ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ ലിഫ്റ്റില്‍ കയറി ആയിരം അടി മുകളിലേക്ക് പോകണോ. എങ്കില്‍ ചൈനയിലേക്ക് ചെന്നാല്‍ മതി. കൊറോണയും ലോക്ഡൗണുമൊക്കെയായി മന്ദഗതിയിലായിരുന്ന ടൂറിസം മേഖലയെ വീണ്ടെടുക്കുന്നതിനായി ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ലിഫ്റ്റ് വീണ്ടും വിനോദസഞ്ചാരികള്‍ക്കായി തുറന്നിരിക്കുകയാണ്. വെറും 88 സെക്കന്റുകള്‍ കൊണ്ട് 1000 അടി മുകളില്‍ എത്തിക്കുമെന്നതാണ് ഈ ആകാശ ലിഫ്റ്റിന്റെ പ്രത്യേകത.

അവതാര്‍ സിനിമ കണ്ടവരാരും അതിലെ നാവി ജനത ജീവിക്കുന്ന സാങ്കല്‍പ്പിക ഭൂമി മറന്നിട്ടുണ്ടാകില്ല, കുത്തനെയും തലതിരിഞ്ഞുമെല്ലാമുള്ള ആ പ്രകൃതി ദൃശ്യങ്ങള്‍ക്ക് പ്രചോദനമായത് മധ്യ ചൈനയിലുള്ള ഴാങ്ജിയാജി ഫോറസ്റ്റ് പാര്‍ക്കാണ്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന മൂന്ന് ഡബിള്‍ ഡെക്കര്‍ എലിവേറ്ററുകള്‍ വെറും 88 സെക്കന്‍ഡിനുള്ളില്‍ സഞ്ചാരികളെ മുകളിലെത്തിക്കും. അവതാര്‍ സിനിമയില്‍ കാണുന്ന 'പൊങ്ങിക്കിടക്കുന്ന പര്‍വതങ്ങളെ' പ്രചോദിപ്പിച്ച സാന്‍ഡ്സ്റ്റോണ്‍ റോക്കിന്റെ മുകളിലേക്കാണ് ഈ ലിഫ്റ്റ് സഞ്ചാരികളെ കൊണ്ടുപോകുന്നത്.

elevator-china

കൊറോണയ്ക്ക് മുമ്പ് ഒരു ദിവസം ശരാശരി 14,000 പേര്‍ ഇവിടെ എത്തിയിരുന്നു. ഇപ്പോൾ വീണ്ടും ലിഫ്റ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ സന്ദര്‍ശകരുടെ എണ്ണം 8000 ആയി. ലോകത്തിലെ ഏറ്റവും വലിയ ഫുള്‍ എക്സ്പോഷര്‍ ഔട്ട്ഡോര്‍ ലിഫ്റ്റ് ഉള്‍പ്പെടെ മൂന്ന് ഗിന്നസ് റെക്കോര്‍ഡുകള്‍ ഈ ആകര്‍ഷണത്തിനുണ്ട്.

ബെയോങ് അഥവാ ഹണ്‍ഡ്രഡ് ഡ്രാഗണ്‍സ്' എന്നാണ് ഈ ലിഫ്റ്റിന്റെ പേര്. ഉയരം മാത്രമല്ല, ഗംഭീരമായ മണല്‍ക്കല്ലുകള്‍ കൊണ്ട് രൂപംകൊണ്ട പശ്ചാത്തലവും അത്യാകര്‍ഷകമാണ്. ഈ എലവേറ്റര്‍ പരിസ്ഥിതിക്ക് ഹാനികരമാണെന്ന് പലരും കരുതുന്നുണ്ടെങ്കിലും, ഇതിനകം തന്നെ തിങ്ങിനിറഞ്ഞ പര്‍വത പാതകളില്‍ നിന്നുള്ള സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ഈ ഘടന സഹായിക്കുമെന്നാണ് വിദഗ്ദാഭിപ്രായം. ലിഫ്റ്റിലൂടെയല്ലാതെ മുകളിലെത്താന്‍ മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ട്രെക്കിങ്ങിലൂടെ മാത്രമേ സാധിക്കുകയുള്ളു, ഈ പര്‍വ്വത പാത അത്യന്തം ദുര്‍ഘടവും അപകടം പിടിച്ചതുമായതിനാല്‍ ഈ വിനോദസഞ്ചാരകേന്ദ്രത്തോടുള്ള താല്‍പര്യം കുറഞ്ഞുവന്ന സാഹചര്യത്തിലാണ് ഈ വിസ്മയ ലിഫ്റ്റ് ഇവിടെ സ്ഥാപിക്കപ്പെട്ടത്.

ഈ ലിഫ്റ്റ് ആകാശകാഴ്ച്ച മാത്രമല്ല വന്യജീവിസങ്കേതത്തിന്റെ മുഴുവനും അനുഭവും സന്ദര്‍ശകര്‍ക്ക് നല്‍കുന്നു. ഓരോ ലിഫ്റ്റിനും 4900 കിലോഗ്രാം ഭാരം വഹിക്കാനുള്ള കഴിവുണ്ട്, അതായത് ഓരോ കാറിലും ഒരേസമയം 50 യാത്രക്കാരെ കയറ്റാനും കഴിയും. ലിഫ്റ്റിന്റെ നിര്‍മാണം 1999 ല്‍ ആരംഭിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം പൂര്‍ത്തിയായി. എന്നാല്‍ ആരംഭിച്ചതിനുശേഷം സുരക്ഷാ ആശങ്കകള്‍ കാരണം സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പിന്നീട് 2003 ല്‍ വീണ്ടും തുറന്ന ഈ ലിഫ്റ്റ് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ഭയാനകമായ സവാരി അനുഭവിക്കാന്‍ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായി മാറിയിരിക്കുന്നു.

ഹുനാന്‍ പ്രവിശ്യയിലെ  ഫോറസ്റ്റ് പാര്‍ക്കായ ഴാങ്ജിയാജിക്ക് ഈ ആകാശ ലിഫ്റ്റ് കൂടാതെ വെര്‍ട്ടിഗോ ആകൃതിയില്‍ കുഴപ്പിക്കുന്ന ഗ്ലാസ് അടിത്തട്ടുള്ള ഒരു പാലവുമുണ്ട്. 980 അടി ആഴമുള്ള മലയിടുക്കിന് മുകളില്‍ കാല്‍ മൈല്‍ നീളത്തിലുള്ള ഈ പാലം, 2016 ല്‍ തുറന്നപ്പോള്‍ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗ്ലാസ് നടപ്പാതയായിരുന്നു.

English Summary: Chinese Tourist Spot That Inspired "Avatar" Has World's Highest Outdoor Lift

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com