പര്‍വ്വത നിരകള്‍ക്കിടയിലെ പണിപ്പുര; തത്വചിന്തകനായ ശില്‍പ്പിയുടെ വീട്ടിലെ കാഴ്ചകള്‍

William-Ricketts-Sanctuary1
Image By Nils Versemann/Shutterstock
SHARE

ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നിന്നും ഒരു മണിക്കൂര്‍ അകലെ, ഡാന്‍ഡെനോങ്ങ് പര്‍വ്വത  നിരകള്‍ക്കിടയിലായി സ്ഥിതിചെയ്യുന്ന വില്ല്യം റിക്കറ്റ്സ് സാങ്ങ്ച്വറി കലാപ്രേമികളുടെയും പ്രകൃതിസ്നേഹികളുടെയും പ്രിയപ്പെട്ട ഇടമാണ്. പൈന്‍ മരങ്ങള്‍ക്കും പന്നല്‍ച്ചെടികള്‍ക്കുമിടയില്‍ നിര്‍മിച്ച 92-ഓളം മനോഹരമായ കളിമണ്‍ ശില്‍പ്പങ്ങളാണ് ഇവിടുത്തെ ആകര്‍ഷണം. ആദിവാസി സംസ്കാരം, ജീവിതരീതി, ആത്മീയത എന്നിവയെ പ്രതിനിധീകരിക്കുന്ന ഈ ശില്‍പങ്ങള്‍ നിര്‍മിച്ചത് ഓസ്ട്രേലിയന്‍ ശില്‍പ്പിയായിരുന്ന വില്ല്യം റിക്കറ്റ്സാണ്. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് 'വില്യം റിക്കറ്റ്സ് സാങ്ങ്ച്വറി' എന്ന് ഈ പ്രദേശത്തിന് പേര് നല്‍കിയിരിക്കുന്നത്. 

1898 ൽ ജനിച്ച വില്യം റിക്കറ്റ്സ് കൗമാരപ്രായത്തിൽ തന്നെ കളിമൺ മോഡലിങ്ങിൽ കഴിവ് പ്രകടിപ്പിക്കാന്‍ തുടങ്ങിയിരുന്നു. 1930 കളിൽ അദ്ദേഹം ഡാന്‍ഡെനോങ്ങ് പർവതത്തിനടുത്ത് നാലേക്കർ സ്ഥലം വാങ്ങി, അതിന് ‘പോട്ടേഴ്‌സ് സാങ്ച്വറി’ എന്ന് പേരിട്ടു. ഇവിടെ, 1934 മുതൽ റിക്കറ്റ്സ് കളിമൺ രൂപങ്ങള്‍ നിര്‍മിക്കുന്നതില്‍ മുഴുകി. ഈ ശില്‍പങ്ങള്‍ പ്രാദേശികമായി പ്രസിദ്ധിയാര്‍ജ്ജിച്ചു. അതിനുശേഷം, 1960 കളിൽ, ഈ പ്രദേശവും ചുറ്റുമുള്ള ചില സ്ഥലങ്ങളും വാങ്ങിയ വിക്ടോറിയൻ സർക്കാർ ഇവിടം പൊതു ഉപയോഗത്തിനുള്ള ഒരു പാർക്കാക്കിമാറ്റി. 1993-ൽ മരിക്കുന്നതുവരെ ഇതിനുള്ളില്‍ തന്നെയായിരുന്നു റിക്കറ്റ്സ് താമസിച്ചിരുന്നത്.

William-Ricketts-Sanctuary
Image By Nils Versemann/Shutterstock

“ദിവ്യശക്തിയുടെ പരിവര്‍ത്തകരാണ് നാമോരൊരുത്തരും, ശില്പകലയിലൂടെയും സംഗീതത്തിലൂടെയും സ്നേഹത്തിന്‍റെ സാന്നിദ്ധ്യമാണ് നാമറിയുന്നത് എന്നതിനാല്‍ നമ്മള്‍ അനുഗ്രഹീതരാണ്, കാരണം അവയിലൂടെ നമുക്ക് ദൈവത്തിൽ എത്തിച്ചേരാനാകും… മനുഷ്യൻ പ്രകൃതിയുടെ മാസ്റ്റർപീസ് ആണ്, അതിനാൽ നിങ്ങളുടെ കടമകള്‍ നിറവേറ്റിക്കൊണ്ട് പ്രകൃതിയോട് നിങ്ങളുടെ അവകാശം ചോദിച്ചു വാങ്ങുക” വില്ല്യം റിക്കറ്റ്സ് ഒരിക്കല്‍ പറഞ്ഞ ഈ വാക്കുകള്‍ അദ്ദേഹത്തിന്‍റെ ജീവിതതത്വം മുഴുവന്‍ പ്രതിഫലിപ്പിക്കുന്നു. 

മെൽബണിൽ നിന്ന് 40 കിലോമീറ്റർ കിഴക്കായിട്ടാണ് വില്യം റിക്കറ്റ്‌സ് സാങ്ച്വറി. ഇവിടെ നിന്നും റോഡ്‌ വഴി എളുപ്പത്തില്‍ എത്തിച്ചേരാം. തികച്ചും സൗജന്യമായാണ് ഇവിടേക്കുള്ള പ്രവേശനം. അര കിലോമീറ്ററോളം നീളത്തില്‍ വില്യം റിക്കറ്റ്സ് നിര്‍മ്മിച്ച ശില്‍പ്പങ്ങള്‍ കാണാം. ആൽഫ്രഡ് നിക്കോളാസ് ഗാർഡന്‍സ്, ഡാൻ‌ഡെനോങ്ങ് റേഞ്ച്സ് നാഷണൽ പാർക്കിന്‍റെ മറ്റു ഭാഗങ്ങള്‍  തുടങ്ങിയവയും ഈ യാത്രയില്‍ സന്ദര്‍ശിക്കാം.

English Summary: William Ricketts Sanctuary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA