ADVERTISEMENT

മനം മയക്കുന്ന കാഴ്ചകളുടെയും ലോകോത്തര നിര്‍മിതികളുടെയും ചോദ്യം ചെയ്യാനാവാത്ത സാംസ്കാരികത്തനിമയുടെയും നാടാണ് ചൈന. ഇവിടെയുള്ള വിസ്മയദൃശ്യങ്ങളുടെ കൂട്ടത്തിലേക്ക് പുതുതായി കടന്നുവന്ന ഒരു അത്ഭുതമാണ് യുനാന്‍ പ്രവിശ്യയിലെ കുന്‍മിംഗില്‍ സ്ഥിതിചെയ്യുന്ന ഭീമന്‍ വെള്ളച്ചാട്ടം. ഏകദേശം 400 മീറ്റര്‍ വീതിയും 12.5 മീറ്റര്‍ ഉയരവുമുള്ള മനുഷ്യനിര്‍മിതമായ ഈ വെള്ളച്ചാട്ടം കാണാന്‍ നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു. നഗരത്തിനരികില്‍ത്തന്നെ ഒരു വെള്ളച്ചാട്ടമുണ്ടാകുമ്പോള്‍, തിരക്കുകളില്‍ നിന്ന് മാറി റിലാക്സ് ചെയ്ത് അല്‍പ്പനേരം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനേക്കാള്‍ മികച്ച ഒരു സ്ഥലം വേറെയെവിടെയാണ്!

നിയുലൻ നദിയിൽ നിന്ന് ഡിയാഞ്ചി തടാകത്തിലേക്ക് വെള്ളം തിരിച്ചുവിടുന്ന പദ്ധതിയുടെ ഭാഗമായാണ് വെള്ളച്ചാട്ടം നിര്‍മിച്ചത്. 2016-ല്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്ത ഈ വെള്ളച്ചാട്ടവും അതിന്‍റെ ഭാഗമായ ചുറ്റുമുള്ള പ്രദേശങ്ങളും ഉള്‍പ്പെടുന്ന കുന്‍മിംഗ് വാട്ടര്‍ഫാള്‍ പാര്‍ക്ക്, ഏഷ്യയില്‍ തന്നെ ഇത്തരത്തിലുള്ള പാര്‍ക്കുകളില്‍ വച്ച് ഏറ്റവും വലുതാണ്‌. നഗരമധ്യത്തിലെ ഡോംഗ്ഫെംഗ് ചത്വരത്തില്‍ നിന്നും 13 കിലോമീറ്റര്‍ വടക്കായാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇവിടെയെത്താന്‍ ടാക്സി, ബസ് തുടങ്ങിയ ഗതാഗതസൗകര്യങ്ങള്‍ ധാരാളം ലഭ്യമാണ്. 

നടത്തത്തിനും അതുപോലുള്ള മറ്റു ആക്റ്റിവിറ്റികള്‍ക്കും പറ്റിയ രീതിയില്‍ നിര്‍മിച്ച വലിയ ഒരു പാര്‍ക്കാണ് ഇത്. പോകാനും തിരിച്ചുവരാനും പ്രത്യേകം പാതകളുണ്ട്. കുട്ടികള്‍ക്കായി പ്രത്യേകം കളിസ്ഥലമുണ്ട്. വെള്ളച്ചാട്ടം കണ്ടുകൊണ്ട് ഇരിക്കാന്‍ ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. അല്‍പ്പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് വെള്ളച്ചാട്ടത്തിലൂടെ നടക്കാനും പറ്റും. വെള്ളച്ചാട്ടത്തിനു സമാന്തരമായി നിര്‍മ്മിച്ച 'വാട്ടര്‍ ടണലി'ലൂടെ പോകുന്നതും മനോഹരമായ അനുഭവമാണ്. 

പുറത്തേക്ക് കടക്കുന്ന ഭാഗത്ത് പൂക്കളോടു കൂടിയ വലിയ പാറകളുണ്ട്. ഇതിന്‍റെ വലതുവശത്തായി ചെറുതും പ്രകൃതിദത്തമെന്ന് തോന്നിക്കുന്നതുമായ വെള്ളച്ചാട്ടങ്ങളും കാണാം. കാണാൻ വളരെ മനോഹരമാണ് ഇവ. തുടര്‍ന്ന് ഒരു പാലത്തിലേക്കാണ് കടന്നു ചെല്ലുക. വെള്ളച്ചാട്ടത്തെ അഭിമുഖീകരിക്കുന്ന ഈ പാലത്തിനു മുകളില്‍ നില്‍ക്കുമ്പോള്‍ ദൂരെ വർണ്ണാഭമായ മഴവില്ലിന്‍റെ കാഴ്ചയും കാണാം.

പോപ്പ്കോണും ചൈനീസ് സോസേജുകളും വില്‍ക്കുന്ന ചെറിയ കടകളും പര്‍ക്കിനുള്ളിലുണ്ട്. പാര്‍ക്ക് കഴിഞ്ഞാല്‍ ഉടനെ വരുന്ന റോഡില്‍ വ്യത്യസ്തമായ ഭക്ഷണവിഭവങ്ങള്‍ വിളമ്പുന്ന റെസ്റ്റോറന്റുകള്‍ ധാരാളമുണ്ട്. വൈകുന്നേരസമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. അസ്തമയക്കാഴ്ചയും സൂര്യരശ്മികളേറ്റ് പല നിറത്തില്‍ തിളങ്ങുന്ന കെട്ടിടത്തലപ്പുകളുമെല്ലാം യാത്ര ഒന്നുകൂടി മനോഹരമാക്കും.

English Summary: Man Made Waterfall in China  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com