ADVERTISEMENT

1953 ലെ വസന്തകാലത്ത് എഡ്മണ്ട് ഹിലരിയും ടെൻസിങ് നോർഗേയും എവറസ്റ്റിന്റെ നെറുകയിൽ കാൽകുത്തി ഭൂമിയുടെ നെറുകയിലെത്തിയ വാർത്ത ലോകത്തെ അറിയിച്ചത്, പിൽക്കാലത്ത് ജാൻ മോറിസ് എന്നറിയപ്പെട്ട ജയിംസ് മോറിസാണ്. എഴുത്തുകാരിയും പത്രപ്രവർത്തകയും സഞ്ചാരിയുമായ ബ്രിട്ടിഷുകാരി. സൂയസ് കനാൽ പ്രതിസന്ധിയുൾപ്പെടെ പല സ്കൂപ്പുകളും വായനക്കാർക്കു നൽകിയ മോറിസ് പക്ഷേ ഏറ്റവുമധികം വിശേഷിപ്പിക്കപ്പെട്ടത് യാത്രയെഴുത്തുകാരി എന്നാണ്. ഇക്കഴിഞ്ഞ ദിവസം, 94 ാം വയസ്സിൽ വിട പറഞ്ഞപ്പോൾ ബാക്കിയായത് ദേശ, ജീവിത ചരിത്രങ്ങളുടെ അനന്യവും വശ്യവുമായ ഒരാഖ്യാനലോകമാണ്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായ മോറിസ് പ്രമുഖയായ ട്രാൻസ്ജെൻഡർ വ്യക്തിത്വമായിരുന്നു.

 

1926 ൽ സോമർസെറ്റിലാണ് ജയിംസ് മോറിസ് ജനിച്ചത്. അമ്മ ഇംഗ്ലിഷുകാരിയും അച്ഛൻ വെയിൽസുകാരനും. ക്രൈസ്റ്റ് ചർച്ച് കത്തീഡ്രൽ സ്കൂളിലും ലാൻസിങ് കോളജിലുമായിരുന്നു വിദ്യാഭ്യാസം. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനകാലത്ത് ബ്രിട്ടിഷ് സൈന്യത്തിന്റെ കാലാൾപ്പടയിൽ അംഗമായിരുന്നു. 1949 ലാണ് മോറിസ് ഒരു ടീപ്ലാന്ററുടെ മകളായ എലിസബത്ത് ടക്നിസിനെ വിവാഹം കഴിച്ചത്. കവിയും സംഗീതജ്ഞനുമായ ടിം മോറിസ് ഉൾപ്പെടെ അഞ്ചു മക്കളുണ്ടായി. മരണം വരെ എലിസബത്തിനൊപ്പമായിരുന്നു മോറിസിന്റെ ജീവിതം. 

 

1964 ൽ മോറിസ് പൂർണമായും സ്ത്രീജീവിതത്തിലേക്കു കടന്നു. 72 ൽ മൊറോക്കോയിൽ വച്ചായിരുന്നു ലിംഗമാറ്റ ശസ്ത്രക്രിയ. എലിസബത്തുമായി വിവാഹമോചനം നടത്താതിരുന്നതിനാൽ ബ്രിട്ടനിലെ ഡോക്ടർമാർ ശസ്ത്രക്രിയയ്ക്കു വിസമ്മതിച്ചതിനെ തുടർന്നാണ് മൊറോക്കോയിലേക്കു പോയത്. പിന്നീട് മോറിസ് എലിസബത്തിനെ വിവാഹമോചനം ചെയ്തെങ്കിലും സ്വവർഗവിവാഹം അനുവദനീയമായതിനെ തുടർന്ന് 2008 ൽ അവർ വീണ്ടും വിവാഹിതരായി. 

 

ലിംഗമാറ്റത്തിനു ശേഷം ജാൻ മോറിസ് എന്ന പുതിയ പേരിലെഴുതിയ ആദ്യപുസ്തകമായ കനൻഡ്രമിൽ (972) തന്റെ മാറ്റത്തെപ്പറ്റി മോറിസ് വിശദമായി പറഞ്ഞിട്ടുണ്ട്. ലൈംഗിക സ്വത്വമാറ്റത്തെപ്പറ്റി വിശദീകരിക്കുന്ന ആദ്യത്തെ ആത്മകഥകളിലൊന്നാണ് അത്. 

 

യുദ്ധത്തിനു ശേഷമാണ് മോറിസ് പത്രപ്രവർത്തനത്തിലേക്കു തിരിഞ്ഞത്. 1953 ൽ എവറസ്റ്റ് കയറാൻ പോയ ഹിലരിയെയും ടെൻസിങ്ങിനെയും മോറിസ് അനുഗമിച്ചിരുന്നു. സൂയസ് കനാൽ പ്രശ്നത്തെത്തുടർന്ന് ഫ്രാൻസും ഇസ്രയേലും ഈജിപ്തിനെതിരെ നടത്തിയ കടന്നുകയറ്റം 2956 ൽ മാഞ്ചസ്റ്റർ ഗാർഡിയനു വേണ്ടി മോറിസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൈനിക നടപടിയിൽ‍ പങ്കെടുത്ത ഫ്രഞ്ച് പൈലറ്റുമാരെ മോറിസ് ഇന്റർവ്യൂ ചെയ്തത് ശ്രദ്ധിക്കപ്പെട്ടു.

 

ബ്രിട്ടന്റെ ചരിത്രം പറയുന്ന മൂന്നു വാല്യങ്ങളുള്ള പാക്സ് ബ്രിട്ടാനിക്ക, ബുക്കർ പ്രൈസിന്റെ അന്തിമ പട്ടികയിലെത്തിയ ലാസ്റ്റ് ലെറ്റേഴ്സ് ഫ്രം ഹാവ് തുടങ്ങിയ കൃതികളും മോറിസിന്റേതായുണ്ട്. 

 

യാത്രകളുടെ ചങ്ങാതി

 

1943 ൽ സൈന്യത്തിൽ ചേർന്ന ശേഷം മോറിസ് പലസ്തീനിൽ കുറെക്കാലം ഇന്റലിജൻസ് ഓഫിസറായി സേ‍വനമനുഷ്ഠിച്ചിരുന്നു. യുദ്ധത്തിനു ശേഷമാണ് ദ് ടൈംസിൽ പത്രപ്രവർത്തനം തുടങ്ങിയത്. ഹിലരിയെയും ടെൻസിങ്ങിനെയും അനുഗമിക്കാൻ ടൈംസ് മോറിസിനെ നിയോഗിച്ചു. അവർ എവറസ്റ്റ് കീഴടക്കിയതിനു പിന്നാലെ പർവതമിറങ്ങിയ മോറിസ് ഒട്ടും വൈകാതെ ഒരു കോഡ് മെസേജായി അത് തന്റെ പത്രത്തിലേക്കയച്ചു. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണദിവസമാണ് അതു പത്രത്തിൽ അച്ചടിച്ചുവന്നത്. ആ യാത്രയെപ്പറ്റി മോറിസ്‌ പിൽക്കാലത്തു പറഞ്ഞു: ‘ഞാൻ കയറിപ്പോയത് അറിയപ്പെടാത്ത ഒരാളായാണ്, തിരിച്ചിറങ്ങിയതാവട്ടെ, ലോകത്തെ ഏറ്റവും പ്രശസ്തനായ ജേണലിസ്റ്റായും.’

 

തൊട്ടടുത്ത വർഷം മോറിസ് ന്യൂയോർക്ക് മുതൽ ലൊസാഞ്ചലസ് വരെ സഞ്ചരിച്ചു. അമേരിക്കയുടെ ഹൃദയത്തിലൂടെ നടത്തിയ ആ യാത്രയാണ് 1956 ൽ പുറത്തിറങ്ങിയ മോറിസിന്റെ ആദ്യ പുസ്തകം ‘കോസ്റ്റ് ടു കോസ്റ്റ്’. ഒരു വർഷം നീണ്ടു ആ സഞ്ചാരം. കാറിലും ട്രെയിനിലും കപ്പലിലും വിമാനത്തിലുമൊക്കെയായി നടത്തിയ ആ യാത്രയിൽ മോറിസ് അതുവരെ തനിക്ക് അപരിചിതമായ പുതിയ ഒരു അമേരിക്കയെ, അതിന്റെ ജീവിത വൈവിധ്യങ്ങളെ കണ്ടെത്തി. കരുത്തുറ്റ, മനോഹരമായ ഭാഷയിൽ അതെല്ലാം വായനക്കാർക്കായി പകർത്തി വയ്ക്കുകയും ചെയ്തു. 

 

പിന്നീട് മാഞ്ചസ്റ്റർ ഗാർഡിയനിൽ ചേർന്ന മോറിസ് അവിടെനിന്നാണ് സൂയസ് പ്രശ്നം റിപ്പോർട്ട് ചെയ്യാൻ ഈജിപ്തിലേക്കു പോയത്. പിന്നീട് ആറുമാസം ഗാർഡിയനു വേണ്ടി പത്രപ്രവർത്തനവും ആറുമാസം സഞ്ചാരവും എന്നായിരുന്നു മോറിസിന്റെ രീതി. ദക്ഷിണാഫ്രിക്കയിലും മധ്യപൂർവ ദേശത്തും സഞ്ചരിച്ച മോറിസ് ആ യാത്രകളെപ്പറ്റി പുസ്തകങ്ങളെഴുതി. വെനീസിന്റെ സാംസ്കാരിക ചരിത്രത്തെപ്പറ്റിയുള്ള പുസ്തകത്തിനു ശേഷം മുഴുവൻ സമയ എഴുത്തിലേക്കു തിരിഞ്ഞു. 

 

പക്ഷേ യാത്രയെഴുത്തുകാരി എന്ന വിശേഷണത്തോട് അത്ര പ്രതിപത്തിയില്ലായിരുന്നു മോറിസിന്. അത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ‌ ജാൻ മോറിസ് തുറന്നു പറഞ്ഞിട്ടുണ്ട്. അതിന് അവർ നൽകിയ വിശദീകരണമിങ്ങനെയാണ്. ‘‘യാത്രയെക്കുറിച്ച് ജീവിതത്തിൽ ഒരേയൊരു പുസ്തകം മാത്രമാണ് ഞാനെഴുതിയിട്ടുള്ളത്. ഒമാൻ മരുഭൂമിയിലൂടെയുള്ള ഒരു സഞ്ചാരത്തെപ്പറ്റി. സ്ഥലങ്ങളെപ്പറ്റി ഞാനൊരുപാട് എഴുതിയിട്ടുണ്ട്. അതൊന്നും സഞ്ചാരത്തെപ്പറ്റിയല്ല, അവിടെയുള്ള മനുഷ്യരെപ്പറ്റിയും അവരുടെ ചരിത്രത്തെപ്പറ്റിയുമാണ്,’’

 

ജാൻ മോറിസിന്റെ സർഗാത്മകതയുടെ ആഴമളക്കണമെങ്കിൽ അവരുടെ ‘ലാസ്റ്റ് ലെറ്റേഴ്സ് ഫ്രം ഹവ്’ എന്ന പുസ്തകമൊന്നു വായിച്ചാൽ മതി. കിഴക്കൻ മെഡിറ്ററേനിയനിലെ ഒരു സാങ്കൽപിക രാജ്യത്തേക്കു നടത്തിയ യാത്രയെക്കുറിച്ചുള്ള ആ നോവൽ 1985 ൽ ബുക്കർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിരുന്നു. ആ രാജ്യത്തിന്റെ ഓരോ ഭാഗത്തും ചെലവിട്ട ഓരോ മാസത്തെ വിവരണമെന്ന നിലയിലാണ് അതിലെ അധ്യായവും. 

