ADVERTISEMENT

കാറ്റു വന്നു വിളിക്കുമ്പോൾ മേഘത്തേരിലേറി കണ്ണെത്താദൂരത്തോളം മൽസരിച്ചു പറക്കാൻ കാത്തിരിക്കുന്ന വർണ്ണപ്പട്ടങ്ങളെപ്പോലെയാണ് ചിലരുടെ മനസ്സ്. കാറ്റിന്റെ കുസൃതിയിൽ ദിശതെറ്റുമെന്നു തോന്നുമെങ്കിലും ഇഷ്ടങ്ങളെ അവർ വല്ലാതങ്ങു ചേർത്തുപിടിക്കും. ജീവിതത്തിന്റെയും ജോലിയുടെയും തിരക്കുകൾക്കിടയിലും യാത്രയെന്ന ലഹരിയെ അണഞ്ഞുപോകാതെ കൊണ്ടുനടക്കുന്ന, അവസരം കിട്ടുമ്പോഴൊക്കെ അതിന്റെ ഹരത്തിലലിയുന്നവർ. അതിലൊരാളാണ് ‘ഉള്ളം’ എന്ന സൈക്കളോജിക്കൽ ത്രില്ലർ വെബ്സീരീസിലൂടെ പ്രേക്ഷകരുടെ മനസ്സുകവർന്ന നീത മനോജ്. നൃത്തത്തെയും അഭിനയത്തെയും ഏറെ സ്നേഹിക്കുന്ന നീത ഉയിരിന്റെ ഭാഗമായി കാത്തുവച്ചിരിക്കുന്ന ഇഷ്ടമാണ് യാത്ര. പ്രിയപ്പെട്ട യാത്രാനുഭവങ്ങളെക്കുറിച്ചും  വീണ്ടും പോകണമെന്നാഗ്രഹിക്കുന്ന സ്ഥലങ്ങളെക്കുറിച്ചും നീത പറയുന്നു.

∙ യാത്രകളെ പ്രണയിച്ചു തുടങ്ങിയത് അച്ഛന്റെ കത്തുകളിലൂടെ

കുട്ടിക്കാലം മുതൽ യാത്രയോടിഷ്ടമുണ്ട്. എന്റെ പപ്പയെക്കുറിച്ചു പറഞ്ഞുകൊണ്ടല്ലാതെ ആ ഇഷ്ടത്തെപ്പറ്റി സംസാരിച്ചു തുടങ്ങാനാവില്ല. മർച്ചന്റ് നേവി ഓഫിസറായിരുന്ന പപ്പ വീട്ടിലേക്കെഴുതിയിരുന്ന കത്തുകൾ നിറയെ യാത്രാവിശേഷങ്ങളായിരുന്നു. പപ്പ സഞ്ചരിച്ച രാജ്യങ്ങൾ, അവിടുത്തെ കാലാവസ്ഥ, വസ്ത്രങ്ങൾ എന്നിങ്ങനെയുള്ള വിവരണങ്ങളായിരുന്നു ആ കത്തുകളിൽ.

at-punakha-with--a-layap-lady-tigers-nest-bhutan-punakha-festival-bhutan
At punakha with a layap lady, Tigers Nest Bhutan, Punakha Festival bhutan

 

അമ്മ അവ വായിച്ചു കേൾപ്പിക്കുമായിരുന്നു. റഷ്യയെക്കുറിച്ചുള്ള വിവരണങ്ങളൊക്കെ കേൾക്കുമ്പോൾ, മഞ്ഞുപെയ്യുന്ന രാജ്യങ്ങളോ എന്നുള്ള കുട്ടിക്കൗതുകങ്ങളായിരുന്നു അന്നൊക്കെ മനസ്സു നിറയെ. പക്ഷേ പപ്പ എപ്പോഴും പുറത്തൊക്കെ ആയിരുന്നതുകൊണ്ടു തന്നെ അത്രയധികം യാത്രകൾ ചെയ്യാനുള്ള അവസരങ്ങളൊന്നും എനിക്കു കുട്ടിക്കാലത്ത് ലഭിച്ചിരുന്നില്ല. പക്ഷേ യാത്ര ചെയ്യാൻ എനിക്കേറെയിഷ്ടമായിരുന്നു. അന്നൊക്കെ ഏറ്റവും വലിയ ആഗ്രഹം, വലുതാകുമ്പോൾ പപ്പ പോയ രാജ്യങ്ങളിലെല്ലാം യാത്ര ചെയ്യണം എന്നതായിരുന്നു.

∙ ചുരം കയറിയതിന്റെ ഓർമ

bhutan
Bhutan

കുട്ടിക്കാല യാത്രകളിൽ ഏറ്റവും വ്യക്തമായ ഓർമ വയനാട്ടിലേക്ക് പോയതാണ്. ആ കാർയാത്രയിൽ കണ്ട ചുരങ്ങളും വലിയ മരങ്ങളും അഗാധമായ കൊക്കകളുമെല്ലാം എനിക്കന്നേറെയിഷ്ടമായി. അങ്ങനെയാണ് ഹിൽസ്റ്റേഷനുകളോട് എനിക്കിഷ്ടം തോന്നിത്തുടങ്ങിയത്. 

∙ വിവാഹശേഷം യാത്രകളുടെ ഘോഷയാത്ര

city-of-jerash-jJordan
City Of Jerash Jordan

എനിക്ക് ലഭിച്ച പങ്കാളിയും യാത്രകളോട് ഏറെ അഭിനിവേശമുള്ളയാളാണ്. ദമ്പതികളെന്ന നിലയിൽ  യാത്രയോട് ഒരേ പാഷനണ് എന്നത് ഏറെ സന്തോഷം നൽകുന്ന ഒരു കാര്യമാണ്. ഔദ്യോഗിക ആവശ്യങ്ങൾക്കായി അദ്ദേഹം കുറേ യാത്രചെയ്യാറുണ്ട്. കുട്ടികളൊക്കെ മുതിർന്ന ശേഷം ഞാനും അദ്ദേഹത്തോടൊപ്പം യാത്ര പോകാറുണ്ട്.

 

യാത്രകളിൽ മനോജ് ജോലിയുടെ ആവശ്യത്തിനായി പോകുമ്പോൾ ഞാനും ഒപ്പമിറങ്ങി ആ സ്ഥലങ്ങളൊക്കെ എക്സ്പ്ലോർ ചെയ്യാറുണ്ട്. അൽപംപോലും സമയം പാഴാക്കാതെ അവിടുത്തെ ഭക്ഷണങ്ങൾ രുചിക്കുകയും ഷോപ്പിങ് ചെയ്യുകയും പാർക്കുകൾ സന്ദർശിക്കുകയുമൊക്കെ ചെയ്യാറുണ്ട്. ഔദ്യോഗിക യാത്രകളല്ലാതെ കുടുംബാംഗങ്ങളുമൊത്തുള്ള യാത്രകളും ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. 

ferry-ile-yathra
Ferry Trip

∙ സോളോട്രിപ്പും ഫാമിലി ട്രിപ്പും ഒരുപോലെ ആസ്വദിക്കാറുണ്ട്

 

തനിച്ചു പോകുന്ന യാത്രകളും കുടുംബത്തിനൊപ്പവും സുഹൃത്തുക്കൾക്കൊപ്പവുമുള്ള യാത്രകളുമെല്ലാം എനിക്കിഷ്ടമാണ്. ഇതെല്ലാം സമ്മാനിക്കുന്നത് തികച്ചും വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ്. അതിനു പുറമേ രണ്ടു വീട്ടിലെയും അമ്മമാർക്കൊപ്പവും യാത്ര പോകാറുണ്ട്. രണ്ടു വട്ടമേ സോളോട്രിപ് പോയിട്ടുള്ളൂ. രണ്ടുകൊല്ലം മുൻപ് ഭൂട്ടാനിലേക്കും പിന്നെ മെൽബണിലേക്കും. സോളോ ട്രിപ് നൽകുന്ന അപാരമായ സ്വാതന്ത്ര്യമുണ്ട് അതറിയാൻ എല്ലാ സ്ത്രീകളും ഒരിക്കലെങ്കിലും സോളോട്രിപ് ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. കുടുംബത്തോടൊപ്പമുള്ള യാത്രകളിൽ വേറൊന്നും അറിയണ്ട, ഭർത്താവ് യാത്രയെക്കുറിച്ചു പറയുമ്പോൾ തയാറായി ഒപ്പം പോയാൽ മതി.

വ്യക്തമായ പ്ലാനിങ്ങോടെ, എല്ലാ ഒരുക്കത്തോടെയുമുള്ള സുരക്ഷിതമായ യാത്രകളായിരിക്കും എപ്പോഴുമത്. പക്ഷേ ഒറ്റയ്ക്കുള്ള യാത്രകൾ അങ്ങനെയല്ലല്ലോ. ഹോട്ടൽ ബുക്ക് ചെയ്യണം, ടാക്സി വിളിക്കണം, ഏതൊക്കെ സ്ഥലങ്ങളിലേക്കു പോകണമെന്നു തീരുമാനിക്കണം, സുരക്ഷ ശ്രദ്ധിക്കണം, എവിടെയാണ് നല്ല ഭക്ഷണം കിട്ടുന്നതെന്ന് അന്വേഷിക്കണം, ഇതൊക്കെ തനിയെ ചെയ്യണം. അതിലൂടെ ലഭിക്കുന്ന  അഭിമാനവും സ്വാതന്ത്ര്യവും സമ്മാനിക്കുന്നത് വളരെ വ്യത്യസ്തമായ അനുഭവങ്ങളാണ്. പിന്നെയുള്ളത് നമുക്കായി സമയം ചെലവഴിക്കുമ്പോൾ കിട്ടുന്ന സന്തോഷമാണ്. വേറെ ഒരു ഉത്തരവാദിത്തങ്ങളുമില്ലാതെ നമുക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ ആ സമയം വിനിയോഗിക്കാം. നമ്മൾ എത്ര നല്ല വ്യക്തികളാണെന്ന് നമ്മളെ ബോധ്യപ്പെടുത്താനും സോളോ ട്രിപ്പുകൾ സഹായിക്കുമെന്നാണ് എന്റെ അനുഭവം.

melbourne-s-street-art
Melbourne’s Street Art

∙ പിന്നെയും പിന്നെയും കൊതിപ്പിക്കും ആ സ്ഥലങ്ങൾ

എനിക്ക് വീണ്ടും വീണ്ടും പോകണമെന്ന് ആഗ്രഹം തോന്നിയ സ്ഥലങ്ങളിലൊന്ന് യൂറോപ്പാണ്. ഒരുപാടു പ്രാവശ്യം അവിടെ പോയിട്ടുണ്ട്. ഈ ലോകത്തുള്ള എല്ലാ ആർട്ടിസ്റ്റുകൾക്കും ഈ ഭൂമിയിൽ അവരുടേതായ സ്പേസുണ്ട്. യൂറോപ്പിലെ കാര്യം പറയുകയാണെങ്കിൽ അവിടുത്തെ സ്ക്വയറിൽ ആ പരിസരത്തുള്ള കുറേ ആർട്ടിസ്റ്റുകൾ പെർഫോം ചെയ്യാറുണ്ട്. വളരെ വ്യത്യസ്തമായ കഴിവുള്ള കലാകാന്മാർ വിവിധ കലാരൂപങ്ങൾ അവിടെ അവതരിക്കാറുണ്ട്. വലിയ വലിയ വേദികളിൽ പരിപാടി അവതരിപ്പിക്കാൻ കഴിയില്ലെന്ന നിരാശയൊന്നുമില്ലാതെ അവർ ആ സ്ക്വയറിൽ പെർഫോം ചെയ്ത് കാണികളെ രസിപ്പിക്കും.

 

Fl-m---fjords
Flåm, Fjords

അവരുടെ പ്രകടനം കണ്ടിഷ്ടപ്പെടുന്ന ചില ആളുകൾ അവർക്ക് പണം നൽകും. ആ ആർട്ടിസ്റ്റുകളെക്കുറിച്ച് പറയുകയാണെങ്കിൽ അവർ എന്തുജോലിയാണോ ചെയ്യുന്നത് അതിൽ വളരെ സന്തുഷ്ടരാണ്. ഒരു തരത്തിലുള്ള ഈഗോയുമില്ലാതെ അവർ സ്ട്രീറ്റിൽ പെർഫോം ചെയ്ത് വളരെ സന്തോഷത്തോടെ ജീവിക്കുകയാണവിടെ. ഏതു ജോലി ചെയ്യുന്ന ആളുകളും അവിടെ ബഹുമാനിക്കപ്പെടുന്നുണ്ട്. ആ ഒരു കൾച്ചർ എനിക്ക് വളരെയിഷ്ടമാണ്. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ, ചെയ്യുന്ന കാര്യങ്ങളിൽ അവർ വളരെ ഹാപ്പിയാണ്. ജീവിതം അക്ഷരാർഥത്തിൽ അവർ ആഘോഷിക്കുകയാണ്. യൂറോപ്പിൽ ഞങ്ങൾ കുറേ റോഡ്ട്രിപ്സ് ചെയ്തിട്ടുണ്ട്. വളരെ മനോഹരമായ ലാൻഡ്സ്കേപ് ആണ് അവിടുത്തേത്.

