ADVERTISEMENT

ലോകത്തില്‍ പല തരത്തിലുള്ള മാര്‍ക്കറ്റുകള്‍ ഉണ്ട്. എന്നാല്‍ മധ്യ ടോക്കിയോയിലെ സുകിജി മാര്‍ക്കറ്റ് ലോകത്തിലെ ഏറ്റവും വലിയ മത്സ്യമാര്‍ക്കറ്റാണ്.പഴങ്ങള്‍, പച്ചക്കറികള്‍, പൂക്കള്‍, മാംസം എന്നിവയ്ക്കുള്ള ഒരു വലിയ മാര്‍ക്കറ്റണിത് എങ്കിലും മത്സ്യവും കടല്‍ വിഭവങ്ങളുമാണ് ഇവിടെ ഏറ്റവും കൂടുതല്‍ കച്ചവടം നടക്കുന്നത്. ദിവസവും രണ്ടായിരത്തോളം മെട്രിക് ടണ്‍ സമുദ്രവിഭവങ്ങള്‍ ഈ വിപണിയിലൂടെ കടന്നുപോകുന്നു. ലോകമെമ്പാടുനിന്നുമുള്ള വിനോദസഞ്ചാരികള്‍ ഒരു മത്സ്യമാര്‍ക്കറ്റ് കാണാന്‍ വേണ്ടി മാത്രം ടോക്കിയോയിലേക്ക് യാത്ര നടത്തുന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍ അത് വാസ്തവമാണ്. ലോകത്തിലെ ഏറ്റവും വലിയ മൊത്ത മത്സ്യ-സമുദ്രവിപണി കാണുക എന്നത് ഒരു സഞ്ചാരയോഗ്യമായ കാര്യം തന്നെയാണ്. 

 

ചരിത്രവും ഉല്‍പത്തിയും

 

ടോക്കിയോയിലെ ആദ്യകാല മത്സ്യ മാര്‍ക്കറ്റാണിത്.ആദ്യകാലമെന്ന് പറയുമ്പോള്‍ പതിനാറാം നൂറ്റാണ്ടില്‍ സ്ഥാപിതമായ മാര്‍ക്കറ്റാണിത്. യുഗാഷി, നിഹോണ്‍ബാഷി നദിയുടെ തീരത്തായിട്ടാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. നഗരം വളരുന്നതിനനുസരിച്ച് മാര്‍ക്കറ്റും വലിയൊരുമൊത്തക്കച്ചവട കേന്ദ്രമായി മാറാന്‍ തുടങ്ങി.നിഹോണ്‍ബാഷി എന്നായിരുന്നു ഈ ചന്തയുടെ ആദ്യപേര്.1923 ലെ വലിയ കാന്റോ ഭൂകമ്പം നിഹോണ്‍ബാഷി മത്സ്യ മാര്‍ക്കറ്റ് ഉള്‍പ്പെടെ മധ്യ ടോക്കിയോയുടെ ഭൂരിഭാഗവും നശിപ്പിച്ചു.അതിനുശേഷമാണ് മാര്‍ക്കറ്റ് സുക്കിജി ജില്ലയിലേക്ക് മാറ്റിസ്ഥാപിച്ചത്. 1935 ല്‍ സുക്കിജിയില്‍ പുതിയ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു.അതിനുശേഷം നഗരത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഇവിടം മാറി. 

 

മാര്‍ക്കറ്റിനെ പ്രശസ്തമാക്കിയിരിക്കുന്നത് ഇവിടുത്തെ ട്യൂണ ലേലമാണ്. ഇവിടെ വില്‍ക്കുന്ന ഒരൊറ്റ മത്സ്യത്തിന് ആയിരക്കണക്കിന് ഡോളര്‍ വരെ വില ലഭിക്കാറുണ്ട്. ലൈസന്‍സുള്ള മൊത്തക്കച്ചവടക്കാര്‍ മാത്രം പ്രവര്‍ത്തിക്കുന്ന വിപണി യിലാണ് ലേലം നടക്കുന്നത്. ഈ ലേലം കാണുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ദിവസങ്ങള്‍ക്ക് മുമ്പേ തിയതി തീരുമാനിച്ച് മുന്‍കൂര്‍ ബുക്കിങ് നടത്തിയാല്‍ മാത്രമേ ലേലത്തിന് സാക്ഷ്യം വഹിക്കാനുള്ള അവസരം ലഭിക്കു. എല്ലാ ദിവസവും ലേലം കാണാന്‍ അനുവാദമുള്ള ചുരുക്കം ചിലരില്‍ ഒരാളായി സന്ദര്‍ശകര്‍ പുലര്‍ച്ചെ 3 മണിക്ക് ഇവിടെ അണിനിരക്കും. ലോകപ്രസിദ്ധമാണ് സുക്കിജിയിലെ ട്യൂണ ലേലം. ട്യൂണ ലേലം കാണാന്‍ എല്ലാ ദിവസവും 120 സന്ദര്‍ശകരെ അനുവദിക്കും. സന്ദര്‍ശകരെ 60 ആളുകളുള്ള രണ്ട് ഗ്രൂപ്പുകളായി വിപണിയിലേക്ക് കടത്തിവിടും.രണ്ട് ഗ്രൂപ്പുകള്‍ക്കും 25 മിനിറ്റ് ദൈര്‍ഘ്യമുള്ള വിന്‍ഡോ ലഭിക്കും, ആദ്യ ഗ്രൂപ്പ് രാവിലെ 5:25 നും രണ്ടാമത്തെ ഗ്രൂപ്പ് രാവിലെ 5:50 നും ആരംഭിക്കും.

 

കച്ചവടമാണ് യഥാര്‍ത്ഥ ആകര്‍ഷകമെങ്കിലും, കുറച്ച് ചെറിയ റീട്ടെയില്‍ ഷോപ്പുകളും റെസ്റ്റോറന്റുകളും ഉള്ള മാര്‍ക്കറ്റും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. സുഷി വെറുമൊരു ഭക്ഷണമല്ല, സംസ്​കാരമാണ്.ലോകത്തിലെ ഏറ്റവും മികച്ച പുതിയ സുഷി ബ്രേക്ക്ഫാസ്റ്റുകളില്‍ ഒന്ന് ഇവിടെ കിട്ടും. ഭക്ഷണപ്രിയരായ യാത്രികരുടെ പ്രീയപ്പെട്ട സുഷി കേന്ദ്രംകൂടിയാണീ മാര്‍ക്കറ്റ്. 

 

എല്ലാ ദിവസവും രാവിലെ സുകിജി മാര്‍ക്കറ്റില്‍ എന്ത് സംഭവിക്കുന്നു എന്നതിന്റെ ചിത്രമുപയോഗിച്ച്, നിങ്ങള്‍ക്ക് ജാപ്പനീസ് സംസ്‌കാരം, ആചാരങ്ങള്‍, ആളുകള്‍ എന്നിവ ചിത്രീകരിക്കാന്‍ കഴിയും. സുകുജിയിലുള്ള മത്സ്യങ്ങളും സമുദ്രവിഭവങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൊണ്ടുവരുന്നവയാണ്. ജപ്പാന്‍ സന്ദര്‍ശനത്തില്‍ ഇനി സുകിജി മാര്‍ക്കറ്റ് കൂടി കയറിക്കാണാന്‍ മറക്കണ്ട.

English Summary:  Tsukiji Fish Market Japan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com