ആമസോണ്‍ കാടുകളിലേക്ക് വീസയില്ലാതെ യാത്ര പോകാം; അവസരവുമായി സുരിനാം

Suriname2
Image By Marcel Bakker/Shutterstock
SHARE

ആമസോണ്‍ കാടുകളിലേക്ക് സഞ്ചാരികൾക്ക് ഇനി വീസയില്ലാതെ യാത്ര ചെയ്യാം. തെക്കേ അമേരിക്കയിലെ വടക്കുകിഴക്കന്‍ അറ്റ്ലാന്റിക് തീരത്തുള്ള അതിമനോഹരമായ ഒരു കുഞ്ഞുരാജ്യമാണ് സുരിനാം. മനോഹരമായ ഡച്ച് കൊളോണിയൽ വാസ്തുവിദ്യയും കരീബിയന്‍ സംസ്കാരവും ജൈവവൈവിധ്യത്തിന്‍റെ കലവറയായ ആമസോണിയന്‍ ഉഷ്ണമേഖലാ മഴക്കാടുകളുമെല്ലാം ചേര്‍ന്ന് ടൂറിസ്റ്റുകള്‍ക്ക് മനോഹരമായ അനുഭവമായിരിക്കും ഇവിടേക്കുള്ള യാത്ര.

ഓരോ സംസ്ഥാനത്തുമുള്ള ബയോമുകളില്‍ കുറഞ്ഞത് ഒരെണ്ണമെങ്കിലും വന്യജീവി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചിരിക്കുന്ന ലോകത്തിലെ ചുരുക്കം രാജ്യങ്ങളിൽ ഒന്നാണ് സുരിനാം. സുരിനാമിന്‍റെ മൊത്തം ഭൂവിസ്തൃതിയുടെ 30% സംരക്ഷിക്കപ്പെട്ടിരിക്കുന്ന പ്രദേശങ്ങളാണ്.

Suriname
Image By SL-Photography /Shutterstock

സെൻട്രൽ സുരിനാം നേച്ചർ റിസർവ്, ബ്രൌൺസ്ബർഗ് നേച്ചർ പാർക്ക്, ബെർഗ് എന്‍ ദാൽ ഇക്കോ & കൾച്ചറൽ റിസോർട്ട്, ടോങ്ക ദ്വീപ്‌ തുടങ്ങിയവയും റാലി, ബ്ലാഞ്ചെ മാരി, വോനോടോബോ തുടങ്ങിയ വെള്ളച്ചാട്ടങ്ങളും ഇവിടത്തെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍പ്പെടുന്നു. സാംസ്‌കാരിക സമ്പന്നതയുടെ തെളിവുകള്‍ നിറഞ്ഞ രാജ്യതലസ്ഥാനം, പരമരിബോയും സന്ദര്‍ശിക്കേണ്ട ഇടമാണ്. പതിനേഴാം നൂറ്റാണ്ടിലെ ട്രേഡിംഗ് പോസ്റ്റ്, ഫോർട്ട് സീലാണ്ടിയ, 1885 ൽ നിർമിച്ച സെന്‍റ് പീറ്റർ, പോൾ ബസിലിക്ക എന്നിവയും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.ഓഗസ്റ്റ് പകുതി മുതൽ ഡിസംബർ ആദ്യം വരെയുള്ള കാലമാണ് സുരിനാം സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം.

പ്രഖ്യാപനം ഇങ്ങനെ

Suriname1
Image By Bert Broer/Shutterstock

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇന്ത്യയ്ക്കും തെക്കേ അമേരിക്കയിലെ രാജ്യമായ സുരിനാമിനുമിടയിൽ 'വീസ രഹിത യാത്ര'ക്കുള്ള അവസരമൊരുക്കുമെന്ന് സുരിനാം പ്രസിഡന്‍റ് ചന്ദ്രികപേർസാദ് സന്തോഖി അറിയിച്ചു. ജനുവരി 9 ന് ഇന്ത്യ സംഘടിപ്പിച്ച പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിലായിരുന്നു സന്തോഖിയുടെ പ്രഖ്യാപനം. ആദ്യപടിയായി വീസ പെർമിറ്റുകൾ ഒഴിവാക്കാന്‍ തയാറാണെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ രാജ്യാന്തര സഹകരണ ബന്ധങ്ങളില്‍ പ്രവാസികൾക്ക് നിർണായകമായ സ്ഥാനമുണ്ട്. സുരിനാമിന്‍റെ രാജ്യാന്തര ബന്ധങ്ങളില്‍ ഇന്ത്യയും ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ് എന്നും സന്തോഖി പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിൽ സ്വതന്ത്ര സഞ്ചാരം അനുവദിക്കുന്നത് വിദ്യാഭ്യാസം, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളില്‍ അഭിവൃദ്ധി കൈവരിക്കാന്‍ സഹായിക്കും. പരസ്പര ബന്ധിതമായ ഈ ലോകത്ത്, അന്തസും പരസ്പര ആനുകൂല്യങ്ങളും അടിസ്ഥാനമാക്കിയുള്ള രാജ്യാന്തര ബന്ധങ്ങളെ തങ്ങള്‍ ഏറെ വിലമതിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭോജ്പുരി ഭാഷയിലായിരുന്നു ഇന്ത്യൻ വംശജനായ ചന്ദ്രികപേർസാദ് സന്തോഖിയുടെ പ്രസംഗം. 

1915 ജനുവരി 9-ന് രാഷ്ട്രപിതാവായ മഹാത്മാഗാന്ധി, ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയില്‍ തിരിച്ചെത്തിയതിന്‍റെ ഓർമയ്ക്കായാണ് എല്ലാ വർഷവും ജനുവരി 9-ന്  'പ്രവാസി ഭാരതീയ ദിവസ്' ആയി ആചരിക്കുന്നത്. ഇതിന്‍റെ ഭാഗമായി എല്ലാവര്‍ഷവും വിദേശകാര്യ മന്ത്രാലയം പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ സംഘടിപ്പിക്കാറുണ്ട്. ഇക്കുറി കോവിഡ് പശ്ചാത്തലം കണക്കിലെടുത്ത് വെർച്വൽ ഫോർമാറ്റിലായിരുന്നു കൺവെൻഷൻ നടന്നത്. ജനുവരി 9 ശനിയാഴ്ച 16-ാമത് കൺവെൻഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനിലൂടെയാണ് ഉദ്ഘാടനം ചെയ്തത്.

English Summary: Visa Free Travel Between Suriname and India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA