ADVERTISEMENT

‘കള്ളന്‍റെ കയ്യില്‍ താക്കോല്‍ കൊടുക്കുക’ എന്നു പറയാറില്ലേ. അങ്ങനെയൊരു വിധിയായിരുന്നു ജര്‍മനിയിലെ സ്പ്രീപാര്‍ക്കിന്‍റേത്. ഒരു കാലത്ത് കുട്ടികളുടെ ബഹളം കൊണ്ട് മുഖരിതമായിരുന്ന അന്തരീക്ഷം ഇപ്പോൾ നിശ്ശബ്ദതയുടെ ചിലന്തിവലകളാല്‍ മൂടപ്പെട്ട് ഭീതിയുണര്‍ത്തുന്നു. അതിനു കാരണമായതോ, ഈ പാര്‍ക്കിന്‍റെ നോക്കിനടത്തിപ്പുകാരന്റെ കെടുകാര്യസ്ഥതയും.

ജര്‍മനിയിലെ ബെർലിനിൽ പ്ലാന്റർവാൾഡിന് വടക്കുഭാഗത്തുള്ള ഒരു മുൻ അമ്യൂസ്‌മെന്‍റ് പാർക്കാണ് സ്പ്രീപാർക്ക്. ‘കുൽതുർപാർക്ക് പ്ലാന്റർവാൾഡ് ബെർലിൻ’ എന്ന പേരിലും അറിയപ്പെട്ടിരുന്ന ഈ പാര്‍ക്ക് 2002 മുതല്‍ അടഞ്ഞു കിടക്കുകയാണ്. പാർക്കിന്‍റെ മുക്കിലും മൂലയിലുമെല്ലാം കഴിഞ്ഞ മൂന്ന് ദശകങ്ങളുടെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നത് കാണാം. കുട്ടികള്‍ക്കായുള്ള വിവിധ റൈഡുകള്‍, ഭീമന്‍ ദിനോസർ പ്രതിമകൾ എന്നിവയെല്ലാം ഇക്കൂട്ടത്തില്‍ കാണാം.

Spreepark-Berlin-1
Image By Tim K. von End/Shutterstock

കിഴക്കൻ ജർമനിയിലെ സോഷ്യലിസ്റ്റ് സർക്കാർ 1969 ൽ 'വി‌ഇ‌ബി കുൽതുർപാർക്ക് പ്ലാന്റർവാൾഡ്' എന്ന പേരിൽ നിർമിച്ച ഈ പാര്‍ക്ക്, ബെർലിൻ മതിൽ ഇടിഞ്ഞുവീഴുന്നത് വരെ- വീണ്ടും 20 വര്‍ഷങ്ങള്‍ കൂടി– അതേപേരില്‍ നിലനിന്നു. കമ്യൂണിസ്റ്റ് കാലഘട്ടത്തിൽ പ്രതിവർഷം 1.7 ദശലക്ഷം സന്ദർശകരുണ്ടായിരുന്നു 29.5 ഹെക്ടര്‍ വിസ്തൃതിയുള്ള ഈ പാര്‍ക്കിൽന്. ജി‌ഡി‌ആറിലെ സ്ഥിരമായ ഒരേയൊരു വിനോദ പാർക്കായിരുന്നു ഇത്.

1991-ല്‍ നോബര്‍ട്ട് വിറ്റ് എന്നൊരാള്‍ നടത്തിപ്പ് ഏറ്റെടുത്തതോടെയാണ് പാര്‍ക്കിന്‍റെ വിധി മാറ്റിയെഴുതപ്പെട്ടത് എന്നുപറയാം. സ്പ്രീ നദിയുടെ കരയിലെ പാര്‍ക്കിന് 'സ്പ്രീ പാര്‍ക്ക്' എന്ന് പുനര്‍നാമകരണം ചെയ്തത് ഇയാളായിരുന്നു. പുല്‍ത്തകിടികളും ജലാശയങ്ങളും കൂട്ടിച്ചേര്‍ത്ത് പാര്‍ക്കിനെ മനോഹരമാക്കുകയും പാരിസിനടുത്തുള്ള മിറാപോളിസ് അമ്യൂസ്മെന്റ് പാർക്കില്‍ നിന്നു റൈഡുകള്‍ ഇറക്കുമതി ചെയ്ത് സ്ഥാപിക്കുകയും ചെയ്തു. പല തവണ പാര്‍ക്കിന്‍റെ മുഖം മിനുക്കല്‍ പരിപാടികള്‍ നടത്തി. എന്നാല്‍ ഇതിനിടയില്‍ ആരുമറിയാതെ കൊക്കെയ്ൻ കള്ളക്കടത്തും ഇയാള്‍ നടത്തി, പാർക്ക് അഡ്മിനിസ്ട്രേറ്ററായിരിക്കെ പെറുവിലേക്ക് കയറ്റി അയച്ച പാര്‍ക്ക് ഉപകരണങ്ങളിൽ ഒളിപ്പിച്ചായിരുന്നു കള്ളക്കടത്ത്.