norway
Norway

∙ ഇന്ത്യയിലാണെങ്കിൽ വെറുതേ പോകാനിഷ്ടം ഈ സ്ഥലങ്ങളിൽ

ഞങ്ങൾ സെറ്റിൽ ചെയ്തിരിക്കുന്നത് ബെംഗളൂരുവിലായതിനാൽ ഇവിടുന്നു പോകാൻ പറ്റുന്ന ആക്സസബിളായ സ്ഥലങ്ങളിൽ ഏറ്റവുമിഷ്ടമുള്ള സ്ഥലം ഊട്ടിയാണ്. ഹിൽസ്റ്റേഷനുകളോടുള്ള ഇഷ്ടവും അതിനൊരു കാരണമാണ്. ബന്ദിപ്പൂർ കാടുകളിലൂടെ യാത്രചെയ്തുവേണം ഊട്ടിയിലെത്താൻ. ബന്ദിപ്പൂർ കാടുകളിലെ മൃഗങ്ങളെയും പക്ഷികളെയും കൺനിറയെ കാണാനുള്ള അവസരവും ആ യാത്രയിൽ ലഭിക്കും.

∙ ആ യാത്ര ഈ ജന്മത്തിൽ മറക്കാൻ പറ്റില്ല

ഞങ്ങളൊരിക്കൽ സ്കാൻഡിനേവിയയിൽ പോയിട്ടുണ്ട്. സ്കാൻഡിനേവിയ എന്നു പറയുന്നത് ഫിൻലൻഡ്, സ്വീഡൻ, നോർവെ, ഡെൻമാർക്ക് എന്നീ നാലു രാജ്യങ്ങളാണ്. അതിൽ ഡെൻമാർക്കിൽ പോകാൻ പറ്റിയില്ല. ബാക്കി മൂന്നു രാജ്യങ്ങളിലും പോയിട്ടുണ്ട്. നോർവെയിൽ ഫ്ലോം (Flam) എന്നു പേരുള്ള ഒരു ഗ്രാമമുണ്ട്. ആ ഗ്രാമത്തിൽ ഫ്യോർഡ് (fjords) എന്നു വിളിക്കുന്ന ജലപാതകളുണ്ട്. ഉയരമുള്ള ചെങ്കുത്തായ മലകൾക്കിടയിൽ ഹിമാനികൾ സൃഷ്ടിക്കുന്ന ഇടുങ്ങിയ, ആഴമുള്ള ജലാശയങ്ങളാണ് അവ. മലകളുടെ ഇടയിലേക്ക് സമുദ്രം കയറി വരുന്ന ഒരു കാഴ്ചയുണ്ട്. ആ വെള്ളത്തിലൂടെ നമ്മൾ ഫെറിയിൽ പോകണം.

തൊട്ടടുത്തുള്ള മലകളുടെ പ്രതിബിംബങ്ങളൊക്കെ നമുക്ക് ആ വെള്ളത്തിൽക്കാണാം. സമുദ്രജലവും മലയിലെ മഞ്ഞുരുകുന്ന ജലവും കൂടിച്ചേരുന്ന ആ വെള്ളം അത്രകണ്ടു പരിശുദ്ധമാണ്. ആ യാത്ര ഈ ജന്മത്തിൽ മറക്കാൻ പറ്റില്ല. കാരണം കുട്ടികളെപ്പോലെ ഞാൻ എക്സൈറ്റഡ് ആയിരുന്നു. ഫെറിയിലിരുന്ന് എങ്ങോട്ടു നോക്കിയാലും ഭംഗിയുള്ള കാഴ്ചകൾ. ഫ്ലോം  (Flåm) എന്ന ഗ്രാമത്തിലേക്ക് പോകാൻ 10 കിലോമീറ്ററോളം ട്രെയിനിൽ സഞ്ചരിക്കണം. അതു സമ്മാനിക്കുന്നത് ലോകത്തിൽ ലഭിക്കാവുന്ന ഏറ്റവും മനോഹരമായ  ഒരു ട്രെയിൻയാത്രാനുഭവമാണ്. അവസരം കിട്ടിയാൽ ഒരിക്കലെങ്കിലും ആ സ്ഥലത്തേക്ക് യാത്രപോകണമെന്നാണ് എല്ലാവരോടും എനിക്ക് പറയാനുള്ളത്. എനിക്കും വീണ്ടും വീണ്ടും യാത്രപോകണമെന്ന് ആഗ്രഹം തോന്നിയിട്ടുള്ള സ്ഥലങ്ങളിലൊന്നും അതാണ്.

petra-jordan
Petra Jordan

∙ മനോഹരം ആ എട്ടു ദിവസത്തെ യാത്ര

ആംസ്റ്റർഡാമിൽനിന്ന് ജർമനിയിലൂടെ സ്വിറ്റ്‌സർലൻഡിലേക്കുള്ള എട്ടു ദിവസത്തെ റോഡ്ട്രിപ്പ് സമ്മാനിച്ചതും മറക്കാനാകാത്ത അനുഭവങ്ങളാണ്. ഇത്രയും ദിവസം ഇത്രയും ദൂരം യാത്ര ചെയ്ത ആ റോഡ്ട്രിപ്പും ഏറെ പ്രിയപ്പെട്ട യാത്രാഓർമയായി മനസ്സിലുണ്ട്.

royal-textile-museum-thimphu-bhutan
Royal Textile Museum Thimphu Bhutan

∙ സ്കൂബാഡൈവിങ് അനുഭവങ്ങൾ

ഓസ്ട്രേലിയയിലെ ഗ്രേറ്റ്ഗ്രാൻഡ് ബാരിയർ റീഫ് എന്ന സ്ഥലത്തെ സ്കൂബാഡൈവിങ് അനുഭവവും നൽകുന്നത് നല്ല ഓർമകളാണ്. സ്കൂബാഡൈവിങ് ചെയ്യാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണിത്. 

∙ പാലക്കാട്ടും ബെംഗളൂരുവിലും പ്രിയം ഈ സ്ഥലങ്ങൾ

ഞാനും ഭർത്താവും പാലക്കാട് ടൗണിൽ ജനിച്ചു വളർന്നവരാണ്. വള്ളുവനാടിന്റെ ഭാഗങ്ങളായ ഒറ്റപ്പാലം, തിരുവില്വാമല, കോങ്ങാട് എന്നിവിടങ്ങളിലാണ് ഞങ്ങളുടെ അമ്മമാരുടെയും അച്ഛന്മാരുടെയുമൊക്കെ തറവാട്. പാലക്കാടെത്തിയാൽ ആ തറവാടുകളിലേക്ക് യാത്രപോകാനാണ് ഞങ്ങൾക്കേറെയിഷ്ടം. ഇപ്പോഴും പരിഷ്കാരങ്ങൾ എത്തിനോക്കാൻ മടിക്കുന്ന കുഞ്ഞുഗ്രാമങ്ങൾ അവിടെയുണ്ട്. പിന്നെ മലമ്പുഴയിലെ കവ മനോഹരമായ ഒരു സ്ഥലമാണ്. കുറേ സിനിമകളൊക്കെ അവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്.

അതിരപ്പിള്ളി– വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ തൃശ്ശൂർ ജില്ലയിലാണെങ്കിലും അങ്ങോട്ടേക്ക് ഡ്രൈവ് ചെയ്തു പോകാൻ എളുപ്പമായതുകൊണ്ട് ഞങ്ങൾ കുറേ പ്രാവശ്യം പോയിട്ടുണ്ട്. ബെംഗളൂരുവിൽനിന്നു പോകാനിഷ്ടമുളള സ്ഥലം കൂർഗാണ്. ആറുമണിക്കൂർ ഡ്രൈവിന്റെ ദൂരമുള്ള കൂർഗിലേക്ക്  ഒരു ഡസനിലധികം പ്രാവശ്യം പോയിട്ടുണ്ട്. പിന്നെ ഊട്ടി, ഹൊഗനക്കൽ ഒക്കെ ഏറ്റവും ഭംഗിയുള്ള സ്ഥലങ്ങളാണ്. വീക്കെൻഡിൽ കുട്ടികളൊക്കെ ഫ്രീയാകുമ്പോൾ പോകുന്ന സ്ഥലങ്ങളാണിവിടെയൊക്കെ.

∙ ആ സ്ഥലത്തേക്ക് യാത്ര പോകാൻ ഇതുവരെ കഴിഞ്ഞിട്ടില്ല

യുഎസ് വീസ എടുത്തു വച്ചിട്ട് മൂന്നു കൊല്ലമായി. ഇപ്പോൾ പോകും, ദാ പോണു, ടിക്കറ്റ്ബുക്ക് ചെയ്യണം എന്ന ഘട്ടം വരെയൊക്കെ എത്തും പക്ഷേ എന്താണെന്നറിയില്ല,  ഇതുവരെ യാത്ര പോകാൻ കഴിഞ്ഞിട്ടില്ല. ഇനിയും സമയമായില്ലായിരിക്കും. 2020 ൽ കോവിഡ് നിയന്ത്രണങ്ങൾ കാരണം പോകാൻ കഴിഞ്ഞില്ല. അതിന് മുൻപുള്ള വർഷം യാത്രയ്ക്കൊരുങ്ങിയപ്പോൾ കുട്ടികളുടെ പരീക്ഷ. മൂന്നുകൊല്ലമായി ആ യാത്രയങ്ങനെ നീണ്ടു പോവുകയാണ്. 2021 എന്ന വർഷമെങ്കിലും അനുഗ്രഹിച്ച് ആ യാത്ര നടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. 

∙ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ എക്സൈറ്റ്മെന്റ് അതാണ്

ഒരു ദിവസം മാത്രം നീണ്ടു നിൽക്കുന്ന യാത്രയേക്കാൾ എനിക്കേറെയിഷ്ടം ദീർഘദൂര യാത്രകളാണ്. ദീർഘദൂര യാത്രകൾ പ്ലാൻ ചെയ്യുന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ എക്സൈറ്റ്മെന്റ്. രണ്ടാഴ്ചയെങ്കിലും നീണ്ടു നിൽക്കുന്ന യാത്രകൾ. അതാണ് പല പ്രാവശ്യമായി യൂറോപ്യൻ ട്രിപ് ഒക്കെ നടത്തിയത്. ഒരു പ്രാവശ്യം കൊണ്ട് അവിടെയുള്ള കാഴ്ചകൾ എല്ലാം കണ്ടു തീർക്കാൻ കഴിയില്ല. ഒരു യാത്രയിൽ മൂന്നു രാജ്യങ്ങളിലേക്കുള്ള യാത്രകൾ പ്ലാൻചെയ്യും.

ഓരോ സ്ഥലത്തും രണ്ടും മൂന്നും ദിവസങ്ങൾ താമസിച്ച് ആ സ്ഥലം എക്സ്പ്ലോർ ചെയ്യും. ട്രാവൽസ് വഴിയൊന്നും ബുക്ക് ചെയ്തല്ല ഞങ്ങളുടെ യാത്രകൾ. അധികവും ബാക്ക്‌പാക്ക് ട്രിപ്സ് ആണ്.   വിദേശരാജ്യങ്ങളിലുൾപ്പടെ എനിക്കും ഭർത്താവിനും ധാരാളം സുഹൃത്തുക്കളുണ്ട്. അതുകൊണ്ട് അത്തരം യാത്രകളിൽ സുഹൃത്തുക്കൾക്കൊപ്പമായിരിക്കും താമസം. അവരിൽ നിന്ന് ആ സ്ഥലത്തെക്കുറിച്ചും അവിടുത്തെ ലോക്കൽ ട്രാൻസ്പോർട്ടേഷനെക്കുറിച്ചുമുള്ള അത്യാവശ്യ കാര്യങ്ങൾ ചോദിച്ചറിഞ്ഞ് ഞങ്ങൾ ആ സ്ഥലങ്ങൾ എക്സ്പ്ലോർ ചെയ്യും. 

∙ യാത്രകൾക്ക് സഡൺബ്രേക്കിട്ട ലോക്‌ഡൗൺ

opera-house-sydney-jpeg
Opera House Sydney

കോവിഡ് വരാതെ എങ്ങനെ സർവൈവ് ചെയ്യാം എന്നു മാത്രമായിരുന്നു ആദ്യത്തെ ആറുമാസം ചിന്തിച്ചത്. കുറച്ചു കഴിഞ്ഞപ്പോൾ വല്ലാത്ത ഫ്രസ്ട്രേഷൻ തോന്നിത്തുടങ്ങി. മൂന്നുമാസത്തിൽ ഒരിക്കലെങ്കിലും എങ്ങോട്ടെങ്കിലും ട്രിപ് പോകുന്ന ആളുകളായിരുന്നു ഞങ്ങൾ. 2020 യാത്രകളൊന്നുമില്ലാതെ പാഴായിപ്പോകുമല്ലോ എന്ന സങ്കടമുണ്ടായിരുന്നു. പക്ഷേ മറ്റൊരു നിവ‍ൃത്തിയുമില്ലല്ലോ. ആ സങ്കടം തീർന്നത് നവംബറിൽ കൂർഗിലേക്ക് നാലുദിവസത്തെ ട്രിപ് പോയതോടെയാണ്.

sidney-harbour-bridge-jpeg
Sidney Harbour Bridge

ഞങ്ങൾ മൂന്നു കുടുംബങ്ങൾ ചേർന്ന് കുട്ടികളെയൊക്കെ കൂട്ടിയാണ് ആ യാത്ര പോയത്. അത്രയും ദീർഘമായ ഇടവേളയ്ക്കു ശേഷമുള്ള ആ യാത്ര ശരിക്കും യാത്രയുടെ മൂല്യം മനസ്സിലാക്കിത്തന്നു. അതിനുശേഷം ഡ‍ിസംബറിൽ ഊട്ടിയിൽപ്പോയി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇവിടൊക്കെ എല്ലാം ഓപ്പൺ ആയിത്തുടങ്ങി. ഇത്രയും കരുതലൊക്കെയുള്ളതുകൊണ്ട് ഒന്നും വരില്ല എന്ന വിശ്വാസത്തിൽ എല്ലാവരും സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങിത്തുടങ്ങി.

∙ പ്രോഗ്രാമുമായി ബന്ധപ്പെട്ട യാത്രകൾ സമ്മാനിച്ച സന്തോഷങ്ങൾ

പ്രോഗ്രാമിന്റെ ഭാഗമായി രണ്ടു മൂന്നു പ്രാവശ്യം വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. അതിൽ ഏറ്റവും സ്പെഷലായി ഞാൻ കാണുന്നത് ജോർദാൻ, ഇസ്രയേൽ, പലസ്തീൻ എന്നിവിടങ്ങളിലേക്കുള്ള യാത്രകളായിരുന്നു. ആർക്കും അധികം പോകാൻ പറ്റാത്ത സ്ഥലങ്ങളല്ലേ അത്. ഏറ്റവും വലിയ സന്തോഷം റിമ കല്ലിങ്കൽ, രമേഷ് പിഷാരടി, രഞ്ജിനി ഹരിദാസ്, റിമി ടോമി, സുബി സുരേഷ് എന്നിങ്ങനെയുള്ള ആർട്ടിസ്റ്റുകളോടൊപ്പമായിരുന്നു ആ യാത്ര എന്നുള്ളതായിരുന്നു. ജോർദാനിലും ഇസ്രയേലിലുമായിരുന്നു ഞങ്ങൾ പെർഫോം ചെയ്തത്. വളരെ വ്യത്യസ്തമായ യാത്രാനുഭവമായിരുന്നു അത്.

