ADVERTISEMENT

കൊറോണക്കാലത്തെ ട്രെന്‍ഡുകളില്‍ ഒന്നാണ് ജോലിയുള്ളവര്‍ക്കായി വിവിധ രാജ്യങ്ങള്‍ അവതരിപ്പിച്ച വീസ പ്രോഗ്രാമുകള്‍. യാത്രാപ്രേമികള്‍ക്ക് മികച്ച ഒരു അവസരമാണിത്. ലീവെടുക്കാതെ വേറെ രാജ്യങ്ങളില്‍ പോയിരുന്ന് ജോലി ചെയ്യാം. യാത്രക്ക് പ്രത്യേക സമയം മാറ്റി വെക്കേണ്ടെന്നു മാത്രമല്ല, പ്രത്യേക ഓഫറായതിനാല്‍ സാധാരണ വീസ കിട്ടാനെടുക്കുന്നത്രയും നൂലാമാലകള്‍ ഇല്ല താനും. 

ഇങ്ങനെ സ്പെഷ്യല്‍ വീസ നല്‍കുന്ന രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് പുതുതായി കടന്നു വന്നിരിക്കുന്നത് പടിഞ്ഞാറൻ കരീബിയൻ കടലിലെ ബ്രിട്ടിഷ് പരദേശമേഖലയായ കേയ്മൻ ദ്വീപുകളാണ്. സമുദ്രവിനോദങ്ങള്‍ക്ക് പേരുകേട്ട ഇടമായതിനാല്‍ സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് മികച്ച ഒരു അവസരമാണിത്.

കേയ്മൻ ദ്വീപുകളിലെ ടൂറിസം വിഭാഗം ഈ കഴിഞ്ഞ ഒക്ടോബര്‍ മാസം അവസാനവാരം ആരംഭിച്ച ഗ്ലോബൽ സിറ്റിസൺ കൺസേർജ് പ്രോഗ്രാ(ജിസിസിപി)മിന്‍റെ ഭാഗമായാണ് വിസ നല്‍കുന്നത്. ജോലിയുള്ളവരില്‍ യോഗ്യത നേടുന്നവര്‍ക്ക് രണ്ട് വർഷം വരെ ഈ കരീബിയൻ പറുദീസയിൽ താമസിക്കാം. ആന്‍റിഗ്വ ആന്‍ഡ്‌ ബർബുഡയും ബെർമുഡയുമാണ് മുന്‍പേ ഇത്തരത്തില്‍ വിസ ഓഫര്‍ ചെയ്ത കരീബിയന്‍ രാജ്യങ്ങള്‍. 

Cayman-Islands2

ഗ്രാൻറ് കേയ്മൻ, കേയ്മൻ ബ്രാക്, ലിറ്റിൽ കേയ്മൻ എന്നീ ദ്വീപുകൾ ചേർന്നതാണ് കേയ്മൻ ദ്വീപുകൾ. നിരപ്പായ പവിഴദ്വീപുകളാണ് ഇവ മൂന്നും. കരീബിയൻ കടലിൽ ക്യൂബ, കോസ്റ്റാറിക്ക, ജമൈക്ക എന്നീ രാജ്യങ്ങൾക്കിടയിലായാണ് ഇവ സ്ഥിതി ചെയ്യുന്നത്. കൊറോണ വൈറസിനെ കാര്യക്ഷമമായ രീതിയില്‍ നേരിട്ട ഈ പ്രദേശങ്ങള്‍ ഇപ്പോള്‍ അങ്ങേയറ്റം സുരക്ഷിതമാണ് എങ്കിലും വിനോദസഞ്ചാരം ഇതുവരെ പുനരാരംഭിച്ചിട്ടില്ല. മറ്റു രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ക്വാറന്റീന്‍ പാലിക്കണമെന്ന് നിഷ്കര്‍ഷയുണ്ട്. 

വീസ ലഭിക്കുന്നതിനായി അപേക്ഷാര്‍ത്ഥികള്‍ താഴെപ്പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.

