ADVERTISEMENT

കൊറോണയുടെ പിടിയിൽ നിന്നും ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയിലാണ്. ഇപ്പോഴിതാ ബോളിവുഡ് സൂപ്പർതാരങ്ങളടക്കം മിക്ക സഞ്ചാരികളും യാത്രയ്ക്കായി തെരഞ്ഞെടുക്കുന്നത് സ്വർഗതുല്യ കാഴ്ചകൾ നിറഞ്ഞ മാലദ്വീപിലേക്കാണ്. ഇന്ത്യൻ സിനിമയിലെ താരനിരങ്ങൾ മാലദ്വീപിൽ അവധിയാഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കാത്തിരുന്നു കിട്ടിയ അവധിക്കാലവും വിശേഷാവസരങ്ങളും പരമാവധി ആഘോഷമാക്കുകയാണ് താരങ്ങള്‍. 

ടൈഗർ ഷ്രോഫ്, ദിഷ പട്ടാണി, പ്രണിത സുഭാഷ്‌, ശിബാനി ദണ്ഡേക്കര്‍  തപ്‌സി പന്നു, വരുൺ ധവാൻ, എല്ലി അവ്രാം , മൗനി റോയ് തുടങ്ങി ബോളിവുഡിലെ നിരവധി നടീനടന്മാര്‍ മാലദ്വീപില്‍ നിന്നുള്ള അവധിക്കാല ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. അടുത്തിടെ വിവാഹിതരായ തെന്നിന്ത്യന്‍ നടി കാജൽ അഗർവാളും ഭർത്താവ് ഗൗതം കിച്ച്‌ലുവും മാലദ്വീപിൽ മധുവിധു ആഘോഷിച്ച അതിസുന്ദരമായ ചിത്രങ്ങളും വൈറലായിരുന്നു. കഴിഞ്ഞ ദിവസം തെന്നിന്ത്യന്‍ താരജോഡികളായ സമാന്തയും നാഗ ചൈതന്യയും മാലദ്വീപിലേയ്ക്ക് യാത്ര തിരിച്ചിരുന്നു. നാഗ ചൈതന്യയുടെ പിറന്നാള്‍ ആഘോഷ യാത്രകൂടിയായിരുന്നു.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട് മാസങ്ങള്‍ക്കുശേഷം തുറന്ന മാലദ്വീപിലേക്ക് താരങ്ങളുടെ ഒഴുക്കാണെന്നു തന്നെ പറയാം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സഞ്ചാരികൾ യാത്രകൾ ആരംഭിച്ചിരിക്കുകയാണിപ്പോള്‍. 

മാലദ്വീപ് സൂപ്പർതാരങ്ങളുടെ ഡെസ്റ്റിനേഷൻ

അറബികടലിൽ സ്ഥിതി ചെയ്യുന്ന കൊച്ചു ദ്വീപുകളുടെ സംഗമമായ മാലദ്വീപിലേക്കുള്ള യാത്ര ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സുഗമമാണ്. സങ്കീർണമായ വീസ നടപടികളൊന്നും ഇല്ലാതെ ചെന്നെത്താനും വളരെ കുറഞ്ഞ ചെലവിൽ ആസ്വദിക്കാനും കഴിയുന്ന ഒരു രാജ്യമാണിത്. പവിഴപ്പുറ്റുകളുടെ ഇടയിലൂടെ കടലിന്റെ നീലിമയില്‍ ലയിക്കാന്‍ മാലദ്വീപിലേക്ക് യാത്രതിരിക്കുന്ന സിനിമാതാരങ്ങള്‍ നിരവധിയാണ്. മാലദ്വീപിന്റെ സൗന്ദര്യവും സുഗമമായ യാത്രയും സുരക്ഷിതത്വവുമൊക്കെയാണ് ഇവരെ അവിടേക്ക് മാടിവിളിക്കുന്നത്.

എന്തുകൊണ്ട് മാലദ്വീപ്

ലോക്ഡൗൺ കാലത്തിനു ശേഷം ജൂലൈയിലാണ് വിനോദസഞ്ചാരികൾക്കായി മാലദ്വീപ് വീണ്ടും തുറന്നത്. മികച്ച സൗകര്യങ്ങള്‍ക്കൊപ്പം നിലവില്‍ യാത്രാ നിയന്ത്രണങ്ങളൊന്നും ഇല്ല എന്നതാണ് ഇവിടം തെരഞ്ഞെടുക്കാന്‍ സഞ്ചാരികള്‍ക്ക് പ്രചോദനമേകുന്നത്. നെഗറ്റീവ് കോവിഡ് പരിശോധനാഫലം കയ്യിലുള്ള ആര്‍ക്കും ഇവിടം സന്ദര്‍ശിക്കാം. മാലദ്വീപിലെ പൗരന്മാരൊഴികെയുള്ള മറ്റെല്ലാവരും പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തിയ പിസിആർ പരിശോധനയുടെ നെഗറ്റീവ്  ഫലം കാണിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്നും നിര്‍ദ്ദേശമുണ്ട്.

∙ സഞ്ചാരികൾ‌ക്ക് വളരെ സുരക്ഷിതമായും സുഗമമായും എത്തിച്ചേരാവുന്ന സുന്ദരയിടം

∙ ധാരാളം കൗതുക കാഴ്ചകളൊരുക്കിയാണ് ദ്വീപുകളിൽ ലഭിക്കുന്ന ഊഷ്മള വരവേൽപ്

∙ മനോഹര കാഴ്ചകളൊരുക്കുന്ന താമസസ്ഥലങ്ങളും ജലവിനോദങ്ങളും.

∙ ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ അതിഥി മന്ദിരങ്ങളും റിസോർട്ടുകളും

∙ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ 30 ദിവസം വരെ മാലദ്വീപില്‍ ചെലവഴിക്കാം

∙ മനോഹരമായ ബീച്ചുകൾ. സ്വകാര്യ ബീച്ചുകളും നിരവധി

∙ വിസ്മയമായി കടൽക്കാഴ്ചകൾ : സ്‌നോർക്ലിങ്, സെയ്‌ലിംഗ്, അണ്ടർവാട്ടർ ഡൈവിംഗ്

∙ യാത്ര പരിപൂർണതയിൽ ആസ്വദിക്കാൻ വാട്ടർ വില്ലകൾ

∙ കാഴ്ചകൾക്കൊപ്പം രുചിനിറഞ്ഞ ഭക്ഷണം വിളമ്പുന്ന ഒരു രാജ്യം കൂടിയാണ് മാലദ്വീപ്.

∙ കുറഞ്ഞ ചെലവിൽ താമസിക്കാൻ കഴിയുന്ന അതിഥി മന്ദിരങ്ങളും ലഭ്യമാണ്.

∙ കയ്യിലുള്ള പണത്തിനനുസരിച്ചു താൽപര്യം പോലെ യാത്ര ആസ്വദിക്കാം.

∙ രുചികരമായ മാലദ്വീപിയൻ സ്പെഷ്യൽ ചോക്ലേറ്റുകൾ.

English Summary: Why do all Celebrities go for Holidays to the Maldives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com