ADVERTISEMENT

ഒറ്റ നോട്ടത്തില്‍ മറ്റേതൊരു തുറമുഖ നഗരവും പോലെ തന്നെയാണ് തായ്‌വാനിലെ ജിൻ‌ഷാന്‍ മലനിരകള്‍ക്ക് തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഹുവാങ്‌വാങ്‌ ഫിഷിംഗ് പോര്‍ട്ട്‌. ജിൻ‌ഷാൻ‌ കുവാങ്‌ നദി കടലിനോട്‌ ചേരുന്നത് ഇവിടെയാണ്‌. പ്രധാനപ്പെട്ട മീന്‍പിടിത്ത തുറമുഖമായതിനാല്‍ മരതകനീല നിറമുള്ള വെള്ളത്തിലെങ്ങും നിരനിരയായി വിശ്രമിക്കുന്ന ബോട്ടുകള്‍ ധാരാളം കാണാം. ഉപ്പിന്‍റെ രുചിയും മണവും വഹിച്ച് പരന്നൊഴുകുന്ന കടല്‍ക്കാറ്റ്. മനുഷ്യരുടെയും പ്രകൃതിയുടെയും നാനാവിധമായ ശബ്ദങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന് ചെവിയില്‍ തിരമാലകള്‍ പോലെ അലയടിക്കുന്ന ഇരമ്പം. എന്നാല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സവിശേഷമായ ഒരു കാര്യമുണ്ട് ഇവിടെ. 

ചുഴലിക്കാറ്റ് സീസണിലാണ് വിസ്മയകരമായ ഈ കാഴ്ച കാണാനാവുക. ഈ കാലത്ത് പകല്‍ മാഞ്ഞു തുടങ്ങുന്നതോടെ ഹുവാങ്‌വാങ്ങിന്‍റെ മുഖച്ഛായയും പതിയെ മാറുന്നു. ഇതിനു കാരണമോ, പതിറ്റാണ്ടുകളായി ഇവിടത്തെ മത്സ്യത്തൊഴിലാളികള്‍ ചെയ്തു പോരുന്ന 'ഫയര്‍ ഫിഷിംഗ്' എന്ന കലാപരമായ മീന്‍പിടിത്തവും. തീ കത്തിച്ച് മീനുകളെ ആകര്‍ഷിച്ചു പിടിക്കുന്ന ഒരു പ്രത്യേക തരം മത്സ്യബന്ധനരീതിയാണിത്‌. ആ കാഴ്ച കാണാന്‍ മാത്രമായി എത്തുന്ന ലോകസഞ്ചാരികള്‍ ധാരാളമുണ്ട്. 

സള്‍ഫര്‍ നിക്ഷേപം ധാരാളമുള്ള നാടാണ് ജിന്‍ഷാന്‍. മീന്‍ പിടിക്കുന്ന സമയത്ത് തൊഴിലാളികള്‍ ബോട്ടില്‍ നിന്നുകൊണ്ട് മൃദുവായ സൾഫര്‍ പാറകൾ കൂട്ടിയുരക്കുന്നു. ഇതില്‍ നിന്നും പുറത്തു വരുന്ന വാതകം, ബോട്ടിന്‍റെ പിൻഭാഗത്ത് കത്തിച്ചു വച്ചിരിക്കുന്ന പന്തത്തിന്‍റെ ദിശയിലേക്ക് സഞ്ചരിക്കുമ്പോള്‍ അതീവപ്രഭയോടെ തീജ്വാലകള്‍ ഉണ്ടാകുന്നു. തീ കാണുമ്പോള്‍ പാറ്റകള്‍ പാഞ്ഞടുക്കുന്ന പോലെ, ആയിരക്കണക്കിന് മത്സ്യങ്ങൾ ഈ വെളിച്ചം കാണുമ്പോള്‍ ജലോപരിതലത്തിലെത്തുന്നു. തൊഴിലാളികള്‍ ഇവയെ വലയിലാക്കുന്നു. ചില സമയങ്ങളില്‍ 12 മണിക്കൂർ വരെ ഇത്തരത്തിലുള്ള മത്സ്യബന്ധനം നീണ്ടു നില്‍ക്കുന്നു. 

Sulfuric-Fire-Fishing1

എന്നാല്‍ പുതിയ തലമുറയില്‍പ്പെട്ട മത്സ്യബന്ധനത്തൊഴിലാളികള്‍ ഒന്നും തന്നെ ഈയൊരു രീതി അവലംബിക്കുന്നില്ല എന്നതും എടുത്തു പറയേണ്ട കാര്യമാണ്. പഴയ ആളുകളാണ് ഒരു ആഘോഷമോ അനുഷ്ഠാനമോ ഒക്കെപ്പോലെ ഫയര്‍ ഫിഷിംഗ് നടത്തിയിരുന്നത്. 

ജിന്‍ഷാന്‍റെ സംസ്കാരത്തിന്‍റെ ഭാഗമായ ഈ മീന്‍പിടിത്ത രീതിയെ പുനരുജ്ജീവിപ്പിക്കുന്നതിനായി പ്രാദേശിക സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. മേയ് മുതല്‍ ജൂണ്‍ വരെ ഇവിടെ 'സള്‍ഫറിക്ക് ഫയര്‍ ഫിഷിംഗ് ഫെസ്റ്റിവല്‍' നടക്കുന്നു. ബജറ്റിനനുസരിച്ച് മറ്റു കലാപരിപാടികളും ഇതിനോടൊപ്പം സംഘടിപ്പിക്കാറുണ്ട്. ഈ സമയത്ത് രാത്രിയില്‍ 'തീ പാറുന്ന' മത്സ്യബന്ധനക്കാഴ്ചകള്‍ കണ്ടുകൊണ്ട് ബോട്ടില്‍ സഞ്ചാരികള്‍ക്ക് ചുറ്റിയടിക്കാം! പ്രകാശപൂരം കണ്ട് ആകര്‍ഷിതരായി കൂട്ടത്തോടെ പാഞ്ഞെത്തുന്ന മീനുകളെ നേരിട്ട് കാണുന്നത് സഞ്ചാരികള്‍ക്ക് അവിസ്മരണീയമായ അനുഭവമായിരിക്കും. 

തായ്‌പേയിൽ നിന്ന് കുത്തനെയുള്ള പർവതനിരകളിലൂടെ ഒരു മണിക്കൂര്‍ ബസില്‍ സഞ്ചരിച്ചാണ് ജിൻ‌ഷാനിലെത്തുന്നത്. ഉപേക്ഷിക്കപ്പെട്ട ക്ഷേത്രങ്ങളും ഇഷ്ടിക ഫാക്ടറികളും വഴിയിലെങ്ങും കാണാം. കാലാവസ്ഥ അനുവദിച്ചാല്‍ ഏകദേശം നാല് മണിക്കൂർ കൊണ്ട് ഈ തുറമുഖ നഗരം കണ്ടു തീര്‍ക്കാം. ഈ സമയം കൊണ്ട് മത്സ്യബന്ധന വ്യവസായത്തിന്‍റെ ചരിത്രം മനസ്സിലാക്കുകയും നൂഡില്‍ സൂപ്പ് പോലുള്ള തനതു ഭക്ഷണവിഭവങ്ങള്‍ ആസ്വദിക്കുകയും ബോട്ട് യാത്ര ചെയ്യുകയുമൊക്കെ ചെയ്യാം. രാത്രിയില്‍ പ്രകാശപൂരിതമായ മീന്‍പിടിത്ത മഹാമഹം കാണാം. എല്ലാം കൊണ്ടും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ഇവിടേക്കുള്ള യാത്ര.

English Summary: Sulfuric Fire Fishing in Taiwan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com