ADVERTISEMENT

തീയുടെ ഉള്‍ക്കടല്‍ എന്നു കേൾക്കുമ്പോൾ തന്നെ വളരെ വിചിത്രമായി ആർക്കും തോന്നും. ലോകത്തിലെ ഏറ്റവും ചൂടേറിയ വിനോദസഞ്ചാരകേന്ദ്രമെന്ന് തെരഞ്ഞെടുത്ത ഇടമാണ് ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിലുള്ള ഉള്‍ക്കടലായ ബേ ഓഫ് ഫയര്‍സ് അഥവാ തീയുടെ ഉള്‍ക്കടല്‍.  ഏറ്റവും ചൂടുള്ള സ്ഥലമാണെങ്കിലും ചുറ്റുമുള്ള മനോഹാരിത ആസ്വദിക്കുവാനായി നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തിച്ചേരുന്നത്. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന കടല്‍ത്തീരം ഒറ്റനോട്ടത്തിൽ തീപിടിച്ചതുപോലെ തോന്നും. ആ പ്രത്യേകതയാണ് പ്രദേശത്തിന് ഇത്തരമൊരു പേര് നല്‍കിയിരിക്കുന്നതും.

ടാസ്മാനിയയുടെ വടക്കുകിഴക്കന്‍ തീരത്തുള്ള തീയുടെ ഉള്‍ക്കടല്‍ ഓസ്ട്രേലിയയുടെ തെക്ക് ബിനലോംഗ് ബേ മുതല്‍ വടക്ക് എഡ്ഡിസ്റ്റോണ്‍ പോയിന്റ് വരെ നീണ്ടുകിടക്കുകയാണ്. വെളുത്ത മണല്‍വിരിച്ച കടല്‍ത്തീരം, നീലകടല്‍, വെളുത്ത വലിയ ഗ്രാനൈറ്റ് പാറകള്‍ നിറഞ്ഞ തീരങ്ങൾ ഇവയൊക്കെ മിഴിവേകുന്ന കാഴ്ചകളാണ്. തീയുടെ നിറത്തിലുള്ള പാറകള്‍ കൊണ്ട് നിറഞ്ഞ തീരമാണ് ബേ ഓഫ് ഫയറിന്റേത്. ആല്‍ഗകളുടെയും ഫംഗസിന്റെയും സംയോജനമായ ലൈക്കണുകളാണ് പാറകള്‍ക്ക് ഇത്തരത്തിലുള്ള സവിശേഷമായ രൂപമാറ്റവും നിറവും നല്‍കുന്നത്. ഇൗ അപൂർവ കാഴ്ച ആസ്വദിക്കുവാനും ചിത്രങ്ങൾ പകർത്തുവാനുമായി നിരവധിയാളുകള്‍ ഇവിടെ എത്തിച്ചേരാറുണ്ട്. ഓസ്‌ട്രേലിയയിലെ ഏറ്റവും തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണിവിടം.  

സഞ്ചാരികളുടെ പ്രിയ ഇടം

അവധിക്കാല വസതികളുടെയും ക്യാമ്പ് സൈറ്റുകളുടെയും മനോഹരമായ ഗ്രാമംകൂടിയാണ് ബിനലോംഗ് ബേ. നീന്തല്‍, ബോട്ടിങ്, മീന്‍പിടുത്തം, കയാക്കിങ്, നടത്തം എന്നിവയ്ക്ക് അനുയോജ്യമായ മികച്ച സ്ഥലംകൂടിയാണിവിടം. സഞ്ചാരികളെ കാത്ത് സ്‌കെറ്റണ്‍ ബേ, ഗ്രാന്റ്‌സ് പോയിന്റ്, എലിഫന്റ് ഹെഡ് തുടങ്ങി മനോഹരമായ സ്ഥലങ്ങളുമുണ്ട്. ഈ ഉള്‍ക്കടലിന്റെ ഇങ്ങേയറ്റം മുതല്‍ അങ്ങേയറ്റം വരെ കാഴ്ചകളുടെ നീണ്ടനിരയാണ്. 

Bay-of-Fires

പേരിനുപിന്നില്‍

1773 ല്‍ ക്യാപ്റ്റന്‍ തോബിയാസ് ഫര്‍ണീയോക്‌സ് എന്ന കപ്പിത്താന്‍ ഇതുവഴി സഞ്ചരിക്കുമ്പോള്‍ അവിടെ താമസിച്ചിരുന്ന ആദിവാസി സമൂഹങ്ങള്‍ കടല്‍ത്തീരത്ത് തീക്കൂട്ടിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അങ്ങനെ അദ്ദേഹമാണ് ഈ തീരത്തിന് ബേ ഓഫ് ഫയര്‍സ് എന്ന പേര് നല്‍കിയത്. ആദ്യത്തെ ടാസ്മാനിയന്‍ നിവാസികളുടെ തെളിവുകളായ ഷെല്ലുകള്‍, അസ്ഥി കൂമ്പാരങ്ങള്‍ മിഡെന്‍സ് രൂപത്തില്‍ പുല്ലിനകത്തും പുറത്തും ഇപ്പോഴും കാണാം. ഈ തീപിടിച്ച ഉള്‍ക്കടലിന്റെ മനോഹരമായ ആളൊഴിഞ്ഞ ബീച്ചുകളും തീരപ്രദേശങ്ങളും ലോകത്തിലെ ഏറ്റവും പ്രകൃതിദത്തമായ അദ്ഭുതങ്ങളില്‍ ഒന്നായി ബേ ഓഫ് ഫയര്‍സിനെ മാറ്റിയിരിക്കുന്നു.

English Summary: Bay of Fires Tasmania

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com