ADVERTISEMENT

ബീച്ച് പ്രേമികള്‍ക്ക് പലപ്പോഴുമുള്ള വെല്ലുവിളികളില്‍ ഒന്നാണ് മഴയും വെയിലുമൊക്കെ നേരിട്ട് കൊള്ളേണ്ടി വരുന്നു എന്നുള്ളത്. എന്നാല്‍ കടല്‍തീരത്തിനു മുന്നില്‍ ഒരു മേല്‍ക്കൂരയുണ്ടെങ്കിലോ? അത്തരമൊരു അനുഭവമായിരുന്നു ജപ്പാനിലെ സീഗയ ഓഷ്യന്‍ ഡോം എന്ന ഇന്‍ഡോര്‍ വാട്ടര്‍പാര്‍ക്ക് സഞ്ചാരികള്‍ക്കായി ഒരുക്കിയത്. എന്നാല്‍ സാമ്പത്തിക നഷ്ടം വില്ലനായത്തോടെ പില്‍ക്കാലത്ത് ഈ അവസരം സഞ്ചാരികള്‍ക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.

മിയാസാക്കിയില്‍ ടോക്കിയോക്ക് 1,200 മൈല്‍ തെക്കായി സ്ഥിതിചെയ്യുന്ന ഷെരാട്ടന്‍ റിസോര്‍ട്ടിന്‍റെ ഭാഗമായിരുന്നു ഓഷ്യന്‍ ഡോം പാര്‍ക്ക്. ക്യുഷു ദ്വീപിലെ മിയസാക്കിയില്‍, 850 ഏക്കർ വിസ്തൃതിയില്‍ പണികഴിപ്പിച്ചിട്ടുള്ള ഈ ആഡംബര റിസോർട്ടിൽ അഞ്ച് ഹോട്ടലുകൾ, ഗോൾഫ് കോഴ്‌സുകൾ, ഒരു ബൊട്ടാണിക്കൽ പാർക്ക്, മൃഗശാല എന്നിവയുണ്ടായിരുന്നു. 

സാമ്പത്തികമാന്ദ്യത്തെ തുടർന്ന്, അമേരിക്കൻ സ്വകാര്യ-ഇക്വിറ്റി ഫണ്ടായ റിപ്പിൾവുഡ് 2001 ൽ ഈ റിസോര്‍ട്ട് വാങ്ങി. നിർമാണ ചെലവിന്‍റെ 10% ത്തിൽ താഴെ തുകക്കായിരുന്നു റിപ്പിൾവുഡ് ഈ റിസോർട്ട് സ്വന്തമാക്കിയതെങ്കിലും പുനർ‌നിർമാണത്തെത്തുടര്‍ന്ന് ബാധ്യത വന്നതിനാല്‍ റിസോര്‍ട്ട് അടച്ചു പൂട്ടേണ്ടി വന്നു. തുടര്‍ന്ന്, 2007 ഒക്ടോബര്‍ ഒന്നിന് ഓഷ്യൻ ഡോം വാട്ടർ പാർക്കും അടച്ചു പൂട്ടി.

കാലാവസ്ഥാ സാഹചര്യങ്ങൾക്കനുസരിച്ച് തുറക്കുകയും അടയ്ക്കുകയും ചെയ്യാവുന്ന, ലോകത്തിലെ ഏറ്റവും വലിയ മേൽക്കൂരയായിരുന്നു ഓഷ്യൻ ഡോമിനുണ്ടായിരുന്നത്. ഇതുകൂടാതെ നിരവധി പ്രത്യേകതകള്‍ വേറെയുമുണ്ടായിരുന്നു. 600 ടൺ കല്ലുകള്‍ പൊടിച്ചാണ് 12,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കടൽത്തീരത്ത് പാകിയത്. 

ഒളിമ്പിക് പൂളിനേക്കാൾ ആറിരട്ടി വലുപ്പമുള്ള ഒരു കൃത്രിമ സമുദ്രമായിരുന്നു ഇവിടെ നിര്‍മിച്ചത്. ഉപ്പില്ലാത്തതും ക്ലോറിനേറ്റ് ചെയ്തതുമായ 13,500 ടൺ വെള്ളം  ഇതിനുള്ളില്‍ നിറച്ചു. ചൂടോ തണുപ്പോ ഒരിക്കലും കൂടാത്ത വിധത്തില്‍ ജലത്തിന്‍റെ താപനില 28 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിച്ചു. തിരകളുടെ ശക്തി നിയന്ത്രിക്കുന്നതിനായി വേവ് മെഷീന്‍ ഉപയോഗിക്കുന്നതിനാല്‍ തിരമാലകള്‍ക്ക് ഒരു പരിധിയില്‍ കൂടുതല്‍ ഉയര്‍ന്നു പൊങ്ങാനാവില്ലായിരുന്നു. 'ലോകത്തിലെ ഏറ്റവും വലിയ സിമുലേറ്റഡ് പൂള്‍' എന്ന ഗിന്നസ് ബഹുമതിയും ഈ ജലാശയത്തിനായിരുന്നു. അപകടകാരികളായ ജലജീവികളെ പേടിക്കാതെ വിവിധ ജലവിനോദങ്ങളില്‍ ഏര്‍പ്പെടാനാവും എന്നത് മറ്റൊരു മെച്ചമായിരുന്നു. 

1993 ൽ ആരംഭിച്ച ഓഷ്യൻ ഡോം വാട്ടർ പാർക്ക് 1995-ല്‍ സന്ദര്‍ശിച്ചത് 1.25 ദശലക്ഷം സഞ്ചാരികളായിരുന്നു. മുതിർന്നവർക്ക് 50 യുഎസ് ഡോളറായിരുന്നു പ്രവേശന നിരക്ക്. ഇന്നുണ്ടായിരുന്നെങ്കില്‍ ജപ്പാനിലെ ഏറ്റവും മികച്ച ടൂറിസം ആകര്‍ഷണങ്ങളില്‍ ഒന്നായി വളരാന്‍ ഓഷ്യന്‍ ഡോമിനായേനെ എന്ന കാര്യത്തില്‍ സംശയമില്ല.

English Summary: Indoor beach in Japan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com