ADVERTISEMENT

സഞ്ചാരികളെ അതിശയിപ്പിക്കുന്ന കാഴ്ചയാണ് ജപ്പാനിലെ ഹെല്‍വാലി എന്നറിയപ്പെടുന്ന ജിഗോകുഡാനി മങ്കിപാര്‍ക്കിലേത്. തണുപ്പിൽ നിന്നും രക്ഷനേടാനായി ചൂടുനീരുറവകളിൽ നീരാടുന്ന കുരങ്ങൻമാരുടെ കാഴ്ചയാണ് ഏറെ കൗതുകമാകുന്നത്.

ജപ്പാനിലെ ഹെല്‍വാലി എന്നറിയപ്പെടുന്ന ജിഗോകുഡാനി മങ്കിപാര്‍ക്കിലാണ് മഞ്ഞുകുരങ്ങന്‍മാരുടെ ഇൗ നീരാട്ട്.  മുഖത്തും ദേഹത്തും നിറയെ മഞ്ഞുമായി ആവിപറക്കുന്ന കുളത്തില്‍ മുങ്ങിക്കിടക്കുന്ന കുരങ്ങന്‍മാര്‍. പല പരസ്യങ്ങളിലും സിനിമകളിലുമൊക്കെ ഈ കുരങ്ങന്‍മാരുടെ ആവാസം ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. 

സ്‌നോ കുരങ്ങുകള്‍ എന്നറിയപ്പെടുന്ന ജാപ്പനീസ് മക്കാക്കുകളാണ് പതിറ്റാണ്ടുകളായി ജപ്പാനിലെ ജിഗോകുഡാനിയിലെ ചൂടുള്ള നീരുറവയില്‍ പതിവായി കുളിക്കുന്നത്. പ്രതിദിനം അനേകായിരം വിനോദ സഞ്ചാരികള്‍ കുരങ്ങന്‍മാരുടെ ഇൗ കൗതുകകാഴ്ചകാണാനായി എത്തിച്ചേരുന്നത്. ജാപ്പനീസ് മക്കാക്കുകള്‍ എന്നയിനം കുരങ്ങുകള്‍ ലോകത്തിലെ ഏറ്റവും പഴക്കംചെന്ന മനുഷ്യേതര പ്രൈമേറ്റുകളുടെ ഇനമാണ്, മാത്രമല്ല അവ വളരെ തണുത്ത ശൈത്യകാലവുമായി പൊരുത്തപ്പെട്ടു ജീവിക്കുന്നവയുമാണ്.

snow-monkeys1

ജിഗോകുഡാനി മങ്കി പാര്‍ക്കില്‍ താമസിക്കുന്ന ഈകുരങ്ങന്‍മാര്‍ക്ക് ശൈത്യകാലത്തെ തണുപ്പിനെ തടയാന്‍ കട്ടിയുള്ളതും നീളമുള്ളതുമായ രോമങ്ങള്‍ ഉള്ളതിനാല്‍ ശരീരത്തിന്റെ സാധാരണ താപനില നിലനിര്‍ത്തുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഈ പാര്‍ക്കിന് സമീപം റിസോര്‍ട്ട് ആരംഭിച്ച വ്യക്തി ഒരിക്കല്‍ അവിടുത്തെ മനുഷ്യനിര്‍മിത ചുടുനീരുറവയിൽ ഒരു കുരങ്ങന്‍ കുളിയ്ക്കുന്നത് കാണാനിടയായി.1963 ലായിരുന്നു ഐ സംഭവം നടന്നത്. പിന്നീട് ആ കുരങ്ങിനെ പിന്‍തുടര്‍ന്ന് മറ്റ് കുരങ്ങുകളും  ഈ സ്വഭാവം പകര്‍ത്താന്‍ ആരംഭിച്ചു. അങ്ങനെ പാര്‍ക്ക് അധികൃതർ കുരങ്ങുകളുടെ പ്രത്യേക ഉപയോഗത്തിനായി ഒരു ചൂടുള്ള നീരുറവ നിര്‍മിച്ചു. 

മങ്കിപാര്‍ക്ക് സ്ഥിതിചെയ്യുന്ന ജിഗോകുഡാനി അറിയപ്പെടുന്നത് ഹെല്‍ വാലി എന്നാണ്. അഗ്‌നിപര്‍വ്വത പ്രവര്‍ത്തനങ്ങളുള്ള ജാപ്പനീസ് താഴ്‌‌‌വരകളുടെ പൊതുവായ പേരാണ് ഇത്. ചൂടുവെള്ളത്തില്‍ കുളിക്കുന്ന കുരങ്ങുകളുടെ പ്രതിഭാസം ലോകത്ത് മറ്റൊരിടത്തും കാണാനാവാത്തിനാല്‍ പാര്‍ക്കിലേയ്ക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ്. ടോക്കിയോ സന്ദര്‍ശനത്തിനെത്തുന്ന ആരും ഈ പാര്‍ക്ക് ഒഴിവാക്കാറില്ല.

Jigokudani-Monkey-Park

കുരങ്ങുകള്‍ കൂട്ടമായി കുളിക്കാനെത്തുന്ന പ്രധാന ചൂടുള്ള നീരുറവയ്ക്ക് ചുറ്റും ഒരു ചെറിയ വേലി ഉണ്ട്, ആ വേലിയ്ക്കടുത്ത് നിന്ന് കുരങ്ങുകളില്‍ നിന്ന് കുറച്ച്  അകലെയായി നിന്നുകൊണ്ട് അവയുടെ ചിത്രങ്ങളും പകർത്താം. പിന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം പാര്‍ക്കിലേക്ക് ഭക്ഷണമൊന്നും കൊണ്ടുപോകരുത്. പല യാത്രകളിലും ഭക്ഷണസാധനങ്ങള്‍ തട്ടിയെടുക്കാനും ആക്രമിക്കാനും വരുന്ന കുരങ്ങുകളെയും എല്ലാ യാത്രകാർക്കും അറിയാം.  ജപ്പാനിലെ കുരങ്ങന്‍മാരായതുകൊണ്ട് എന്തെങ്കിലും വ്യത്യാസമുണ്ടാകുമെന്ന് കരുതരുത്. 

യാത്രക്ക് അനുയോജ്യമായ സമയം

വര്‍ഷം മുഴുവനും പാര്‍ക്ക് തുറന്നിട്ടുണ്ടെങ്കിലും, കുളിക്കുന്ന കുരങ്ങുകള്‍ മഞ്ഞുകാലത്ത് പ്രത്യേകിച്ചും ഫോട്ടോജെനിക് ആയിരിക്കും. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ ഈ പ്രദേശത്ത് സാധാരണയായി മഞ്ഞുവീഴ്ചയുണ്ട്, ജനുവരി, ഫെബ്രുവരി മാസങ്ങളാണ് സന്ദര്‍ശനത്തിനുള്ള ഏറ്റവും നല്ല സമയം.അപ്പോള്‍ ഇനി ജപ്പാന്‍യാത്രയില്‍ ഈ മഞ്ഞുകുരങ്ങന്‍മാരുടെ കാഴ്ച കാണാനും മറക്കേണ്ട.

English Summary: Jigokudani Monkey Park Yamanouchi, Japan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com