാഡ് വീസക്ക് അപേക്ഷിക്കാം.

1Georgia

ഇതിനായി ഒരുമാസം മിനിമം  2000 ഡോളർ വരുമാനം വേണം. താമസിക്കുന്നവര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കണം. ഇവിടെ താമസിക്കുമ്പോള്‍ കുറഞ്ഞത് ആറു മാസത്തേക്കുള്ള ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം.

3. ബാര്‍ബഡോസ്

അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപുരാജ്യമാണ് ബാർബഡോസ്. വിദൂരജോലികള്‍ക്കായി  12 മാസത്തെ പ്രത്യേക വിസ നല്‍കാന്‍ ഒരുങ്ങുകയാണ് ബാർബഡോസ് സർക്കാർ. കുടുംബങ്ങള്‍ക്കും ഈ വിസ പ്രയോജനപ്പെടുത്താം. വ്യക്തിഗത വിസയ്ക്ക് 2000 ഡോളർ, കുടുംബ വിസയ്ക്ക് 3000 ഡോളർ എന്നിങ്ങനെയാണ് ചാര്‍ജുകള്‍ ഉണ്ടാവുക. 

3Barbados

4. ബര്‍മുഡ

പതിനെട്ടു വയസ്സില്‍ കൂടുതലുള്ള ജോലിക്കാര്‍ക്കായി റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ് പോളിസി ബര്‍മുഡ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി നല്‍കുന്ന ഒരു വർഷത്തെ സന്ദർശക വിസയാണ് വർക്ക് ഫ്രം ബർമുഡ സർട്ടിഫിക്കറ്റ്. ജോലിയോ സ്കൂൾ പ്രവേശനമോ തെളിയിക്കുന്ന രേഖകള്‍ അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കണം. കൂടാതെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, സ്ഥിരവരുമാനം എന്നിവയും ഉണ്ടായിരിക്കണം. 

5. ജര്‍മനി 

2Bermuda

വിദൂര ജോലി അവസരങ്ങള്‍ക്കായി ജര്‍മനി ഒരു പെര്‍മിറ്റ്‌ പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. മൂന്നു മാസത്തേക്ക് ഫ്രീലാന്‍സര്‍മാര്‍ക്ക് നല്‍കുന്ന വീസ, അവര്‍ക്ക് പിന്നീട് റെസിഡന്‍സി പെര്‍മിറ്റ്‌ ആക്കി മാറ്റാം. അപേക്ഷക്കൊപ്പം വരുമാനത്തിനുള്ള തെളിവ്, മുൻപ് ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്നുള്ള ശുപാര്‍ശ, ട്രാവല്‍ ഇന്‍ഷുറന്‍സ് എന്നിവയും നല്‍കണം.

6. പോര്‍ച്ചുഗല്‍

ഫ്രീലാന്‍സ്, സ്ഥിരം ജോലിക്കാര്‍ എന്നിവര്‍ക്ക് താല്‍ക്കാലിക വിദൂര വീസകള്‍ പോര്‍ച്ചുഗലും നല്‍കുന്നുണ്ട്.

7. ദുബായ്

ദുബായിലെ പുതിയ വിസ പ്രോഗ്രാം അനുസരിച്ച് റിമോട്ട് ജോലിക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒരു വര്‍ഷം വരെ വീസ കിട്ടും. മറ്റെവിടെയെങ്കിലും ജോലി ചെയ്യുന്ന ആളുകള്‍ ആയിരിക്കണമെന്നു മാത്രം. അപേക്ഷ അംഗീകരിച്ചു കഴിഞ്ഞാല്‍ ബാങ്ക് അക്കൌണ്ട്, ഇന്‍റര്‍നെറ്റ് സൗകര്യം, ഫോണ്‍ നമ്പര്‍, കുട്ടികളെ സ്കൂളില്‍ ചേര്‍ക്കാനുള്ള സൗകര്യം എന്നിവ നല്‍കും. ഇതിനായി രാജ്യം ഇങ്ങനെ വരുന്നവരില്‍ നിന്നും പ്രത്യേക വരുമാനനികുതി ഈടാക്കുന്നില്ല.

മറ്റ് വിദൂര വർക്ക് വീസ ഓപ്ഷനുകൾ

FILE PHOTO: The skyline is seen with the Burj Khalifa as ships dock at Port Rashid, in Dubai May 26, 2013. REUTERS/Ahmed Jadallah
FILE PHOTO: The skyline is seen with the Burj Khalifa as ships dock at Port Rashid, in Dubai May 26, 2013. REUTERS/Ahmed Jadallah

ഇവ കൂടാതെ കോസ്റ്റാറിക്ക, ചെക്ക് റിപ്പബ്ലിക്, മെക്സിക്കോ, സ്പെയിൻ എന്നീ രാജ്യങ്ങളിലും റിമോട്ട് വിസ ഓപ്ഷനുകള്‍ ലഭ്യമാണ്. ഇതിനായി നിരവധി മാനദണ്ഡങ്ങളുണ്ട്. എളുപ്പത്തില്‍ അപേക്ഷിക്കാന്‍ കഴിയുമെങ്കിലും മിക്ക രാജ്യങ്ങളിലും നികുതിയടക്കമുള്ള ചിലവുകള്‍ വഹിക്കേണ്ടതുണ്ട്.

English Summary: Countries that are offering long-term Visa and Welcoming Remote Workers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com