ADVERTISEMENT

സഞ്ചാരികളെ വീണ്ടും കൊതിപ്പിച്ചു കൊണ്ട് ഒരു യൂറോ വീടുകള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ് ഇറ്റലിയിലെ ഒരു പട്ടണം. സിസിലിയിലുള്ള ട്രോയ്നയാണ് ഇക്കുറി ഓഫറുമായി വന്നിരിക്കുന്നത്. ഈയിടെ, ഇറ്റലിയിലെ തന്നെ മുസോമെലി, സുന്‍ഗോലി തുടങ്ങിയ സ്ഥലങ്ങളിലും സമാനമായി ആളൊഴിഞ്ഞ വീടുകള്‍ ഒരു യൂറോ നിരക്കില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്നു. 'ഒരു കാപ്പി കുടിക്കാന്‍ പോലും ഇതിലേറെ കാശ് വേണം' എന്ന പരസ്യവാചകത്തോടെയാണ് ഈ പട്ടണങ്ങള്‍ തങ്ങളുടെ ഓഫര്‍ അവതരിപ്പിക്കുന്നത്.

ഈ പുരാതന പട്ടണത്തിലേക്ക് പുതിയ താമസക്കാരെ ആകർഷിക്കാൻ പ്രാദേശിക അധികാരികളും വളരെയധികം താല്പര്യം കാണിക്കുന്നുണ്ട്. വീടുകള്‍ വാങ്ങുന്നവര്‍ക്ക്, അവയുടെ നവീകരണ ചെലവുകൾക്ക് സഹായം നല്‍കുമെന്ന് അവര്‍ പറയുന്നു. കഴിഞ്ഞ നവംബര്‍ മുതലാണ്‌ ട്രോയ്നയില്‍ ഈ സ്കീം ആരംഭിച്ചത്. 

മനോഹരമായ നെബ്രോഡി മൗണ്ടന്‍ പാർക്ക് റിസർവിനുള്ളിലായി 1,100 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ട്രോയ്‌ന, ‘സിസിലിയുടെ ബാൽക്കണി’ എന്നാണ് അറിയപ്പെടുന്നത്. ഇറ്റലിയുടെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളും പട്ടണങ്ങളുമാണ് ഇവിടെയുള്ളത്. 4,000 ഹെക്ടർ വനത്താൽ ചുറ്റപ്പെട്ട ഈ പട്ടണത്തില്‍ അങ്ങോളമിങ്ങോളം തടാകങ്ങളും അരുവികളും ധാരാളമുണ്ട്. കുതിരസവാരി, നടത്തം എന്നിവയ്ക്ക് അനുയോജ്യമായ മനോഹരമായ പാതകളും ട്രോയ്നയുടെ മുഖമുദ്രയാണ്.

കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി, നിരവധി ട്രോയ്ന സ്വദേശികൾ പട്ടണമുപേക്ഷിച്ച് ചുറ്റുമുള്ള വലിയ നഗരങ്ങളിലേക്കു കുടിയേറിയതോടെ, ഇവിടെയുള്ള മിക്ക വീടുകളും ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. പത്താം നൂറ്റാണ്ടിന്‍റെ പൂർവാർധം മുതല്‍ ആരംഭിച്ച നോര്‍മന്‍ സംസ്കാര കാലഘട്ടത്തില്‍ സിസിലിയുടെ തലസ്ഥാന നഗരമായിരുന്ന ട്രോയ്നയുടെ പ്രതാപം വീണ്ടെടുക്കുകയാണ് പട്ടണത്തിന്‍റെ ഭരണകര്‍ത്താക്കള്‍ വീടുവിൽപനയിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതിലൂടെ ഇപ്പോഴുള്ള ട്രോയ്നയുടെ മുഖച്ഛായ തന്നെ മാറുമെന്നാണ് പ്രതീക്ഷ.

വിൽ‌പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ‌ വേഗത്തിലാക്കുന്നതിനും മറ്റു രാജ്യങ്ങളില്‍നിന്നു വീടുകള്‍ വാങ്ങാന്‍ എത്തുന്നവരെ സഹായിക്കുന്നതിനുമായി ഭവന, നിയമ വിദഗ്ധരുടെ ഒരു ബഹുഭാഷാ ടാസ്‌ക് ഫോഴ്‌സും ‘ഹൗസ്ട്രോയിന’ എന്ന പേരില്‍ ഒരു ഓൺലൈൻ ഏജൻസിയും പ്രവര്‍ത്തിക്കുന്നുണ്ട്. 

