ADVERTISEMENT

ആളുകള്‍ ധാരാളം ഇടതിങ്ങിപ്പാര്‍ക്കുന്ന ഭീമന്‍ നഗരങ്ങള്‍ക്കപ്പുറം, താമസിക്കാന്‍ ഈ ഭൂമിയില്‍ അതിമനോഹരമായ എത്രയോ സ്ഥലങ്ങളുണ്ട്. ഈയടുത്ത കാലത്തായി ഇത്തരം പ്രദേശങ്ങള്‍ താമസക്കാരെ തേടിത്തുടങ്ങിയിട്ടുണ്ട്. വെറുതേ ക്ഷണിക്കുക മാത്രമല്ല, ഇത്തരമിടങ്ങളില്‍ താമസിക്കാന്‍ തയാറാവുന്നവര്‍ക്ക് കിടുക്കന്‍ സമ്മാനങ്ങളും നല്‍കുന്നതാണ് പുതിയ ട്രെന്‍ഡ്. ഈ നിരയിലേക്ക് പുതുതായി കടന്നു വന്നിരിക്കുകയാണ് വടക്കുപടിഞ്ഞാറൻ അർക്കൻസാസ്. യു‌എസ് പൗരന്‍ അല്ലെങ്കിൽ‌ യു‌എസിൽ‌ ജോലി ചെയ്യാൻ നിയമപരമായ യോഗ്യതയുള്ള ആളുകൾക്കാണ് താമസത്തിന് പുത്തൻ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.

പുതുതായി പ്രഖ്യാപിച്ച ലൈഫ് വർക്ക്സ് ഹിയർ സംരംഭത്തിന്‍റെ ഭാഗമായാണ് ഓഫര്‍. മനോഹരമായ ഈ പ്രദേശത്തേക്ക് താമസം മാറുന്നവര്‍ക്ക് 10,000 ഡോളറും ഒരു മൗണ്ടൻ ബൈക്കും പ്രതിഫലമായി നല്‍കും. ബൈക്കിങ് ഇഷ്ടമുള്ളവര്‍ക്ക് ഡബിള്‍ ലോട്ടറിയടിച്ച പോലെയാണ് ഈ ഓഫര്‍, 162 മൈൽ നീളുന്ന അതിസുന്ദരമായ നടപ്പാതകളും 322 മൈൽ മൗണ്ടൻ ബൈക്കിങ് പാതകളുമുള്ള പ്രദേശമാണിത്. ഇനി അഥവാ അതിനു താല്പര്യമില്ലെങ്കില്‍, ക്രിസ്റ്റൽ ബ്രിഡ്ജസ് മ്യൂസിയം ഓഫ് അമേരിക്കൻ ആർട്ട് പോലുള്ള പ്രാദേശിക സാംസ്കാരിക സ്ഥാപനങ്ങളിലൊന്നിലുള്ള വാർഷിക അംഗത്വം തിരഞ്ഞെടുക്കാം.

യുഎസിലെ ഓസാർക്ക് പർവതനിരകളില്‍ സ്ഥിതിചെയ്യുന്ന ഒരു മെട്രോപൊളിറ്റൻ പ്രദേശമാണ് വടക്കുപടിഞ്ഞാറൻ അർക്കൻസാസ്. സംസ്ഥാനത്തെ ഏറ്റവും വലിയ പത്ത് നഗരങ്ങളിൽ ഫയറ്റെവില്ലെ, സ്പ്രിംഗ്ഡേൽ, റോജേഴ്സ്, ബെന്റൺവില്ലെ എന്നിങ്ങനെ നാലെണ്ണം ഇവിടെയാണ്‌.

Arkansas-1

വടക്കുപടിഞ്ഞാറൻ അർക്കൻസാസിലെ കുറഞ്ഞ ജീവിതച്ചെലവും ലോകോത്തരമായ കലാ സ്ഥാപനങ്ങളും ദേശീയ ശരാശരിയേക്കാൾ 14% കൂടുതലായ പ്രതിശീർഷ വരുമാനവും മനോഹരമായ പ്രകൃതിയുമെല്ലാം ഈ ഓഫറിനെ ഒന്നുകൂടി ആകര്‍ഷകമാക്കുന്ന ഘടകങ്ങളാണ്. അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇവിടത്തേത്. ഭാവിയിലും സാമ്പത്തിക വളർച്ച ഉറപ്പാക്കാനുള്ള പ്ലാനുകളുടെ ഭാഗമായാണ് കൂടുതലാളുകളെ ക്ഷണിക്കുന്നത്. ഇപ്പോൾ പതിനായിരത്തിലധികം തൊഴിലവസരങ്ങൾ ലഭ്യമാണെങ്കിലും ആവശ്യത്തിനു ജോലിക്കാരെ കിട്ടാനില്ല. പണം വാഗ്ദാനം ചെയ്‌താല്‍ ആളുകള്‍ ഇവിടേക്ക് താമസം മാറാന്‍ തയ്യാറാകുമെന്നാണ് കണക്കുകൂട്ടല്‍.

ആറു മാസത്തേക്ക് ഒരു മില്ല്യന്‍ ഡോളര്‍ ആണ് വാൾട്ടൺ ഫാമിലി ഫൗണ്ടേഷനുമായി ചേര്‍ന്ന് പദ്ധതി നടപ്പിലാക്കുന്ന നോര്‍ത്ത് വെസ്റ്റ്‌ അർക്കൻസാസ് കൗണ്‍സില്‍ ഇതിനായി വകയിരുത്തിയിരിക്കുന്നത്.

അപേക്ഷകര്‍ക്ക് വേണ്ട യോഗ്യതകള്‍ ചുവടെ:

1. കുറഞ്ഞത് 24 വയസ്സ് പൂര്‍ത്തിയിരിക്കണം

2. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.

3. മുഴുവൻ സമയ ജോലി ഉണ്ടായിരിക്കണം (സ്വയം തൊഴിലുകള്‍ ഉൾപ്പെടെ)

4. നിലവിൽ അർക്കൻസാസിന് പുറത്തു താമസിക്കുന്നയാളായിരിക്കണം

5. അപേക്ഷ സ്വീകരിക്കപ്പെട്ടാല്‍ ആറുമാസത്തിനുള്ളിൽ വടക്കുപടിഞ്ഞാറൻ അർക്കൻസാസിലേക്ക് മാറാൻ കഴിയണം.

6. യു‌എസ് പൗരന്‍ അല്ലെങ്കിൽ‌ യു‌എസിൽ‌ ജോലി ചെയ്യാൻ നിയമപരമായ യോഗ്യത ഉള്ള ആളാവണം

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക : https://findingnwa.com/incentive/.

English Summary:Northwest Arkansas Offering Big Bonus for Remote Workers willing to Move there

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com