ADVERTISEMENT

യാത്ര ചെയ്യാനായി ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് മലയാളികളുടെ പ്രിയങ്കരിയായ ലെന. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് താരത്തിന്റെ കയ്യിലെ ടാറ്റുവിന്റെ ചിത്രങ്ങളാണ്.പൂക്കളും പൂമ്പാറ്റയുമടക്കം സ്വന്തം രൂപം വരെ ടാറ്റുവായി പതിപ്പിക്കുന്നത് ഇന്നൊരു ന്യൂജെന്‍ ട്രെന്‍ഡാണ്.

ആരാധകരെ ഏറെ ആകർഷിച്ചതും ലെനയുടെ കയ്യിലെ മനോഹരമായ ടാറ്റുവാണ്. സിനിമയുടെ ഷൂട്ടിന്റെ ഭാഗമായി ലണ്ടനിലാണ് താരം. ടാറ്റു ചെയ്തതും ലണ്ടനില്‍ നിന്ന് തന്നെയാണ്. ബര്‍മിങ്ങ്‌ഹാമിലെ 'ഒപ്യുലന്‍റ് ഇങ്ക്'  എന്ന ടാറ്റൂ പാര്‍ലറിലാണ് ലെന എത്തിയത്. യു കെയിലെ പ്രശസ്തമായ ടാറ്റൂ ആർട്ടിസ്റ്റായ ടോണി ഇവാൻസിന്റെ ടാറ്റു പാർലറാണിത്. താരം ടാറ്റൂ കയ്യിൽ ചെയ്യുവാനായി 8 മണിക്കൂറിൽ അധികം സമയമെടുത്തുവെന്നും ലെന പറയുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഇവിടെയും പാർലറുകൾ പ്രവർത്തിക്കുന്നത്. ടാറ്റു ചെയ്തത്തിനു ശേഷമുള്ള വിവരങ്ങളും ലെന വിഡിയോയില്‍ കാണിക്കുന്നുണ്ട്. മുന്‍പേ കയ്യിലുണ്ടായിരുന്ന ടാറ്റൂവിനൊപ്പം വേറെയും ഡിസൈന്‍ വരച്ചുചേര്‍ക്കുകയായിരുന്നുവെന്നും താരം പറയുന്നു.

2020 ലെ യാത്ര

Lena-London-Diaries

2020 സത്യത്തിൽ എല്ലാവർക്കും മോശം അവസ്ഥയായിരുന്നു. കൊറോണ എന്ന വില്ലൻ കാരണം യാത്ര പോയിട്ട് വീടിനു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു. എന്നാലും 2020 ന്റെ അവസാന നിമിഷത്തിൽ ഷൂട്ടിന്റെ ഭാഗമായി യാത്ര ചെയ്യാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് താനെന്നും ലെന പറയുന്നു.

Lena-London-Diaries1

ക്രിസ്മസ് കാലവും പുതുവർഷവും ലണ്ടനില്‍ ആഘോഷമാക്കിരിക്കുകയാണ് നടി ലെന. നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന 'ഫൂട്ട്പ്രിന്‍റ്സ് ഓണ്‍ ദി വാട്ടര്‍' എന്ന ഇന്തോ-ബ്രിട്ടീഷ് സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി യുകെയിലെത്തിയതാണ് താരം. നിമിഷ സജയന്‍ മുതലായ സഹതാരങ്ങളും കൂടെയുണ്ട്. കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുമായിരുന്നു യാത്ര. കൊറോണ കാരണം കൊച്ചി എയർപോർട്ട് ശരിക്കും വിജനമായിരിക്കുന്നുവെന്നും താരം പറയുന്നു. നീണ്ട ഇടവേളയ്ക്കു ശേഷമുള്ള ലെനയുടെ ആദ്യ രാജ്യന്തര ട്രിപ്പാണിത്.

സിനിമ ഷൂട്ടിങ്ങും യാത്രയും

യുകെയിലെ രണ്ടാമത്തെ വലിയ സിറ്റിയായ ബര്‍മിംഗ് ഹാമിലായിരുന്നു സിനിമയുടെ ഷൂട്ടിങ്. അമ്മയുടെ കയ്യില്‍ നിന്നും ക്രിസ്മസ് കേക്ക് കഴിച്ച്, യാത്ര ആരംഭിക്കുന്നത് മുതലുള്ള ദൃശ്യങ്ങള്‍ ലെനയുടെ വ്ളോഗിൽ പങ്കുവച്ചിട്ടുണ്ട്. കൂടാതെ യു കെയില്‍ എത്തിയതിനു ശേഷം രണ്ടു ഡിഗ്രി സെല്‍ഷ്യസില്‍ നിന്നുകൊണ്ടു അവിടുത്തെ കാഴ്ചകളും ക്രിസ്മസ് ദിനത്തിലെ ലണ്ടന്‍ കാഴ്ചകളും താരം പങ്കുവെയ്ക്കുന്നു.

