ADVERTISEMENT

തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാണ് ഇന്ന് വിയറ്റ്നാം. ഈ കൊച്ചുരാജ്യത്തെ സഞ്ചാരികളുടെ പട്ടികയിൽ ഒന്നാമതെത്തിച്ച ഒട്ടേറെ ഇടങ്ങൾ വടക്കൻ വിയറ്റ്നാമിലുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് തെക്കൻ െെചനസമുദ്രത്തിൽ അതിർത്തി തിരിക്കുന്ന ചുണ്ണാമ്പ് ഗിരിനിരകൾ. കടലോരം ചേർന്നു കടൽക്കുതിരയുടെ ആകൃതിയിൽ കിടക്കുന്ന ഉപദ്വീപിന്റെ കിരീടത്തിലെ രത്നങ്ങളാണ് ചുണ്ണാമ്പുപാറകൊണ്ടു പ്രകൃതി നിർമിച്ച ദ്വീപസമൂഹങ്ങൾ. വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള ചുണ്ണാമ്പുപാറകൾക്കു ചുറ്റും നിശ്ചലമായ നീലക്കടൽ...  

ഡ്രാഗൺ മുട്ടയിട്ട കടൽ

ഭൂമിയെ രക്ഷിക്കാൻ നാഗലോകത്തു നിന്ന് അവരോഹണം ചെയ്ത ഒരു വ്യാളിയുടെ മിത്തുമായി ബന്ധപ്പെട്ടിരിക്കുന്നു ഹാലോങ്ങ് ബേയുടെ പുരാവൃത്തം. തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ പുരാവൃത്തങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചിറകും ശൽകങ്ങളുമുള്ള, തീ തുപ്പുന്ന ജീവിയാണ് ഡ്രാഗൺ. കേരളക്കരയുടെ പ്രിയങ്കരനായ പുണ്യാളൻ സെന്റ് ജോർജ് നിഗ്രഹിക്കുന്നതും ഡ്രാഗണെയാണ്.

പണ്ടു, വിയറ്റ്നാമിൽ ജനവാസം തുടങ്ങിയ കാലത്ത് ആ നാട് കടലിൽക്കൂടി നിരന്തരം ശത്രുക്കളുടെ ആക്രമണത്തിനു വിധേയമായിരുന്നു. സഹികെട്ട ജനങ്ങൾ ചക്രവർത്തിയുടെ നേതൃത്വത്തിൽ ദൈവങ്ങളോട് വ്യാളീമാതാവിനെ തങ്ങളുടെ രക്ഷയ്ക്ക് അയക്കാനായി പ്രാർത്ഥിച്ചു. ഡ്രാഗൺമാതാവ് ഉടനടി ഭൂമിയിൽ എത്തുകയും ശത്രുക്കളെ പരാജയപ്പെടുത്തി ഓടിക്കുകയും ചെയ്തു. പോരാട്ടത്തിനിടയിൽ അഗ്നിസ്ഫുലിംഗങ്ങളോടൊപ്പം ഡ്രാഗൺ തുപ്പിയ രത്നങ്ങളും മരതകങ്ങളും ഭൂമിയിൽ വീണ് വിവിധ ആകൃതിയിലുള്ള ദ്വീപുകളായി പരിണമിച്ചുവത്രേ. ഈ ദ്വീപുകളിൽ ആയിരക്കണക്കിനു മുട്ടയിട്ട ഡ്രാഗൺ, മുട്ട വിരിഞ്ഞ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് നാഗലോകത്തേക്ക് മടങ്ങി. മനുഷ്യരൂപത്തിൽ ഈ ദ്വീപുകളിൽതന്നെ തുടർന്നും വസിച്ച വ്യാളികളുടെ പിൻമുറക്കാരാണത്രേ ഇന്നത്തെ ഹാലോങ്ങ് ബേ നിവാസികൾ.

halong-bay-vietnam1

ഈ ദ്വീപുകളിലെ ഗുഹകളിൽ 7000 വർഷം മുമ്പ് മുതൽ ജനവാസം ഉണ്ടായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. 1994ൽ ഹാലോങ്ങ് ദ്വീപുകളെ യുനെസ്കോയുടെ ലോക െെപതൃകപട്ടികയിൽ ഉൾപ്പെടുത്തി. വലിയ യാനപാത്രങ്ങൾക്കു കടന്നുപോകാനാവാത്തതുകൊണ്ടു ശാന്തമായി ദിവസങ്ങൾ ചെലവഴിക്കാവുന്ന ഒരിടമാണു ഹാലോങ്ങ് ബേ. 1553 ച.കി.മീ. ചുറ്റളവിലാണു മാലകോർത്തപോലെ പക്ഷേ, തമ്മിൽതൊടാതെ ദ്വീപുകൾ നിലകൊള്ളുന്നത്. ഇവയിൽ 40 എണ്ണത്തിൽ ആൾപ്പാർപ്പുണ്ട്. മറ്റു പലതിലും കടൽ കോറലുകൾ, ഒൗഷധഗുണമുള്ള നിറമുള്ള കൂണുകൾ, അപൂർവസസ്യജാലം, ഗുഹകളിൽ വളരുന്ന കുരങ്ങ്, മലയണ്ണാൻ, അപൂർവ മത്സ്യയിനങ്ങൾ, കണ്ടൽക്കാടുകൾ, ഭക്ഷ്യയോഗ്യമായ കടൽപ്പായലുകൾ എന്നിവ സംരക്ഷിക്കപ്പെട്ടുപോരുന്നു.