1. കേയ്മൻ ദ്വീപുകൾ‌ക്ക് പുറത്തുള്ള ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിന്‍റെ തെളിവ് അപേക്ഷകർ നൽകണം. അപേക്ഷകന്‍റെ മിനിമം വാർഷിക ശമ്പള ആവശ്യകതകൾ ഇനിപ്പറയുന്നവയാണ്:

വ്യക്തിഗത അപേക്ഷകര്‍ക്ക് പ്രതിവർഷം ഒരു ലക്ഷം യുഎസ് ഡോളർ വരുമാനം ഉണ്ടായിരിക്കണം. കൂടെ പങ്കാളി ഉള്ള അപേക്ഷകര്‍ക്ക് പ്രതിവർഷം 150,000 യുഎസ് ഡോളർ വരുമാനം വേണം. പങ്കാളിയും ആശ്രിതരും കൂടെ ഉള്ള അപേക്ഷകന്‍റെ വാര്‍ഷിക വരുമാനം പ്രതിവർഷം 180,000 യുഎസ് ഡോളർ ആയിരിക്കണം.

2. തൊഴിലുടമയുടെ / കമ്പനിയുടെ നിയമപരമായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്‍റെ പകർപ്പ്, വെബ്‌സൈറ്റ് വിശദാംശങ്ങളും ഏതെങ്കിലും സോഷ്യൽ മീഡിയ പ്രൊഫൈൽ വിവരങ്ങളും ഉൾപ്പെടെ അപേക്ഷക്കൊപ്പം നല്‍കണം.

Cayman-Islands

3. ബാങ്ക് റഫറൻസിനായി 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ.

4. ഐഡന്റിറ്റി തെളിവിനായി സാധുവായ പാസ്‌പോർട്ടിന്‍റെ പകർപ്പ്.

5. കഴിഞ്ഞ 6 മാസമായി താമസിക്കുന്ന സ്ഥലത്ത് നിന്നുള്ള പോലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ്. 

6. കുറഞ്ഞത് 30 ദിവസത്തേക്ക് കവറേജ് ഉള്ള ആരോഗ്യ ഇൻഷുറൻസിന്‍റെ തെളിവ്. എല്ലാ അപേക്ഷകരും കേയ്മാൻ ദ്വീപുകളിൽ എത്തി 30 ദിവസത്തിനുള്ളിൽ പ്രാദേശിക ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നേടണം.

പ്രധാന അപേക്ഷന് 1,469 യുഎസ് ഡോളറും ഓരോ ആശ്രിതർക്കും 500 യുഎസ് ഡോളറുമാണ് ആപ്ലിക്കേഷൻ ഫീസ്. 

മനോഹരമായ സെവന്‍ മൈല്‍ ബീച്ച്, ചരിത്രപ്രാധാന്യമുള്ള പെഡ്രോ സെന്‍റ് ജെയിംസ് കാസില്‍, തിരണ്ടികള്‍ക്കൊപ്പം നീന്തിത്തുടിക്കാവുന്ന സ്റ്റിംഗ്റേ സിറ്റി, ഡൈവിംഗ് സൈറ്റുകളായ എംവി ക്യാപ്റ്റന്‍ കീത്ത് ടിബെറ്റ്സ്, യുഎസ്എസ് കിറ്റിവേയ്ക്ക്, ചുണ്ണാമ്പുകല്ലുകള്‍ നിറഞ്ഞ ഹെല്‍, കേയ്മാന്‍ ടര്‍ട്ടില്‍ സെന്‍റര്‍ മറൈന്‍ തീം പാര്‍ക്ക്, ഈസ്റ്റ് എന്‍ഡ് ലൈറ്റ് ലൈറ്റ്ഹൗസ് തുടങ്ങി സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാര്യങ്ങള്‍ ദ്വീപുകളിലുണ്ട്. മികച്ച ശമ്പളമുള്ള ജോലിക്കാര്‍ക്ക് ഏറ്റവും മികച്ച ഒരു യാത്രാ അവസരമാണ് ഇത്.

English Summary: Cayman Islands Remote Worker Visa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com