വൈറലായി പുതുവർഷത്തിലെ സൂപ്പർതാരം; സ്വർണം ചേർത്ത ബർഗർ

toromcoy
SHARE

സൗന്ദര്യത്താൽ വശീകരിക്കുന്ന കടലുകളും പഴയ സ്പാനിഷ് കോളനിയുടെ പ്രൗഢിയുമെല്ലാം സംഗമിക്കുന്ന ഭൂമിയായ കൊളംബിയ മിക്ക സഞ്ചാരികളുടെയും സ്വപ്നയിടമാണ്. താമസത്തിനും ഭക്ഷണത്തിനും ചെറുഷോപ്പിങ്ങുകൾക്കുമൊക്കെ ചെലവ് വളരെ കുറവായതു കൊണ്ട് തന്നെ ആ നാട്ടിലേക്കുള്ള സന്ദർശനം ഏതൊരു സഞ്ചാരിയെയും ആകർഷിക്കും. ഇപ്പോഴിതാ സഞ്ചാരികളെ അദ്ഭുതപ്പെടുത്തികൊണ്ട് കാഴ്ചയിൽ കൗതുകമുണർത്തുന്ന വിഭവവുമായി എത്തിയിരിക്കുകയാണ് കൊളംബിയയിലെ റെസ്റ്റോറന്റ്.

സ്വർണം ചേർത്ത ചായ കേട്ടിട്ടുണ്ടെങ്കിലും തനി സ്വർണം ചേർന്ന ബർഗറോ? കണ്ണുതള്ളേണ്ട. സമൂഹമാധ്യമങ്ങളിലിപ്പോൾ തരംഗമായി മാറിയിരിക്കുകയാണ് 24 കാരറ്റ് ബർഗർ. കുട്ടികളടക്കം ഫാസ്റ്റ്ഫൂഡ് പ്രേമികളുടെ ഇഷ്ടം വിഭവമാണ് ബർഗർ. കൊളംബിയയിലെ ബുക്കാറമംഗയിലെ റെസ്റ്റോറന്റായ ടോറോ മക്കോയിലാണ് ഒറിജിനൽ സ്വർണം ചേർത്ത ബർഗർ തയാറായിരിക്കുന്നത്. കോവിഡ് 19 ൽ തകർന്ന വ്യവസായമേഖലയെ തിരിച്ചുപിടിക്കുവാനായുള്ള പ്രയന്തത്തിലാണ് സംരഭകർ. പുതിയ രുചി നിറച്ച ഭക്ഷണവിഭവങ്ങൾ അവതരിപ്പിച്ചും റെസ്റ്റോറൻറ് ബിസിനസിലുമുണ്ട് ഇത്തരം പരീക്ഷണങ്ങൾ. രാജകീയമായി സ്വർണ ബർഗറിന്റെ പിറവിക്കു പിന്നിലെ കാരണവും ഇതുതന്നെയാണ്.റെസ്റ്റോറന്റിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് 24 കാരറ്റ് ബർഗർ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

ഒറിജിനൽ സ്വർണം ചേർത്ത ബർഗറിന്റെ പേര് ഒറോ മകോയ് എന്നാണ്. മരിയ പൗല എന്ന ഷെഫാണ് കാഴ്ചയിലും രുചിയിലും കൗതുകം നിറയ്ക്കുന്ന സ്വർണം ചേർത്ത ബർഗർ തയാറാക്കിരിക്കുന്നത്. കട്‌ലെറ്റ്, ഇറച്ചി, ചീസ് എന്നിവയ്ക്കു മുകളിൽ ‘ഗോൾഡ് ഫോയിൽ പ്ലേറ്റിങ്’ ചെയ്ത ബർഗർ വൈറലായിരിക്കുകയാണ്. പുതുവത്സരാഘോഷത്തിനു കൊളംബിയയിൽ എത്തിയവർ വിഡിയോ കണ്ടു കൊളംബിയയിലെ  ടോറോ മക്കോയ് റസ്റ്ററന്റിലേക്ക് ഇരച്ചു കയറുകയാണ്.

പുതുവർഷത്തിലെ സൂപ്പർതാരമായി മാറിയിരിക്കുകയാണ് ഇൗ ബർഗർ. കാരമലൈസ്ഡ് ബേക്കൺ, സാധാരണ ബർഗറിലേതിനെക്കാൾ ഇറച്ചി, ചീസ്, എന്നിവ ഉപയോഗിച്ചു തയാറാക്കിയ ബർഗറിനു മുകളിൽ 24 കാരറ്റ് ‘സ്വർണക്കടലാസ്’ ചൂടാക്കി ചുറ്റുന്നു. ബർഗറിനു മുകളിൽ ചുറ്റുന്ന സ്വർണം ഉരുകിയൊലിക്കുമ്പോൾ ബർഗർ തിളങ്ങും. ‘ഗോൾഡ് ഫോയിൽ’ ചുറ്റുന്നതിലുള്ള വൈദഗ്ധ്യമാണു ബർഗറിന്റെ ഭംഗിയും രുചിയും നിശ്ചയിക്കുന്നത്. ‘സ്വർണം കയ്യിൽ ഒട്ടിയാൽ ബർഗറിന്റെ ഭംഗി നഷ്ടപ്പെടും’ – മരിയ പറയുന്നു.

സ്വർണം കലർന്ന ഇൗ ബർഗറിന് അൻപത്തൊൻപതു ഡോളറാണു വില. ഇന്ത്യൻ രൂപ നാലായിരം. ഇത് ലോകത്തിലെ ഏറ്റവും ചെലവേറിയ ബർഗർ അല്ല. 295 ഡോളർ വിലവരുന്ന ലോകത്തിലെ ഏറ്റവും ചെലവേറിയ ബർഗർ നിർമിച്ച റെക്കോർഡ് ന്യൂയോർക്കിലെ റെസ്റ്റോറന്റിനു സ്വന്തമാണ്. ഭക്ഷണപ്രമികളെ ആകർഷിക്കുന്ന സ്വർണം ചേർത്ത വിഭവങ്ങളും പാനീയങ്ങളും വിളമ്പുന്ന മറ്റു റെസ്റ്ററന്റുകളുമുണ്ട്.

English Summary: Columbian Restaurant Makes 24-Karat Gold Burger 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA