ലോകത്ത് ആദ്യമായി ദിനോസറുകളുടെ മുട്ട കണ്ടെത്തിയതിവിടെ; ഇത് വിസ്മയകാഴ്ചകളുടെ ഭൂമി

Flaming-Cliffs
By Jakub Czajkowski/shutterstock
SHARE

വൈകുന്നേരങ്ങളില്‍ ഈ മരുഭൂമിയിലെ പാറക്കൂട്ടങ്ങള്‍ അഗ്നിജ്വാലകള്‍ പോലെ വെട്ടിത്തിളങ്ങും. അസ്തമയസൂര്യന്റെ പ്രകാശമേറ്റ് തിളങ്ങിനില്‍ക്കുന്ന പാറകള്‍ കാണേണ്ട ഒരു കാഴ്ചയാണ്. സദാസമയവും ഈ കാഴ്ച സന്ദർശകർക്കായി പ്രകൃതി ഒരുക്കിവച്ചിട്ടുണ്ട്. പരന്നുകിടക്കുന്ന മരുഭൂമിയുടെ നടുവിലായി തലയെടുപ്പോടെ നില്‍ക്കുന്ന ഈ കത്തുന്ന പാറക്കൂട്ടങ്ങള്‍ മംഗോളിയയിലെ ഏറ്റവും പ്രസിദ്ധമായ വിനോദസഞ്ചാരകേന്ദ്രമാണ്. ആദ്യമായി ഡിനോസറിന്റെ മുട്ടകള്‍ കണ്ടെത്തിയ ഭൂമിയിലെ വിസ്മയങ്ങളിലൊന്നും ലോകത്തിലെ ഏറ്റവും പ്രശസ്തമായ പാലിയന്റോളജിക്കല്‍ സെറ്റുകളിലൊന്നുമായ ഇവിടുത്തെ വിശേഷങ്ങൾ അറിയാം.

ഫ്‌ളേമിങ് ക്ലിഫ്‌സ് അഥവാ  കത്തുന്ന പാറക്കൂട്ടങ്ങള്‍ എന്നറിയപ്പെടുന്ന ഇൗ പാറക്കൂട്ടങ്ങൾ മംഗോളിയയിലെ ഗോബി മരുഭൂമിയിലാണ് കാണപ്പെടുന്നത്. ചുവന്ന മണല്‍ക്കല്ലുകളും മലയിടുക്കുകളും നിറഞ്ഞ ഫ്‌ളേമിങ് ക്ലിഫ്‌സ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ പാലിയന്റോളജിക്കല്‍ സൈറ്റുകളില്‍ ഒന്നാണ്. അമേരിക്കന്‍ പാലിയന്റോളജിസ്റ്റ് റോയ് ചാപ്മാന്‍ ആന്‍ഡ്രൂസ് ആണ് സൂര്യാസ്തമയസമയത്ത് ഓറഞ്ച് നിറത്തില്‍ തിളങ്ങുന്ന ഈ പ്രദേശത്തിന് ഇങ്ങനെയൊരു പേരിട്ടത്. ഇവിടെ നിന്നും കുഴിച്ചെടുത്ത നിരവധി ഫോസിലുകളില്‍, 1922 ല്‍ റോയ് ചാപ്മാന്‍ ആന്‍ഡ്രൂസ് കണ്ടെത്തിയ ലോക ദിനോസര്‍ മുട്ടകള്‍ വരെയുണ്ട്. ഈ കണ്ടെത്തലോടെയാണ് ഈ പ്രദേശം പ്രസിദ്ധമായിതീര്‍ന്നത്. ഗോബി മരുഭൂമിയിലെ അവിസ്മരണീയമായ ഈ ലാന്‍ഡ്‌സ്‌കേപ്പ് ദിനോസര്‍ ഫോസില്‍ കാണുവാനും അതിനെക്കുറിച്ച് കൂടുതല്‍ അറിയുവാനുമുള്ള ഏറ്റവും പ്രധാനപ്പെട്ട സൈറ്റുകളില്‍ ഒന്നാണ്. എണ്‍പത് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ്, ക്രിറ്റേഷ്യസ് കാലഘട്ടത്തില്‍,ഗോബി മരുഭൂമി വിശാലമായ താഴ്‌‍‍‍‍വരകളുടെയും ശുദ്ധജല തടാകങ്ങളുടെയും ഈര്‍പ്പമുള്ള കാലാവസ്ഥയുടെയും ദിനോസറുകളുടേയും പറുദീസയായിരുന്നു.

Flaming-Cliffs--Fossilized-Dinosaur-Eggs.
Fossilized Dinosaur Eggs By Daniel Andis/shutterstock

സൂര്യാസ്തമയ സമയത്താണ് പാറക്കൂട്ടങ്ങള്‍ മനോഹരമായ ലൈറ്റ് ഷോ അവതരിപ്പിക്കുന്നത്. സൂര്യരശ്മികള്‍ ഏല്‍ക്കുമ്പോള്‍ ചുവന്ന പാറകള്‍ക്ക് തീനാളങ്ങളുടെ നിറമാകും. ഈ കാഴ്ച കാണുന്നതിനായി വര്‍ഷാവര്‍ഷം ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത്. മംഗോളിയയിലെത്തുന്ന മിക്ക വിനോദ സഞ്ചാരികളും ഗോബി മരുഭൂമിയും ബയാന്‍സാഗിന്റെ ജ്വലിക്കുന്ന മലഞ്ചെരുവുകളും സന്ദര്‍ശിക്കുന്നുണ്ടെന്നാണ് കണക്ക്. ബയാന്‍സാഗ് എന്നാണ് പ്രാദേശികമായി ഈ സ്ഥലം അറിയപ്പെടുന്നത്. ഇന്നും പാലിയന്റോളജിസ്റ്റുകള്‍ ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്നും ഫോസിലുകള്‍ കണ്ടെത്തുന്നുണ്ട്. കണക്കുകള്‍ നോക്കിയാല്‍  71 മുതല്‍ 75 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പേ ഈ പാറക്കൂട്ടങ്ങള്‍ ഇവിടെ രൂപപ്പെട്ടിട്ടുണ്ട്.

English Summary: Flaming Cliffs Bulgan, Mongolia

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA