ADVERTISEMENT

‘ഞങ്ങൾ ഇവിടെയുള്ള അസ്ഥികളാണ്, നിങ്ങള്‍ക്കായി കാത്തിരിക്കുന്നു’ ഇത് ലോക യുനെസ്കോ പൈതൃക സൈറ്റ്. പോർച്ചുഗൽ സന്ദർശനത്തിനിടെ വിനോദ സഞ്ചാരികളുടെ കണ്ണുടക്കുന്ന ഒരു പള്ളിയുണ്ട്. മരിച്ചവരുടെ അസ്ഥികൾ നിറച്ചിരിക്കുന്ന പള്ളി. സെന്റ് ഫ്രാൻസിസിലെ റോയൽ ചർച്ചിന്റെ ഭാഗമാണ് പോർച്ചുഗലിലെ ആവോറയിലെ ചാപ്പൽ ഓഫ് ബോൺസ്. പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഫ്രാൻസിസ്ക്കൻസ് സന്യാസിമാരാണ് ഇതു നിർമിച്ചത്.

Chapel-of-Bones-2
Image By Benny Marty/Shutterstock

ഈ ചാപ്പലിന് അകത്ത് കയറിയാൽ ദുർബല ഹൃദയരായ യാത്രികർ ചിലപ്പോൾ ഭയക്കും. ഈ പള്ളിയുടെ അകത്തളങ്ങളും തൂണുകളുമെല്ലാം അലങ്കരിച്ചിരിക്കുന്നത് മരിച്ച് മണ്ണടിഞ്ഞവരുടെ അസ്ഥികൂടങ്ങൾ കൊണ്ടാണ്. ഈ ചാപ്പൽ മുഴുവൻ തലയോട്ടികളും അസ്ഥികൂടങ്ങൾ കൊണ്ടും അലങ്കരിച്ചിരിക്കുകയാണ്. മറ്റു ചാപ്പലുകളെപ്പോലെ ശ്മശാനം പള്ളിയോട് ചേർന്നല്ല, മറിച്ച് മരിച്ചവരുടെ അസ്ഥികൾ നിറച്ചിരിക്കുന്നത് ഈ ചാപ്പലിനുള്ളിൽ തന്നെയാണ്. നിരവധി വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഈ പള്ളിയുടെ ചരിത്രപരമായ പ്രാമുഖ്യം കണക്കിലെടുത്താണ് ഇവിടം ലോക പൈതൃക സൈറ്റായി യുനെസ്കോ പ്രഖ്യാപിച്ചിട്ടുള്ളത്.

ചാപ്പലിന്റെ  കഥയിങ്ങനെ

പതിനാറാം നൂറ്റാണ്ടോടെ ഓവറയിലും പരിസരത്തും 43 ഓളം ശ്മശാനങ്ങൾ ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഇല്ലാതായി. അവിടെ അടക്കം ചെയ്ത ആളുകളുടെ ആത്മാക്കൾ അനാഥമാകരുതെന്ന് ആഗ്രഹിച്ച സന്യാസിമാർ ചാപ്പൽ പണിയുകയും അവിടേക്ക് അടക്കം ചെയ്തവരുടെ അസ്ഥികളും മറ്റും മാറ്റിസ്ഥാപിക്കാനും തീരുമാനിച്ചു.

Chapel-of-Bones-3
Image By Evgeni Fabisuk/Shutterstock

സെമിത്തേരിയിലെ തിരക്ക് പരിഹരിക്കാനും കൂടിയാണ് ഈ ചാപ്പൽ സൃഷ്ടിച്ചതെങ്കിലും വാസ്തവത്തിൽ, ഈ സന്യാസി സമൂഹം ഉൾപ്പെടുന്ന മത വിഭാഗം മരിച്ചയാളുകളുടെ അസ്ഥികൾ പ്രദർശിപ്പിക്കുന്നത് ബഹുമാനമായാണ് കണക്കാക്കുന്നത്. ഏതാണ്ട് 5000 ലധികം അസ്ഥികൾ ചാപ്പലിന്റെ മതിലുകളിലും തൂണുകളിലുമായിട്ടുണ്ട്. പള്ളിക്കകത്തേക്ക് പ്രവേശിക്കുന്ന കവാടത്തിൽ എഴുതിയിരിക്കുന്നത് “ഞങ്ങൾ ഇവിടെയുള്ള അസ്ഥികളാണ്, നിങ്ങളുടെ അസ്ഥികൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു” എന്നാണ്.

Chapel-of-Bones1
Image By saiko3p/Shutterstock

ഇറ്റലിയിലെ മിലാനിലെ സാൻ ബെർണാഡിനോ എല്ല ഒസാസ് ഓഷ്യൂറിയെ അടിസ്ഥാനമാക്കിയാണ് ഇവോറയിലെ ചാപ്പൽ ഓഫ് ബോൺസിന്റെ രൂപകൽപന. 5,000 അസ്ഥികൾ കൂടാതെ ബലിപീഠത്തിനടുത്തുള്ള ഒരു ചെറിയ വെളുത്ത ശവപ്പെട്ടിയിൽ, പള്ളി സ്ഥാപിച്ച മൂന്ന് ഫ്രാൻസിസ്ക്കൻസ് സന്യാസിമാരുടെ അസ്ഥികളുമുണ്ട്. ഒരു കുരിശിന് അടുത്തുള്ള ചുമരിൽ നിന്നു ചങ്ങലയിൽ തൂക്കിയിട്ടിരിക്കുന്ന രണ്ട് ശൂന്യമായ ശവശരീരങ്ങളും ഈ വിചിത്ര കാഴ്ചയിൽ ഉൾപ്പെടുന്നു.

English Summary: Portugal's Chapel of Bones

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com