ADVERTISEMENT

റഷ്യയിലെത്തുന്ന സഞ്ചാരികൾ കടുത്ത തണുപ്പിനെ നേരിടാൻ തയാറായിരിക്കണം. റഷ്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍, സാഖാ റിപ്പബ്ലിക്കില്‍ സ്ഥിതിചെയ്യുന്ന ഒമ്യാക്കോണ്‍ ഭൂമിയിലെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളിലൊന്നാണ്. ഇവിടുത്തെ ശരാശരി താപനില ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെ മൈനസ് 58 ഡിഗ്രി വരെയാകും. ഇവിടുത്തെ തണുപ്പില്‍ നില്‍ക്കുന്ന മനുഷ്യരുടെ കണ്‍പീലികളില്‍ പോലും മഞ്ഞുമൂടിനില്‍ക്കുന്ന ചിത്രങ്ങളൊക്കെ നിരവധി കണ്ടിട്ടുണ്ട്. ഒമ്യാക്കോണ്‍ എന്ന വാക്കിനർഥം മരവിപ്പിക്കാത്ത വെള്ളം എന്നാണ്. എന്നാല്‍ പേരുമായി യാതൊരു ബന്ധവുമില്ലാത്തൊരു നാടാണ് റഷ്യയിലെ ഒമ്യാക്കോണ്‍. 

തണുപ്പ് ഒരല്‍പം കുറഞ്ഞ സമയം ജൂണ്‍, ജൂലൈ മാസങ്ങളാണ്. അതുകൊണ്ട് മഞ്ഞ് ആസ്വദിക്കണമെങ്കില്‍ ഈ സമയത്ത് സന്ദര്‍ശിക്കുന്നതാണ് നല്ലത്. റെയിന്‍ഡിയര്‍ റൈഡും താപ നീരുറവകളുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. വിനോദസഞ്ചാരകന്ദ്രമെന്ന നിലയില്‍ ഇവിടുത്തെ താപനില പരിശോധിക്കുന്നതിനായി ഒരിക്കല്‍ ഇലക്ട്രോണിക് ടെംപറേച്ചര്‍ മെഷീന്‍ സ്ഥാപിച്ചെങ്കിലും കഠിനമായ തണുപ്പുകാരണം അതു തകര്‍ന്ന പോയ ചരിത്രം വരെയുണ്ട്.

അവിശ്വസനീയവും എന്നാല്‍ സത്യവുമാണ്, ഭൂമിയിലെ ഏറ്റവും തണുപ്പുള്ള സ്ഥലമാണ് ഒമ്യാക്കോണ്‍ താഴ്‌‌‌‌‌വര. അഞ്ഞൂറോളം പേര്‍ താമസിക്കുന്ന ഗ്രാമമാണിതെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. ഇവിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില -71.2 ഡിഗ്രി തണുപ്പാണ്. മൂന്നാറിലേയും കശ്മീരിലേയുമെല്ലാം തണുപ്പിനെപ്പോലും അതികഠിനമായി കാണുന്ന നമ്മളില്‍ പലരും ഇവിടെയെത്തിയാല്‍ ചിലപ്പോള്‍ തണുത്ത് മരവിച്ചുപോകുമെന്നുറപ്പാണ്. 

വാഹനം ഓഫ് ചെയ്യാത്ത നാട്

ഒമ്യാക്കോണിലെ ആളുകള്‍ അവരുടെ കാറുകള്‍ ഓഫാക്കാറില്ല. ഒരു മിനിറ്റിലധികം നേരം വണ്ടി നിര്‍ത്തിയാല്‍ കാര്‍ എൻജിന്‍ മരവിച്ചുപോകും.