കൊറോണ വൈറസ് പകർച്ചവ്യാധി കാരണം രാജ്യാന്തര യാത്രകൾ‌ക്കു നിയന്ത്രണമുള്ള സാഹചര്യത്തില്‍, വീടുകള്‍ വാങ്ങാല്‍ താൽ‌പര്യമുള്ളവർക്ക് ഓണ്‍ലൈനില്‍ പ്രോപ്പർ‌ട്ടി കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓരോ വീടും എങ്ങനെയാണ് നവീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നതു സംബന്ധിച്ച വിവരങ്ങള്‍ casea1euro@comune.troina.en.it എന്ന വിലാസത്തില്‍ പ്രോജക്ട് ടീമിനു മെയില്‍ ചെയ്യണം.

നിലവില്‍ മുപ്പതോളം വീടുകളാണ് ഇങ്ങനെ ലഭ്യമായിട്ടുള്ളത്. ഉടമസ്ഥരുടെ സമ്മതപത്രം കിട്ടിയാലുടന്‍ നൂറു വീടുകള്‍ കൂടി വില്‍പനയ്ക്കു തയാറാകും. കൂടുതല്‍ ആളുകള്‍ വരുന്ന സാഹചര്യത്തില്‍, നവീകരണ ശൈലി താരതമ്യം ചെയ്ത്, ഏറ്റവും മികച്ച പ്ലാന്‍ സമര്‍പ്പിച്ച ആളിനായിരിക്കും മുന്‍ഗണന.

വീടുകള്‍ വാങ്ങുന്നവര്‍ 5,000 യൂറോ ഡെപ്പോസിറ്റ് ചെയ്യണം. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാലുടന്‍ ഈ തുക തിരികെ നല്‍കും. വീട് വാങ്ങി ഒരു വർഷത്തിനു ശേഷം നവീകരണ പ്രവര്‍ത്തനം സംബന്ധിച്ച അന്തിമ പദ്ധതി സമർപ്പിച്ചാല്‍ മതിയെങ്കിലും, വീട് സ്വന്തമാക്കി രണ്ടു വർഷത്തിന് ശേഷം നവീകരണ പ്രവൃത്തികള്‍ ആരംഭിക്കണം. മൂന്നു വർഷത്തിനുള്ളിൽ പൂർത്തിയാക്കുകയും വേണം.

വീടുകള്‍ തിരഞ്ഞെടുക്കുന്നവർക്ക് 15,000 യൂറോ വരെ റീസ്റ്റൈൽ ബോണസും ഊർജ കാര്യക്ഷമതയ്ക്കു വേണ്ടിയുള്ള വിവിധ ജോലികള്‍ക്കായി 10,000 യൂറോയും അനുവദിക്കും. ട്രോയിനയിലെ സ്ഥിരതാമസക്കാരനാകാൻ തയാറാണെങ്കിലും, തകർന്നുകിടക്കുന്ന വീട് പുതുക്കിപ്പണിയാനുള്ള ചുമതല ഏറ്റെടുക്കാൻ താൽപര്യപ്പെടുന്നില്ലെങ്കിൽ, വീട് വാങ്ങാന്‍ 8,000 യൂറോ വരെ നൽകാനും ടൗൺ അധികൃതർ തയ്യാറാണ്. 

താമസക്കാരുടെ കുട്ടികള്‍ക്കുള്ള കിന്റര്‍ഗാര്‍ട്ടന്‍ ഫീസ്‌ സൗജന്യമായിരിക്കും. ഫ്രീ സ്കൂള്‍ ബസ്, മൂന്നു വര്‍ഷത്തേക്ക് ടാക്സ് ഇളവ് തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ട്. നഗരത്തിലെ നവീകരിക്കപ്പെട്ടതും കൂടുതൽ ജനസംഖ്യയുള്ളതുമായ പ്രദേശങ്ങളിൽനിന്ന് 500 മീറ്റർ അകലെയായാണ് വീടുകള്‍ വില്‍പനയ്ക്കുള്ളത്. ഏതാനും ഷോപ്പുകളും ബാറുകളും ഇവിടെയുണ്ട്. താമസക്കാര്‍ കൂടുന്നതനുസരിച്ച്, കൂടുതൽ സ്റ്റോറുകൾ ഉടൻ തുറക്കും.

 

English Summary: Troina: The Italian town that will pay you to restyle a €1 home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com