ADVERTISEMENT

പോക്കറ്റില്‍ ഒതുങ്ങുന്ന ചെലവില്‍ പോയി വരാവുന്ന രാജ്യം എന്ന നിലയിലാണ് തായ്‌ലന്‍ഡ് സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി മാറിയത്. മനോഹരമായ പ്രകൃതിയും കടലോരങ്ങളും വര്‍ണ്ണാഭമായ രാത്രികളുമെല്ലാം ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാര്യങ്ങളാണ്. ഒന്ന് ആഴത്തില്‍ ഇറങ്ങിച്ചെന്നാല്‍, അപൂര്‍വമായ പല കാഴ്ചകളും ഇവിടെ കാണാന്‍ സാധിക്കും. അത്തരത്തിലുള്ള ഒരു കാഴ്ചയാണ് കരയിലൂടെ നടക്കുന്ന ചെമ്മീന്‍ കൂട്ടങ്ങള്‍.

ചെമ്മീനുകള്‍ കരയില്‍ നടക്കുമോ എന്നാണോ? യാതൊരു സംശയവും വേണ്ട, ബാങ്കോക്കിലെ യുബോന്‍ രാച്ചതാനി പ്രവിശ്യയിലുള്ള ഒരിനം ശുദ്ധജല ചെമ്മീനുകള്‍, ലോകശ്രദ്ധയാകര്‍ഷിച്ചത് 'കരയിലൂടെ നടക്കുന്ന ചെമ്മീനുകള്‍' എന്ന പേരിലാണ്. 

മഴക്കാല രാത്രികളിലാണ് ഇവയുടെ കരയിലൂടെയുള്ള സഞ്ചാരം. സന്ധ്യാസമയങ്ങളില്‍ വെള്ളത്തില്‍ നിന്ന് കൂട്ടത്തോടെ പൊങ്ങി വരുന്ന ഇവ, നദിയുടെ ഓരങ്ങളില്‍ അണിനിരക്കുന്നു. പിന്നീട് കരയിലേക്ക് കയറിയ ശേഷം മാര്‍ച്ച് ചെയ്യാന്‍ തുടങ്ങുന്നു. ഒരിഞ്ചു വലിപ്പമുള്ള ഈ ചെമ്മീനുകള്‍ രാത്രി മുഴുവന്‍ ഇങ്ങനെ കരയിലൂടെ നടക്കും. ഓഗസ്റ്റ് അവസാനത്തിനും ഒക്ടോബർ തുടക്കത്തിനും ഇടയിലുള്ള മഴക്കാലത്ത്, ഇവയുടെ 'പരേഡ്' കാണാൻ വിനോദസഞ്ചാരികൾ ഫ്ലാഷ്ലൈറ്റുകളുമായി നദീതീരങ്ങളിൽ തടിച്ചുകൂടുന്നത് പതിവാണ്.

ഇരുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, വാച്ചരപോംഗ് ഹോംഗ്ജാംരാസില്‍പ്പ് എന്ന് പേരുള്ള ഒരു കാലിഫോര്‍ണിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായിരുന്നു ഈ ചെമ്മീനുകളെക്കുറിച്ച് ആദ്യമായി വിശദമായ പഠനം നടത്തിയത്. 

എങ്ങനെയാണ് ജലത്തില്‍ വസിക്കുന്നതിനാവശ്യമായ ശാരീരിക സവിശേഷതകള്‍ ഉള്ള ഒരു ജീവി കരയിലൂടെ ഇത്ര ദൂരം സന്ദര്‍ശിക്കുന്നത്? നദിയുടെ നനവുള്ള പ്രദേശത്ത് കൂടെ തന്നെ നടക്കുന്നതിനാല്‍ തങ്ങളുടെ ചെകിളകള്‍ വരണ്ടു പോകാതെ സൂക്ഷിക്കാന്‍ ഇവയ്ക്കാകുന്നു. അതുകൊണ്ടുതന്നെ ആവശ്യമായ ഓക്സിജന്‍ ഇവയ്ക്ക് എപ്പോഴും കിട്ടിക്കൊണ്ടിരിക്കും.

താമസിക്കുന്ന സ്ഥലത്തെ ജലപ്രവാഹം ശക്തമാകുമ്പോഴാണ് ഇവ ദേശാടനം തുടങ്ങുന്നത് എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. പ്രായപൂര്‍ത്തിയായ വലിയ ചെമ്മീനുകള്‍ക്ക് ഇവിടെ വെള്ളത്തിന്‍റെ ഒഴുക്ക് എത്ര കൂടിയാലും വലിയ കുഴപ്പമൊന്നും വരില്ല. അതുകൊണ്ടുതന്നെ, ചെറുതും പ്രായപൂര്‍ത്തിയാകാത്തതുമായ ചെമ്മീനുകളാണ് കരയിലൂടെ നടക്കുന്നവയില്‍ കൂടുതലും. 

അങ്ങേയറ്റം അപകടകരമായ ഒരു യാത്രയാണിത്. തവളകൾ, പാമ്പുകൾ, വലിയ ചിലന്തികൾ എന്നിവയുൾപ്പെടെയുള്ള വേട്ടക്കാർ പലപ്പോഴും വഴിയില്‍ തക്കം പാര്‍ത്തു നില്‍പ്പുണ്ടാകും. നാട്ടുകാര്‍ ഇവയെ ഭക്ഷണത്തിനായും ഉപയോഗിക്കുന്നു. മാത്രമല്ല, വഴിതെറ്റി വെള്ളമില്ലാത്ത സ്ഥലത്തെങ്ങാനും എത്തിപ്പെട്ടാല്‍ അധികം വൈകാതെ ഇവ ചത്ത്‌ വീഴും. എന്നിരുന്നാലും, കൂടുതല്‍ ചെമ്മീനുകളും അടുത്ത ജലാശയത്തില്‍ എത്തിച്ചേരാറുണ്ട്‌. 

ഇന്ന് ഈ തരത്തിലുള്ള ചെമ്മീനുകള്‍ കുറഞ്ഞു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ടൂറിസം പ്രവര്‍ത്തനങ്ങളും ഇവയുടെ എണ്ണം കുറയാന്‍ കാരണമാകുന്നുണ്ട്. ഇവയെക്കുറിച്ചു കൂടുതല്‍ പഠിക്കാനും അവയെ സംരക്ഷിക്കാനുമുള്ള പദ്ധതി നടപ്പിലാക്കിയില്ലെങ്കില്‍ അധികം വൈകാതെ തന്നെ ഇവ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമായേക്കാം.

English Summary: Shrimp Parade on Land Thailand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com