ആണവ നിലയത്തിനുള്ളില്‍ പണിത അമ്യൂസ്മെന്‍റ് പാര്‍ക്ക്, ഇത് ശരിക്കുമൊരു വണ്ടർലാൻഡ്

Wunderland-Kalkar
SHARE

സഞ്ചാരികളിൽ അദ്ഭുതം നിറയ്ക്കുന്ന അമ്യൂസ്മെന്‍റ് പാര്‍ക്കാണ് ജര്‍മനിയിലെ നോര്‍ത്ത് റൈന്‍ വെസ്റ്റ്‌ഫാലിയയിലുള്ള വണ്ടര്‍ലാന്‍ഡ് കല്‍ക്കര്‍. ചെര്‍ണോബില്‍ ആണവദുരന്തത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങള്‍ മൂലം നിര്‍ത്തിവയ്ക്കേണ്ടി വന്ന എസ് എൻ ആർ-300 ആണവ നിലയത്തില്‍ സ്ഥിതിചെയ്യുന്നു എന്നതാണ് ഇതിനെ വ്യത്യസ്തവും ശ്രദ്ധേയവുമാക്കുന്നത്. വര്‍ഷംതോറും ആറു ലക്ഷത്തിലധികം പേരാണ് ഇവിടം സന്ദര്‍ശിക്കുന്നത് എന്നാണു കണക്ക്.

Achtbaan_Wunderland_Kalkar

ആണവനിലയത്തിനായി സ്ഥാപിച്ച സൗകര്യങ്ങള്‍ മുഴുവനും പാര്‍ക്കിലേക്ക് വേണ്ട റൈഡുകളും മറ്റുമാക്കി മാറ്റി. ഉദാഹരണത്തിന് നിലയത്തിന്‍റെ കൂളിംഗ് ടവറാണ് പാര്‍ക്കിന്‍റെ വെര്‍ട്ടിക്കല്‍ സ്വിംഗ് റൈഡും ക്ലൈമ്പിങ്ങ് വാളുമാക്കി മാറ്റിയത്. മഞ്ഞു പുതച്ച ഒരു പര്‍വതരൂപത്തില്‍ ഒരുക്കിയെടുത്ത ഈ ടവര്‍ ആണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഫെറിസ് വീൽ, ഗോ-കാർട്ട് ട്രാക്കുകൾ, സ്പിന്നിംഗ് ടീകപ്പ്സ്, റോളർ‌കോസ്റ്ററുകൾ എന്നിവയും പാര്‍ക്കിലെ റൈഡുകളില്‍ ഉൾപ്പെടുന്നു. ആകെ നാല്‍പ്പതു റൈഡുകള്‍ ആണ് ഇവിടെയുള്ളത്.

wunderland-kalkar4
Image From wunderland kalkar Official Page

കുട്ടികള്‍ക്കായി ഈ റൈഡുകളുടെ ചെറിയ പതിപ്പുകളും ഒരുക്കിയിട്ടുണ്ട്. റൈഡുകള്‍ കൂടാതെ നാല് റെസ്റ്റോറന്റുകളും എട്ടു ബാറുകളും ഒന്‍പതു ഹോട്ടലുകളും പാര്‍ക്കിനുള്ളിലുണ്ട്. ഭക്ഷണ പാനീയങ്ങളുടെ വിലയും ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം മദ്യം, പാര്‍ക്കിലേക്കുള്ള പ്രവേശനം എന്നിവ ഉള്‍പ്പെടെയുള്ള താമസ സൗകര്യത്തിന് ഒരു ദിവസം 79 യൂറോ അതായത് ഏകദേശം ഇന്ത്യന്‍ രൂപ 7,000 മുതല്‍ക്കാണ് നിരക്കുകള്‍ ആരംഭിക്കുന്നത്. രണ്ടു രാത്രികള്‍ക്ക് 20,000 രൂപ മുതലുള്ള വീക്കെന്‍ഡ് പാക്കേജുകളും ലഭ്യമാണ്.

ആണവനിലയം അമ്യൂസ്മെന്‍റ് പാര്‍ക്കായ കഥ

ആണവനിലയ നിർമാണം 1973 ലായിരുന്നു ആരംഭിച്ചത്. ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഇന്ധനം ഉത്പാദിപ്പിക്കുന്ന "ഫാസ്റ്റ് ബ്രീഡർ" ന്യൂക്ലിയർ റിയാക്ടറായിരുന്നു അത്. ഇതിന്‍റെ നിര്‍മാണം പൂർത്തിയാക്കാൻ 12 വർഷമെടുത്തു. ആണവോർജ്ജത്തോടുള്ള എതിര്‍പ്പ് ഉയര്‍ന്ന ആ കാലഘട്ടമായിരുന്നു അത്. തുടര്‍ന്ന്, 1977-ല്‍ നടന്ന പ്ലാന്‍റ് വിരുദ്ധ പ്രകടനത്തില്‍ അര ലക്ഷത്തോളം പേർ കൽക്കറിലെ തെരുവുകളിലേക്കിറങ്ങി ശബ്ദമുയര്‍ത്തി.

Disko
Image From wunderland kalkar Official Page

1985 ൽ റിയാക്റ്റർ ഭാഗികമായി പ്രവർത്തനം ആരംഭിച്ചെങ്കിലും അസംസ്കൃതവസ്തുക്കള്‍ക്ക് ദൗര്‍ലഭ്യം നേരിടേണ്ടിവന്നു. അപ്പോഴായിരുന്നു ലോകത്തെ നടുക്കിക്കൊണ്ട് 1986 ഏപ്രിൽ 16-ന് ചെർണോബിൽ ദുരന്തം ഉണ്ടായത്. അതോടെ സുരക്ഷാ ആശങ്കകള്‍ പരിഗണിച്ചു കൊണ്ട് പ്ലാന്‍റ് പ്രവര്‍ത്തനം നിര്‍ത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

പിന്നീട്, അഞ്ചു വർഷത്തിന് ശേഷം, സര്‍ക്കാര്‍ ആണവനിലയം ഔദ്യോഗികമായി റദ്ദാക്കുകയും അതിന്‍റെ വിലയേറിയ ഭാഗങ്ങൾ വില്‍ക്കുകയും ചെയ്തു. അങ്ങനെ 1991-ല്‍ മൂന്നു മില്ല്യന്‍ ഡോളറിന് ഈ സ്ഥലം സ്വന്തമാക്കി ഹെനി വാണ്ടര്‍മോസ്റ്റ്‌ എന്ന ഒരു ഡച്ച് സംരംഭകനാണ് ഇവിടം ഒരു പാര്‍ക്കാക്കി രൂപപ്പെടുത്തിയെടുത്തത്. ഇതിനുള്ളിലെ ആദ്യത്തെ ഹോട്ടല്‍ 1996-ല്‍ തുറന്നു. 

Flying_Carroussel
Image From wunderland kalkar Official Page

2001-ലായിരുന്നു പാര്‍ക്കിന്‍റെ പണികള്‍ മുഴുവനും പൂര്‍ത്തിയായത്. 136 എക്കര്‍ വിസ്തൃതിയുള്ള ഈ പാര്‍ക്കിന് 80 ഫുട്ബോള്‍ മൈതാനങ്ങളുടെ വലുപ്പമുണ്ട്‌ . തുറക്കുമ്പോള്‍ 'കോര്‍വാട്ടര്‍ വണ്ടര്‍ലാന്‍ഡ്' എന്നായിരുന്നു ഇതിനു പേര്. പിന്നീട് വണ്ടര്‍ലാന്‍ഡ് കല്‍ക്കര്‍ എന്നാക്കി മാറ്റുകയായിരുന്നു. ഏകദേശം അഞ്ഞൂറു കോടി രൂപയോളം ഇതിന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ചിലവായി. 

ചെര്‍ണോബില്‍ ദുരന്തത്തിന് ശേഷം ലോകത്തെ നടുക്കിയ രണ്ടാമത്തെ ആണവ ദുരന്തമായിരുന്നു 2011- ല്‍ ഫുകുഷിമയിലുണ്ടായത്. ഇതേത്തുടര്‍ന്ന് ഉപയോഗശൂന്യമായ ആണവനിലയങ്ങള്‍ അടച്ചുപൂട്ടാന്‍ ജര്‍മ്മന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇത്തരത്തിലുള്ള പതിനഞ്ചോളം പവര്‍ പ്ലാന്‍റുകളാണ് ജപ്പാനിലുള്ളത്. ഫുക്കുഷിമ ആണവ ദുരന്തത്തെത്തുടര്‍ന്ന് ഇതില്‍ ഏഴ് റിയാക്ടറുകള്‍ ജര്‍മ്മന്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയിരുന്നു. ആറെണ്ണം 2021 ലും ബാക്കിയുള്ളവ 2022 ലും പൂര്‍ണ്ണമായും അടച്ചു പൂട്ടും.

English Summary: Wunderland Kalkar, The Theme Park Inside An Old Nuclear Power Plant

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA