ADVERTISEMENT

ഓസ്ട്രേലിയയിലെ ആദിമജനത വളരെ പാവനമായി കരുതുന്ന ഒരു ഭീമന്‍ പാറയാണ് ഉലുരു. അയേഴ്‌സ് പാറ എന്നും ഇതിനു പേരുണ്ട്. നോർത്തേൺ ടെറിട്ടറിയിലെ ഉലുരു-കറ്റ ജുട്ട ദേശീയോദ്യാനത്തിലുള്ള ഏറ്റവും വലിയ ഒറ്റപ്പാറയാണിത്‌. ധാരാളം അരുവികളും ജലാശയങ്ങളും ഗുഹകളും, ഗുഹാചിത്രങ്ങളും എല്ലാമുള്ള ഇവിടം ഒരു യുനെസ്കോ ലോകപൈതൃകസ്ഥലം കൂടിയാണ്. 

ഓസ്‌ട്രേലിയയിലെ തന്നെ ഏറ്റവും മനോഹരമായ രണ്ട് അത്ഭുതങ്ങളുടെ പേരിലാണ് ഉലുരു-കറ്റ ജുട്ട ദേശീയോദ്യാനം അറിയപ്പെടുന്നത്; 348 മീറ്റർ ഉയരമുള്ള ഉലുരു പാറയും ചുവന്ന താഴികക്കുടങ്ങളുടെ ആകൃതിയിലുള്ള 36 പാറകളുടെ കൂട്ടമായ കറ്റ ജുട്ടയും. അങ്ങനെയാണ് ദേശീയോദ്യാനത്തിന് ഈ പേരു വന്നത്. 'നിരവധി തലകള്‍' എന്നാണ് 'കറ്റ ജുട്ട' എന്ന വാക്കിനര്‍ത്ഥം. ഈ പാറകള്‍ക്ക് 500 ദശലക്ഷം വര്‍ഷം പഴക്കമുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

Uluru-Rock-in-Australia3

സഞ്ചാരികളെ ആകർഷിക്കുന്നത് ഇവിടുത്തെ സൂര്യോദയവും അസ്തമയകാഴ്ചയുമാണ്. ഉദയവും അസ്തമയവും ഇവിടെ മനോഹരമായ കാഴ്ചകളാണ്. സൂര്യന്‍റെ സ്ഥാനം മാറുന്നതനുസരിച്ച് ഈ പാറകളുടെ നിറവും മാറും. അസ്തമയ സമയത്ത് തീ കത്തുന്ന പോലെയുള്ള ഓറഞ്ച് നിറമാണ് ഇവയ്ക്ക്. ഉലുരുവിന് ചുറ്റുമായി സഞ്ചാരികള്‍ക്ക് നടന്നു കാണാനായി നിരവധി മനോഹരമായ പാതകളുണ്ട്. ലിരു വാക്ക്, മാല വാക്ക്, കുനിയ വാക്ക് എന്നിവ അവയില്‍ ചിലതാണ്. 

സാംസ്കാരികമായും പ്രകൃതിദത്തമായ വൈവിധ്യങ്ങളാലും സമ്പന്നമാണ് എന്നതുകൊണ്ടുതന്നെ വര്‍ഷംതോറും ഉലുരു-കറ്റ ജുട്ട ദേശീയോദ്യാനം സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണം നിരവധിയാണ്. പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള പാരമ്പര്യം കേടുപാടുകള്‍ കൂടാതെ സംരക്ഷിച്ചിരിക്കുന്ന കാഴ്ച സഞ്ചാരികളില്‍ കൗതുകമുണര്‍ത്തും.

1994-ല്‍ ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ച പാര്‍ക്കില്‍ 2000 ആയതോടെ വാർഷിക സന്ദർശകരുടെ എണ്ണം 400,000 ആയി ഉയർന്നു. ടൂറിസത്തില്‍ നിന്നുള്ള സാമ്പത്തിക നേട്ടവും കൂടിയെങ്കിലും സാംസ്കാരിക മൂല്യങ്ങളുടെയും സന്ദർശക ആവശ്യങ്ങളുടെയും സന്തുലിതാവസ്ഥ നിലനിർത്തുന്നത് എക്കാലത്തും വന്‍ വെല്ലുവിളിയുയര്‍ത്തുന്ന കാര്യമാണ്.

Uluru-Rock-in-Australia1

ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി, ഇവിടെ 1950 കളിൽ ആരംഭിച്ച ടൂറിസം ഇൻഫ്രാസ്ട്രക്ചര്‍ വികസനപരിപാടി പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കിയിരുന്നു. അതേത്തുടര്‍ന്ന്, 1970 കളുടെ തുടക്കത്തിൽ പാര്‍ക്കിനുള്ളില്‍ ഉണ്ടായിരുന്ന താമസസൗകര്യങ്ങള്‍ എല്ലാം പുറത്തേക്ക് മാറ്റാന്‍ തീരുമാനിച്ചു. 1975 ൽ ഉലുരുവിൽ നിന്ന് 15 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന 104 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് വിനോദസഞ്ചാര കേന്ദ്രവും വിമാനത്താവളവും നിര്‍മ്മിക്കാന്‍ അംഗീകാരം ലഭിച്ചു. പാർക്കിനുള്ളിലെ ക്യാമ്പ് ഗ്രൗണ്ട് 1983ലും 1984 അവസാനത്തോടെ മോട്ടലുകളും അടച്ചു. സഞ്ചാരികള്‍ക്കായി 1992 ൽ 'അയേഴ്സ് റോക്ക് റിസോർട്ട്' തുറന്നു. പാർക്ക് സന്ദർശകർക്ക് താമസസൗകര്യം, റെസ്റ്റോറന്റുകൾ, ഷോപ്പുകൾ, ഇന്ധനം, മറ്റ് അവശ്യ സേവനങ്ങൾ എന്നിവ ഈ ഫൈവ്സ്റ്റാര്‍ റിസോര്‍ട്ടില്‍ ലഭ്യമാണ്.

മണ്ണൊലിപ്പ് മൂലം പാറകളുടെ താഴെയുള്ള ഭാഗത്ത് ചെരിവു പ്രതലങ്ങള്‍ ഉണ്ടായതായി കാണാം. പാറയുടെ അടിഭാഗത്തുള്ള ചെറിയ ഗുഹകൾക്കുള്ളില്‍ കൊത്തുപണികളും ചിത്രങ്ങളും കാണാം, ഇവിടെ താമസിച്ചിരുന്ന ആദിമഗോത്രവംശം ഇത് പവിത്രമായി കരുതുന്നു.സന്ദര്‍ശകര്‍ ഉലുരു പാറകളില്‍ കയറുന്നത് 2019 മുതല്‍ വിലക്കിയിട്ടുണ്ട്. ഇവിടെയുള്ള പ്രാദേശിക ആദിവാസി സമൂഹത്തെക്കുറിച്ചും അവരുടെ സംസ്കാരത്തെക്കുറിച്ചും സന്ദർശകര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിനായുള്ള ഒരു കള്‍ച്ചര്‍ സെന്ററും ഉലുരു പാറക്കെട്ടിനടുത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 

അപൂര്‍വ്വ സസ്യജന്തു ജാലങ്ങളുടെ വാസസ്ഥലം കൂടിയാണ് ഇവിടം. വംശനാശം നേരിടുന്ന നിരവധി ജീവികളെയും സസ്യങ്ങളും ഇവിടെ കാണാം. മൾഗ, ഡെസേർട്ട് ഓക്ക്സ്, ഡെസേർട്ട് പോപ്ലറുകൾ, പലതരം യൂക്കാലിപ്റ്റസ് എന്നിവയുൾപ്പെടെ 400 ഓളം ഇനം സസ്യങ്ങൾ ഇവിടെയുണ്ട്. ചുവന്ന കംഗാരു, വിവിധതരം എലികള്‍, നിരവധി ഉരഗങ്ങളും ഉഭയജീവികളും, ഫാൽക്കൺസ്, ബസാർഡ്സ്, ബഡ്ജറിഗാർസ്, ഹണിഈറ്റേഴ്സ് എന്നിവ ഉള്‍പ്പെടെ 175 ഇനം പക്ഷികൾ മുതലായവ ഇവിടത്തെ പ്രത്യേക ജീവികളില്‍ പെടുന്നു.

അടുത്തുള്ള പ്രധാന നഗരമായ ആലീസ് സ്പ്രിംഗിൽ നിന്നും 335 കി.മീ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. കൊനെലന്‍ എയര്‍പോര്‍ട്ട് ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം, ഇവിടെ നിന്നും ഇരുപതു മിനിറ്റ് ഡ്രൈവ് ചെയ്‌താല്‍ ഉലുരുവിലെത്താം. . 

 

English Summary: Uluru Rock in Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com