മരിച്ചവരുടെ കാര്യം അതിലേറെ ദുരിതം

ഇവിടെ ജീവിക്കുന്നവരുടെ കാര്യം മാത്രമല്ല മരിച്ചവരുടെ അവസ്ഥയും കഷ്ടമാണ്. മരിച്ചവരെ സംസ്‌കരിക്കാന്‍ മൂന്നു ദിവസമെടുക്കും. കുഴിയെടുക്കല്‍ അതികഠിനമാണ്. കുഴിച്ചുതുടങ്ങുമ്പോള്‍ തന്നെ മഞ്ഞുരുകാന്‍ വേണ്ടി ചൂടുള്ള കല്‍ക്കരി നിറയ്ക്കും. പിന്നീട് രണ്ടു മൂന്നു ദിവസം കഴിഞ്ഞ് ശവക്കുഴിക്കു വേണ്ടത്ര ആഴമാകുമ്പോള്‍ ശവപ്പെട്ടി കുഴിച്ചിടുന്നു.

oymyakon1

ഇവിടെ അവസാനിക്കുന്നില്ല ഒമ്യാക്കോണിന്റെ കൗതുകകരമായ വസ്തുതകള്‍. വാസ്തവത്തില്‍, ഇവിടെ എന്തും തല്‍ക്ഷണം മരവിച്ചുപോകും. ചായ, പാല്‍, പേനയുടെ മഷി, ബാറ്ററികള്‍ പോലുള്ള സാധാരണ കാര്യങ്ങള്‍ പോലും വളരെ വേഗം മരവിക്കും. 

പച്ചക്കറിക്കൃഷി ഇവിടെ സാധ്യമാകാത്തതിനാല്‍ ഒമ്യാക്കോണിലെത്തിയാല്‍ ഭക്ഷണമായി മല്‍സ്യം, മാംസം എന്നിവ മാത്രമേ ലഭിക്കു. എന്നുകരുതി ഇവിടുത്തെ ആളുകള്‍ക്ക് പോഷകാഹാരക്കുറവില്ല. റെയിന്‍ഡിയറിന്റെ പാലാണ് ഇവര്‍ കുടിക്കുന്നത്. നിറയെ കാല്‍സ്യവും മറ്റുമടങ്ങിയിരിക്കുന്ന ഈ പാലാണ് അവരെ ആരോഗ്യമുള്ളവരാക്കി നിലനിര്‍ത്തുന്നത്. ഇത്ര കഠിനമായ കാലാവസ്ഥയാണെങ്കിലും പ്രദേശവാസികള്‍ സന്തോഷത്തോടെ ഇവിടെ അധിവസിക്കുന്നു.തണുപ്പ് -52 ഡിഗ്രിയില്‍  താഴുകയാണെങ്കില്‍ മാത്രമേ ഒമ്യാക്കോണിലെ വിദ്യാലയം പോലും അടയ്ക്കുകയുള്ളൂ. തണുത്ത് മരവിച്ച അവസ്ഥയിലും ഒമ്യാക്കോണ്‍ സാധാരണജീവിതം നയിക്കുന്നു.

ശൈത്യകാലത്ത് ഓരോ ദിവസവും വെറും മൂന്ന് മണിക്കൂര്‍ മാത്രം സൂര്യപ്രകാശം ലഭിക്കുന്ന, ഭൂരിഭാഗം സമയവും ഇരുട്ടുമൂടിയ ഒമ്യാക്കോണ്‍ എന്ന മഞ്ഞിന്റെ നാട് കാണാന്‍ ആയിരക്കണക്കിന് പേര്‍ ഓരോ വര്‍ഷവും ഇവിടെയെത്തുന്നു.

യാത്ര ചെയ്യാന്‍ അനുയോജ്യമായ സമയം

ഒമ്യാക്കോണിലേക്കുള്ള സാഹസിക ടൂറുകള്‍ നവംബര്‍ അവസാനം മുതല്‍ ഏപ്രില്‍ ആദ്യം വരെയാണ് നടക്കുന്നത്. ഡിസംബര്‍, ജനുവരി, ഫെബ്രുവരി എന്നീമാസങ്ങളിലാണ് ഇവിടെ ഏറ്റവും തണുപ്പുള്ള സമയം. എന്നിരുന്നാലും ഈ സമയത്താണ് ഇവിടെ സഞ്ചാരികള്‍ കൂടുതലായി എത്തുന്നതും. അതികഠിനമായ കാലാവസ്ഥ ചിലപ്പോള്‍ നമ്മുടെ കൈകാലുകളെയോ ചിലപ്പോള്‍ നമ്മളെ തന്നെയോ മരവിപ്പിച്ചേക്കാം, എന്നാല്‍ അവിടുത്തെ യാത്രാനുഭവം ഒരിക്കലും മനസ്സിനെ മരവിപ്പിക്കില്ലെന്നതിന്റെ തെളിവാണ് ഈ സമയത്തെ സഞ്ചാരികളുടെ ഒമ്യാക്കോണിലേക്കുള്ള ഒഴുക്ക്.