ഈ ദൗര്‍ഭാഗ്യകരമായ സംഭവവും പാര്‍ക്കില്‍ ആളുകള്‍ കുറഞ്ഞതും മൂലം 2002- ല്‍ പാര്‍ക്ക് അടച്ചുപൂട്ടി. രണ്ടു വര്‍ഷത്തിനു ശേഷം വിറ്റിന് ജയില്‍ശിക്ഷ ലഭിക്കുകയും ചെയ്തു. അടച്ചുപൂട്ടിയതോടെ പാര്‍ക്കിനുള്ളില്‍ കളകളും മറ്റും വളര്‍ന്നു. ‘ഹന്ന’ എന്ന ഹോളിവുഡ് സിനിമയില്‍ ഈ പാര്‍ക്ക് ചിത്രീകരിച്ചിട്ടുണ്ട്. 

Spreepark-Berlin-3
Image By Karsten Jung/Shutterstock

2014-ൽ ഉണ്ടായ ഒരു തീപിടുത്തത്തില്‍ പാര്‍ക്കിന്‍റെ ചില ഭാഗങ്ങള്‍ നശിച്ചു. തുടര്‍ന്ന്, പുതിയ ചുറ്റുമതില്‍, സ്ഥിരം സുരക്ഷാ ഉദ്യോഗസ്ഥർ, നായ്ക്കൾ എന്നിവയോടെ സുരക്ഷ ശക്തമാക്കി. 

ഒരു കലാസാംസ്കാരിക കേന്ദ്രമാക്കി പാര്‍ക്കിനെ മാറ്റുകയെന്ന ലക്ഷ്യത്തോടെ 2016- ൽ ബെർലിൻ നഗരത്തിന്റെ ഉടമസ്ഥതയിലുള്ള ഗ്രീൻ ബെർലിൻ ജിഎം‌ബി‌എച്ച് കമ്പനി ഇവിടം ഏറ്റെടുത്തു. 2018-ന്‍റെ  അവസാനത്തിൽ ഇവര്‍ നിര്‍ദ്ദേശിച്ച പദ്ധതികൾ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നടപ്പിലാക്കാനാണ് തീരുമാനം. 

2019 മേയില്‍ പാർക്കിലുണ്ടായിരുന്ന ചില റൈഡുകളും മറ്റും നീക്കംചെയ്‌തു. എന്നാല്‍, ‘കുൽതി’ കാലഘട്ടത്തിലെ ഫെറിസ് വീല്‍ “ഫ്രെസ്‌വർഫെൽ” റസ്റ്റോറന്റും “സ്‌പ്രീബ്ലിറ്റ്സ്” റോളർ‌കോസ്റ്റർ, “സിനിമ 2000”, ഇംഗ്ലിഷ് വില്ലേജിന്‍റെ മുൻഭാഗം, കപ്പ് കറൗസൽ, കൃത്രിമ “ഗ്രാൻഡ് കാന്യോൺ” തുടങ്ങിയ ആകര്‍ഷണങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട്. 

പാര്‍ക്ക് പ്രവര്‍ത്തിക്കുന്നില്ലെങ്കിലും സഞ്ചാരികള്‍ക്ക് ഇവിടം സന്ദര്‍ശിക്കാം. ശനി, ഞായർ, പൊതുഅവധി ദിവസങ്ങളിൽ രാവിലെയുംഉച്ചയ്ക്കും ഇവിടേക്ക് 90 മിനിറ്റ് ഗൈഡഡ് ടൂറുകൾ ലഭ്യമാണ്.  

 

English Summary: Spreepark Berlin, Germany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com