switzerland-road-trip
Switzerland Road Trip

ആ സ്ഥലങ്ങളെക്കുറിച്ച് നമ്മൾ പേടിപ്പിക്കുന്ന പലതും കേട്ടിട്ടുണ്ടല്ലോ. പക്ഷേ സംഘാടകർ വളരെ ഭംഗിയായാണ് ആ ട്രിപ് ഓർഗനൈസ് ചെയ്തത്. ത്രില്ലിങ് ആയ യാത്രയായിരുന്നു അത്. ജോർദാൻ –ഇസ്രയേൽ ബോർഡർ ക്രോസ് ചെയ്യുമ്പോൾ തോക്കുമായി സൈനിക ഓഫിസർമാരെ കണ്ടിരുന്നു. രസകരമായ സംഗതിയെന്താണെന്നു വച്ചാൽ എല്ലാവർക്കും ഹിന്ദി സിനിമയെക്കുറിച്ചും ബോളിവുഡ്താരങ്ങളെക്കുറിച്ചുമൊക്കെ നന്നായറിയാം. അതുകൊണ്ടു തന്നെ ഇന്ത്യക്കാരെ കണ്ടാൽ അവർക്കൊരു പ്രത്യേക സന്തോഷമാണ്. പൊതുവേ തീർഥാടനത്തിനാണ് ആളുകൾ ആ സ്ഥലങ്ങളിലേക്ക് പോകാറുള്ളത്. അതുകൊണ്ടുതന്നെ ഞങ്ങളെപ്പോലെയുള്ള ആർട്ടിസ്റ്റുകളെ കണ്ടപ്പോൾ വളരെ സന്തോഷത്തോടെയാണ് അവർ ഞങ്ങളെ സ്വാഗതം ചെയ്തത്.

പിന്നെ ബത്‌ലഹേം, ജെറുസലം  പോലെയുള്ള സ്ഥലങ്ങളിലേക്ക് ഈ ജന്മത്ത് യാത്രപോകാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.  യേശു ജനിച്ച ചർച്ച് ഓഫ് നേറ്റിവിറ്റി കാണാൻ പറ്റി. ജ്യൂതന്മാരുടെ ഏറ്റവും പവിത്രമായ വിലാപ മതിൽ, ചാവു കടൽ, ലോകാദ്ഭുതങ്ങളിലൊന്നായ പെട്ര ഇവയെല്ലാം കാണാൻ കഴിഞ്ഞു. അഞ്ചാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടതാണെങ്കിലും ഇപ്പോഴും നല്ല പ്രൗഢിയോടെ അവ നിൽക്കുന്നതൊക്കെ കാണാൻ സാധിച്ചു.

∙ ആകാശത്തു നിറങ്ങളുടെ കളി കാണണം

ഞങ്ങൾ കഴിഞ്ഞ ജനുവരിയിൽ പ്ലാൻ ചെയ്ത ഒരു യാത്രയുണ്ട്. ഗ്രീസിലെ സാൻഡോരിനി (Santorini)  ഐലൻഡിലേക്കുള്ള ഒരു ട്രിപ്. അവിടെ പോകണമെന്ന് ആഗ്രഹമുണ്ട്. വിവാഹവാർഷികത്തിന് പോകണമെന്നാണ് കരുതുന്നത്. നോർവെയിലെ നോർത്തേൻ ലൈറ്റ്സ് കാണണമെന്നുള്ളത് മറ്റൊരു ആഗ്രഹമാണ്. ആകാശത്തു നിറങ്ങളുടെ ഒരു കളി. അതുകാണാൻ വീണ്ടും സ്കാൻഡിനേവിയയിലേക്ക് പോകണം. നല്ല തണുപ്പുള്ള സമയത്ത് വേണം പോകാൻ.

കൃത്യമായ പ്ലാനിങ്ങോടെവേണം ആ യാത്രക്കൊരുങ്ങാൻ. വെറുതേയങ്ങു പോയാൽ അത് കാണാൻ പറ്റണമെന്നില്ല. ഭാഗ്യം കൂടി അനുകൂലമാകണം. പിന്നെയുള്ളത് ഇന്ത്യൻ യാത്രകളാണ്. നോർത്തിന്ത്യയിലേക്ക് അധികം യാത്ര ചെയ്യാൻ സാധിച്ചിട്ടില്ല. ലഡാക്ക്, കശ്മീർ ഒക്കെ കാണമെന്നുള്ളത് വലിയ ആഗ്രഹമാണ്. യാത്ര ചെയ്യാനാഗ്രഹിക്കുന്ന സ്ഥലങ്ങളുടേത് ഒരു നീണ്ട പട്ടികയാണ്.  നമ്മുടെ ലോകം അത്രയും വിശാലമായതുകൊണ്ടു തന്നെ ഇത്രയും നാൾ ചെയ്ത യാത്രകളെ ടിപ് ഓഫ് ദ് ഐസ്ബർഗ് എന്നേ പറയാനാകൂ. ഇനിയും ഒരുപാടൊരുപാട് യാത്രകൾ ചെയ്യണം.

 

English Summary: Celebrity Travel  Neetha Manoj 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com