halong-bay-vietnam


ഹാനോയ്, നോയ്ബായ് എയർപോർട്ടിൽ നിന്നും ഇവിടേക്ക് 200 കി.മീ. ദൂരമുണ്ട്. വടക്കൻ വിയറ്റ്നാമിലെ പർവതനിരകളും കൃഷിയിടങ്ങളും താണ്ടിയാണു യാത്ര. നെൽപ്പാടങ്ങളും തെങ്ങിൻതോപ്പുകളും വാഴത്തോട്ടങ്ങളും. ഇടയ്ക്കിടെ ചെറിയ പട്ടണങ്ങൾ.

പൊങ്ങുതടിയിലെ ദ്വീപുകൾ

പല ആകൃതിയും വലിപ്പവും സ്വഭാവ വിശേഷങ്ങളും ആണ് ഹാലോങ്ങ് ബേയിലെ ഓരോ ദ്വീപിനും. വടക്കുകിഴക്കുള്ള ബജ് തു ലോങ് ബേയിലാണ് ഏറ്റവും വലിയ വ്യാളികുഞ്ഞു വളർന്നതത്രേ! നാഷണൽ പാർക്കായ കാറ്റ് ബാ തെക്കുവടക്കായി കിടക്കുന്നു. ഈ ദ്വീപിലാണ് അപൂർവ ജന്തു സസ്യജാലങ്ങൾ സംരക്ഷിക്കപ്പെട്ടുപോരുന്നത്. വുങ് വിയേങ്ങിൽ 300 പേർ ഫ്ളോടിങ് ഫിഷിങ് വില്ലേജിൽ കടലിൽ തമ്പടിച്ചിരിക്കുന്നു. മീൻപിടുത്തം തകൃതിയായി നടത്തുന്ന ഇവരാണ് നമ്മെ ചെറിയ വള്ളങ്ങളിൽ ദ്വീപിൽ കൊണ്ടുനടക്കുന്നത്. കടലിൽ പൊങ്ങിക്കിടക്കുന്ന കൊച്ചുവീടുകളിൽ കാവൽക്കാരായി പുഡിൻ ഇനം കുഞ്ഞൻ നായ്ക്കളെക്കണ്ടു. കടലിൽ നീന്തുവാൻ വശമുള്ള ഇവ അമേരിക്കക്കാർ കുഴിച്ചിട്ട െെമനുകളുടെ സമീപത്തുകൂടിയുള്ള സഞ്ചാരം വിലക്കുന്നു, അപകട മുന്നറിയിപ്പ് നൽകുന്നു. വുങ് വിയേങ് ഗ്രാമമാണ് കടലിൽ പൊങ്ങുതടിയിൽ പണിത ജനപദം.

ബായ് തു ലോങ് ബേയിലാണിത്. സാധനങ്ങൾ െെകമാറ്റം ചെയ്യപ്പെടുന്നത് ഇവിടെയാണ്. മാറ്റച്ചന്തയിൽ മീനിനു പകരം അരിയും മണ്ണെണ്ണയും പലവ്യഞ്ജനങ്ങളും. 50 വീടുകളിൽ 300 പേർ. ഇവരിൽ നൂറു പേർ കുട്ടികളാണ്. പത്തൊമ്പതാം നൂറ്റാണ്ടു മുതൽ ഇവിടെ വസിക്കുന്നവരുടെ തലമുറയാണ്. കൂന്തൽവേട്ടയ്ക്കായി രാത്രികാലങ്ങളിൽ ഇവരോടൊപ്പം തങ്ങുന്ന ടൂറിസ്റ്റുകളുണ്ട്.