Lena-London-Diaries5

ഭൂരിഭാഗവും സ്ത്രീകള്‍ അടങ്ങിയ സിനിമയുടെ അണിയറ പ്രവര്‍ത്തകരെയും ലെന തന്‍റെ വ്ലോഗിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. ഷൂട്ടിനു ശേഷമുള്ള ഒഴിവ് സമയം യു കെയിലെ കാഴ്ചകളിലേയ്ക്കും താരം പോയിരുന്നു. മഞ്ഞുപൊഴിയുന്ന യുകെയിലെ ചിത്രങ്ങളാണ് ആരാധകരെ ആകർഷിക്കുന്നത്.

Lena-London-Diaries6

1000 വ്യാപാരങ്ങളുടെ നഗരം

വിക്ടോറിയൻ കാലഘട്ടത്തിൽ "1000 വ്യാപാരങ്ങളുടെ നഗരം", "ലോകത്തിന്‍റെ വർക്ക് ഷോപ്പ്" എന്നിങ്ങനെയെല്ലാം അറിയപ്പെട്ടിരുന്ന ബര്‍മിംഗ്ഹാമിലേയ്ക്കുള്ള യാത്രയും കാഴ്ചകളും ഏറെ അദ്ഭുതപ്പെടുത്തിയെന്നു ലെന പറയുന്നു.  21-ാം നൂറ്റാണ്ടിലെത്തി നില്‍ക്കുമ്പോള്‍ ജനപ്രീതിയാര്‍ജ്ജിച്ച ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി മാറിയിരിക്കുകയാണിവിടം. നഗരഹൃദയത്തില്‍ത്തന്നെ മനോഹരമായ നിരവധി നിര്‍മിതികളും കാണാം.

ഏറെക്കാലത്തെ വ്യാപാര പാരമ്പര്യമാണ് ഉള്ളത് എന്നതിനാല്‍ ചരിത്രത്തിന്‍റെ സൂക്ഷിപ്പുകള്‍ അധികം ഇവിടെ കാണാനാവില്ല. എന്നിരുന്നാലും തിങ്ക്‌ടാങ്ക്, സോളോ ഹൗസ്, കാഡ്ബറി വേള്‍ഡ്,  ബര്‍മിംഗ്ഹാം മ്യൂസിയം ആര്‍ട്ട് ഗ്യാലറി, ആസ്ട്ടന്‍ ഹാള്‍ തുടങ്ങിയ ഇടങ്ങള്‍ ചരിത്ര പ്രേമികള്‍ക്ക് സന്ദര്‍ശിക്കാവുന്ന ഇടങ്ങളും ഇവിടെയുണ്ട്. പ്രകൃതിമനോഹാരിത ഇഷ്ടമുള്ള ആളുകള്‍ക്ക് ബർമിംഗ്ഹാം ബൊട്ടാണിക്കൽ ഗാർഡൻസ് ആന്‍ഡ് ഗ്ലാസ് ഹൗസസ്, ബർമിംഗ്ഹാം നേച്ചർ സെന്റർ, കാനൻ ഹിൽ പാർക്ക്, ലിക്കി ഹില്‍സ് കണ്ട്രി പാര്‍ക്ക്, നാഷണല്‍ സീ ലൈഫ് സെന്‍റര്‍, സട്ടന്‍ പാര്‍ക്ക് മുതലായവയും സന്ദര്‍ശിക്കാം. കൂടാതെ ബ്രിട്ടനിലെ ഏറ്റവും പോപ്പുലര്‍ ആയ നിരവധി ക്ലബുകളും ഇവിടെയുണ്ട്. 

Lena-London-Diaries4

മാർച്ച് മുതൽ മെയ് വരെയുള്ള വസന്തകാലവും സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള ശിശിരകാലവുമാണ് ബർമിംഗ്ഹാം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. 

Lena-London-Diaries3

English Summary: Celebrity Travel Lena London Diaries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com