ADVERTISEMENT

ലോകത്തിലെ തന്നെ ഏറ്റവും അസാധാരണമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് വടക്കുകിഴക്കൻ ഐസ്‌ലാൻഡിലെ ക്രാഫ്‌ല. ഇവിടെ ജിയോതെര്‍മല്‍ സ്റ്റേഷനരികില്‍ സ്ഥാപിച്ച, കൗതുകമുണര്‍ത്തുന്ന സിങ്കും ബാത്ത്റൂമുമാണ് സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. പറഞ്ഞും കേട്ടും ഈ വിചിത്രമായ കാഴ്ച കാണാനും ഈ പ്രദേശത്ത് ട്രെക്കിങ് നടത്താനുമായി വിദൂരദേശങ്ങളില്‍ നിന്നു പോലും ആളുകള്‍ ഇവിടെയെത്തുന്നു. 

ഒരു സിങ്കിനും ബാത്ത്റൂമിനുമൊക്കെ എന്താണിത്ര പ്രത്യേകത എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. ഒന്നാമത്തെ കാര്യം ഈ പ്രദേശത്ത് ഇവ ആരാണ് നിര്‍മിച്ചതെന്ന് വ്യക്തമായ ഒരറിവും ഇല്ല എന്നതാണ്! ചുറ്റുമതിലുകള്‍ ഇല്ലാതെ വലിയൊരു ഗ്രൗണ്ടിനു നടുവില്‍ തുറസ്സായി കിടക്കുകയാണ് രണ്ടും. അടുത്തുള്ള ചൂടുള്ള നീരുറവയിൽ നിന്നുമുള്ള വെള്ളം സദാ പ്രവഹിക്കുന്ന ഒരു ഷവർഹെഡാണ് ഇവിടുത്തെ വിചിത്രമായ ഓപ്പൺ എയർ ബാത്ത്‌റൂമിലുള്ളത്. 

thermal-spring-turned-into-a-shower-1

2017- ലാണ് ഈ സിങ്ക് ഇവിടെ സ്ഥാപിക്കപ്പെട്ടത്. അതിനു മുന്‍പേ മറയില്ലാത്ത ഒരു ടോയ്‌ലറ്റിന്‍റെ രൂപമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. സഞ്ചാരികള്‍ ആരും തന്നെ അത് ഉപയോഗിച്ചിരുന്നില്ല. ലോകത്തെ ഏറ്റവും വിചിത്രമായ പൊതു ടോയ്‌ലറ്റുകളുടെ പട്ടികയില്‍ ഇടം നേടിയ ഈ നിര്‍മിതി അനവധി സഞ്ചാരികളെ ആകര്‍ഷിച്ചിരുന്നു. ഇപ്പോഴുള്ള സിങ്ക് ഡ്രെയിനേജ് പൈപ്പുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും അലങ്കാര ആവശ്യങ്ങൾക്കായി മാത്രമാണ് ഇത് ഉപയോഗിക്കുന്നത്.

ഒറ്റപ്പെട്ട പ്രദേശത്താണ് ഈ നിര്‍മിതികള്‍ രണ്ടും സ്ഥിതിചെയ്യുന്നത്. ജിയോതെര്‍മല്‍ പവർ സ്റ്റേഷനിൽപ്പോലും വെറും 15 ജീവനക്കാർ മാത്രമേ ജോലി ചെയ്യുന്നുള്ളൂ. ചുറ്റും മനോഹരമായ ഗ്രാമദൃശ്യങ്ങളും കൂടിയാകുമ്പോള്‍ സഞ്ചാരികള്‍ക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും ഇവിടേക്കുള്ള യാത്ര. സോഷ്യല്‍ മീഡിയയില്‍ നിരവധി ആളുകള്‍ ഈ പ്രദേശത്തെപ്പറ്റി വിവരങ്ങള്‍ പങ്കു വച്ചിട്ടുണ്ട്. 2013-ല്‍ എഴുത്തുകാരനായ സ്റ്റീഫൻ മാർക്ലിയുടെ 'ടെയിൽസ് ഓഫ് ഐസ്‌ലാന്‍ഡ്‌  എന്ന പുസ്തകത്തിലും ഈ പ്രദേശത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. 

വടക്കൻ ഐസ്‌ലാൻഡിലെ ജൈവസമൃദ്ധമായ മാവത്ൻ തടാകത്തിന് വടക്കായി സ്ഥിതിചെയ്യുന്ന അതേ പേരിലുള്ള വലിയ അഗ്നിപർവ്വത വ്യവസ്ഥയുടെ ഭാഗമായ ഒരു കാൽഡെറയാണ് ക്രാഫ്‌ല. ഒരു അഗ്നിപർവ്വത സ്‌ഫോടനം നടക്കുമ്പോള്‍ മാഗ്മ ചേമ്പർ / റിസർവോയർ ശൂന്യമാക്കപ്പെട്ട ശേഷം രൂപം കൊള്ളുന്ന, വലിയ പൊള്ളയായ പ്രദേശമാണ് കാൽഡെറ എന്നറിയപ്പെടുന്നത്. ഏകദേശം 29 തവണ പൊട്ടിത്തെറിച്ചതും രാജ്യത്തെ ഏറ്റവും സ്ഫോടനാത്മകമായതുമായ അഗ്നിപർവ്വതങ്ങളിൽ ഒന്നാണിത്. 

അഗ്നിപര്‍വ്വത പ്രദേശമായതു കൊണ്ടുതന്നെ നിരവധി ഉഷ്ണജല തടാകങ്ങള്‍ ഇവിടെ കാണാം. യൂറോപ്പിലെ ഏറ്റവും ശക്തമായ വെള്ളച്ചാട്ടമെന്നറിയപ്പെടുന്ന ഡെറ്റിഫോസ്, കുതിരലാടത്തിന്‍റെ ആകൃതിയിലുള്ള മലയിടുക്കായ ഓസ്ബിർഗി എന്നിവയും അടുത്തുള്ള ജനവാസപ്രദേശങ്ങളായ റെയ്ക്ജാലിക്, അകുരേരി, ഹുസാവക് എന്നീ പട്ടണങ്ങളും ഇവിടേക്കുള്ള യാത്രയില്‍ സന്ദര്‍ശിക്കാവുന്ന ഇടങ്ങളാണ്. മതിയായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചും മുന്നറിയിപ്പുകള്‍ ശ്രദ്ധിച്ചും മാത്രമേ ഇവിടേക്ക് യാത്ര ചെയ്യാനാവൂ.

 

English Summary: A thermal spring turned into a shower in Iceland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com