മൂന്നു തട്ടുള്ള കപ്പൽവീട്

പതിനൊന്നു മണിക്ക് ഒരു ബോട്ടിൽ നിന്നും കപ്പലിലേക്ക് കയറിയപ്പോൾ അവിടെ പ്രതീക്ഷിച്ചതിലും അധികം സൗകര്യം. ഏവരും െെലഫ് ജാക്കറ്റ് ധരിച്ചാണു ബോട്ടിൽ യാത്ര ചെയ്തത്. പെലിക്കൺ ക്രൂയിസ് എന്നാണിതിനെ വിളിക്കുന്നത്. ഒരേ ദിശയിലേക്ക് നീങ്ങുന്ന യാനപാത്രങ്ങളുടെ നിര. മീക്കുങ്ങ് ഗുഹ, മങ്കി ഐലൻഡ്, ഷ്റൈൻ അറ്റ് വിർജിൻ കേവ് എന്നിവ കൂടാതെ ചോ ഡ ഐലൻഡ്, സ്വാൻ ഐലൻഡ്, ബാ ഹാങ് ഫ്ലോട്ടിങ് വില്ലേജ്,സുങ് സോട്ട് ഹുഹ എന്നിവയൊക്കെ കാഴ്ചകളിൽപ്പെടുന്നു. സുരക്ഷിതമായ ഒരു സങ്കേതമാണ് സുങ്ങ് സോട്ട് ഗുഹ. 10000 ചതുരശ്രമീറ്റർ വലിപ്പമുള്ള ഗുഹയുടെ നീളം 200 മീറ്ററും മൂന്നു അറകൾ ഉള്ളതുമാണ്. രണ്ടാമത്തെ ഗുഹയിലാണ് ചുണ്ണാമ്പുപാറകൾ കൊത്തിപ്പണിത അേനകം ശില്പങ്ങളുള്ളത്. യുഗങ്ങൾ കൊണ്ടു രൂപപ്പെട്ട ഗുഹയിൽ തണുപ്പുണ്ട്. പുറത്തെ ബഞ്ചിൽ കാറ്റുകൊണ്ടിരിക്കുന്ന വിദേശികൾ. ഞങ്ങളൊക്കെ ഗുഹയ്ക്കുള്ളിൽ നിന്നു ചിത്രങ്ങളെടുത്തു. പൊന്നിന്റെ നിറമാർന്ന ജ്വലിക്കുന്ന ഗുഹാതലം.

ജങ്ക് ബോട്ട് എന്നാണ് ഈ കൊച്ചു കപ്പലിനെ വിളിക്കുന്നതെങ്കിലും മുറികൾ പഞ്ചനക്ഷത്ര േഹാട്ടലിലേതുപോലെയാണ്. മൂന്നു പായ്മരങ്ങളുള്ള ചെറിയ കപ്പൽ. അലങ്കരിച്ച ഹാളുകൾ, കാബിനുകൾ, ഹൃദ്യമായി പെരുമാറുന്ന സ്റ്റാഫ്. ഇടയ്ക്ക് കയാക്കിങ്ങും യോഗയും. തായ്ച്ചി എന്ന തായ് ലന്റ് കളരി യോഗയോട് സാമ്യമുള്ളതാണ്. ഞങ്ങളോടൊപ്പം കാനഡയിൽ നിന്നെത്തിയ കുറേ ടൂറിസ്റ്റുകൾ ഈ പരിശീലനത്തിൽ പങ്കുചേർന്നു. അകലെ അസ്തമയ ചിത്രങ്ങളെടുക്കാൻ ഞങ്ങൾ മുകൾതട്ടിൽ തമ്പടിച്ചു. മലകൾക്കിടയിൽ തീക്കുണ്ഡം എരിയുന്നതുപോലെ എരിഞ്ഞടങ്ങുന്ന സൂര്യൻ.

കപ്പലിലെ രാത്രി

അസ്തമയമായപ്പോൾ മലയിടുക്കിലെ നിശ്ചലതടാകത്തിൽ കപ്പൽ നങ്കൂരമിട്ടു. മുകളിലെ തട്ടിൽ ‘ഹാപ്പി ഹവർ’ ആണെന്നും ഒന്നെടുത്താൽ ഒന്നു ഫ്രീയെന്നും കേട്ടപ്പോൾ ആളുകൾ അങ്ങോട്ട് കുതിച്ചു. പാട്ടും നൃത്തവുമായി വിദേശികളുടെ ഒരു സംഘം അപ്പർ ഡെക്കിൽ നില്പുണ്ടായിരുന്നു. ഇരുട്ടു വീഴുമ്പോൾ കൊച്ചുവള്ളങ്ങൾ കടന്നുപോകുമെന്നല്ലാതെ മറ്റു ചലനങ്ങളൊന്നും തന്നെയില്ല. പക്ഷികൾ നിരയിട്ടു പറന്നു ചുണ്ണാമ്പ് പാറകളുടെ വിടവിൽ സമൃദ്ധമായ കണ്ടലുകളിൽ ചേക്കേറി. ഡ്രാഗൺ ഇറങ്ങിയ കടലിടുക്കിൽ കാവൽക്കാരെപ്പോലെ പാറക്കുഞ്ഞുങ്ങൾ നിലകൊണ്ടു, ഒരു ചതുരംഗക്കളത്തിലെ കരുക്കൾപോലെ.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com