 

കോറണേഷൻ എവറസ്റ്റ് ഹിലരിയും ടെൻസിങ്ങും പർവതം കീഴടക്കിയതിന്റെ വിവരണമാണ്. ഇസ്‌ലാം ഇൻഫ്ലെയിംഡ്: എ മിഡിൽ ഈസ്റ്റ് പിക്ചർ എന്ന പുസ്തകത്തിന്റെ നിരൂപണത്തിൽ ഒരു നിരൂപകൻ എഴുതിയത്, നഗരങ്ങളയും നാട്ടിൻപുറങ്ങളെയും പറ്റി മോറിസ് എഴുതുന്നത് ഒരുപോലെ ഉജ്വലമാണെന്നും അവയുടെ ആകൃതിയും നിറങ്ങളും പോലെതന്നെ സുവ്യക്തമായി ആ പ്രദേശങ്ങളുടെ വൈകാരികാന്തരീക്ഷവും ആവിഷ്കരിക്കുന്നെന്നുമാണ്.

 

മൻഹാറ്റൻ, ഹോങ്കോങ്, ഓക്സ്ഫഡ്, മോറിസിന് എന്നും പ്രിയപ്പെട്ട വെയിൽസ് തുടങ്ങിയ സ്ഥലങ്ങളെപ്പറ്റി അവർ വാക്കുകൾ കൊണ്ടു വരഞ്ഞിട്ട ചിത്രങ്ങൾ യാത്രയെഴുത്തിന്റെ ഉജ്വല ഉദാഹരണങ്ങളായി നിലനിൽക്കുന്നു.

 

ട്രാവൽ റൈറ്ററെന്ന വിശേഷണത്തോട് മോറിസ് എതിർപ്പു പ്രകടിപ്പിച്ചപ്പോഴും പബ്ലിഷേഴ്സ് വീക്ക്‌ലി അവരെ വിശേഷിപ്പിച്ചതിങ്ങനെയാണ്. ‘‘യാത്രാവിവരണമെഴുതുന്ന എഴുത്തുകാരിൽ സമുന്നത സ്ഥാനമാണ് മോറിസിനുള്ളത്. ഇന്ന് ജീവിച്ചിരിക്കുന്നവരിൽ വളരെയേറേ ആരാധിക്കപ്പെടേണ്ട, അനുകരിക്കപ്പെടേണ്ട ട്രാവൽ റൈറ്റേഴ്സിൽ ഒരാളാണ് ജാൻ മോറിസ്’’.

 

ലിംഗമാറ്റവും എഴുത്തും

 

പുരുഷനിൽനിന്ന് സ്ത്രീയിലേക്കുള്ള മാറ്റം ജീവിതത്തെ നിർവചിച്ചതായി താൻ ഒരിക്കലും കരുതുന്നില്ലെന്നും അതു തന്റെ എഴുത്തു ശൈലിയെപ്പോലും മാറ്റിയിട്ടില്ലെന്നും അവർ പറയുന്നു. ‘‘ഞാൻ വിചാരിച്ചതിനേക്കാളും വളരെ ചെറിയ ഒരു മാറ്റമാണ് സംഭവിച്ചത്.’’ ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ താൻ ഒരു പുരുഷനാണെന്നും സ്ത്രീയാണെന്നും രണ്ടിന്റെയും സമ്മിശ്രമാണെന്നും തോന്നിയിട്ടുണ്ടെന്നും അവർ പറഞ്ഞിരുന്നു. ആദ്യകാലത്ത് പുരുഷനിൽനിന്നു സ്ത്രീയിലേക്കുള്ള മാറ്റത്തിന്റെ നിഴൽ തന്റെ എഴുത്തുകളിൽ പ്രതിഫലിച്ചിരുന്നുവെന്നും പിന്നീട് അതിന് മങ്ങലേറ്റെന്നും ഒരു ഘട്ടത്തിൽ മോറിസ് വെളിപ്പെടുത്തിയിട്ടുണ്ട്. മാർച്ചിൽ പബ്ലിഷ് ചെയ്ത തിങ്ക് എഗെയ്ൻ ആണ് മോറിസന്റേതായി ഒടുവിലിറങ്ങിയ പുസ്തകം.

 

English Summary: Travel Writer Jan Morris Passes Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com