താമസം

ഒമ്യാക്കോണില്‍ എന്തെങ്കിലും ഹോട്ടലുകള്‍ ഉണ്ടോ? വാസ്തവത്തില്‍, ഗ്രാമം കൂടുതലായി വിദേശികള്‍ സന്ദര്‍ശിക്കുന്നുണ്ടെങ്കിലും ഒമ്യാക്കോണില്‍ ഒരു ഹോട്ടലും ഇല്ല. അതിനാല്‍, നിങ്ങള്‍ക്ക് പരമ്പരാഗത വീടുകളില്‍ നാട്ടുകാര്‍ക്കൊപ്പം താമസിക്കാം, ഇത് നാട്ടുകാരെ കണ്ടുമുട്ടാന്‍ മാത്രമല്ല, ഒമ്യാക്കോണിന്റെ ജനങ്ങളുടെ പാരമ്പര്യങ്ങളും ജീവിതരീതിയും അനുഭവിക്കാനും നിങ്ങള്‍ക്ക വഴിയൊരുക്കും. ഈ യാത്രയുടെ മറ്റൊരു മനോഹരമായ അധ്യായമായിരിക്കും അവിടുത്തെ ജനങ്ങളുടെ ചെറിയ വീടുകളിലെ താമസം.

പോകുന്ന വഴി

ഒമ്യാക്കോണിലേക്കുള്ള വഴിയും ചരിത്രം നിറഞ്ഞതാണ്. യാകുത്സ്‌ക് എന്ന പ്രധാനനഗരത്തില്‍ നിന്നും 500 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന ഒമ്യാക്കോണിലേയ്ക്ക് പ്രവേശിക്കുന്ന റോഡിന്റെ പേര് അസ്ഥികളുടെ പാതയെന്നാണ്.ഗുലാഗ് സമ്പ്രദായത്തിന്റെ ഭാഗമായി സ്റ്റാലിന്‍ കാലഘട്ടത്തില്‍ നിര്‍ബന്ധിത തൊഴിലാളികള്‍ 1930 കളില്‍ നിര്‍മ്മിച്ചതിനാലാണ് ഈ റോഡ് അസ്ഥികളുടെ റോഡ് എന്ന് അറിയപ്പെടുന്നത്.വാസ്തവത്തില്‍,ഈ റൂട്ട് ഒരു കൂട്ട ശവക്കുഴിയാണ്. ഒമ്യാക്കോണിലേയ്ക്കുള്ള യാത്രയിലുടനീളം മരിച്ചവരെ സ്മരിക്കുന്നതിനുള്ള കുരിശുകള്‍, അനൗദ്യോഗിക മ്യൂസിയങ്ങളും സ്മാരകങ്ങളും, ഉപേക്ഷിക്കപ്പെട്ട ചില ക്യാമ്പുകള്‍ പോലും നിങ്ങള്‍ക്ക് കാണാനാകും.മഞ്ഞിന്റെ മടിത്തട്ടില്‍ ഉറങ്ങുന്ന മനോഹര ഗ്രാമം മാത്രമല്ല ആ വഴികളില്‍ പൊലിഞ്ഞ ചരിത്രനിമിഷങ്ങള്‍ക്കു കൂടി സാക്ഷ്യം വഹിക്കാം ലോകത്തിലെ ഏറ്റവും തണുപ്പുള്ള നാട്ടിലേയ്ക്കുള്ള യാത്രയില്‍.

English Summary: Travel to Oymyakon, Russia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com