'ഹണിമൂണ്‍ ട്രിപ്പിനെക്കാളും എനിക്കിഷ്ടം ഇതാണ്'; നടി ശാലിന്‍ സോയ

Shaalin-Zoya
SHARE

ബാലതാരമായെത്തി മലയാളികളുടെ മനം കവര്‍ന്ന നടിയാണ് ശാലിന്‍ സോയ. യാത്രകളെ ഏറെ സ്നേഹിക്കുന്ന നടിയിപ്പോള്‍ മാലദ്വീപിലെ സുന്ദരകാഴ്ചകളിലാണ്. യാത്രക്കിടെ എടുത്ത ഒട്ടനവധി മനോഹര ചിത്രങ്ങള്‍ ആരാധകര്‍ക്കായി ശാലിന്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. 

മനോഹരമായ ഓറഞ്ചു നിറത്തില്‍ സന്ധ്യയിലേക്ക് പടര്‍ന്നിറങ്ങുന്ന ആകാശക്കീഴില്‍ കടലിനരികെ നില്‍ക്കുന്ന ചിത്രമാണ് മാലദ്വീപില്‍ നിന്നും ശാലിന്‍ ആദ്യം പങ്കുവച്ചിരിക്കുന്നത്. മഴവില്‍ നിറത്തിലുള്ള ഫ്രോക്കണിഞ്ഞു നില്‍ക്കുന്ന നടിയുടെ വിദൂരതയില്‍ നിന്നുള്ള ചിത്രമാണിത്. 

വെളുത്ത നിറത്തിലുള്ള നെറ്റ് ജാക്കറ്റും ചുവന്ന ഇന്നറും അണിഞ്ഞ് വെയിലില്‍ നില്‍ക്കുന്ന ചിത്രവും കാണാം. 'സൂര്യന്‍, മണല്‍, കടല്‍, പിന്നെ ഞാനും' എന്നാണ് ശാലിന്‍ ഈ ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയത്. മാലദ്വീപിലെ സാന്‍ഡ് ബാങ്കില്‍ നിന്നാണ് ഈ ചിത്രം എടുത്തിരിക്കുന്നത്.

കടലില്‍ നീന്തുന്ന മറ്റൊരു ചിത്രവും താരം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ശ്വസിച്ചും ചിന്തിച്ചും ആസ്വദിച്ചും സ്നേഹിച്ചുമൊക്കെ ജീവിച്ചിരിക്കാന്‍ സാധിക്കുന്നതുതന്നെ വലിയ കാര്യമാണ് എന്ന നന്ദി കലര്‍ന്ന ശുഭാപ്തി വിശ്വാസവും ശാലിന്‍ ഇതോടൊപ്പം കുറിക്കുന്നു. 

ഏറ്റവും പുതുതായി മാലദ്വീപിലെ മാഫുഷി ദ്വീപില്‍ നിന്നുള്ള ചിത്രമാണ് ശാലിന്‍ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. കറുത്ത ടീഷര്‍ട്ടും നീല ഷോര്‍ട്ട്സും പിങ്ക് തൊപ്പിയും കൂളിംഗ് ഗ്ലാസുമണിഞ്ഞുള്ള ചിത്രങ്ങളാണ് ഇവ. മാലദ്വീപിലേക്ക് ഒരു ഹണിമൂണിനെക്കാളും സോളോ ട്രിപ്പാണ് താന്‍ ഇഷ്ടപ്പെടുന്നത് എന്ന് താരം. അങ്ങനെ എല്ലാവരോടും പറയാറുണ്ടായിരുന്നു, ഇപ്പോള്‍ അത് യാഥാര്‍ത്ഥ്യമായി. ഫാന്‍സി വെക്കേഷനെക്കാളും പ്രാദേശികമായ പ്രത്യേകതകള്‍ ആസ്വദിക്കുകയാണ് തനിക്ക് ഇഷ്ടം. പ്രാദേശിക വിഭവങ്ങള്‍ രുചിക്കല്‍, തെരുവുകളില്‍ പര്യവേഷണം, പാരാസെയിലിംഗ്, സ്കൂബ തുടങ്ങിയവയെല്ലാം ചെയ്തു. 

നേരത്തെ രാജസ്ഥാനിലെ ഗ്രാമത്തില്‍ 2 മാസം താമസിച്ചതിന്‍റെയും ഒറ്റയ്ക്കുള്ള ബാലിയാത്രയുടെയുമെല്ലാം വിശേഷങ്ങള്‍ ശാലിന്‍ മനോരമയുമായി പങ്കു വച്ചിരുന്നു. ഇനി നോര്‍ത്ത് ഈസ്റ്റ് മുഴുവന്‍ യാത്ര ചെയ്യണമെന്നാണ് തന്‍റെ ആഗ്രഹമെന്നും താരം പറഞ്ഞിരുന്നു. 

ബോളിവുഡ് താരങ്ങള്‍ അടക്കമുള്ള നടീനടന്മാരുടെ പ്രിയങ്കരമായ ഒരു അവധിക്കാല ഡെസ്റ്റിനേഷനായി മാറിയിരിക്കുകയാണ് മാലിദ്വീപ്. ടൈഗർ ഷ്രോഫ്, ദിഷ പട്ടാണി, തപ്‌സി പന്നു, വരുൺ ധവാൻ, എല്ലി അവ്രാം , മൗനി റോയ് തുടങ്ങി ബോളിവുഡിലെ നിരവധി നടീനടന്മാര്‍ മാലിദ്വീപില്‍ നിന്നുള്ള കിടിലന്‍ അവധിക്കാല ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. അടുത്തിടെ വിവാഹിതരായ തെന്നിന്ത്യന്‍ നടി കാജൽ അഗർവാളും ഭർത്താവ് ഗൗതം കിച്ച്‌ലുവും മാലദ്വീപിൽ മധുവിധു ആഘോഷിച്ച അതിസുന്ദരമായ ചിത്രങ്ങളും വൈറലായിരുന്നു.

കോവിഡ് മൂലം ഏറെ നാളത്തെ ലോക്ക്ഡൌണ്‍ കാലത്തിനു ശേഷം ജൂലൈയിലാണ് വിനോദസഞ്ചാരികൾക്കായി മാലിദ്വീപ് വീണ്ടും തുറന്നത്. മികച്ച യാത്രാ സൗകര്യങ്ങള്‍ക്കൊപ്പം നിലവില്‍ യാത്രാ നിയന്ത്രണങ്ങളൊന്നും ഇല്ല എന്നതാണ് ഇവിടം തിരഞ്ഞെടുക്കാന്‍ സഞ്ചാരികള്‍ക്ക് പ്രചോദനമേകുന്നത്.

English Summary: Celerbrity Travel Shaalin Zoya 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA