ADVERTISEMENT

യുഎഇ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ലക്ഷ്വറി സൗകര്യങ്ങളും കിടിലന്‍ ടൂറിസ്റ്റ് സ്പോട്ടുകളുമെല്ലാമുള്ള അടിപൊളി നഗരങ്ങളാണ് മനസ്സിലേക്ക് ഓടിയെത്തുക. സഞ്ചാരികള്‍ക്ക് കാണാനായി നിരവധി മനോഹര കാഴ്ചകള്‍ ഇവിടെയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായാലും ഏറ്റവും വലിയ ഹൈ-ഡെഫനിഷൻ വീഡിയോ മതിലായാലും ഏറ്റവും വേഗതയേറിയ പൊലീസ് കാറായാലുമെല്ലാം റെക്കോർഡ് നേട്ടങ്ങൾക്ക് യുഎഇ എന്നും മുന്നില്‍ത്തന്നെയുണ്ട്. ഇപ്പോഴിതാ ഇവയുടെ കൂട്ടത്തിലേക്ക് കുറച്ചു പുതിയ കാര്യങ്ങള്‍ കൂടി കടന്നു വന്നിരിക്കുകയാണ്. കൊറോണ മൂലം ലോകമാകെ കുഴഞ്ഞു മറിഞ്ഞെങ്കിലും ദുബായ്ക്കിത് റെക്കോഡുകളുടെ കാലമാണ്. നാലു ഗിന്നസ് ലോക റെക്കോഡുകളാണ് ഈ വര്‍ഷം യുഎഇയെ തേടിയെത്തിയത്. 

ഗിന്നസ് ലോക റെക്കോർഡ് ദിനത്തോടനുബന്ധിച്ചാണ് ഈ നേട്ടങ്ങള്‍ പ്രഖ്യാപിച്ചത്. ചൈന, യുഎസ്എ, യുകെ, ജപ്പാൻ തുടങ്ങിയ വമ്പന്‍ രാജ്യങ്ങളുടെ നിരവധി റെക്കോർഡുകൾ ഇക്കുറി തകർന്നു. യുഎഇയിൽ നിന്ന് ഒമീർ സയീദ് ഒമീർ യൂസഫ് അൽമഹൈരി, ഡോ. ഖവ്‌ല അൽ റോമൈതി, മീര അൽ ഹൊസാനി എന്നീ പുലിക്കുട്ടികള്‍ ചേര്‍ന്ന് നാല് ഗിന്നസ് കിരീടങ്ങളാണ് ജന്മനാടിനു ചാര്‍ത്തികൊടുത്തത്.

 ഡോ. ഖവ്‌ല അല്‍ റോമൈതി

ലോകം മുഴുവന്‍ ചുറ്റുക എന്നാല്‍ അത്ര ചില്ലറ കാര്യമല്ല. ഏഴു ഭൂഖണ്ഡങ്ങളിലും യാത്ര ചെയ്യുക എന്നാല്‍ ഒരു ജീവിതകാലം കൊണ്ട് കഴിയണമെന്നുമില്ല. എന്നാല്‍ വെറും 87 മണിക്കൂര്‍ കൊണ്ട് ലോകം ചുറ്റി റെക്കോര്‍ഡിട്ട യുഎഇയില്‍ നിന്നുള്ള ഖവ്‌‌ല അല്‍ റോമൈതി എന്ന യുവഡോക്ടര്‍ കഴിഞ്ഞയാഴ്ച മാധ്യമങ്ങളില്‍ നിറഞ്ഞ താരമായിരുന്നു. 

traveller-image1

ഏഴു ഭൂഖണ്ഡങ്ങള്‍ ചുറ്റിവരാന്‍ കൃത്യം 3 ദിവസം 14 മണിക്കൂർ 46 മിനിറ്റ് 48 സെക്കൻഡാണ് ഖവ്‌‌ല എടുത്തത്. 2020 ഫെബ്രുവരി 13 ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ അവസാനിച്ച യാത്രയിൽ അവര്‍ 208 രാജ്യങ്ങളിലൂടെയും അനുബന്ധ പ്രദേശങ്ങളിലൂടെയും സഞ്ചരിച്ചു. 

ഒമീർ സയീദ് ഒമീർ യൂസഫ് അൽമഹൈരി

ഒന്നല്ല, രണ്ടു റെക്കോഡുകളാണ് ഒമീർ സയീദ് ഒമീർ യൂസഫ് അൽമഹൈരി എന്ന എമിരാറ്റി തകര്‍ത്തത്. വേക്ക്ബോര്‍ഡിംഗ് എന്ന സാഹസിക ജലകായിക വിനോദമായിരുന്നു ഇനം. 'ഫാര്‍തസ്റ്റ് വേക്ക്ബോര്‍ഡ് ജമ്പ്(പുരുഷന്‍)', ‘മോസ്റ്റ്‌ വേക്ക്ബോര്‍ഡ് റെയില്‍ എയെഴ്സ്(സൂപ്പർമാൻ) ഇന്‍ 30 സെക്കൻഡ്സ് എന്നിവയായിരുന്നു ഇനങ്ങള്‍.  ഈയിനത്തില്‍, ഫ്രാൻസിൽ നിന്നുള്ള ജെറോം മക്വാർട്ടിന്‍റെ റെക്കോഡുകളാണ് അൽഹൈരി തകര്‍ത്തത്. 

മീര അൽ ഹൊസാനി 

പല നിറങ്ങളില്‍ ഉള്ള1,447 സോക്സുകൾ ഉപയോഗിച്ച് അറബിയിൽ ‘സന്തോഷം’ എന്ന വാക്ക് എഴുതിയാണ് മീര അൽ ഹൊസാനി ഗിന്നസ് റെക്കോഡ് നേടിയത്. ഡൗണ്‍ സിന്‍ഡ്രോം ഉള്ള തന്‍റെ മകള്‍ ലത്തീഫയോടുള്ള സ്നേഹസൂചകമായാണ് മീര ഇങ്ങനെ ചെയ്തത്. അബുദാബിയിലെ സാംസ്കാരിക, ടൂറിസം വകുപ്പിലെ വെല്‍ ബീയിംഗ് ഓഫീസറും ചീഫ് ഓഫ് ഹാപ്പിനസ് പദവി അലങ്കരിക്കുന്ന ആളുമാണ് ഈ 39- കാരി. 

700 കുട്ടികളിൽ 1 പേരെ ബാധിക്കുമെന്ന് കരുതപ്പെടുന്ന ഒരു ജനിതകാവസ്ഥയാണ് ഡൗണ്‍ സിന്‍ഡ്രോം. സോക്സിന് മനുഷ്യ ക്രോമസോമുകളുടെ ആകൃതിയോട് സാമ്യമുണ്ട്. ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടികള്‍ക്ക് സാധാരണ മനുഷ്യരില്‍ നിന്നും അധികമായി ഒരു ക്രോമസോം ഉണ്ടാകും. ഇതാണ് സോക്സ്‌ ഉപയോഗിച്ചുള്ള സൃഷ്ടിക്ക് പ്രചോദനമായത്.

 

English Summary:UAE Wins four Guiness World Records

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com