ADVERTISEMENT

കോവിഡ് കാലത്ത് ഒട്ടേറെ പുതിയ ആകര്‍ഷണങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സഞ്ചാരികളുടെ മായികനഗരമായ ദുബായ് മുഖം മിനുക്കിക്കൊണ്ടിരിക്കുകയാണ്. പ്രധാന ആകര്‍ഷണമാണ് ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളിലുള്ള റോബോ കഫേ. റോബോട്ടുകളാണ് ഈ കഫേയില്‍ സഞ്ചാരികളെ വരവേല്‍ക്കുന്നത്. ഇവിടെത്തിയാൽ യന്തിരൻ സിനിമയെ ഓർമിപ്പിക്കുന്ന കാഴ്ചകൾ കാണാം.

ഭാവിയുടെ മുഖമാണ് 2020 ജൂണിൽ ആരംഭിച്ച റോബോ കഫേ സന്ദര്‍ശകര്‍ക്ക് മുന്നില്‍ തുറക്കുന്നത്. ഈ കഫറ്റീരിയയിൽ മനുഷ്യരായ വെയിറ്റർമാരോ പാചകക്കാരോ ഇല്ല; എല്ലാ ജോലികളും ചെയ്യുന്നത് ജർമൻ നിർമിത റോബോട്ടുകളാണ്. ഭക്ഷണം പാകം ചെയ്യുന്നതു മുതല്‍, മേശകളില്‍ വിളമ്പുന്നത് വരെയുള്ള ജോലികള്‍ യന്ത്രസഹായത്തോടെയാണ് ചെയ്യുന്നത്.

റോബോട്ടുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ സിനിമകളില്‍ ഒക്കെ കണ്ടിട്ടുള്ളത് പോലെ, മനുഷ്യരുടെ രൂപസാദൃശ്യമുള്ള യന്ത്രമനുഷ്യരാണ് നമ്മുടെ ഓര്‍മയിലെത്തുക. എന്നാല്‍ ഇത് അത്തരമൊരു സജ്ജീകരണമല്ല. മൂന്നു റോബോട്ട് കൈകളാണ് ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ആളുകള്‍ അവരുടെ മേശപ്പുറത്ത് വെച്ചിട്ടുള്ള സ്മാര്‍ട്ട്‌ സ്ക്രീനില്‍ ഓര്‍ഡര്‍ നല്‍കണം. അവ തരംതിരിച്ച് റോബോട്ടുകള്‍ അതാതിടങ്ങളില്‍ അല്‍പ്പസമയത്തിനുള്ളില്‍ത്തന്നെ ഭക്ഷണം എത്തിക്കും. കോഫികൾ, ഹോട്ട് ചോക്ലേറ്റ്, റാപ്പുകൾ, പേസ്ട്രികൾ എന്നിവയാണ് ഇവിടത്തെ സ്ഥിരം മെനുവിലുള്ളത്.

കോവിഡ് കാലത്ത് സാങ്കേതിക വിദ്യയുടെ ഇത്തരത്തിലുള്ള ഉപയോഗം സുരക്ഷിതത്വം കൂട്ടാന്‍ ഉതകുമെന്നാണ് സന്ദര്‍ശകരുടെ അഭിപ്രായം. ആളുകളുടെ എണ്ണം കുറയ്ക്കാനും അതുവഴി മികച്ച രീതിയില്‍ ശാരീരിക അകലം പാലിക്കാനുമെല്ലാം റോബോട്ടുകളെ ഇങ്ങനെ ഉപയോഗിക്കുന്നത് വഴി സാധിക്കും.

ദക്ഷിണകൊറിയയിലും മനുഷ്യര്‍ക്ക് പകരം ഇങ്ങനെ റോബോട്ടുകളെ ഉപയോഗിക്കുന്നുണ്ട്. സിയോളിലെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം എത്തിക്കാനായി ട്രോളിയുടെ മാതൃകയില്‍ നിര്‍മ്മിച്ച 'കബെ' എന്ന് പേരുള്ള റോബോട്ടിനെ ഉപയോഗിക്കുന്നുണ്ട്. ദക്ഷിണ കൊറിയൻ ടെലികോം കമ്പനിയായ കെടി കോർപ്പാണ് അഗ്ലിയോ കിം എന്ന ഈ റോബോട്ട് വികസിപ്പിച്ചെടുത്തത്. മനുഷ്യര്‍ തമ്മിലുള്ള  സമ്പർക്കം കുറയ്ക്കുന്നതിനും സാമൂഹിക അകലം ഉറപ്പാക്കുന്നതിനുമായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബർ മുതലാണ് ഇത് തുടങ്ങിയത്. 1.25 മീറ്റർ ഉയരമുള്ള ഈ റോബോട്ടിൽ 30 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയുന്ന ഫുഡ് ട്രേകളുണ്ട്. കൊറിയൻ, ഇംഗ്ലീഷ് ഭാഷകളിൽ ആശയവിനിമയം നടത്താനാവുന്ന ഒരു എൽസിഡി സ്ക്രീനും സ്പീക്കറും ഇതോടൊപ്പം ഘടിപ്പിച്ചിട്ടുണ്ട്. ഒരേസമയം നാല് ടേബിളുകൾ വരെ ഭക്ഷണം എത്തിക്കാൻ ഇതിനു കഴിയും.

English Summary: Dubai Now Has A Cafe That’s Entirely Run By Robots

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com