ADVERTISEMENT

പത്തൊൻപതാം നൂറ്റാണ്ടിലെ പ്രശസ്ത ഫ്രഞ്ച് ഇംപ്രഷനിസ്റ്റ് ചിത്രകാരനായ ക്ലോഡ് മോനറ്റിന്‍റെ പ്രശസ്ത ചിത്രമായ 'വാട്ടര്‍ ലില്ലീസി'നെ ഓര്‍മിപ്പിക്കും, ജപ്പാനിലെ ഗിഫു പ്രവിശ്യയിലെ സെകി നഗരത്തിലെ 'നെമിച്ചി ഷയര്‍' എന്ന് പേരുള്ള ഷിന്റോ ആരാധനാലയത്തിലെ കുളം. അതിസുന്ദരമായ ആ ചിത്രത്തില്‍ ഉള്ളതുപോലെ നിറയെ ആമ്പല്‍പ്പൂക്കള്‍ നിറഞ്ഞ മായികമായ കാഴ്ചയാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ചില്ലു പോലെ തെളിഞ്ഞ വെള്ളത്തില്‍ കണ്ണില്‍ത്തറയ്ക്കുന്ന ശോഭയോടെയാണ് ഈ പൂക്കള്‍ കാണാനാവുക. അതുകൊണ്ടുതന്നെ പ്രകൃതിയില്‍ വരച്ചു വെച്ച ഒരു ചിത്രത്തിന്‍റെ അസ്സല്‍ പ്രതീതിയാണ് ഈ കുളത്തിന്‍റെ കാഴ്ച നല്‍കുക. 

 

ചതുരാകൃതിയില്‍, അറുപതടി നീളമുള്ള കുളമാണിത്. ക്ലോഡ് വരച്ചത് വടക്കന്‍ ഫ്രാന്‍സിലെ ഗിവര്‍നിയില്‍ തന്‍റെ നാട്ടിലുള്ള ജാപ്പനീസ് പൂന്തോട്ടത്തിലെ കാഴ്ചയാണെങ്കിലും ഈ കുളത്തോട് ആ ചിത്രത്തിനുള്ള സമയം ആരെയും അദ്ഭുതപ്പെടുത്തും. കേട്ടറിഞ്ഞ് ലോകമെങ്ങു നിന്നുമുള്ള നിരവധി സഞ്ചാരികളാണ് കുളം കാണാന്‍ വര്‍ഷംതോറും എത്തുന്നത്. 

 

ഷിന്റോ വിശ്വാസത്തിലെ ദൈവങ്ങളെ ആരാധിക്കുന്നതിനായി ഒരൊറ്റ മരത്തില്‍ നിര്‍മിച്ച കെട്ടിടമാണ് നെമിച്ചി ഷയർ. "പേരില്ലാത്ത കുളം" എന്നാണ് കോയി കുളത്തിനെ വിളിക്കുന്ന പേര്. എന്നാല്‍ ഇപ്പോള്‍ മോനറ്റിന്‍റെ ചിത്രത്തോടുള്ള സാമ്യം കണക്കിലെടുത്ത് "മോനെറ്റ്സ് പോണ്ട്" എന്ന പേരിലാണ് ഇത് സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. കുറച്ചു കാലം മുന്‍പേ വരെ ആളനക്കം ഇല്ലാതെ കിടന്ന ഇവിടം സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രശസ്തമായതോടെ സഞ്ചാരികളുടെ ഒഴുക്കാണ് ഇവിടേക്ക്. ആമ്പല്‍പ്പൂക്കളുടെയും കുളത്തില്‍ നീന്തുന്ന വര്‍ണ്ണാഭമായ മീനുകളുടെയുമൊക്കെ കാഴ്ച അവര്‍ണ്ണനീയമായ അനുഭവമാണെന്നാണ്‌ പല സന്ദര്‍ശകരും പറയുന്നത്. 

 

ഈ പ്രദേശത്തിന് ചുറ്റുമുള്ള നെൽപാടങ്ങളിലേക്കുള്ള വെള്ളം സൂക്ഷിച്ചിരുന്ന ജലസംഭരണിയായിരുന്നത്രേ ഈ കുളം. ഇതിനടുത്തുള്ള ഇറ്റഡോറി ഫ്ലവർ പാർക്കിന്‍റെ ഉടമ 1990 കളിൽ കുളം വൃത്തിയാക്കുകയും ആമ്പല്‍ച്ചെടികള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. പ്രദേശവാസികളാവട്ടെ, ഇതില്‍  കോയി ഇനത്തില്‍പ്പെട്ട മത്സ്യങ്ങളെയും കൊണ്ടിട്ടു.

 

അറുപതാം വയസ്സിലാണ് മോനറ്റ് 'വാട്ടര്‍ ലില്ലീസ്' വരയ്ക്കുന്നത്. ഇതിനായി തെക്കേ അമേരിക്കയിൽ നിന്നും ഈജിപ്തിൽ നിന്നും ഇറക്കുമതി ചെയ്തതും ഫ്രാൻസിലെ പ്രാദേശിക വെള്ള ആമ്പല്‍പ്പൂക്കളും മോനറ്റ് നട്ടുണ്ടാക്കിയത്രെ. മഞ്ഞ, നീല, വെള്ള നിറങ്ങളിലുള്ള ആമ്പല്‍പ്പൂക്കള്‍ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ജീവിതത്തിന്‍റെ അവസാന ഇരുപത്തിയാറ് വർഷങ്ങള്‍ ലില്ലി കുളങ്ങൾ വരയ്ക്കാനായി മോനെറ്റ് സ്വയം അർപ്പിച്ചു. ആമ്പല്‍പ്പൂക്കളുടെ മാത്രം ഏകദേശം 250 ഓയിൽ പെയിന്റിംഗുകൾ  മോനറ്റിന്റേതായുണ്ട്.

 

ജൂൺ - സെപ്റ്റംബർ സമയമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ഏതാണ്ട് മുഴുവന്‍ കുളവും പൂക്കളെക്കൊണ്ട് നിറഞ്ഞിരിക്കുന്ന മനോഹരമായ കാഴ്ചയാണ് ഈ സമയത്ത് കാണാനാവുക. ഏകദേശം പതിനൊന്നു മണിയോടടുപ്പിച്ചാണ് പൂക്കള്‍ വിരിയുക. ഇതിനടുത്തായി ഗുജോ ഹച്ചിമാൻ ഒറ്റാക്കി ഗുഹ, കൈശിക്കൻ, ഗിഫു കാസിൽ എന്നിങ്ങനെയുള്ള മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളുമുണ്ട്.

 

English Summary: Monet’s Pond in Japan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com