ADVERTISEMENT

ലോകത്തിലെ ഏറ്റവും വിശാലമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് സാംബിയക്കും സിംബാബ്‌വേയ്ക്കുമിടയിൽ സാംബസി നദിയിലുള്ള വിക്ടോറിയ. നൂറ്റാണ്ടുകളായി ഇതിലൂടെ ഒഴുകുന്ന ജലത്തിന്‍റെ ശക്തി കാരണം പരിസരത്തുള്ള പാറകളില്‍ കുഴികള്‍ രൂപപ്പെടുകയും അവയില്‍ വെള്ളം നിറഞ്ഞ് ചെറിയ കുളങ്ങളായി മാറുകയും ചെയ്തിട്ടുണ്ട്. അവയിലൊന്നാണ് 'ഡെവിള്‍സ് പൂള്‍' എന്നറിയപ്പെടുന്ന കുളം. വിക്ടോറിയ വെള്ളച്ചാട്ടത്തിനഭിമുഖമായുള്ള വശം അതിരുകളില്ലാതെ, പൂര്‍ണമായും തുറന്ന് അറ്റമില്ലാത്ത ഈ കുളം, സാഹസിക സഞ്ചാരികളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒന്നാണ്.

അത്ര സാധാരണമല്ലെങ്കിലും, ഡെവിള്‍സ് പൂളില്‍ നിന്നും ഫോട്ടോയെടുക്കുന്നത് സഞ്ചാരികളുടെ പതിവാണ്. ഈയിടെ അങ്ങനെയൊരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അമൈറിസ് റോസ് എന്ന ഇരുപത്തഞ്ചുകാരിയാണ് താരം. മാസ്റ്റേഴ്സ് വിദ്യാര്‍ഥിനിയായ അമൈറിസ് തന്‍റെ സാംബിയന്‍ പര്യടനത്തിനിടെയാണ് ഈ ചിത്രം എടുത്തത്. ഡിസംബറില്‍ എടുത്ത ചിത്രം കണ്ട് മൂക്കത്ത് വിരല്‍ വെക്കുകയാണ് ലോകമെങ്ങുമുള്ള ആളുകള്‍.  

പെന്‍സില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗ് സ്വദേശിനിയായ അമൈറിസ് ഇതാദ്യമായല്ല യാത്രകളിലൂടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. നിരവധി യാത്രാ ചിത്രങ്ങള്‍ അമൈറിസിന്‍റെ ഇന്‍സ്റ്റഗ്രാമില്‍ കാണാം. മാത്രമല്ല, സ്വന്തമായി യുട്യൂബ് ചാനലുമുണ്ട് ഈ യുവതിക്ക്. 

ഡെവിള്‍സ് പൂളില്‍ തനിക്ക് ഒട്ടും പേടി തോന്നിയില്ല എന്നാണ് അമൈറിസ് പറയുന്നത്. എല്ലാം വളരെ സുരക്ഷിതമായിരുന്നു. മാത്രമല്ല, ഇത്തരം അനുഭവങ്ങളിലൂടെ ജീവിതത്തെ കൂടുതല്‍ വിലമതിക്കാന്‍ താന്‍ പഠിക്കുന്നുവെന്നും അമൈറിസ് പറയുന്നു. പ്രാഥമിക സുരക്ഷയ്ക്കായി ഡെവിള്‍സ് പൂളിനറ്റത്ത് പാറക്കല്ലുകള്‍ കൊണ്ട് ചെറിയ ഭിത്തി കെട്ടിയിട്ടുണ്ട്. താഴേയ്ക്ക് വീണു പോകാതിരിക്കാനായി താല്‍ക്കാലിക സുരക്ഷ എന്ന നിലയില്‍ ഉണ്ടാക്കിയിരിക്കുന്ന ഈ ഭിത്തി പൂര്‍ണ സുരക്ഷ നല്‍കുമെന്ന് ഉറപ്പു പറയാനാവില്ല.

ഇത്തരം പ്രവൃത്തികള്‍ ചെറുപ്പക്കാരെ അപകടകരമായ പ്രവൃത്തികള്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതാണെന്ന വിമര്‍ശനവുമായി നിരവധി ആളുകള്‍ മുന്നോട്ടു വന്നിട്ടുണ്ട്. എന്നാല്‍ ഇത്തരം വാദങ്ങള്‍ക്കൊന്നും തന്നെ തളര്‍ത്താനാവില്ല എന്നാണ് അമൈറിസിന്‍റെ നിലപാട്. 

ഡെവിൾസ് പൂൾ

വിക്ടോറിയക്കടുത്ത് ലിവിംഗ്സ്റ്റൺ ദ്വീപില്‍ നിന്നും സാംബെസി നദിയിലൂടെ നീന്തിയാണ് ഡെവിൾസ് പൂളിലെത്തുന്നത്.  ഓരോ മിനിറ്റിലും വെള്ളച്ചാട്ടത്തിന് മുകളിലൂടെ കടന്നുപോകുന്ന 500 ദശലക്ഷത്തിലധികം ലിറ്റർ വെള്ളം മൂലം അപകടത്തിലാവാതിരിക്കാന്‍ സുരക്ഷാ മുൻകരുതലായി ഗൈഡുകള്‍ക്കൊപ്പം മാത്രമേ ഇവിടേക്ക് പ്രവേശനം സാധ്യമാകൂ.

ലിവിംഗ്സ്റ്റണ്‍ ദ്വീപ്‌ സന്ദര്‍ശനത്തിനായും പ്രത്യേക സൗകര്യമുണ്ട്. ഓണ്‍ലൈന്‍ വഴിയോ നേരിട്ടോ ടൂറിസ്റ്റുകള്‍ക്ക് ഈ അനുഭവം ബുക്ക് ചെയ്യാം. ഒരാള്‍ക്ക് 110 ഡോളര്‍ മുതലാണ്‌ നിരക്ക്.

English Summary:  Swimming At Devil's Pool, Victoria Falls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com