1500 മുറികളും അണ്ടർ വാട്ടർ കാഴ്ചയും ; താരം ഹണിമൂൺ ആഘോഷിച്ചതിവിടെ

neha
SHARE

ഈ കൊറോണക്കാലത്ത് ബോളിവുഡ് ഏറെ ആഘോഷിച്ച വിവാഹമായിരുന്നു ഗായിക നേഹ കക്കറിന്റേത്. ഇപ്പോഴിതാ തന്റെ പ്രിയതമനൊപ്പം ദുബായില്‍ മധുവിധു ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുള്ള യാത്രയായിരുന്നു. നേഹയും ഭര്‍ത്താവ് രോഹന്‍പ്രീത് സിംഗും മധുവിധു ആഘോഷിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണിപ്പോള്‍.

ദുബായിലെ ആഡംബര റിസോര്‍ട്ടായ അറ്റ്‌ലാന്‍സ് ആണ് മധുവിധുവിനായി ഇവര്‍ തിരഞ്ഞെടുത്തത്. ഈ മാസം ആദ്യം തന്നെ ഇരുവരും ദുബായ്ക്ക് യാത്ര തിരിച്ചിരുന്നു. റൊമാന്റിക് സായാഹ്നത്തില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ നേഹ ഇപ്പോള്‍ പങ്കുവച്ചിട്ടുണ്ട്. റിസോര്‍ട്ടിന്റെ മുമ്പില്‍ കടലോരത്ത് മണലില്‍ നേഹയോടുള്ള തന്റെ പ്രണയം വീണ്ടും തുറന്നുപറയുന്ന രോഹന്റെ ചിത്രവും വൈറലാണ്.

നേഹ കക്കറും രോഹന്‍പ്രീത്തും അവര്‍ താമസിക്കുന്ന അറ്റ്‌ലാന്റിസ് ഹോട്ടലിനുമുന്നില്‍ നിന്നുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. മറ്റു ചിത്രങ്ങളില്‍ ദമ്പതികള്‍ പൂര്‍ണ്ണഹൃദയത്തോടെ പുഞ്ചിരിക്കുകയും ദുബായിയുടെ സൗന്ദര്യം ആസ്വദിക്കുകയും ചെയ്യുന്നുണ്ട്.ഹണിമൂണ്‍ ഡയറികള്‍, എന്നാണ് നേഹ തന്റെ ചിത്രങ്ങള്‍ക്ക് താഴെ കുറിച്ചിരിക്കുന്നത്. താരങ്ങളുടെ ആദ്യ ദീപാവലിയും താരങ്ങൾ ആഘോഷിച്ചത് ദുബായിലായിരുന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ഇപ്പോള്‍ യുഎഇലേക്കും തിരഞ്ഞെടുത്ത മറ്റു വിദേശരാജ്യങ്ങളിലേക്കും ഇന്ത്യാക്കാര്‍ക്ക് യാത്ര ചെയ്യാം. ആ രാജ്യം നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണ്ട മുന്‍കരുതലുകള്‍ എടുക്കുകയും വേണം. 

അറിയാം ഇൗ റിസോർട്ടിനെ

പാം ദുബായിലെ ലോകപ്രശസ്തമായ റിസോർട്ടാണ് അറ്റ്ലാന്റിസ്. പാം ദ്വീപിന്റെ കിരീടമെന്ന വിളിപ്പേരുമുണ്ട് ഈ റിസോർട്ടിന്. അതിശയകരമായ വാസ്തുവിദ്യ, ആരെയും വിസ്മയിപ്പിക്കുന്ന റൂമുകൾ, അണ്ടർ വാട്ടർ സ്യൂട്ടുകൾ, ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള ഡൈനിങ് അനുഭവം, അക്വാവെഞ്ചർ വാട്ടർപാർക്ക് തുടങ്ങി ആവേശകരമായ ആകർഷണങ്ങൾക്കും ഈ റിസോർട്ട്  പ്രശസ്തമാണ്. പാം ദ്വീപിന്റെ ഏറ്റവും മുകളിലാണ് ഇൗ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ദുബായ് സർക്കാറിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഇസ്തിത്മാർ പി‌എസ്‌ജെസിയുമായുള്ള സംയുക്ത സംരംഭമാണ് ദുബായിലെ അറ്റ്ലാന്റിസ് ദി പാം.

ലോകത്തിലെ ഏറ്റവും വലിയ ജലധാര പ്രദർശനം, അറ്റ്ലാന്റിസിന്റെ  ഏത് കോണിൽ നിന്നാലും കണ്ട് ആസ്വദിക്കാം. 

116 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ ഭീമാകാരമായ റിസോർട്ടിൽ 1500 മുറികളുണ്ട്. ഡീലക്സ് മുറികൾക്കൊപ്പം ഡീലക്സ് ബാത്റൂമും റിസോർട്ട് വാഗ്ദാനം ചെയ്യുന്നു. അണ്ടർവാട്ടർ സ്യൂട്ടുകളും ഇവിടുത്തെ പ്രത്യേകതകളാണ്. അണ്ടർ വാട്ടർ സ്യൂട്ടുകളിലെ മാസ്റ്റർ ബെഡ്റൂമിൽ നിന്നാൽ  അക്വേറിയങ്ങളുടെ കാഴ്ചകളാണ് കാണാൻ കഴിയുക.

42 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയുന്ന കൂറ്റൻ അക്വാവെഞ്ചർ വാട്ടർപ്ലേ ഏരിയയാണ് അറ്റ്ലാന്റിസിന്റെ ഏറ്റവും വലിയ മറ്റൊരു ആകർഷണം. ഇവിടെ ഒന്നിലധികം വെള്ളച്ചാട്ടങ്ങൾ വരെ കൃത്രിമമായി നിർമിച്ചിട്ടുണ്ട്.

ഹോട്ടലിന് മുന്നിലായുള്ള 1.4 കിലോമീറ്റർ കടൽത്തീരത്ത് വിൻഡ്‌സർഫിങ്, കയാക്കിങ്, ഫ്ലോട്ടിങ് ക്ലൈംബിങ് വാൾസ് പോലുള്ള വാട്ടർസ്‌പോർട്ടുകൾ ഉണ്ട്. ദുബായിലെ ഏറ്റവും ഭീമാകാരമായ ഭൂഗർഭ അക്വേറിയങ്ങൾ സ്ഥിതിചെയ്യുന്നത് അറ്റ്ലാന്റിസിനുള്ളിലാണ്.

തത്സമയ സംഗീത വേദികൾ മുതൽ ആഡംബര കോക്ടെയ്ൽ ലോഞ്ചുകൾ, നൈറ്റ്ക്ലബുകൾ, ലേഡിസ് ഓൺലി ബാർ സർവ്വീസ്, കിഡ്സ് ആൻ്റ് ടിനേജ് ഓൺലി ക്ലബ് തുടങ്ങി ഏതുതരം സഞ്ചാരികൾക്കും എന്തെങ്കിലുമൊക്കെ കരുതിവെച്ചിട്ടുണ്ട് ഈ അത്യാഡംബര റിസോർട്ട്. ഹോളിവുഡ് താരങ്ങളുടെ അടക്കം ലോകപ്രശസ്തരായ നിരവധിപേരുടെ ഇഷ്ട അവധിക്കാല ഇടമാണ് അറ്റ്ലാന്റിസ് ദി പാം.

English Summary: Neha Kakkar and Rohanpreet Singh's honeymoon at Atlantis Dubai

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA