ADVERTISEMENT

ജപ്പാനിലെ ഏറ്റവും ഉയരമേറിയതും പ്രശസ്തവുമായ ടൂറിസ്റ്റ് ആകര്‍ഷണമാണ് ഫുജി പര്‍വതം. ഫുജിയുടെ അമ്പരപ്പിക്കുന്ന രൂപസാദൃശ്യമുള്ള ഒരു പര്‍വതം തായ്‌ലാന്‍ഡിലുണ്ട്. ഫു പാ പോ എന്ന് പേരുള്ള ഈ മിനി ഫുജിയിലേക്ക് ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യുകയാണ് തായ് ടൂറിസം അതോറിറ്റി.

ലോയി പ്രവിശ്യയിലെ നോങ് ഹിൻ ഗ്രാമത്തിലെ വന്യജീവി സംരക്ഷണ മേഖലയിലാണ് ഫു പാ പോ സ്ഥിതിചെയ്യുന്നത്. മെക്കോംഗ് നദിക്ക് കുറുകെ ലാവോസിന്‍റെ അതിർത്തിയോട് ചേർന്ന്, വടക്കുകിഴക്കൻ തായ്‌ലാന്‍റിലുള്ള ഒരു പർവത പ്രവിശ്യയാണ് ലോയി. മുന്‍പ് അങ്ങേയറ്റം വന നശീകരണ ഭീഷണി നേരിട്ടിരുന്ന ഒരു പ്രദേശമായിരുന്നു ഇവിടം. പിന്നീട്, കമ്മ്യൂണിറ്റി നേതാക്കളും പ്രാദേശിക സംഘടനകളും ചേര്‍ന്ന് മുന്‍കയ്യെടുത്ത് ഇവിടം ഹരിതമനോഹരമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ആ ശ്രമം വിജയകരമായി പൂര്‍ത്തിയാക്കാനും അവര്‍ക്ക് കഴിഞ്ഞു.

നാടന്‍ ശൈലിയിലുള്ള ഇ-ടെൻ ട്രക്കിലാണ് പര്‍വതത്തിന്‍റെ മുകളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്നത്. 1.5 കിലോമീറ്റർ ദൂരം ഇതില്‍ സഞ്ചരിക്കണം. ഒരാള്‍ക്ക് ഏകദേശം 146 രൂപയാണ് ഇതിനു നിരക്കായി ഈടാക്കുന്നത്. പര്‍വ്വതത്തിന്‍റെ ഏറ്റവും മുകളില്‍ നിന്നും നോക്കിയാല്‍ ചുറ്റും മഞ്ഞില്‍ പൊതിഞ്ഞു കിടക്കുന്ന കുന്നുകള്‍ കാണാം.

തണുപ്പുകാലത്താണ് ഇവിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ വന്നെത്തുന്നത്. ഈ സമയത്ത് ചുറ്റുമുള്ള എല്ലാ ഹോട്ടലുകളും നിറയും. അതുകൊണ്ടുതന്നെ യാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ബുക്കിങ് ചെയ്യുന്നതാണ് കൂടുതല്‍ സുരക്ഷിതം. ചില ദിനങ്ങളില്‍, ലോയിയിലെ ചില പ്രദേശങ്ങളിലെ താപനില അങ്ങേയറ്റം താഴാറുണ്ട്. ഇതും യാത്രക്ക് മുൻപേ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. കാലാവസ്ഥ അനുസരിച്ചുള്ള മുന്‍കരുതലുകള്‍ കൂടി എടുത്തു വേണം യാത്ര തുടങ്ങാന്‍.

ജൈവ സമൃദ്ധമായ ബയോഡൈവേഴ്‌സ് ഫു ക്രാഡെങ് ദേശീയ ഉദ്യാനവും നിരവധി വെള്ളച്ചാട്ടങ്ങളും ചെറുകുന്നുകളും ഫു ക്രാഡെങ് പർവതത്തിന്‍റെ പീഠഭൂമിയുമെല്ലാം സുവാൻ ഹിൻ ഫാ എൻഗാം അഥവാ ബ്യൂട്ടിഫുൾ റോക്ക് ഗാർഡനുമെല്ലാം സഞ്ചാരികള്‍ക്ക് ഈ പ്രദേശത്തിനടുത്ത് സന്ദര്‍ശിക്കാവുന്ന മറ്റുചില സ്ഥലങ്ങളാണ്.

English Summary: Phu Pa Poh Viewpoint: Loei, Thailand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com