ചുറ്റും നരഭോജി മുതലകൾ, ധൈര്യമുണ്ടോ ഈ മരണത്തിന്റെ കൂട്ടിൽ കയറാൻ?

cage-of-death
Image From Cage of Death Australia official Site
SHARE

പതിനാറ് അടിയിലേറെ നീളമുള്ള കൂറ്റൻ മുതലകൾ നീന്തിപ്പുളയ്ക്കുന്നതിനിടയിലേക്കിറങ്ങാൻ ധൈര്യമുണ്ടോ? ഇറങ്ങിയാൽമാത്രം പോരാ, പതിനഞ്ചു മിനിറ്റോളം അവിടെ നിൽക്കുകയും വേണം. പേടിക്കാൻ വരട്ടെ, മുതലകൾക്കു നടുവിലേക്കു വെറുതേ ഇറങ്ങുകയല്ല. കട്ടിയും ഉറപ്പുമുള്ള, സുരക്ഷിതമായ ഒരു ചില്ലുകൂട്ടിലാണ് മുതലക്കുളത്തിലേക്കിറക്കുക. അപ്പോൾ തൊട്ടുമുന്നിൽ മുതലകളെ കാണാം. കൂർത്ത പല്ലുമായി അവ വാപിളർന്നു വരുന്നതു കണ്ടുനിൽക്കാനുള്ള ചങ്കുറപ്പുണ്ടെങ്കിൽ ഈ വിനോദത്തിനിറങ്ങാം. വടക്കൻ ഓസ്ട്രേലിയയിലെ ഡാർവിനിലുള്ള ക്രൊക്കോസറസ് കോവാണ് ‘കേജ് ഓഫ് ഡെത്ത്’ എന്നു പേരുള്ള ഈ സാഹസിക വിനോദമൊരുക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മുതലകളായ ഉപ്പുവെള്ള മുതലകളുടെ ആവാസകേന്ദ്രമാണ് ഓസ്‌ട്രേലിയയുടെ വടക്കന്‍ പ്രദേശങ്ങള്‍. 

പേരു സൂചിപ്പിക്കുന്നതുപോലെ, മരണം തൊട്ടു മുന്നിലെത്തിയെന്നു തോന്നുന്ന അനുഭവമാണ് ‘കേജ് ഓഫ് ഡെത്ത്’. കാരണം വെള്ളത്തിലിറങ്ങുന്ന സഞ്ചാരികൾക്കും ഭീമൻ മുതലകൾക്കുമിടയിലുള്ളത് ഒരു അക്രിലിക് ചില്ലു കൂട് മാത്രമാണ്. ഭയാനകമെങ്കിലും ഇതിനായി നിരവധി സഞ്ചാരികൾ വർഷംതോറും ഇവിടെയെത്താറുണ്ട്.  

Cage-of-Death-Darwin
Image From Cage of Death Australia official Site

ചങ്കുറപ്പുണ്ടോ? കേജ് ഓഫ് ഡെത്തിനെ അറിയാം

15 മിനിറ്റ് ദൈര്‍ഘ്യമുള്ള കേജ് ഓഫ് ഡെത്ത് സെഷനില്‍ സന്ദര്‍ശകരെ ആദ്യം സുരക്ഷിതമായി രൂപകല്‍പന ചെയ്തിരിക്കുന്ന കൂട്ടിലാക്കി മുതലകളുടെ ടാങ്കിനു മുകളിൽ നിർത്തും. തുടര്‍ന്ന് മുതലകൾക്കു തീറ്റയിട്ട ശേഷം കൂട് വെള്ളത്തിലേക്കിറക്കും. കണ്ടാല്‍ത്തന്നെ ഭയന്നുപോകുന്ന, കൂർത്ത പല്ലുകളുള്ള കൂറ്റന്‍ മുതലകൾ ചില്ലുകൂടിനുചുറ്റും നിറയും. പിന്നെ അവയുടെ പരാക്രമമായിരിക്കും. മുതലകളുടെ പല്ലുകൊണ്ടു പോറല്‍ വീണ ആ കൂട് കണ്ടാല്‍, തുടര്‍ന്ന് കയറാന്‍ നില്‍ക്കുന്നവര്‍ പുറകോട്ട് മാറിനിന്നില്ലെങ്കിലേ അദ്ഭുതമുളളു. അത്ര ഭീകരമാണ് ആ അവസ്ഥ. 

Cage-of-Death-Darwin1
Image From Cage of Death Australia official Site

2008 ൽ തുറന്ന ക്രോക്കോസറസ് കോവ് ഓസ്ട്രേലിയൻ ഉരഗവർഗങ്ങളുടെ ഏറ്റവും വലിയ പ്രദർശന കേന്ദ്രമാണ്. വിവിധതരം മുതലകളും മറ്റും ഇവിടെയുണ്ട്. കേജ് ഓഫ് ഡെത്ത് ആണ് ഇവിടുത്തെ പ്രധാന ആകർഷണം

English Summary: Cage Of Death Darwin, Australia

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA